മക്കള്‍ ദൈവത്തിന്റെ സ്വന്തമാണ്. അവരെ ദൈവത്തോടു ചേര്‍ത്തുപിടിച്ചു വളര്‍ത്താന്‍ ദൈവം നിയോഗിച്ച കാര്യസ്ഥന്‍മാര്‍ മാത്രമാണ് മാതാപിതാക്കള്‍. ക്രിസ്തുവിനെ നിരാകരിക്കുന്നത് ട്രെന്റായി മാറിയിരിക്കുന്ന നവയുഗത്തില്‍ മക്കളെ ക്രിസ്തുവിന്റേതാക്കി വളര്‍ത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയാണ്. അതിന് മാതാപിതാക്കള്‍ ആദ്യം ദൈവത്തോട് ചേര്‍ന്നുജീവിക്കണം.
ദൈവത്തോട് കൂടുതല്‍ അടുക്കുന്തോറും നമ്മുടെ കാഴ്ചപ്പാടുകളും മുന്‍ഗണനകളും മാറും. ദൈവം തന്ന അഞ്ച് കുട്ടികളെയും ഒരേ സമയം ആത്മീയതയിലും ഭൗതിക കാര്യങ്ങളിലും തീഷ്ണമതികളും മിടുക്കരുമാക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. കുഞ്ഞുങ്ങള്‍ എല്ലാം രാവിലെ എഴുന്നേല്‍ക്കുമ്പോഴും സ്‌കൂളില്‍ പോകുന്നതിനു മുമ്പും സ്വന്തമായി പ്രാര്‍ത്ഥിക്കും. ദൈവത്തോട് വിശ്വാസത്തോടെ പ്രാര്‍ത്ഥിച്ചാല്‍ ദൈവം അവരുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്ന് അവര്‍ക്ക് ഉറച്ച വിശ്വാസമുണ്ട്. മതബോധന ക്ലാസ്സുകളില്‍ മുടങ്ങാതെ പോകുന്ന അവര്‍ക്ക് അതാത് ക്ലാസ്സുകളില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാറുണ്ട്. വചനം ഹൃദിസ്ഥമാക്കാന്‍ കുട്ടികളെ എപ്പോഴും പ്രോത്സാഹിപ്പിക്കുന്നു. ബൈബിള്‍ ക്വിസ് മത്സരങ്ങളിലും അവര്‍ മുമ്പന്തിയില്‍ത്തന്നെ.
മക്കളെല്ലാവരും പ്രത്യേകിച്ച് മൂത്ത കുട്ടികള്‍ അടിയുറച്ച ദൈവവിശ്വാസികളാണ്. അവരെ കണ്ട് മറ്റുള്ളവര്‍ പഠിക്കുന്നു. മൂത്ത മകന്‍ ജാക്ക് 2000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിലെ ലീഡര്‍ ആയിരുന്നു. സ്‌കൂളിലെ അവന്റെ പ്രസംഗങ്ങളെല്ലാം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞാണ് അവസാനിപ്പിക്കുന്നത്. അതുപോലെ, രണ്ടാമത്തെ മകന്‍ പീറ്ററും നാലാമത്തെ മകന്‍ ജോഷും അവരുടെ ക്ലാസ്സില്‍നിന്നുള്ള ലീഡേഴ്‌സാണ്. വീടിനടുത്തുള്ള ഇംഗ്ലീഷ് പള്ളിയില്‍ ജാക്കും പീറ്ററും മേരിയും അള്‍ത്താരശുശ്രൂഷ ചെയ്യുന്നു. ജാക്ക് സീറോ മലബാര്‍ പള്ളിയിലും അള്‍ത്താരശുശ്രൂഷകനാണ്. ഞാന്‍ കപ്യാര്‍ക്ക് തുല്യമായ അക്കലൈറ്റ് എന്ന ചുമതല വഹിക്കുന്നു. നമ്മള്‍ എന്ത് ചെയ്യുന്നുവോ അത് ചെയ്യാനുള്ള പ്രവണത മക്കള്‍ക്കുണ്ടെന്നുള്ള തിരിച്ചറിവിലാണ് അവരുടെ മുമ്പില്‍ ഞങ്ങള്‍ പെരുമാറുക.
പ്രാര്‍ത്ഥിക്കാന്‍ പരിശീലിപ്പിക്കുക മാത്രമല്ല, പാപം കടന്നുവരുന്ന വഴികളെക്കുറിച്ചും ജാഗ്രത പുലര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളോട് സംസാരിക്കാറുണ്ട്. ആത്മീയ കാര്യങ്ങളില്‍ മികവ് പുലര്‍ത്തുമ്പോള്‍ പ്രോത്സാഹനവും ഉദാസീനത കാണിക്കുമ്പോള്‍ പ്രായശ്ചിത്തവും നല്‍കും. ”ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല” (സുഭാഷിതങ്ങള്‍ 22/6). മക്കളുടെ സുഹൃത്തുക്കള്‍ ആരെന്ന് ശ്രദ്ധിക്കും.
ന്യൂ ജനറേഷന്‍ ദൈവത്തിലേക്ക്
ക്രിസ്ത്യാനിയായി ജനിച്ചാലും ക്രൈസ്തവവിശ്വാസിയായി അറിയപ്പെട്ടാലും ജീവിക്കുന്ന ക്രിസ്തുവിനെ അനുദിന ജീവിതസാഹചര്യത്തില്‍ അനുഭവിക്കാന്‍ സാധിച്ചില്ലെങ്കില്‍ വെല്ലുവിളികളെ നേരിടുമ്പോള്‍ വിശ്വാസം നിര്‍ജീവമാകും. പ്രാര്‍ത്ഥനയില്‍ ഉത്തരം ലഭിക്കുന്നതും പരിശുദ്ധകുര്‍ബാനയിലൂടെ ക്രിസ്തു അനുഭവവേദ്യമാകുന്നതും യുവതലമുറ ശീലിക്കണം. അറിഞ്ഞോ അറിയാതെയോ ഭാവിയില്‍ ദുഃഖങ്ങള്‍ സമ്മാനിക്കുന്ന, നൈമിഷിക സന്തോഷങ്ങളുടെ പുറകെയാണ് പുതുതലമുറ. കുറ്റബോധവും, പശ്ചാത്താപവും ഇല്ലാതെ ഭൗതിക സന്തോഷങ്ങള്‍ക്ക് അടിമപ്പെടുന്നവര്‍ക്ക് ക്രിസ്തുവിന്റെ മാര്‍ഗവും സഭയുടെ ഉപദേശവും അരോചകമായി അനുഭവപ്പെടും. പൗലോസ്ശ്ലീഹായുടെ വാക്കുകള്‍ ശ്രദ്ധിക്കുക, ”നാശത്തിലൂടെ ചരിക്കുന്നവര്‍ക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്. എന്നാല്‍ രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അത് ദൈവത്തിന്റെ ശക്തിയത്രേ.”
അതിനാല്‍ വിശുദ്ധിയിലും ധാര്‍മികതയിലും ജീവിക്കുന്ന, ദൈവകല്പനകള്‍ അനുസരിക്കുന്ന വിശ്വാസകൂട്ടായ്മക്കാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊന്നല്‍ നല്‌കേണ്ടത്. കൂദാശാജീവിതത്തില്‍ നിന്നുള്ള വ്യതിചലനം തുടക്കത്തിലേ തിരുത്തപ്പെടണം. കതിരില്‍ കൊണ്ടുവന്നു വളംവയ്ക്കുന്നതു പോലെയാണ് പല തിരുത്തലുകളും. അപ്പോഴേക്കും, അത് സമൂഹത്തിന്റെ സാധാരണ ജീവിതത്തിന്റെ ഭാഗമെന്നപോലെയായി മാറിയിട്ടുണ്ടാകും.
മാതാപിതാക്കള്‍ ഒരു ഉത്തമവിശ്വാസിയായി, വിശുദ്ധിയിലും ലാളിത്യത്തിലും സന്മാര്‍ഗത്തിലും മാതൃകാപരമായി ജീവിക്കുന്നത് മക്കള്‍ ദര്‍ശിക്കണം.
ഇന്നത്തെ മാറിയ സാഹചര്യത്തില്‍ മാതാപിതാക്കള്‍ ആത്മീയ കാര്യങ്ങളില്‍ ഒരു യാഥാസ്ഥിതികത പുലര്‍ത്തണം. കുഞ്ഞുങ്ങളുടെ വിശ്വാസപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. ചെറുപ്പത്തിലേ സുവിശേഷവചനങ്ങള്‍ മക്കള്‍ ഹൃദിസ്ഥമാക്കണം. വിശ്വാസകാര്യങ്ങളില്‍ ഒരു അചഞ്ചലതയും ജീവിതസാഹചര്യങ്ങളില്‍ ഒരു സ്ഥിരപ്രജ്ഞതയും ഉണ്ടാകണമെങ്കില്‍ ദൈവാശ്രയബോധം വേണം. വിശുദ്ധിയോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യവും വിശുദ്ധിയോടുകൂടി ജീവിക്കാന്‍ സ്വീകരിക്കേണ്ട കാര്യങ്ങളും മക്കളെ പഠിപ്പിക്കണം.
ജിബി ജോയി, പെര്‍ത്ത്, ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയില്‍ അര്‍മഡെയ്ല്‍ സിറ്റി കൗണ്‍സിലറാണ് കോതമംഗലം കത്തീഡ്രല്‍ ഇടവകാംഗമായ പുളിക്കല്‍ ജിബി ജോയി.