”പത്ത് വര്‍ഷം മുന്‍പ് കര്‍ത്താവ് എനിക്ക് ഒരു കാഴ്ച കാണിച്ചു തന്നിരുന്നു. വഴിയരികില്‍ മനോഹരമായ ഒരു രണ്ടുനില വീട്. ആ കാഴ്ച കണ്ട് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ യേശു അത് യാഥാര്‍ത്ഥ്യമാക്കി.” പുതിയ ഭവനത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ അമ്മയുടെ ഈ ഉറച്ച വിശ്വാസത്തോടെയുള്ള വാക്കുകളാണ് ഇപ്പോഴും കാതില്‍ മുഴങ്ങുന്നത്.
എന്റെ പപ്പയുടെ പിതാവുള്ള കാലത്ത് വാങ്ങിയ തറവാട്ടുവീട്ടിലായിരുന്നു ഞങ്ങളുടെ താമസം. 60 വര്‍ഷത്തോളം പഴക്കമുള്ള വീടായിരുന്നു അത്. ഏറെ മോടി പിടിപ്പിച്ചെങ്കിലും പഴയ വീടിന്റേതായ എല്ലാ പോരായ്മകളുമുള്ള ഓടും ടെറസും കൂടി യ വീട്. റോഡരികില്‍ സ്ഥലമുമുണ്ടായിരുന്നെങ്കിലും പുതിയ വീടിനെക്കുറിച്ച് അന്നൊന്നും ചിന്തിച്ചിട്ട് പോലുമില്ല.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം പുതിയൊരു ഭവനം നിര്‍മ്മിക്കുന്നതിനെ കുറിച്ച് ഞാന്‍ അമ്മയോട് പറയുന്നത്. അപ്പോഴാണ് അമ്മയ്ക്ക് ഈശോ അതെക്കുറിച്ച് വെളിപ്പെടുത്തിയ സംഭവത്തെക്കുറിച്ചും പറയുന്നത്.
ശേഷം ബൈബിളിലെ ഒരു വചനഭാഗം അമ്മ പറഞ്ഞു, ”കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്” (സങ്കീര്‍ത്തനങ്ങള്‍ 127/1). ‘ഒരാളുടെ ജീവിതത്തില്‍ ദൈവം ഇടപെടുന്ന ഒരു സമയമുണ്ട്, ആ സമയത്തിനായി കാത്തിരിക്കുക’ അമ്മ കൂട്ടിച്ചേര്‍ത്തു. എന്റെ കുടുംബത്തില്‍ കര്‍ത്താവിന്റെ ആ ഇടപെടല്‍ ഉണ്ടാകുന്നത് ഒരു 2020-ലാണ്. കാട് പിടിച്ച് കിടന്ന ആ സ്ഥലം മണ്ണുമാന്തി ഉപയോഗിച്ച് വൃത്തിയാക്കി എടുക്കുക എന്നതായിരുന്നു ആദ്യത്തെ ദൗത്യം. അങ്ങനെയൊരു സ്ഥലം അവിടെയുണ്ടായിരുന്നു എന്ന് വഴിയാത്രക്കാര്‍ തിരിച്ചറിഞ്ഞത് ആദ്യത്തെ ദൗത്യം പൂര്‍ത്തിയാക്കിയപ്പോഴായിരുന്നു.
കൈപിടിച്ച ദൈവം
വീടിന്റെ പ്ലാന്‍ എഞ്ചിനീയര്‍ തയാറാക്കുമ്പോള്‍പ്പോലും അതില്‍ ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നു. പത്ത് വര്‍ഷം മുന്‍പ് അമ്മക്ക് കര്‍ത്താവ് നല്‍കിയ ദര്‍ശനപ്രകാരമുള്ള അതേ പ്ലാന്‍തന്നെയായിരുന്നു എഞ്ചിനീയര്‍ വരച്ചത് എന്നറിഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍പോലും അത്ഭുതപ്പെട്ടു. അടുക്കള മുതല്‍ ഓരോ മുറികളും കിറുകൃത്യം. തറപ്പണിക്കുള്ള കല്ല് വെട്ടിയെടുക്കാനുള്ള കൂലിമാത്രമേ ചെലവായുള്ളൂ എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം, എന്നാല്‍ അതായിരുന്നു വാസ്തവം. അമ്മയുടെ വീടിന് മുന്‍പിലായി ഒരു വലിയ പാറക്കൂട്ടം ഉണ്ടായിരുന്നു. ആ കല്ലായിരുന്നു കര്‍ത്താവ് ഞങ്ങളുടെ ഭവനത്തിന്റെ അടിത്തറക്കായി കരുതിവച്ചത്. തറപ്പണിയുടെ സമയത്ത് പണിക്കാര്‍ പറഞ്ഞ ഒരു കാര്യം, ഞങ്ങള്‍ ഒരുപാട് വീടുകളുടെ തറ കെട്ടിയിട്ടുള്ളവരാണ്, പക്ഷെ ഇത്രയും നല്ല കല്ല് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല എന്നായിരുന്നു. കര്‍ത്താവ് നല്‍കുമ്പോള്‍ ഏറ്റവും നല്ലതായിരിക്കും നല്‍കുക, അത് കല്ലിന്റെ കാര്യത്തില്‍ മാത്രമല്ല ഈ ഭാവനത്തിനായി ഉപയോഗിച്ച സിമന്റ് മുതല്‍ സ്വിച്ച് വരെ ഏറ്റവും മികച്ച രീതിയിലായിരുന്നു ദൈവം ക്രമീകരിച്ചത്.
അനുഗ്രഹങ്ങളുടെ താക്കോല്‍
വീടുപണി തുടങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ ഒരുമിച്ച് എടുത്ത ഒരു തീരുമാനമുണ്ടായിരുന്നു, ‘ഒരുകാരണവശാലും ബാങ്ക് ലോണ്‍ എടുക്കില്ല.’ അതിനുപിന്നില്‍ ദൈവത്തിന്റെ പ്രേരണതന്നെയായിരുന്നെന്ന് പിന്നീട് ഞങ്ങള്‍ തിരിച്ചറിഞ്ഞു. കാരണം ഈ വീടിന്റെ പേരില്‍ ഒരു ലോണ്‍ പോയിട്ട് ഒരാളില്‍നിന്ന് ഒരുരൂപ പോലും കൈവായ്പ വാങ്ങേണ്ട അവസ്ഥപോലും കര്‍ത്താവ് വരുത്തിയിരുന്നില്ല. അതിനെല്ലാം പിന്നില്‍ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ദശാംശം!
ഏറെ പണം ആവശ്യമുള്ള അവസരങ്ങളില്‍പ്പോലും ദശാംശം നല്‍കാന്‍ അമ്മയും പപ്പയും യാതൊരു മടിയും കാട്ടിയിരുന്നില്ല. അമ്മക്ക് വല്യമ്മയിലൂടെ ലഭിച്ച ആ ബോധ്യം മക്കളായ എന്നിലേക്കും എന്റെ ജ്യേഷ്ഠനിലേക്കും പകര്‍ന്നു നല്‍കി. സമ്പത്തിന്റെ ഒരു ഭാഗം ദൈവത്തിന് നല്‍കിയാല്‍ ഒരു കുറവും ഉണ്ടാവുകയില്ല എന്ന് ഞങ്ങളെ പഠിപ്പിച്ചു. എന്നാല്‍ ഈ മേഖലയില്‍ എനിക്ക് വ്യക്തിപരമായി ഒരുപാട് സംശയങ്ങള്‍ ഉണ്ടായിരുന്നു. ആ സംശയങ്ങളെ കര്‍ത്താവ് നാമാവശേഷമാക്കിയതും അവിടുത്തെ ഒരു പ്രവൃത്തിയിലൂടെയായിരുന്നു.
വീടുപണിയുടെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ നമ്മള്‍ വിചാരിച്ചതിലും പണം ആവശ്യമുള്ള സാഹചര്യങ്ങളുണ്ടാകും. അത്തരത്തില്‍ ഒരു അവസ്ഥയില്‍ നില്‍ക്കുന്ന സമയത്തായിരുന്നു അല്പം മടിച്ചിട്ടാണെങ്കിലും ഞാന്‍ അമ്മയോട് ഒരു കാര്യം ആവശ്യപ്പെടുന്നത്. ‘പുതിയ വീടിന്റെ പണി തീരുന്നത് വരെ തല്‍ക്കാലത്തേക്ക് ദശാംശം കൊടുക്കണ്ട, പണികള്‍ പൂര്‍ത്തിയായ ശേഷം നമുക്ക് ഒരുമിച്ച് കൊടുക്കാം, നമ്മുടെ മുന്നില്‍ വലിയൊരു കടമ്പയില്ലേ, ഈശോയല്ലേ നമുക്ക് സമ്പത്ത് തരുന്നത് അതുകൊണ്ട് അവിടുന്ന് നമ്മളെ മനസിലാക്കും,” ഇതായിരുന്നു ഞാന്‍ അമ്മയോട് ആവശ്യപ്പെട്ട കാര്യം.
പക്ഷേ അമ്മ ഉറച്ചുതന്നെ നിന്നു, ”ദൈവത്തിന് കൊടുക്കാനുള്ളതില്‍ കടം വെച്ചാല്‍ അതുകൊണ്ട് നമുക്ക് ഒരു ഉപയോഗവുമുണ്ടാകില്ല. യാതൊരു മടിയുമില്ലാതെ അത് കൊടുക്കുക. ഇരട്ടിയാക്കി നമ്മുടെ ആവശ്യം മനസ്സിലാക്കി അവിടുന്ന് മടക്കി തരും, നീ വിശ്വസിക്ക്.’ ഇതായിരുന്നു അമ്മയുടെ മറുപടി.
അത് തന്നെയായിരുന്നു വാസ്തവമെന്ന് എന്റെ കണ്‍മുന്നില്‍ ദൈവം കാണിച്ചുതന്നു. ഞാന്‍ ഈ ആവശ്യം അമ്മയോട് പറഞ്ഞ് രണ്ടുദിവസങ്ങള്‍ക്ക് ശേഷമായിരുന്നു അത് സംഭവിച്ചത്. മാസത്തിലെ ആവസാന ദിനങ്ങളടുക്കുന്ന ഒരു സമയത്ത് വലിയ തുകകള്‍ വേണ്ട സാഹചര്യമുണ്ടായി. തൊട്ടടുത്ത മാസത്തിന്റെ തുടക്കത്തില്‍ ഏതാണ്ട് 60,000 രൂപയ്ക്ക് അടുത്ത് തുകയും വേണം. എന്തു ചെയ്യുമെന്ന് ഞാന്‍ അമ്മയോട് ചോദിച്ചു. ”നീ അതിനെക്കുറിച്ച് ആലോചിച്ച് വിഷമിക്കേണ്ട, ഈ ഭവനത്തിന്റെ പണി തുടങ്ങാന്‍ പറഞ്ഞതും കര്‍ത്താവാണ് അതുകൊണ്ട് അത് പൂര്‍ത്തിയാക്കാനും അവിടുത്തേക്ക് അറിയാം.” അമ്മ പറഞ്ഞു. ഈ സമയത്തും അമ്മയ്ക്ക് ഇങ്ങനെ പറയാന്‍ സാധിക്കുന്നുണ്ടല്ലോ എന്നാലോചിച്ചായിരുന്നു ഞാന്‍ അത്ഭുതപ്പെട്ടത്.
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ജോലിസ്ഥലത്തുവച്ച് എനിക്ക് അമ്മയുടെ ഒരു ഫോള്‍കോള്‍ വന്നു. ഒരു എല്‍.ഐ.സി ഏജന്റായ അമ്മയ്ക്ക് വലിയ മൂന്ന് പോളിസികളിലൂടെ അടുത്തമാസം ആവശ്യമായ പണത്തെക്കാള്‍ കൂടുതല്‍ തുക കമ്മീഷന്‍ ആയി ലഭിച്ചിരിക്കുന്നു! കര്‍ത്താവിന് കൊടുത്താല്‍ അതുകൊണ്ട് ഒരു നഷ്ടമുണ്ടാവുകയില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു അത്ഭുതപ്രവൃത്തിയാണ് ഈ സംഭവം. പിന്നീടങ്ങോട്ട് ഇതുപോലുള്ള സാമ്പത്തിക പ്രതിസന്ധിയുടെ സമയങ്ങളില്‍ അമ്മയെപ്പോലെ ചിന്തിക്കുകയും കൃത്യമായി അവിടുന്ന് ഇടപെട്ട് ആ ബാധ്യത പരിഹരിക്കുകയും ചെയ്യും. തുടര്‍ന്നും വലിയ സാമ്പത്തിക ആവശ്യങ്ങള്‍ വേണ്ട സമയത്ത് കൃത്യമായി അമ്മയിലൂടെയും പപ്പയിലൂടെയും ജേഷ്ഠനിലൂടെയും എന്നിലൂടെയുമെല്ലാം അവിടുന്ന് നല്‍കാന്‍ തുടങ്ങി.
ഒരു ദിനം നാല്‍പ്പതിനായിരം രൂപ ആവശ്യം വന്ന ഒരു സാഹചര്യം. അന്നും ഈശോ അവിടുത്തെ പ്രവൃത്തിയിലൂടെ എന്നെ അത്ഭുതപ്പെടുത്തി. പോസ്റ്റ് ഓഫീസില്‍ ഒരു സേവിങ്‌സ് അക്കൗണ്ട് ഞാന്‍ ആരംഭിച്ചിരുന്നു. അഞ്ചുവര്‍ഷമാണ് ഇതിന്റെ കാലാവധിയെങ്കിലും മൂന്നുവര്‍ഷം തികഞ്ഞാല്‍ അടച്ച തുകയുടെ പകുതി പിന്‍വലിക്കാം. പോസ്റ്റ് ഓഫീസില്‍ ചെന്ന് ഇതെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ 40,000 രൂപ പിന്‍വലിക്കാം എന്നായിരുന്നു ലഭിച്ച മറുപടി. കൃത്യം ഞങ്ങള്‍ക്ക് ആവശ്യമായ തുക! ആ പണം അന്നുതന്നെ പിന്‍വലിക്കാന്‍ സാധിച്ചതോടെ ആ പ്രതിസന്ധിയും ഇല്ലാതായി.
ഇതില്‍നിന്നും ഞാന്‍ പഠിച്ച പാഠം ദശാംശമാണ് ഞങ്ങളുടെ അനുഗ്രഹത്തിന്റെ താക്കോല്‍ എന്നതാണ്. എങ്ങനെ ഒരു ലോണ്‍ പോലും ഇല്ലാതെ ഇത് പൂര്‍ത്തിയാക്കി എന്ന സംശയവും അത്ഭുതവും കലര്‍ന്ന ഒരുപാട് പേരുടെ ചോദ്യത്തിന് ഒരേയൊരു ഉത്തരം മാത്രം, കര്‍ത്താവായ യേശു.
ദശാംശം ഒരു ബാങ്ക് അക്കൗണ്ട്
പോലെ…
വീടുപണിയുടെ ആദ്യഘട്ടം മുതല്‍തന്നെ ചെലവായ തുകയുടെ കണക്ക് അമ്മ ഒരു പുസ്തകത്തില്‍ എഴുതി വയ്ക്കുമായിരുന്നു. ഏറ്റവുമൊടുവില്‍ ആ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ എങ്ങനെ എവിടെനിന്ന് ഈ പണം ലഭിച്ചു എന്ന് തോന്നിക്കുന്ന വിധത്തില്‍ വലിയൊരു തുകയായിരുന്നു കാണാന്‍ സാധിച്ചത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍, ദശാംശം ഒരു ബാങ്ക് അക്കൗണ്ട് പോലെയാണ്. അതിന്റെ പാസ്സ്വേര്‍ഡ് കര്‍ത്താവിന്റെ കയ്യിലും. നമ്മള്‍ സമ്പത്തിന്റെ ഒരു പങ്ക് ദൈവത്തിന് നല്‍കുമ്പോള്‍, നമുക്ക് ആവശ്യമുള്ള സമയത്ത് അവിടുന്ന് അത് ഇരട്ടിയായി നല്‍കും. സാമ്പത്തികമായ അനുഗ്രഹങ്ങള്‍ മാത്രമല്ല, അത് എന്തുമാവാം. മറ്റുള്ളവര്‍ അത്ഭുതപ്പെടുന്ന രീതിയില്‍ കര്‍ത്താവായ ഈശോ നമ്മളെ അനുഗ്രഹിച്ചിരിക്കും.
ഈ വീടിന്റെ ഐശ്വര്യം…
ദൈവവും അവിടുത്തെ മാതാവായ പരിശുദ്ധ അമ്മയുമാണ് ഞങ്ങളുടെ വീടിന്റെ ഐശ്വര്യം എന്ന് എവിടെയും എഴുതി വയ്‌ക്കേണ്ട ആവശ്യമില്ല. പത്തുവര്‍ഷം മുമ്പ് നല്‍കാന്‍ പോകുന്ന ഭവനത്തെക്കുറിച്ച് അവിടുന്ന അമ്മയിലൂടെ് വെളിപ്പെടുത്തിയപ്പോള്‍ അതിന് നല്‍കേണ്ട പേരിനെക്കുറിച്ചും വെളിപ്പെടുത്തിയിരുന്നു. ‘റോസറി’ എന്നായിരുന്നു അത്. പരിശുദ്ധ അമ്മയെ മഹത്വപ്പെടുത്തുന്ന നാമം. മുന്‍വാതിലിലാകട്ടെ നല്ലിടയനായ ഈശോയുടെ ചിത്രമാണ് കൊത്തിയിരിക്കുന്നത്. അങ്ങനെ ഈ വീട്ടിലെ ഓരോ ചെറിയ കാര്യങ്ങള്‍ പോലും കരുതലോടെ ക്രമീകരിച്ച ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
നിതിന്‍ കുര്യന്‍