പോര്‍ട്ട് മോറിസ്ബി: ഏജന്‍സിയ ഫിദെസ് നല്കുന്ന റിപ്പോര്‍ട്ടനുസരിച്ച് ദൈവവിളികളാല്‍ സമ്പന്നമാണ് പാപ്പുവാ ന്യൂഗിനിയ എന്ന ദ്വീപുരാഷ്ട്രം. ഓരോ വര്‍ഷവും ഇവിടത്തെ സെമിനാരികള്‍ നിറയുന്നു. മേജര്‍ സെമിനാരികളില്‍ പഠനം നടത്തുന്നത് 159 വൈദിക വിദ്യാര്‍ത്ഥികളാണ്. മൂന്ന് ചെറിയ സെമിനാരികള്‍, രണ്ട് പ്രിപ്പറേറ്ററി സെമിനാരികള്‍, നാല് മേജര്‍ സെമിനാരികള്‍ എന്നിവയാണ് പാപ്പുവാ ന്യൂഗിനിയയിലുള്ളത്. ജനസംഖ്യയുടെ 32 ശതമാനം കത്തോലിക്കരുള്ള ഈ ദ്വീപസമൂഹം പസഫിക് സമുദ്രത്തില്‍ സ്ഥിതിചെയ്യുന്നു. മലയാളികളുള്‍പ്പെടെ തദ്ദേശീയരല്ലാത്ത അനേകം മിഷനറിമാര്‍ ഇവിടെ സജീവമായി ശുശ്രൂഷ ചെയ്യുന്നുണ്ട്. ഐതപ്പെ എന്ന രൂപതയുടെ മെത്രാന് മലയാളിയായ ബിഷപ്പ് സിബി മാത്യു പീടികയില്‍ ആണെന്നതും ശ്രദ്ധേയം.
വൈദികരും സിസ്റ്റേഴ്സും അടക്കമുള്ള ഇവിടത്തെ മിഷനറിമാര്‍ നഗരങ്ങളെപ്പോലെതന്നെ ഗ്രാമങ്ങളിലും സുവിശേഷപ്രഘോഷണം നടത്തുന്നതില്‍ ബദ്ധശ്രദ്ധരാണ്. അതിനാല്‍ത്തന്നെ വിവിധഗോത്രജരായ കുട്ടികള്‍ വൈദികജീവിതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങളില്‍നിന്നാണ് അധികം വൈദികവിദ്യാര്‍ത്ഥികള്‍ കടന്നുവന്നിരിക്കുന്നത്.