തയ്യല്‍ജോലികളും ഭിന്നശേഷിയും ദൈവം കൈയിലെടുത്തപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

തയ്യല്‍ജോലികളും ഭിന്നശേഷിയും ദൈവം കൈയിലെടുത്തപ്പോള്‍…

സ്വന്തമായി ഒരു തൊഴില്‍ ചെയ്ത് ആരുടെയും മുമ്പില്‍ കൈകള്‍ നീട്ടാതെ ജീവിക്കണം. അതായിരുന്നു എന്റെ സ്വപ്നം. ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ച് അത് അത്ര വിഷമകരമല്ല, എന്നാല്‍ ഭിന്നശേഷിയുള്ള എന്നെ സംബന്ധിച്ച് ആ സ്വപ്നം ക്ലേശകരമായിരുന്നു. ഏതാണ്ട് 40 വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നുകൂടി ഓര്‍ക്കണം. ഭിന്നശേഷിയുള്ള ഒരു വ്യക്തി കുടുംബത്തില്‍ ഉണ്ടെങ്കില്‍ അത് കുടുംബത്തിനും ദേശത്തിനും ഒക്കെ ഭാരമാണെന്ന് അനേകര്‍ ചിന്തിക്കുന്ന കാലം. അവരുടെ വൈകല്യത്തിന്റെ പേരിലാണ് അവര്‍ അറിയപ്പെടുകപോലും ചെയ്യുക. എന്നാല്‍ ദൈവത്തിന്റെ പദ്ധതി ഞാന്‍ ചിന്തിച്ചതിനെക്കാള്‍ ഉന്നതമായിരുന്നു.

എനിക്ക് എല്ലാവിധത്തിലും സഹകാരിയാകാന്‍ മേരി എന്നൊരു സുഹൃത്തിനെ കിട്ടി. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കാലുകള്‍ക്ക് സ്വാധീനം കുറവാണ്. ബാല്യത്തില്‍ ഉണ്ടായ രോഗാവസ്ഥകള്‍ക്കുശേഷമാണ് ശാരീരികവൈകല്യങ്ങള്‍ സംഭവിച്ചത്. മേരി എന്നെക്കാള്‍ അല്പംകൂടി ക്ലേശകരമായ വൈകല്യം അനുഭവിക്കുന്ന ആളായിരുന്നു. പക്ഷേ സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്തി ജീവിക്കണമെന്ന് ഇരുവര്‍ക്കും വലിയ ആഗ്രഹമുണ്ടായിരുന്നു. ദൈവം ഞങ്ങളെ ഒന്നിച്ചുനിര്‍ത്തിയപ്പോള്‍ ഞങ്ങളെപ്പോലെ വൈകല്യമുള്ളവരെ സ്‌നേഹിക്കാനും അവര്‍ക്ക് ആവശ്യമുള്ള കാര്യങ്ങളില്‍ ഇടപെടാനുമുള്ള വലിയ ദൗത്യമാണ് തന്നത്. ”മനുഷ്യന്‍ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു; അന്തിമമായ തീരുമാനം കര്‍ത്താവിന്റേതത്രേ” (സുഭാഷിതങ്ങള്‍ 16/1) എന്ന് വചനം പറയുന്നുണ്ടല്ലോ.

ഭിന്നശേഷിയുള്ളവര്‍ക്ക് പരിശീലനം നല്കുന്ന ഒരു സ്ഥാപനത്തില്‍വച്ചാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. പിന്നീട് അവിടെനിന്ന് ലഭിച്ച പ്രാര്‍ത്ഥനാനുഭവത്തിന്റെയും പരിശീലനത്തിന്റെയും ബലത്തില്‍ ഞങ്ങള്‍ സ്വന്തമായി ഒരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍നിന്നുള്ളയാളായിരുന്നു ഞാന്‍. മേരി കോതമംഗലം നാടുകാണിയില്‍നിന്നും. 1984 മാര്‍ച്ച് 19ന് സാന്‍ജോ ഭവന്‍ എന്ന പേരില്‍ നാടുകാണിയില്‍ ഒരു കൊച്ചുഭവനത്തിന് തുടക്കമിട്ടു. കാര്യമായ പിന്തുണയൊന്നും ലഭിക്കാനില്ലായിരുന്നു. ജപമാലയും കുരിശിന്റെ വഴിയും കണ്ണുനീരും മാത്രമായിരുന്നു ഞങ്ങളുടെ കൈമുതല്‍.

ദൈവത്തില്‍ വിശ്വസിച്ചുകൊണ്ട് 18 വര്‍ഷം രാത്രിയും പകലും ഞങ്ങള്‍ അധ്വാനിച്ചു. തയ്യല്‍ജോലികളായിരുന്നു കൂടുതല്‍. തയ്യല്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യമൊക്കെ പലര്‍ക്കും തയ്യല്‍ജോലികള്‍ ഞങ്ങളെ ഏല്പിക്കാന്‍ വിശ്വാസമില്ലായിരുന്നു. ‘കാല് വയ്യാത്തവര്‍ തയ്ച്ചാല്‍ ശരിയാകുകയില്ല’ എന്നുള്ള അഭിപ്രായങ്ങളൊക്ക കേട്ട് വിഷമിച്ചുപോയിട്ടുണ്ട്. എന്നാല്‍ ദൈവമായ കര്‍ത്താവ് വിശുദ്ധ പൗലോസ് ശ്ലീഹായിലൂടെ പറയുന്നതുപോലെ, ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര്‍ക്ക് നമ്മെ തോല്‍പ്പിക്കാന്‍ സാധിക്കും? (റോമാ 8/31). പതിയെ തയ്യല്‍ജോലികള്‍ ലഭിക്കാന്‍ തുടങ്ങി.

ഞങ്ങളുടെ പക്കല്‍ തയ്യല്‍ പരിശീലനത്തിന് വന്നതിനുശേഷം ജീവിതത്തില്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി വന്നവര്‍ പലരും സാക്ഷ്യപ്പെടുത്താന്‍ തുടങ്ങി. പ്രത്യേകിച്ചും, വിവാഹതടസമനുഭവിച്ചിരുന്ന പെണ്‍കുട്ടികളുടെ വിവാഹം ശരിയായത് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചതോടെ എല്ലാവരുടെയും മനോഭാവത്തിനും മാറ്റം വന്നു. ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം ദൈവം നല്കുകയായിരുന്നു. ഞങ്ങള്‍ക്ക് താമസിക്കാനുള്ള സ്വന്തമായ ഭവനവും മറ്റ് എല്ലാ സൗകര്യങ്ങളും അവിടുന്ന് ഒരുക്കിത്തന്നു. മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണെന്ന് തെളിയുന്ന വിധത്തില്‍ ഞങ്ങളെ വഴി നടത്തി.

മുറിയപ്പെട്ടപ്പോഴത്തെ സ്വരം
പ്രാര്‍ത്ഥനാഗ്രൂപ്പുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. അതിലൂടെ ശുശ്രൂഷകളിലും പ്രാര്‍ത്ഥനയിലും സജീവമായി. അങ്ങനെയിരിക്കേ ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ കര്‍ത്താവിന്റെ തിരുശരീരം മുറിക്കപ്പെടുന്ന സമയത്ത് കാതില്‍ ഇങ്ങനെയൊരു സ്വരം കേട്ടു, ”ഇത് നിനക്കു വേണ്ടിയാണ്, നിനക്ക് വേണ്ടിയാണ് ഞാന്‍ മുറിയപ്പെടുന്നത്.” മുറിയപ്പെടുന്ന ഈശോയുടെ ശരീരത്തില്‍ ഞങ്ങളെപ്പോലെയുള്ള അനേകം പേരെയും കണ്ടു.
അതിലൂടെ ലഭിച്ച ദൈവികപ്രചോദനമനുസരിച്ച് അവര്‍ക്കുവേണ്ടി ഒരു ധ്യാനം നടത്താനും ഒരുമിച്ചു കൂട്ടുവാനുമെല്ലാമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അതിനായി കോതമംഗലം രൂപതാധ്യക്ഷനോട് ചോദിച്ചു.

അദ്ദേഹം ആദ്യം, ‘അത് സാധ്യമാണോ’ എന്ന് സംശയം പറഞ്ഞുവെങ്കിലും പിന്നീട് ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്തു തന്നു. ഞങ്ങളുടെ ഇടവക വികാരിയച്ചനും പിന്തുണ നല്കി. അങ്ങനെ തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കായുള്ള ധ്യാനം ഏതാണ്ട് 10 വര്‍ഷത്തോളം ആയി മൂവാറ്റുപുഴ ‘നെസ്റ്റി’ല്‍ നടത്തുന്നു. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ ധ്യാനം നടത്തുന്നത്. ഭിന്നശേഷിയുള്ളവര്‍ക്കാണ് ഇവിടെ പരിഗണന. മികച്ച സൗകര്യങ്ങളും ഒരുക്കും. വര്‍ഷത്തില്‍ ആ കുറച്ച് ദിവസങ്ങളില്‍ സര്‍വം മറന്ന് ദൈവത്തോടുചേര്‍ന്ന് സന്തോഷമായിരിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ക്രമീകരിക്കാന്‍ സാധിക്കുന്നു. അവരുടെ പരിചരണമെല്ലാം ധ്യാനത്തിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍തന്നെ ചെയ്യും. അതിനാല്‍ അവരുടെ വീട്ടില്‍നിന്നുള്ള സഹായികള്‍ക്കും ആ ദിവസങ്ങളില്‍ മാറിനില്‍ക്കാം. ഇപ്രകാരമുള്ള ധ്യാനത്തിലൂടെ അനേകം മക്കള്‍ക്ക് ശാന്തിയും സമാധാനവും കര്‍ത്താവ് നല്കി. പലരും ജീവിതത്തില്‍ ഒരു ഉയിര്‍ത്തെഴുന്നേല്‍പ് അനുഭവത്തിലേക്ക് വന്നു.

ഭിന്നശേഷിക്കാരും പ്രത്യാശ നഷ്ടപ്പെട്ടവരുമായ നിരവധി മക്കളെ കണ്ട് സംസാരിച്ച് പ്രത്യാശ പകരാനും പ്രാര്‍ത്ഥനയിലൂടെ ശക്തി നേടാന്‍ പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ശ്രമിക്കുന്നു. സാന്‍ജോ ഭവന്റെ കൂട്ടായ്മയിലൂടെ അവര്‍ക്ക് ആവുംവിധം സഹായങ്ങളും നല്കും. പലരുടെയും ജീവിതം മാറിമറിയാന്‍ ഈ പ്രവര്‍ത്തനം വഴിയൊരുക്കിയിട്ടുണ്ട്. പരിഹാസവും അവഗണനയും ഭയന്ന് വീട്ടില്‍ ഒതുങ്ങിയിരുന്ന പലരും ഞങ്ങളിലൂടെ പ്രത്യാശയിലേക്ക് കടന്നുവന്ന്, അവര്‍ക്ക് സാധിക്കുംവിധത്തില്‍ കൊച്ചുകൈത്തൊഴിലുകളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുനീങ്ങാന്‍ തുടങ്ങി. മറ്റുള്ളവരുടെ നോട്ടവും പ്രതികരണവും മോശമാകുമെന്ന് ചിന്തിച്ച് ദൈവാലയത്തില്‍ ദിവ്യബലിക്ക് പോകാന്‍ വിഷമിച്ചിരുന്നവര്‍ അതിനെ അതിജീവിച്ച് ദിവ്യബലിയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിലൂടെ വലിയ ശക്തി നേടാനും സാധിച്ചു. ഇതിനെല്ലാം ഞങ്ങളെ ഉപകരണമാക്കുന്ന നല്ല ദൈവത്തിന് എങ്ങനെ നന്ദി പറഞ്ഞാല്‍ മതിയാകും?

മാനസികവേദന അനുഭവിക്കുന്നവര്‍, കുടുംബസമാധാനം നഷ്ടപ്പെട്ടവര്‍, ഭാര്യാഭര്‍തൃബന്ധത്തില്‍ വിള്ളല്‍ സംഭവിച്ചവര്‍ – അങ്ങനെ അനേകരെ വീണ്ടും പ്രത്യാശയിലേക്കും ആശ്വാസത്തിലേക്ക് നയിക്കാനും നല്ല ദൈവം ഞങ്ങളെ ഉപകരണമാക്കി. സാന്‍ജോ ഭവന്‍ എന്ന ഉദ്യമം അതിനെല്ലാം വേദിയായി. ഇപ്പോള്‍ മൂന്നുമണി മുതല്‍ നാലു മണി വരെ 15 പേരോളമെങ്കിലും ഒരുമിച്ച് കൂടി ഞങ്ങള്‍ ദൈവവചന പ്രഭാഷണത്തില്‍ അല്ലെങ്കില്‍ പ്രാര്‍ത്ഥനയില്‍ ചേര്‍ന്നിരുന്ന് ലോകം മുഴുവനും വേണ്ടി കരുണയ്ക്ക് വേണ്ടി യാചിക്കുന്നു. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുന്നു.

ദൈവം ഞങ്ങള്‍ക്ക് നല്‍കിയ മറ്റൊരു വലിയ കൃപയാണ് സ്‌കൂട്ടര്‍ ഓടിക്കാനുള്ള കൃപ. അതുനിമിത്തം ഞങ്ങളുടെ കൊച്ചുയാത്രകള്‍ ഇരുവരും ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വന്തം സ്‌കൂട്ടറിലാണ് നടത്തുന്നത്. സാധിക്കുന്ന സമയങ്ങളിലെല്ലാം എല്ലാ ദിവസവും വിശുദ്ധ ബലിയില്‍ പങ്കെടുക്കാറുണ്ട്. ബലികഴിഞ്ഞ് ഇറങ്ങിവരുന്ന നേരത്തും ഓരോ വ്യക്തികള്‍ വരും. അവരുടെ ജീവിതാവസ്ഥകള്‍ പങ്കുവയ്ക്കുമ്പോള്‍ അവര്‍ക്കായി പ്രാര്‍ത്ഥിക്കാനും ഇടവകയോട് ചേര്‍ന്ന് നില്‍ക്കുവാനും ഞങ്ങള്‍ക്ക് സാധിക്കുന്നു.
ഇതിനിടയില്‍ ഞാനും മേരിയും പലതവണ ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുവാന്‍ ഇടയായി. ഇനിയൊരിക്കലും എഴുന്നേറ്റ് നടക്കാന്‍ പറ്റുമെന്നുപോലും കരുതാത്ത വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ നല്ല തമ്പുരാന്‍ തന്റെ മഹാകരുണയാല്‍ വീണ്ടും എഴുന്നേല്‍പിച്ച് നിര്‍ത്തുന്നു.

ദിവ്യബലിയും ജപമാലയും കുരിശിന്റെ വഴിയുമാണ് ഞങ്ങള്‍ക്കുള്ള സമ്പാദ്യം. ഓരോ ദിവസവും വിശുദ്ധ ബലിയര്‍പ്പിച്ച് ഈ രണ്ടു പ്രാര്‍ത്ഥനകളുമായി മുന്നോട്ടു പോകുമ്പോള്‍ ദൈവം ഞങ്ങളുടെ കൂടെയുണ്ട് എന്ന അനുഭവം ലഭിക്കുന്നു. ഒന്നിനും കുറവില്ലാത്ത വിധം സാധാരണ വ്യക്തികളെപ്പോലെ പല കാര്യങ്ങളും ചെയ്യുവാന്‍ ദൈവം അനുഗ്രഹിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാവാത്ത വിധം ദൈവത്തിന്റെ കരങ്ങളിലാണ് ഞങ്ങള്‍ വഹിക്കപ്പെടുന്നത്. ലൂക്കാ 15-ല്‍ പറയുന്നതുപോലെ നൂറാടുകളില്‍ നഷ്ടപ്പെട്ട ഒന്നിനെ കണ്ടുകിട്ടിയപ്പോള്‍ തോളിലേറ്റിയ തമ്പുരാന്‍ ഇന്ന് ഞങ്ങളെയും തോളിലേറ്റിയിരിക്കുന്നു.

ലീലാമ്മ തോമസ്