പൊതുസ്ഥലത്ത് ആവേശത്തോടെ കളിയില്‍ മുഴുകിയിരിക്കുകയായിരുന്നു ആ യുവാക്കള്‍. അപ്പോഴാണ് ഒരു ബാലന്‍ അതിലേ പോകുന്നത് കണ്ടത്. അവര്‍ അവനെ ക്ഷണിച്ചു, ”കളിക്കാന്‍ വരുന്നോ?”
”ഇല്ല!” അതിവേഗമായിരുന്നു ബാലന്റെ മറുപടി. ആ യുവാക്കള്‍ക്ക് ആശ്ചര്യമായി. ഈ പ്രായത്തിലുള്ള ഒരു ബാലന്‍ കളിക്കാനുള്ള ക്ഷണം വേണ്ടെന്നുവയ്ക്കുമോ?
”അതെന്താണ് നീ കളിക്കാന്‍ വരാത്തത്?” അവര്‍ അന്വേഷിച്ചു.
”ഞാന്‍ ഒരു പ്രധാനപ്പെട്ട കാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്,” ബാലന്റെ മറുപടി.
അവന്‍ ക്രിസ്ത്യാനിയാണെന്ന് അറിയാമായിരുന്ന ആ വിജാതീയ യുവാക്കളുടെ ആകാംക്ഷ വര്‍ധിച്ചു. അവര്‍ അവനെ സൂക്ഷ്മമായി നോക്കി. ബാലന്‍ എന്തോ നെഞ്ചോടടുക്കിപ്പിടിച്ചിട്ടുണ്ട്. എന്താണെന്നറിയാനായി അത് പിടിച്ചുവാങ്ങാന്‍ അവര്‍ ശ്രമിച്ചു. അവന്‍ അത് വിട്ടുകൊടുത്തില്ല. യുവാക്കള്‍ കുപിതരായി, അവനെ തല്ലിച്ചതച്ചു. പക്ഷേ ഗുരുതരമായി പരിക്കേറ്റിട്ടും നെഞ്ചോടുചേര്‍ത്തുവച്ചത് അവന്‍ മുറുകെത്തന്നെ പിടിച്ചു. ചുറ്റും കൂടിയ ജനത്തില്‍ ചിലര്‍ ആ കൈകള്‍ അയയ്ക്കാന്‍ ശ്രമിച്ചപ്പോഴും അവന്റെ കൈ അയഞ്ഞില്ല. മാത്രമല്ല എന്തോ ശക്തി തങ്ങളെ പുറകോട്ട് തള്ളുന്നതായി അവര്‍ക്ക് അനുഭവപ്പെടുകയും ചെയ്തു.
ജനക്കൂട്ടത്തില്‍ ക്രൈസ്തവരും ഉണ്ടായിരുന്നു. അവരോട് അവന്‍ പറഞ്ഞു, ”എനിക്കെന്തും സംഭവിച്ചോട്ടെ. കയ്യിലിരിക്കുന്ന തിരുവോസ്തികള്‍ക്ക് ഒന്നും സംഭവിക്കാതെ സംരക്ഷിക്കണം.” സാവധാനം യേശുവിന്റെ തിരുശരീരമെന്ന നിധി നെഞ്ചോടുചേര്‍ത്ത് അവന്‍ നിത്യമായി കണ്ണുകളടച്ചു. ക്രിസ്തുവിശ്വാസികള്‍ അവന്റെ ശരീരം ആദരണീയനായ ബിഷപ് ഡയനീഷ്യസിന്റെ അരികിലേക്ക് സംവഹിച്ചു. അപ്പോഴും ആ കൈകളില്‍ ദിവ്യകാരുണ്യം ഭദ്രമായി സൂക്ഷിക്കപ്പെട്ടിരുന്നു. ബിഷപ് ഡയനീഷ്യസ് ആ ദൈവിക അപ്പം അവന്റെ കൈയില്‍നിന്ന് വേര്‍പെടുത്തി. രക്തത്തില്‍ കുളിച്ച അവന്റെ ശരീരവും ദിവ്യകാരുണ്യവും ഒട്ടിച്ചേര്‍ന്നാണ് സ്ഥിതിചെയ്തിരുന്നത്, ഒരു ശരീരംപോലെ….
ബിഷപ് ഡയനീഷ്യസ് വാത്സല്യവും ആദരവും എല്ലാം കലര്‍ന്ന ഭാവത്തോടെ ആ പിഞ്ചുശരീരം നോക്കിനിന്നു. ആ ധീരരക്തസാക്ഷിയുടെ ശരീരം ആദരവോടെ സംസ്‌കരിക്കാന്‍ അദ്ദേഹം ഒരുങ്ങി. രഹസ്യ ദിവ്യബലിക്കുശേഷം, കൂദാശ ചെയ്ത തിരുവോസ്തികള്‍ തന്റെ കൈയില്‍നിന്ന് ഏറ്റുവാങ്ങിയ താര്‍സീസിയൂസ് എന്ന ആ ബാലന്റെ മുഖം അദ്ദേഹം ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുത്തു. തടവറകളില്‍ കഴിയുന്നവര്‍ക്ക് തിരുവോസ്തികള്‍ രഹസ്യമായി എത്തിച്ചുനല്കാനാണ് അവന്‍ യാത്രയായത്. രക്തസാക്ഷിത്വത്തിലേക്കുള്ള യാത്രയാകാന്‍ സാധ്യതയുണ്ടെന്നറിഞ്ഞുതന്നെയുള്ള യാത്ര. പീഡനത്തിന്റെ കാലമായിരുന്നെങ്കിലും രഹസ്യസങ്കേതങ്ങളില്‍ ഒന്നിച്ചുകൂടി ക്രിസ്ത്യാനികള്‍
ബലിയര്‍പ്പിച്ചിരുന്നു. അപ്രകാരം ബിഷപ് ഡയനീഷ്യസ് അര്‍പ്പിച്ച ദിവ്യബലിയില്‍ താര്‍സീസിയൂസും ഭക്തിയോടെ പങ്കുചേര്‍ന്നു. തുടര്‍ന്നാണ് തിരുവോസ്തികള്‍ ഏറ്റുവാങ്ങിയത്. എഡി 253-ലോ 257-ലോ ആണ് താര്‍സീസിയൂസിന്റെ ജനനം. വലേരിയന്‍ ചക്രവര്‍ത്തി റോമില്‍ പീഡനങ്ങള്‍ അഴിച്ചുവിട്ട കാലമായിരുന്നു അത്. അവിടത്തെ തടവറകളില്‍ മരണം കാത്തുകഴിയുന്ന അനേകം ക്രിസ്തുവിശ്വാസികള്‍ ഉണ്ടായിരുന്നു. അവര്‍ക്കുവേണ്ട ദിവ്യകാരുണ്യം രഹസ്യമായി എത്തിച്ചുനല്കുക എന്നത് അതീവ അപകടം പിടിച്ച ദൗത്യവുമായിരുന്നു. അതിനാല്‍ത്തന്നെ ഈ ചെറുപ്രായത്തില്‍ താര്‍സീസിയൂസിനെ ആ ദൗത്യം ഏല്പിക്കണോ എന്ന് എല്ലാവരും സംശയിച്ചപ്പോള്‍ അവന്‍തന്നെയാണ് തീവ്ര ആഗ്രഹത്തോടെ ആ മഹാഭാഗ്യം തനിക്ക് നല്കണമെന്ന് ശാഠ്യം പിടിച്ചത്.
കാരണം, വിശുദ്ധബലി എന്താണെന്നും കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയുടെ വില എന്താണെന്നും പൂര്‍ണമായി മനസിലാക്കിയിരുന്നു ആ ബാലന്‍. അത് മനസിലാക്കിയതിനാല്‍ അവന്റെ ആഗ്രഹം അംഗീകരിച്ച ബിഷപ് ഡയനീഷ്യസ് തിരുവോസ്തികള്‍ പൊതിഞ്ഞ് അവന്റെ നെഞ്ചോടുചേര്‍ത്ത് വച്ചുകൊടുത്തു. അങ്ങനെയാണ് അവന്‍ യാത്രയായത്. ആ യാത്ര രക്തസാക്ഷിത്വത്തോടെ പൂര്‍ത്തിയായി.
വിശുദ്ധനായ ഡമസസ് പാപ്പയുടെ കീര്‍ത്തനങ്ങളിലാണ് വിശുദ്ധ താര്‍സീസിയൂസിനെക്കുറിച്ച് വിവരിക്കുന്നത്. റോമന്‍ രക്തസാക്ഷികളുടെ കലണ്ടര്‍പ്രകാരം ഓഗസ്റ്റ് 15-നാണ് ഈ വിശുദ്ധബാലന്റെ തിരുനാള്‍.