പ്രലോഭനങ്ങളല്ല പരീക്ഷണങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

പ്രലോഭനങ്ങളല്ല പരീക്ഷണങ്ങള്‍

വിശുദ്ധ ബൈബിളില്‍ പ്രലോഭനങ്ങളെയും പരീക്ഷണങ്ങളെയുംപറ്റി പറയുന്നുണ്ട്. ആദത്തെ ദൈവം പരീക്ഷിക്കുകയാണ് ചെയ്തത്. സാത്താനാണ് അതിനെ ഒരു പ്രലോഭനമാക്കിമാറ്റിയത്. ദൈവം തന്റെ മക്കളെ പലവിധ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് അവര്‍ വിശുദ്ധിയില്‍ വളരുന്നതിനും വിശ്വാസത്തില്‍ ഉറയ്ക്കുന്നതിനുംവേണ്ടിയാണ്. ക്രിസ്തീയ വളര്‍ച്ചയുടെ ഒരവശ്യഘട്ടമാണ് ദൈവം അയക്കുന്ന പരീക്ഷകള്‍. സഹനങ്ങളും ക്ലേശങ്ങളും രോഗങ്ങളും വേദനകളുമെല്ലാം പരീക്ഷകളാണ്. അവയെ അതിജയിക്കാന്‍ നാം പരിശ്രമിക്കണം. ക്രിസ്തുവിനുപോലും പരീക്ഷണങ്ങളെ നേരിടേണ്ടിവന്നു. എന്നാല്‍ ക്രിസ്തുവിന്റെ പരീക്ഷണങ്ങളും സാത്താന്റെ ഇടപെടല്‍മൂലം പ്രലോഭനങ്ങളായി മാറുകയുണ്ടായി.

മനുഷ്യനെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ പ്രലോഭനങ്ങളായി മാറുന്നത് പല തരത്തിലാകാം. പ്രതികൂലങ്ങളില്‍ വിശ്വാസം ത്യജിക്കാനും ദൈവത്തെ നിന്ദിക്കാനും സ്വജീവന്‍ നശിപ്പിക്കാന്‍പോലും ഒരാള്‍ ശ്രമിക്കുന്നെങ്കില്‍ അയാളുടെ പരീക്ഷണങ്ങള്‍ പ്രലോഭനങ്ങളായി മാറുന്നുവെന്നതു തീര്‍ച്ച. പക്ഷേ പ്രലോഭനങ്ങളെ വിജയിക്കാന്‍ നമുക്ക് കഴിയും.

”നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്; പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. അതിനാല്‍, വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം” (ഹെബ്രായര്‍ 4/15-16).
പ്രൊഫ. പി.ടി. ചാക്കോ- ‘സാത്താനും അവന്റെ ആഡംബരങ്ങളും’