ഫ്രഞ്ച് കോളനിയായ ലാ റിയൂണിയന്‍ ദ്വീപിലെ സെയ്ന്റ് ആന്‍ഡ്രെ ദൈവാലയത്തില്‍ നാല്പതുമണി ആരാധന നടക്കുന്നു. 1902 ജനുവരി 26 ആയിരുന്നു ആ ദിവസം. അതോടൊപ്പം ഫാദര്‍ ഹെന്റി ലാകോംബെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ‘സ്വര്‍ഗസ്ഥനായ പിതാവേ’ പ്രാര്‍ത്ഥനയുടെ സമയത്ത് ദിവ്യകാരുണ്യത്തിനുചുറ്റും ഒരു പ്രകാശവലയം അദ്ദേഹം കണ്ടു! ത്രസിക്കുന്ന ആത്മാവിനെ ശാന്തമാക്കാന്‍ ശ്രമിച്ചുകൊണ്ട് ദിവ്യബലി തുടര്‍ന്നു.
വിശുദ്ധ കുര്‍ബാനസ്വീകരണസമയത്ത് വീണ്ടും അദ്ദേഹം അരുളിക്കയിലേക്ക് നോക്കി. അതാ അവിടെ ഒരു മനുഷ്യന്റെ മുഖം! താണിരിക്കുന്ന കണ്ണുകളും നെറ്റിയില്‍ മുള്‍ക്കിരീടവും കാണാമായിരുന്നു. ഉള്ളില്‍ വല്ലാത്ത സംഘര്‍ഷം. വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കിയിട്ട് സങ്കീര്‍ത്തിയില്‍ ചെന്ന് ഗായകസംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന കുട്ടികളോട് അള്‍ത്താരയിലെ അരുളിക്ക ശ്രദ്ധിച്ചുനോക്കാന്‍ പറഞ്ഞു.
കുട്ടികള്‍ വിസ്മയത്തോടെ തിരിച്ചോടിവരുന്നതാണ് കണ്ടത്, ‘തിരുവോസ്തിയില്‍ ഒരു മനുഷ്യന്റെ തല കാണുന്നു!’
താന്‍ കണ്ടത് സത്യംതന്നെയെന്ന് ഫാ. ലാകോംബെയ്ക്ക് വ്യക്തമായി. ഫ്രാന്‍സില്‍ കോളേജ് വിദ്യാര്‍ത്ഥിയായ ആദം വില്ലേഴ്‌സ് എന്ന വിദ്യാര്‍ത്ഥി അവിടെ വന്നത് കണ്ടപ്പോള്‍ അവനോടും അരുളിക്കയില്‍ എന്താണ് കാണുന്നതെന്ന് ചോദിച്ചു. അവനും ഓടിവന്നു പറഞ്ഞു, ”പരിശുദ്ധനായ ദൈവം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ ആ മുഖം കണ്ടു!!”
അതോടെ സംശയങ്ങള്‍ മാഞ്ഞു. പട്ടണം മുഴുവന്‍ ദൈവാലയത്തിലേക്ക് വന്നു. തലസ്ഥാനമായ സെയ്ന്റ് ഡെനിസില്‍നിന്ന് പത്രപ്രവര്‍ത്തകരും എത്തി. പെട്ടെന്ന് മുഖം തിരുവോസ്തിയില്‍ പതിയുകയും മുള്‍ക്കിരീടം കാണാതാവുകയും ചെയ്തു. പെട്ടെന്ന് വൈദികന്‍ പ്രകാശം കടക്കുന്നത് തടയാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. അതോടെ മുമ്പത്തേതുപോലെതന്നെ തിരുവോസ്തിയില്‍ മുള്‍ക്കിരീടമണിഞ്ഞ മുഖം തെളിഞ്ഞു. കാണാനെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ചിത്രകാരന്‍ അത് പകര്‍ത്തി. പിന്നീട് ആ കാഴ്ച മറഞ്ഞു. ക്രൂശിതരൂപം തെളിഞ്ഞു. ദിവ്യകാരുണ്യആശീര്‍വാദം നടത്തി സ്‌തോത്രഗീതം പാടിക്കഴിഞ്ഞപ്പോള്‍ ആ കാഴ്ച മറഞ്ഞു.
സഭ അംഗീകരിച്ച ദിവ്യകാരുണ്യ അത്ഭുതമാണിത്.