ഒരു സമ്പന്നഭവനത്തില്‍ പരിചാരികയായി ജോലി ചെയ്യുകയായിരുന്നു ആ യുവതി. മധ്യവയസോടടുത്ത അവിടത്തെ കുടുംബനാഥ ഉദ്യോഗസ്ഥയായതിനാല്‍ പകല്‍സമയത്ത് ജോലിസ്ഥലത്തായിരിക്കും. വീട്ടില്‍ രോഗിയായ കുടുംബനാഥന്‍മാത്രമാണ് ഉണ്ടാവുക. അദ്ദേഹമാകട്ടെ കാന്‍സര്‍ ബാധിതനാണ്. പലപ്പോഴും അദ്ദേഹത്തിന്റെ വേദനനിമിത്തമുള്ള കരച്ചില്‍ അവള്‍ കേള്‍ക്കാറുണ്ട്. വേദന കാരണം അദ്ദേഹത്തിന് ഭക്ഷണംപോലും കഴിക്കാന്‍ വിഷമമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് ആ മനുഷ്യനോട് ഏറെ അലിവ് തോന്നി. അങ്ങനെയൊരു രാത്രി… അദ്ദേഹത്തിന്റെ വേദനയെക്കുറിച്ച് ഓര്‍ത്ത് അവള്‍ക്കും വല്ലാത്ത സങ്കടം….
അക്രൈസ്തവയായിരുന്നെങ്കിലും ഏതാണ്ട് 20 വയസുള്ളപ്പോള്‍ യേശുവിനെക്കുറിച്ച് അറിഞ്ഞ് വിശ്വാസം സ്വീകരിച്ചവളായിരുന്നു ആ യുവതി. സാധിക്കുന്നതുപോലെ ദിവ്യബലിയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ക്രിസ്തുവിശ്വാസത്തെപ്രതി വീട്ടുകാരും നാട്ടുകാരുമെല്ലാം അവളെ തള്ളിക്കളഞ്ഞു. പക്ഷേ തന്നെ സ്‌നേഹിക്കുന്ന, ഏകരക്ഷകനായ യേശുവിനെ ഉപേക്ഷിക്കാന്‍ അവള്‍ക്ക് സാധിക്കുമായിരുന്നില്ല. അങ്ങനെ വീടുവിട്ടിറങ്ങി പല ജോലികള്‍ ചെയ്ത് ജീവിക്കുന്നതിനിടെയാണ് ആ ഭവനത്തില്‍ എത്തിയിരിക്കുന്നത്.
രോഗിയായ ആ മനുഷ്യനുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ അവള്‍ക്ക് തോന്നി, വിശ്വാസമുണര്‍ന്നു. അതിനാല്‍ ഹൃദയമുരുകി പ്രാര്‍ത്ഥിച്ചു, ”യേശുവേ, ഈ മനുഷ്യന്റെ വേദന ശമിച്ച് ആശ്വാസത്തോടെ അല്പം ഭക്ഷണം കഴിച്ച് മരിക്കാന്‍ സാധിക്കണേ…” ആ രാത്രി അങ്ങനെ കടന്നുപോയി.
പിറ്റേ ദിവസം പുലര്‍ന്നു. കുടുംബനാഥ പതിവുപോലെ ജോലിക്കുപോയി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുടുംബനാഥന്‍ യുവതിയെ വിളിച്ചു, ”എനിക്ക് വളരെ ആശ്വാസം തോന്നുന്നു. കുടിക്കാന്‍ അല്പം പൊടിയരിക്കഞ്ഞി തരാമോ?”
അവള്‍ക്ക് ഏറെ സന്തോഷം തോന്നി. കുടുംബനാഥയെ വിളിച്ച് ചോദിച്ച് എത്രയും പെട്ടെന്ന് അവള്‍ അദ്ദേഹത്തിന് പൊടിയരിക്കഞ്ഞി തയാറാക്കി നല്കി. സാവധാനം അദ്ദേഹം അവളോട് തലേ രാത്രി ഉണ്ടായ അസാധാരണ അനുഭവത്തെക്കുറിച്ച് പറഞ്ഞു, ”വെള്ളവസ്ത്രവും ചുവന്ന ഷാളും ധരിച്ച സുന്ദരനായ ഒരാള്‍ എന്റെ അരികില്‍ വന്നു. എന്നെ ആശ്വസിപ്പിച്ചു. അതോടെയാണ് എന്റെ വേദന കുറഞ്ഞത്.” തീവ്രഹിന്ദുവിശ്വാസിയായിരുന്നതിനാല്‍ അദ്ദേഹത്തിന് യേശുവിന്റെ രൂപം പരിചയമില്ലായിരുന്നു. അതിനാല്‍ അവള്‍ യേശുവിനെക്കുറിച്ച് പറഞ്ഞു. താന്‍ അദ്ദേഹത്തിനായി യേശുവിനോട് പ്രാര്‍ത്ഥിച്ച കാര്യവും വെളിപ്പെടുത്തി.
”നീ പ്രാര്‍ത്ഥിക്കുന്ന ദൈവാലയത്തില്‍ എത്ര പണം വേണമെങ്കിലും നേര്‍ച്ചയായി നല്കാം,” ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്തായാലും ഏതാനും ദിവസത്തിനകം ആ മനുഷ്യന്‍ സമാധാനത്തോടെ മരിച്ചു.
മറ്റൊരു ജോലി ചെയ്ത് ഉപജീവനം കഴിക്കുന്നതിനിടെയാണ് ഒരു ദൈവാലയത്തില്‍വച്ച് ഞാന്‍ ആ സഹോദരിയെ കണ്ടുമുട്ടിയത്. ഇപ്പോള്‍ അവള്‍ക്ക് 32 വയസോളം പ്രായമുണ്ട്. എല്ലാ കഠിനാനുഭവങ്ങള്‍ക്കുമുന്നിലും വിശ്വാസം മുറുകെപ്പിടിച്ച് മുന്നോട്ടുപോകുന്നു. ”കര്‍ത്താവില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു; പീഡിതര്‍ കേട്ട് ആനന്ദിക്കട്ടെ!” (സങ്കീര്‍ത്തനങ്ങള്‍ 34/2).
കോട്ടയം ജില്ലയില്‍വച്ച് തനിക്കുണ്ടായ ഹൃദയസ്പര്‍ശിയായ ആ അനുഭവം പങ്കുവച്ചിട്ട് ആ യുവതി എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, ”ബ്രദര്‍, എന്റെ യേശു ഇന്നും ജീവിക്കുന്ന ദൈവമാണ്!”
ബാബു നിരപ്പേല്‍