ഇങ്ങനെ ഒരു ഹോം ടൂര്‍ നടത്തിനോക്കൂ… – Shalom Times Shalom Times |
Welcome to Shalom Times

ഇങ്ങനെ ഒരു ഹോം ടൂര്‍ നടത്തിനോക്കൂ…

രാവിലെ ജോലിക്കു പോകാന്‍ തിരക്കിട്ട് ഇറങ്ങുകയാണ്. പെട്ടെന്ന് മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്താല്‍ സംസാരിച്ചു സമയം പോകും. ആരാണെന്നു നോക്കാം എന്ന് കരുതി ഫോണ്‍ കയ്യിലെടുത്തു. ഒരു വൈദികനാണ്. എന്തായാലും കോള്‍ അറ്റന്‍ഡ് ചെയ്തു. ”ചേച്ചി ഡ്യൂട്ടിക്ക് പോകാനുള്ള തിരക്കിലായിരിക്കും അല്ലേ, ഒരു വഴിയും ഇല്ലാത്തതു കൊണ്ടാണ് വിളിച്ചത്.”

രണ്ടു മിനിറ്റില്‍ അദ്ദേഹം പെട്ടെന്ന് കാര്യങ്ങള്‍ പറഞ്ഞു. പ്രശ്‌നം ഇപ്രകാരമായിരുന്നു, അദ്ദേഹം വികാരിയായിരിക്കുന്ന ദൈവാലയത്തിലേക്കുള്ള വഴി മണ്ണിട്ട റോഡ് ആണ്. കുടിവെള്ള പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് റോഡ് കുഴിച്ചു പൈപ്പ് ഇറക്കാന്‍ പോവുകയാണ്. അതു വഴി പരിസരവാസികളായ പലര്‍ക്കും കുടിവെള്ള പരിഹാരം ഉണ്ടാകും. പക്ഷേ മഴയുടെ സമയമാണ്. റോഡില്‍ ചെളിയും മറ്റുമായി യാത്ര ദുസ്സഹമാകും. ഇടവക ജനങ്ങള്‍ക്കിടയിലും പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. പഞ്ചായത്തുകാരോട് എന്ത് മറുപടി പറയണം എന്ന് അറിയില്ല. ജനങ്ങളുടെ കുടിവെള്ളം തടയാനും കഴിയില്ല. ഒപ്പം ഇടവകജനത്തിന് ഉണ്ടാകുന്ന യാത്രാക്ലേശവും ഗൗനിക്കാതെ വയ്യ. എന്ത് ചെയ്യണം എന്ന് അറിയില്ല. കുറച്ചു സമയത്തിനുള്ളില്‍ അവര്‍ക്കു മറുപടി കൊടുക്കണം. ഇതൊരു തര്‍ക്കത്തില്‍ പോകാത്തവിധം ഈശോ പരിഹരിച്ചാല്‍ മതി.

എനിക്ക് ജോലിക്കു പോകാന്‍ ഇറങ്ങേണ്ട സമയം കഴിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ മുറിയിലിരിക്കുന്ന ഈശോയുടെ തിരുഹൃദയ രൂപത്തിലേക്ക് നോക്കി ഞാന്‍ ചോദിച്ചു, ”ഈശോയേ എന്തു ചെയ്യണം?” ഈശോ മറുപടി നല്‍കി., ”എന്നെ ആ സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ പറയുക.” അച്ചനോട് ഈശോയുടെ മറുപടി അറിയിച്ചു, ”ദിവ്യകാരുണ്യ ഈശോയെ എടുത്തു കൊണ്ട് വഴിയിലൂടെ നടന്ന് ഈശോയെ ആ സ്ഥലം കാണിക്കുക. ബാക്കി ഈശോ ചെയ്തുകൊള്ളും.”

ഇത്രയും പറഞ്ഞു ഞാന്‍ ഫോണ്‍ സംഭാഷണം നിര്‍ത്തി ഇറങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അച്ചന്റെ വാട്‌സാപ്പ് സന്ദേശം ലഭിച്ചു. ”ചേച്ചീ, ഈശോ ഭയങ്കര സംഭവമാണ് കേട്ടോ. ഈശോയുടെ മറുപടി കേട്ട ഉടനെ ഞാന്‍ ദിവ്യകാരുണ്യ ഈശോയെ എടുത്തു വഴിയെല്ലാം കാണിച്ചു കൊടുത്തു. പത്തു മിനിറ്റില്‍ തിരിച്ചു വന്നു. ഈശോയെ സക്രാരിയില്‍ എടുത്തു വച്ചു. അല്‍പസമയത്തിനുള്ളില്‍ പഞ്ചായത്തു പ്രസിഡന്റ് ഫോണില്‍ വിളിച്ചു.
അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. കുടിവെള്ളത്തിന്റെ പൈപ്പ് ഇറക്കുന്നതിനായി റോഡ് കുഴിക്കുന്നതു മൂലം വഴിയില്‍ ചെളിയുണ്ടാവുകയും തന്മൂലം യാത്രക്ക് അസൗകര്യമുണ്ടാവുകയും ചെയ്യുന്നതിനാല്‍ അവ ഒഴിവാക്കും വിധം പഞ്ചായത്തു തന്നെ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കാം.

അങ്ങനെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ഈശോ പ്രശ്‌നം പരിഹരിച്ചു. ദൈവാലയത്തിന്റെ ഉടമസ്ഥതയിലുള്ള വഴിയായിരുന്നിട്ടുകൂടി എല്ലാം പഞ്ചായത്ത് നേതൃത്വം എടുത്ത് ചെയ്തു നല്‍കി. സുവിശേഷങ്ങളില്‍ കാണുന്ന യേശു കൂടുതല്‍ സമയവും യാത്ര ചെയ്തിരുന്ന ആളായിരുന്നു. ഈശോക്ക് യാത്ര ഒരുപാട് ഇഷ്ടമാണെന്നു തോന്നിയിട്ടുണ്ട്. ഒരു ആത്മാവിനുവേണ്ടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാന്‍ ഈശോ തയ്യാറായിരുന്നു എന്നതിന്റെ തെളിവാണല്ലോ സമരിയക്കാരി സ്ത്രീയുമായുള്ള ഈശോയുടെ കണ്ടുമുട്ടല്‍.
നമ്മുടെയൊക്കെ ഭവനങ്ങളില്‍ ഒരു സ്ഥലത്തു ഈശോയെ പ്രതിഷ്ഠിച്ചു വച്ചിട്ടുള്ളതല്ലാതെ എപ്പോഴെങ്കിലും നമ്മള്‍ ഈശോയെ ഒരു ഹോം ടൂറിനു ക്ഷണിച്ചിട്ടുണ്ടോ? വലിയ ഭവനങ്ങളും ഓഫീസുകളും ഒക്കെ പണിതുയര്‍ത്തിയിട്ട് ഈശോയുടെ സ്ഥാനം ഏതോ ഒരു മൂലയില്‍ ഒതുങ്ങിപ്പോയോ?

ഇതുവരെയും ഈശോയ്‌ക്കൊപ്പം ഒരു ഹോം ടൂര്‍ നടത്തിയിട്ടില്ലെങ്കില്‍ ഈ വര്‍ഷത്തിന്റെ ആരംഭമാസങ്ങളില്‍ ഈശോയ്ക്ക് കൊടുക്കുന്ന ഒരു മനോഹരമായ സമ്മാനം ആകട്ടെ നമ്മുടെ ഭവനത്തിന്റെ ഹോം ടൂര്‍. വീട്ടിലുള്ള ഒരു കുരിശുരൂപം കയ്യിലെടുത്തുകൊണ്ട് വീടിന്റെ അകവും പുറവും എല്ലാം ഈശോയെ കൊണ്ടുനടന്നു കാണിക്കണം. ഒരു പക്ഷേ അതിര്‍ത്തി തര്‍ക്കങ്ങള്‍, വസ്തു വില്പന തടസ്സം, ക്ഷുദ്രജീവികളുടെ ആക്രമണങ്ങള്‍, വീടിന്റെ കേടുപാടുകള്‍ അങ്ങനെ ഒരുപാട് കാര്യങ്ങള്‍ നമുക്ക് ഈശോയോടു പറയാന്‍ ഉണ്ടായിരിക്കും. എന്തുമാകട്ടെ ഈശോയെ കൊണ്ടുപോയി കാണിക്കുക.

കുടുംബത്തില്‍ കിടപ്പു രോഗികള്‍ ഉണ്ടെങ്കില്‍ അവരുടെ അടുത്ത് ഈശോയെ കൊണ്ടുപോവുക. മക്കളുടെ പഠനമുറികള്‍, അവരുടെ പുസ്തകങ്ങള്‍, കിടപ്പുമുറികള്‍ ഒന്നും ഒഴിവാക്കാതെ ഈശോയെ കാണിച്ചു കൊടുക്കുക. അവനുമാത്രം ചെയ്യാന്‍ കഴിയുന്ന പലതും ഈശോ അതിലൂടെ കണ്ടെത്തും.
കോറോണക്കാലത്തു നടന്ന ഒരു സംഭവം കൂടി പങ്കുവയ്ക്കുകയാണ്. എന്റെ രോഗാവസ്ഥ മൂലം തലമുടി ഉണക്കുന്നത് ഹെയര്‍ഡ്രയര്‍ ഉപയോഗിച്ചാണ്. പെട്ടെന്ന് ഒരു ദിവസം ഡ്രയര്‍ കേടായി. കറുത്ത നിറത്തില്‍ ചെറിയ തോതില്‍ പുക പുറത്തു വന്നു, ഉപയോഗിക്കാന്‍ ഓണ്‍ ചെയ്തപ്പോള്‍. അന്ന് തലമുടി ഉണക്കാന്‍ ബുദ്ധിമുട്ടി. പിന്നീട് രണ്ടു ദിവസം അവധിയായിരുന്നു. പുറത്തു പോയി മറ്റൊന്ന് വാങ്ങി വരിക ആ നാളുകളില്‍ ഏറെ ക്ലേശകരമായിരുന്നു ലോക്ക് ഡൗണ്‍ മൂലം. മൂന്നാം ദിവസം ഞാന്‍ ഈശോയുടെ കുരിശുരൂപം എടുത്തു കൊണ്ടു പോയി ഹെയര്‍ ഡ്രയര്‍ ഓണ്‍ ചെയ്തു കാണിച്ചു. വര്‍ക്ക് ചെയ്യുന്നില്ല .

ഈശോയോടു എന്റെ നിസ്സഹായ അവസ്ഥ വെളിപ്പെടുത്തി. കുളിച്ചു വരുമ്പോഴേക്കും എന്തെങ്കിലും വഴി കാണാന്‍ ഈശോക്ക് ഒരു കൊട്ടേഷനും കൊടുത്തു. കുരിശുരൂപം ഹെയര്‍ ഡ്രയറിനടുത്തു വച്ചിട്ട് ഞാന്‍ കുളിക്കാന്‍ പോയി. തിരിച്ചു വരുമ്പോള്‍ പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം ഇതൊക്കെ ഈശോയുമായുള്ള എന്റെ കുസൃതികള്‍ മാത്രമാണ്.
‘ഒന്നും ചെയ്തില്ലല്ലോ ഈശോയേ’ എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ഹെയര്‍ ഡ്രയര്‍ എടുത്തു ഓണ്‍ ചെയ്തു. ആ സെക്കന്‍ഡില്‍ അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഈശോയെ കൈകളില്‍ എടുത്തു. കെട്ടിപ്പിടിച്ചു പലതവണ ചുംബിച്ചു. ഈശോയുടെ ഹൃദയത്തിലൂടെ ഒഴുകി ഇറങ്ങിയ എന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ആയിരുന്നു ഞങ്ങള്‍ക്കിടയിലെ സ്‌നേഹ സംഭാഷണം. ഇന്നും അതേ ഹെയര്‍ ഡ്രയര്‍ ഒരു കേടുപാടും ഇല്ലാതെ ഞാന്‍ ഉപയോഗിക്കുന്നു.

ഈശോയുടെ ഒരു പ്രത്യേക സ്വഭാവവിശേഷമാണ് ക്ഷണിക്കപ്പെടുക എന്നുള്ളത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ കൂടാരത്തിരുനാളിനു പങ്കെടുക്കാന്‍ പോയ ഈശോയെ നാം കാണുന്നു. ഈശോയെ കണ്ടിട്ടുള്ളവരും അവനില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടിയവരും അവന്റെ പ്രബോധനങ്ങള്‍ കേട്ടിട്ടുള്ളവരും ആയ പലരും തിരുനാളിന് ഉണ്ടായിരുന്നിട്ടും ഈശോയെ ആരും ഭവനങ്ങളിലേക്കു ക്ഷണിച്ചില്ല. ഓരോരുത്തരും സ്വന്തം വീടുകളിലേക്ക് പോയി. യേശു ഒലിവുമലയിലേക്കു പോയി (യോഹന്നാന്‍ 7/53 & 8/1). നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ ഈശോയെ അവഗണിക്കാതിരിക്കാം. ചിന്തിക്കാം. നമ്മുടെ ആഘോഷങ്ങള്‍ക്കും തിരുനാളുകള്‍ക്കും ഒടുവില്‍ ഈശോ നമ്മുടെ ഭവനങ്ങളിലേക്ക് ക്ഷണിക്കപ്പെടുന്നുണ്ടോ അതോ അവന്‍ ഇന്നും ഒലിവുമലയില്‍ തനിച്ചാണോ….?
”ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും”
(വെളിപാട് 3/19-20).

ആന്‍ മരിയ ക്രിസ്റ്റീന