രോഗം നിര്‍ണയിച്ച വചനം ഔഷധവുമായി… – Shalom Times Shalom Times |
Welcome to Shalom Times

രോഗം നിര്‍ണയിച്ച വചനം ഔഷധവുമായി…

ഏകദേശം നാല്പത്തി രണ്ടു വര്‍ഷത്തോളമായി കിഡ്‌നി സ്റ്റോണ്‍ എന്ന അസുഖം എന്റെ അമ്മ പ്രിന്‍സി ദേവസിയെ അലട്ടുന്നുണ്ടായിരുന്നു. ചെറിയ കല്ലുകള്‍ വേദനയോടെ പുറത്തു പോകാറുണ്ട്. വലിയ കല്ലുകള്‍ പലതവണ ഓപ്പറേഷനിലൂടെ പൊടിച്ചു കളഞ്ഞിട്ടുമുണ്ട്.

തുടര്‍ച്ചയായി രൂപപ്പെട്ടുകൊണ്ടിരുന്ന കല്ലുകള്‍ വൃക്കകളെയും മൂത്രാശയത്തെയും എല്ലാം സാരമായി ബാധിച്ചു കൊണ്ടിരുന്നു. ഹൈഡ്രോ നെഫ്രോസിസ് എന്ന രോഗാവസ്ഥയും യൂറിനറി ഇന്‍ഫെക്ഷനും ഒരിക്കലും വിട്ടു മാറാതെയായി. അതികഠിനമായ വയറു വേദനയും പുകച്ചിലും അനുഭവപ്പെട്ടു.
പലപ്പോഴും രക്തം കട്ട പിടിച്ചു യൂറിനിലൂടെ പുറത്തു വന്നു കൊണ്ടിരുന്നു. ഇന്‍ഫെക്ഷന്‍ മൂലം മുപ്പതു മിനിട്ടുപോലും യൂറിന്‍ മൂത്രാശയത്തില്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കാത്ത വിധം ശാരീരിക അവസ്ഥ മോശപ്പെട്ടു.

2015-ല്‍ തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയില്‍ യൂറോളജിസ്റ്റിനെ കണ്ടു. പല ടെസ്റ്റുകള്‍ക്കും ഒടുവില്‍ കിഡ്നിയില്‍ ടി.ബി ആണെന്ന് സംശയിക്കുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ അതുറപ്പിക്കുന്ന യാതൊരു ടെസ്റ്റ് റിസള്‍ട്ടുകളും ലഭിച്ചിട്ടില്ലായിരുന്നു. തുടര്‍ന്ന് എറണാകുളത്തെ ഒരു ആശുപത്രിയിലേക്ക് ചികിത്സ മാറ്റി.
എക്‌സറേയും സ്‌കാനും എല്ലാം എടുത്തപ്പോള്‍ മൂത്രവാഹിനിക്കുഴല്‍ ഇന്‍ഫെക്ഷന്‍ മൂലം വളഞ്ഞിരിക്കുന്നതായും വൃക്കകളും മൂത്രാശയവുമെല്ലാം ചുരുങ്ങിയതായും കാണപ്പെട്ടു.

അതിനാല്‍ അവരും ടി.ബിയുടെ സാധ്യത തള്ളിക്കളഞ്ഞില്ല. മൂന്നു മാസത്തോളം റീനല്‍ ടി.ബി യുടെ മരുന്നുകള്‍ കഴിച്ചുനോക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ആ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ അസ്വാസ്ഥ്യങ്ങള്‍ കൂടുതല്‍ ശക്തമായി. ഉടനെ മറ്റൊരു പ്രമുഖ ആശുപത്രിയിലേക്ക് മാറ്റി. ആ സമയത്തു പത്തു മിനിട്ടു പോലും യൂറിന്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കാതെയായി. 42 ആന്റിബയോട്ടിക് ഇഞ്ചക്ഷനുകള്‍ പതിനാലു ദിവസം കൊണ്ട് അവര്‍ വെയിനിലൂടെ ദിവസവും മൂന്നു നേരമായി നല്‍കി.

ഏറ്റവും ഒടുവില്‍ ബയോപ്‌സി ടെസ്റ്റ് നടത്തി. അതിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാത്രകള്‍ പലപ്പോഴും ദുസ്സഹമായിരുന്നു. 42 ദിവസത്തെ ഇഞ്ചക്ഷനുശേഷം 21 ദിവസം ബ്ലാഡര്‍ ഇന്‍ഫ്യൂഷന്‍ ചെയ്തു. മൂന്ന് മരുന്നുകള്‍ മൂത്രാശയത്തിനകത്തേക്കു കയറ്റി കുറച്ചു സമയങ്ങള്‍ കഴിഞ്ഞു പുറത്തെടുക്കുന്ന ചികിത്സയാണ് അത്. ഇതൊന്നും രോഗത്തിന്റെ തീവ്രതയെ കുറച്ചില്ല. ഒടുവില്‍ മറ്റൊരു ആശുപത്രിയില്‍ ചെന്നപ്പോള്‍ മൂത്രാശയം എന്നേക്കുമായി ഓപ്പറേഷന്‍ ചെയ്തു മാറ്റാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

പിന്നീട് ജീവിതകാലം മുഴുവന്‍ യൂറിന്‍ പോകാന്‍ ഒരു ട്യൂബ് കിഡ്നിയില്‍ നിന്നും വയറിനു പുറത്തേക്കു വച്ച് നല്‍കാം. അതാണ് ഏക പോം വഴി ആയി അവര്‍ നിര്‍ദേശിച്ചത്. ആ നാളുകളിലെല്ലാം വേദനയും പുകച്ചിലും കാരണം എ.സി യും ഫാനും ഒന്നിച്ചുപയോഗിക്കേണ്ടി വന്നിട്ടുണ്ട്. വയറിനു മുകളിലും താഴെയും ഐസ് കട്ടകള്‍ വയ്ക്കുകയും തണുത്ത വെള്ളം ഒഴിക്കുകയും ചെയ്യുക പതിവായിരുന്നു. വടിയുടെ സഹായത്താല്‍ മാത്രം കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്തിരുന്ന നാളുകള്‍. വേദന മൂലം നിവര്‍ന്നു നില്ക്കാന്‍ പോലും കഴിയുമായിരുന്നില്ല.

എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് ജ്ഞാനം ഒമ്പതാം അധ്യായം വായിച്ചു പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി യഥാര്‍ത്ഥ രോഗനിര്‍ണയം ഈശോ നടത്തിയത്, ഒബ്‌സ്ട്രക്റ്റീവ് യൂറോപതി റിലേറ്റഡ് റ്റു ആര്‍ത്രൈറ്റിസ്.
ദൈവവചനത്തിന്റെ ശക്തി മാത്രമാണ് രോഗം നിര്‍ണയിച്ചു തന്നതെന്ന തിരിച്ചറിവ് വചനത്തില്‍ കൂടുതല്‍ ആശ്രയിക്കാന്‍ കൃപ നല്‍കി. അന്ന് മുതല്‍ അമ്മ വിശുദ്ധ ബൈബിള്‍ വയറിനു മുകളില്‍ വച്ചു കിടക്കാന്‍ തുടങ്ങി. എല്ലാ മരുന്നുകളും നിര്‍ത്തി വച്ചു. മാസങ്ങള്‍ കടന്നുപോയി. പലപ്പോഴും അപ്പന്‍ ബൈബിളിന്റെ ഭാരം ഓര്‍ത്തു മാറ്റിവയ്ക്കാന്‍ ശ്രമിക്കുമ്പോഴും അമ്മ അനുവദിച്ചിരുന്നില്ല.

നാളുകള്‍ കഴിഞ്ഞപ്പോള്‍ വേദനയും പുകച്ചിലും ഇല്ലാതായി. വടിയുടെ സഹായം ഇല്ലാതെ എഴുന്നേല്‍ക്കുകയും നടക്കുകയും ചെയ്യുന്നു. വീട്ടു ജോലികള്‍ ചെയ്യുന്നു. ഡയപര്‍ പഴയതു പോലെ ഉപയോഗിക്കാതെയായി. രണ്ടോ മൂന്നോ മണിക്കൂര്‍ മൂത്രാശയം യൂറിന്‍ പിടിച്ചു നിര്‍ത്തുന്നു. ദിവസവും ദൈവാലയത്തില്‍ പോയി പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നു….
”നീ നിനക്ക് വേണ്ടിയല്ല ആത്മാക്കള്‍ക്ക് വേണ്ടിയാണു ജീവിക്കുന്നത്. നിന്റെ സഹനം മറ്റുള്ള ആത്മാക്കള്‍ക്ക് പ്രയോജനപ്പെടും. നിന്റെ ദീര്‍ഘ സഹനം അവര്‍ക്ക് എന്റെ തിരുമനസ്സ് സ്വീകരിക്കാനുള്ള വെളിച്ചവും ശക്തിയും നല്‍കും” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 67)

ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് തിരിച്ചറിഞ്ഞ നാളുകള്‍. വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്തു ദൈവവചനം വിജയം വരിച്ചു. രോഗം പൂര്‍ണ്ണമായും സൗഖ്യപ്പെടുക എന്നതുമാത്രമല്ല ദൈവത്തിന്റെ ഇടപെടല്‍. നമ്മുടെ സഹനങ്ങളില്‍ വേദനയുടെ കാഠിന്യം കുറയ്ക്കുക എന്നതും ദൈവിക പദ്ധതിയാണ്.
”കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു.

അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്രേ. മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച് ഫലം നല്‍കി, വിതയ്ക്കാന്‍ വിത്തും ഭക്ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും” (ഏശയ്യാ 55/8-11).

ആന്‍ മരിയ ക്രിസ്റ്റീന