കിട്ടും… കൂടുതല്‍ അഭിഷേകം – Shalom Times Shalom Times |
Welcome to Shalom Times

കിട്ടും… കൂടുതല്‍ അഭിഷേകം

ഭാഷാവരത്തില്‍ സ്തുതിക്കാന്‍ ആരംഭിച്ച ആദ്യനാളുകളില്‍ ബറാക്കാ ബറാക്കാ എന്ന വാക്കുകള്‍ ഞാന്‍ ഉപയോഗിക്കുമായിരുന്നു. അക്കാലത്ത് എനിക്ക് ഇതെന്താണെന്ന് സംശയമുണ്ടായി. ഇത് ഞാന്‍ സ്വയം രൂപപ്പെടുത്തിയതായിരിക്കുമെന്ന തോന്നലാണ് എനിക്കുണ്ടായിരുന്നത്. മാത്രമല്ല, ഭാഷാവരം എന്നൊന്ന് ശരിയാണോ എന്നുപോലുമുള്ള സംശയവും എന്നെ പിടികൂടി. ഇത്കൂടിക്കൂടി വെറുതെ അര്‍ത്ഥമില്ലാത്ത കുറച്ച് വാക്കുകള്‍ വിളിച്ചു പറയലാണ് സ്തുതിപ്പും മറ്റുമെന്ന് ഞാന്‍ കരുതുവാനും പറയുവാനും തുടങ്ങി.
ഞാന്‍ മെല്ലെ മെല്ലെ ബോധപൂര്‍വം ഇത്തരം കാര്യത്തില്‍ നിന്നും പിന്നോട്ട് പോകുവാന്‍ ആരംഭിച്ചു. അങ്ങനെയിരിക്കെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഞാന്‍ വിശുദ്ധ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുമ്പോള്‍, കൃത്യം, ബറാക്കാ എന്നൊരു വാക്ക് എന്റെ കണ്ണില്‍പ്പെട്ടു.

ഇത് നല്ല പരിചയമുള്ള വാക്കാണല്ലോ. സ്തുതിപ്പിന്റെ കാര്യത്തില്‍ സംശയം കൊണ്ടുവന്ന നമ്മുടെ പഴയ വാക്കല്ലേ ഈ കാണുന്നത്. ബറാക്ക താഴ്‌വരയില്‍ എന്ന് പറയുന്ന ഒരു വചനഭാഗമാണ് അത്. 2 ദിനവൃത്താന്തം 20/26 ലാണ് ഈ പദം ഞാന്‍ കണ്ടത്. കൊള്ളാമല്ലോ. ഞാന്‍ വായന നിര്‍ത്തി. പേജിന്റെ താഴേക്ക് കണ്ണെത്തിച്ചുനോക്കുമ്പോള്‍ ‘ബറാക്കാ എന്നാല്‍ വാഴ്ത്തല്‍ എന്നര്‍ത്ഥം’എന്ന് അടിക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതിശയം തന്നെ. വേറൊരു വാക്കിന്റെയും അര്‍ത്ഥം ആ പേജുകളിലില്ല.

എനിക്ക് സംശയം തോന്നിപ്പിച്ച അതേ വാക്കിന് ഏറ്റവും അനുയോജ്യമായ അര്‍ത്ഥം ബൈബിളില്‍ നിന്നുതന്നെ കണ്ടപ്പോള്‍ എനിക്ക് അനുഭവമായി. അതായത് അന്നുവരെ അര്‍ത്ഥമറിയാതെയും തെല്ലു സംശയത്തോടെയും ഭാഷാവരത്തില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു പദത്തിന് ഏറ്റവും അനുയോജ്യമായ അര്‍ത്ഥമുണ്ടായിരുന്നുവെന്ന ആ തിരിച്ചറിവ്, ബുദ്ധികൊണ്ടും വേണമെങ്കില്‍ ഇക്കാര്യങ്ങള്‍ ഗ്രഹിക്കാനാകുമെന്ന് മനസ്സിലാക്കാന്‍ കാരണമായി. ഉടനെ ഞാന്‍ എന്റെ അവിശ്വാസത്തേക്കുറിച്ചും ദൈവിക കാര്യങ്ങളിലുള്ള സംശയത്തെക്കുറിച്ചും അനുതപിച്ചു.
പെന്തക്കുസ്ത തിരുനാളിന്റെ ചൈതന്യത്തിലാണല്ലോ നാം. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രത്യേകം കേള്‍ക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്.

വരദാനഫലങ്ങള്‍ നമ്മുടെ സുവിശേഷ ശുശ്രൂഷയ്ക്ക് വളരെ ആവശ്യമാണ്. പ്രത്യേകിച്ച് ഭാഷാവരം പോലെയുള്ളവ. എന്നാല്‍, ആത്മാവിന്റെ ദാനങ്ങള്‍ ലൗകികമനുഷ്യന് മനസ്സിലാകണമെന്നില്ല. പോരാത്തതിന്, ഭോഷത്തവുമായി തോന്നാം (1 കോറിന്തോസ് 2/14). നമ്മില്‍ പലരും ഈ മേഖലയെക്കുറിച്ച് അജ്ഞതയില്‍ത്തന്നെ ഇപ്പോഴും കഴിയുകയാണ്. മറ്റു ചിലപ്പോഴാകട്ടെ, വേണ്ടവിധം അവയോട് പ്രത്യുത്തരിക്കാതെ സംശയത്തോടെ വീക്ഷിക്കുന്നു.
എന്നാല്‍ വേറെ ചിലരോ, ലഭിച്ചവ വളര്‍ത്താതെ ഉള്ളത് കഷ്ടിച്ച് കളയാതെ കൊണ്ടുനടക്കുന്നവരാണ്. അതില്‍ പലരിലും ഈ കൃപ കുറഞ്ഞുപോയിട്ടുണ്ട് എന്നതാണ് വാസ്തവം. ഏതായാലും ഇതൊരു ഓര്‍മ്മപ്പെടുത്തലും ഉണര്‍ത്തലുമാകട്ടെ.

നമുക്ക് ആത്മാവിന്റെ വരങ്ങളെക്കുറിച്ചും ദാനങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും അറിവുള്ളവരാകാം. ആത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മെത്തന്നെ വിട്ടുകൊടുക്കാം. അവ സ്വീകരിക്കാനും ശുശ്രൂഷയില്‍ ഉപയോഗിക്കാനും നന്നായി പരിശ്രമിക്കാം. കാരണം, പൗലോസ് ശ്ലീഹായിലൂടെ ദൈവാത്മാവ് പറയുകയാണ് – ”ഭാഷാവരത്തോടെ സംസാരിക്കുന്നവന്‍ തനിക്കുതന്നെ അഭിവൃദ്ധി കൈവരുത്തുന്നു; പ്രവചിക്കുന്നവനാകട്ടെ സഭയ്ക്കും. നിങ്ങളെല്ലാവരും ഭാഷാവരത്തോടെ സംസാരിക്കണമെന്നു ഞാനാഗ്രഹിക്കുന്നു” (1 കോറിന്തോസ് 14/4).
നേടിയെടുത്തവ മുറുകെപ്പിടിച്ചുകൊണ്ട് നമുക്ക് മുന്‍പോട്ട് പോകാം. ചിന്തയില്‍ നമ്മള്‍ ശിശുക്കളായിരിക്കരുത്.

തിന്‍മയെ സംബന്ധിച്ചിടത്തോളം നമ്മള്‍ പൈതങ്ങളെപ്പോലെയും ചിന്തയില്‍ പക്വമതികളെപ്പോലെയും ആയിരിക്കണം (1 കോറിന്തോസ് 14/20) എന്നാണ് ദൈവാത്മാവ് വചനത്തിലൂടെ നമ്മെ ഉപദേശിക്കുന്നത്. അതിനാല്‍ കുറച്ചുകൂടി പ്രാര്‍ത്ഥന, കുറച്ചുകൂടി ജാഗ്രത, കുറച്ചുകൂടി ആത്മാഭിഷേകം – ഈ നാളുകളില്‍ ആഗ്രഹിക്കാം, ചോദിക്കാം. അങ്ങനെ ആത്മാക്കളുടെ രക്ഷയ്ക്കായി അധ്വാനിക്കാം.”’നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ ഉത്സുകരായിരിക്കുന്നതുകൊണ്ട് സഭയുടെ ഉത്കര്‍ഷത്തിനായി യത്‌നിക്കുവിന്‍” (1 കോറിന്തോസ് 14/12).

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM