കുടുംബജീവിതത്തില്‍ ഓരോ ദിവസവും പല പ്രശ്‌നങ്ങളെ അതിജീവിച്ചാണ് മുന്നോട്ടുപോകുക. കൃപയില്‍ വളരാനുള്ള മാര്‍ഗവുംകൂടിയാണ് അത്. എങ്ങനെ നന്നായി സംസാരിക്കാമെന്ന് ഈശോ കുടുംബത്തില്‍നിന്നുതന്നെ എന്നെ പഠിപ്പിക്കാന്‍ ആരംഭിച്ച സംഭവം പങ്കുവയ്ക്കട്ടെ. ഒരു ദിവസം കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടായി. അതെന്നെ വളരെ കുപിതനാക്കി. അതുവരെ പലപ്പോഴും നിശബ്ദത പാലിച്ചിരുന്ന എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് പറയാം. ആ അവസ്ഥയില്‍ ഭാര്യയോട് എന്തോ പറയാനായി വാ തുറന്നപ്പോള്‍ ഈശോ എന്റെ വാ പൊത്തിപ്പിടിക്കുന്ന ഒരനുഭവം. കാതുകളില്‍ ശക്തമായ ഒരു സ്വരം മുഴങ്ങുന്നതുപോലെ…
”നിനക്ക് വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയാനുള്ളതല്ല കുടുംബജീവിതം!” അതെന്നെ അടക്കിനിര്‍ത്തി. തുടര്‍ന്ന് ഒരു വചനം ഈശോ കാണിച്ചുതന്നു. കൊളോസോസ് 4/6- ”ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്ന് നീ മനസിലാക്കിയിരിക്കണം.” അതോടെ എനിക്ക് സ്വയം പരിശോധിക്കാതെ തരമില്ലെന്ന് വന്നു. ഞാന്‍ സംസാരിക്കുന്നതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്നും അത് തിരുത്തപ്പെടേണ്ടതുണ്ടെന്നും അങ്ങനെ എനിക്ക് മനസിലായി. എന്നാല്‍ എനിക്ക് സ്വയം തിരുത്താന്‍ സാധിക്കുമെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ പരിശുദ്ധാത്മാവിനോട് സഹായം ചോദിച്ചു, ‘എന്നെ സംസാരിക്കാന്‍ പഠിപ്പിക്കണമേ.’
പതിയെപ്പതിയെ പരിശുദ്ധാത്മാവ് നല്കുന്ന പരിശീലനം എനിക്ക് മനസിലാകാന്‍ തുടങ്ങി. എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ മര്യാദ പഠിപ്പിക്കുന്നത് എന്റെ മകളാണ്. രണ്ടാമത്തെ കുഞ്ഞായ അവള്‍ക്ക് ഏഴു വയസേ ആയിട്ടുള്ളു. ഇങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ അവള്‍ അവിടെ തിരിഞ്ഞു നില്‍ക്കും. ‘എന്താടീ നിനക്ക് ചെവി കേള്‍ക്കത്തില്ലേ’ എന്നു ചോദിച്ചാല്‍ കേള്‍ക്കാത്തതുപോലെ പെരുമാറും. എന്നാല്‍ ‘ചക്കരമുത്തേ, പൊന്നേ ഓടിവന്നേടീ’ എന്നു പറഞ്ഞാല്‍ ഓടിവന്ന് എന്റെ തോളില്‍ കയറും. അതുതന്നെയായിരുന്നു ആശയവിനിമയത്തിന്റെ ഒന്നാമത്തെ ക്ലാസ്. ‘ഇങ്ങോട്ടു വാടീ’ എന്നുപറഞ്ഞ് ഒച്ചയിടുന്ന 37 വയസുകാരന്റെ ഭാഷ ഏഴുവയസുള്ള കുഞ്ഞിന് മനസിലാവില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ക്ക് അത് മനസിലാകണമെങ്കില്‍ ഇനിയും 30 വര്‍ഷം കഴിയണം. അവളെക്കാള്‍ 30 വര്‍ഷത്തെ ജീവിതാനുഭവം എനിക്കുണ്ട്. അതില്‍നിന്നാണ് ഞാന്‍ ഒരു കാര്യം പറയുന്നത് എന്ന് അപ്പോള്‍ അവള്‍ മനസിലാക്കിയേക്കും. എന്നാല്‍ ഇപ്പോള്‍ അവളോട് ആ ഭാഷയിലല്ല സംസാരിക്കേണ്ടത്. വീട്ടില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ അപ്പന്മാര്‍ ചില കൃപകളില്‍ വളരാന്‍ തുടങ്ങും. സ്‌നേഹം, സൗമ്യത, ആത്മസംയമനം, ക്ഷമ, സഹനം ഇതെല്ലാം പെണ്‍കുഞ്ഞുങ്ങളാണ് അപ്പന്മാരെ പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു.
അതുപോലെ അമ്മമാര്‍ക്കും ദൈവം അവസരം കൊടുക്കുന്നുണ്ട്. ആണ്‍മക്കളെ വിവാഹം കഴിച്ചുകഴിയുമ്പോള്‍ അമ്മമാരും കൃപയില്‍ വളരാന്‍ തുടങ്ങും. കാരണം അതു കഴിയുമ്പോഴാണല്ലോ വളരെയേറെ ‘കമ്യൂണിക്കേഷന്‍ ഗ്യാപുകള്‍’, സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ കുടുംബത്തില്‍ ഉടലെടുക്കുന്നത്. മരുമകളുടെ തലത്തില്‍നിന്ന് അവളെ മനസിലാക്കാന്‍ അവര്‍ താഴോട്ട് ഇറങ്ങണം. അതാണ് ഈശോ പറയുന്നത്, നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍ എന്ന്. എന്നുവച്ചാല്‍ നമുക്ക് നമ്മള്‍ നില്‍ക്കുന്ന തലത്തില്‍നിന്ന് താഴോട്ട് ഇറങ്ങാന്‍ കഴിയും. കാരണം അവിടെനിന്നാണ് നമ്മള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പത്തുവയസുകാരനെ മനസിലാക്കണമെങ്കില്‍ പത്തുവയസുകാരനാകാതെ കഴിയില്ല.
വേദപാഠം പഠിപ്പിക്കുന്ന അധ്യാപകര്‍ ഇതുതന്നെയാണ് ചെയ്യുന്നത്. ഓരോ ക്ലാസിലെയും കുഞ്ഞുങ്ങളെ മനസിലാക്കാന്‍ അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലുക. കുഞ്ഞുങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ അവരുടെ മനസിലേക്ക് ഇറങ്ങിച്ചെന്ന് അവിടെനിന്ന് ശുശ്രൂഷ ചെയ്യുക, യുവാക്കള്‍ക്കിടയില്‍ ആയിരിക്കുമ്പോള്‍ യുവാക്കളെ മനസിലാക്കി അവിടെ ശുശ്രൂഷ ചെയ്യുക, വൈദികരോട് സംസാരിക്കുമ്പോള്‍ വൈദികര്‍ ആരാണെന്ന് മനസിലാക്കി, അവരുടെ വിചാരവികാരങ്ങള്‍ മനസിലാക്കി, അവരോട് സംസാരിക്കുക, സിസ്റ്റേഴ്‌സിനോടും ദൈവവേല ചെയ്യുന്നവരോടും അങ്ങനെ സംസാരിക്കുക. അമ്മയോടും അപ്പനോടും അവരുടെ ഭാഷയില്‍ സംസാരിക്കുക. പ്രഫഷണല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതുപോലെ സംസാരിക്കുക- ഇതായിരുന്നു കര്‍ത്താവിന്റെ രീതി.
കൃഷിക്കാരനോട് കൃഷിക്കാരന്റെ ഉപമവഴിയും ചുങ്കക്കാരനോട് ചുങ്കക്കാരന്റെ രീതിയിലും പട്ടാളക്കാരനോട് പട്ടാളക്കാരന്റെ ഭാഷയിലും മണ്ണില്‍ കഷ്ടപ്പെടുന്നവനോട് മണ്ണില്‍ കഷ്ടപ്പെടുന്നവന്റെ ഭാഷയിലും ഈശോ സംസാരിച്ചു. പുരോഹിതരോട് പുരോഹിതരുടെ ഭാഷയാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളത്. ഈശോയുടെ ആശയവിനിമയരീതി അങ്ങനെയായിരുന്നു. അതുകൊണ്ട് നമുക്കും ആ വചനത്തെ മുറുകെ പിടിക്കാം ”ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്ന് നീ മനസിലാക്കിയിരിക്കണം” (കൊളോസോസ് 4/6). അതിന് നമുക്ക് പരിശുദ്ധാത്മാവിനോട് സഹായം ചോദിക്കാം.
നമ്മള്‍ പറയുന്ന കാര്യം മറ്റൊരാള്‍ക്ക് ശരിയായി മനസിലാകുന്നുണ്ടെങ്കില്‍ ആ വ്യക്തി നമ്മുടെകൂടെ നില്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നു ‘നീ ഒരു കാര്യം ആറുവയസുള്ള ഒരു കുഞ്ഞിനെ പറഞ്ഞു മനസിലാക്കി നോക്ക്. ആ കുഞ്ഞിന് അത് മനസിലാകുന്നുണ്ടെങ്കില്‍ നീ ആരോട് പറഞ്ഞാലും ആ കാര്യം അവര്‍ക്ക് മനസിലാകും.’ ദൈവം നമ്മെ ഏല്‍പിച്ച ഏറ്റവും വലിയ ഉത്തരവാദിത്വമാണ് ഈശോയെ പകര്‍ന്നുകൊടുക്കുക എന്നുള്ളത്. വിശ്വാസം എന്നു പറയുന്നത് കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്‍നിന്നുമാണെന്ന് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു. വ്യക്തിപരമായി വിശ്വാസം പകര്‍ന്നു കൊടുക്കുന്നതിന്, കേള്‍വിക്കാര്‍ നാം പറയുന്ന കാര്യങ്ങള്‍ മനസിലാക്കി വിശ്വസിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് വീട്ടിലോ സമൂഹത്തിലോ എവിടെയായാലും നാമുമായി ബന്ധപ്പെടുന്നവര്‍ക്ക് വിശ്വാസം പകര്‍ന്നുകൊടുക്കാനായി, അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.
ജോര്‍ജ് ജോസഫ്