തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കിലേ അവര്‍ രക്ഷപ്പെടൂ… – Shalom Times Shalom Times |
Welcome to Shalom Times

തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കിലേ അവര്‍ രക്ഷപ്പെടൂ…

ഒരിക്കല്‍ സകല വിശുദ്ധരുടെയും തിരുനാള്‍ദിനത്തിന്റെ തലേ രാത്രി ഒരു ശുദ്ധീകരണാത്മാവ് മരിയ സിമ്മയെ സമീപിച്ച് പറഞ്ഞു, ”ഈ തിരുനാള്‍ദിനത്തില്‍ വൊറാല്‍ബെര്‍ഗില്‍ രണ്ട് പേര്‍ മരിക്കും. രണ്ടുപേരും നിത്യമായി നരകാഗ്നിയില്‍ തള്ളപ്പെടാന്‍ സാധ്യതയുള്ളവരാണ്. ആരെങ്കിലും തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചെങ്കില്‍മാത്രമേ അവര്‍ രക്ഷപ്പെടുകയുള്ളൂ.”

ഇതുകേട്ട് മറ്റുള്ളവരുടെകൂടി സഹായത്തോടെ മരിയ സിമ്മ ആ ആത്മാക്കള്‍ക്കായി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. അടുത്ത രാത്രി ശുദ്ധീകരണാത്മാവ് വീണ്ടും വന്ന് ആ രണ്ട് ആത്മാക്കളും നിത്യനരകത്തില്‍ അകപ്പെടാതെ ശുദ്ധീകരണസ്ഥലത്ത് എത്തിയെന്ന് അറിയിച്ചു. അതില്‍ ഒരാള്‍ രോഗിയായി മരണാസന്നനായിരുന്നപ്പോള്‍ അന്ത്യകൂദാശകള്‍ക്കായി ആവശ്യപ്പെടുകയും ചെയ്തുവത്രേ.

പാവം ശുദ്ധീകരണാത്മാക്കള്‍ പറയുന്നത് അനേകം ആത്മാക്കള്‍ നരകത്തിലേക്ക് പോകുന്നത് അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആരുമില്ലാത്തതുകൊണ്ടാണെന്നാണ്. പ്രഭാതത്തിലും രാത്രിയിലും ദണ്ഡവിമോചനത്തിനുള്ള പ്രാര്‍ത്ഥന ചൊല്ലണമെന്ന് മരിയ സിമ്മ തന്റെ പുസ്തകത്തില്‍ ഓര്‍മിപ്പിക്കുന്നു, ”ഓ യേശുവേ, ആത്മാക്കളെ സ്‌നേഹിക്കുന്നവനേ, അങ്ങയോട് ഞാന്‍ പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു. അങ്ങേ തിരുഹൃദയം അനുഭവിച്ച കഠിന മരണവേദനയെയും അങ്ങേ പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെയുമോര്‍ത്ത് ലോകത്തില്‍ ഇപ്പോള്‍ മരണവേദനയനുഭവിക്കുന്നവരും ഇന്ന് മരിക്കുന്നവരുമായ സര്‍വ പാപികളെയും അങ്ങേ തിരുരക്തത്താല്‍ കഴുകി ശുദ്ധീകരിക്കണമേ.”

”മരണവേദനയനുഭവിച്ച ഈശോയുടെ തിരുഹൃദയമേ, ഇന്ന് മരിക്കുന്നവരുടെമേല്‍ കരുണയായിരിക്കണമേ.”
(ഓസ്ട്രിയയില്‍ 1915-2004 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന മിസ്റ്റിക്കാണ് മരിയ സിമ്മ.
ശുദ്ധീകരണാത്മാക്കളുമായി ബന്ധപ്പെട്ട് അനേകം ദൈവികാനുഭവങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.)