തീയില്‍ നശിക്കില്ല; പുതിയ ദൈവാലയം – Shalom Times Shalom Times |
Welcome to Shalom Times

തീയില്‍ നശിക്കില്ല; പുതിയ ദൈവാലയം


ഭുവനേശ്വര്‍: വിശ്വസം ത്യജിക്കാന്‍ സമ്മതിക്കാത്തതിനാല്‍ കാണ്ഡമാല്‍ കലാപത്തിനിടെ മാത്യു നായക് എന്ന അധ്യാപകനെ തീകൊളുത്തി വധിച്ചിടത്ത് പുതിയ കത്തോലിക്കാ ദൈവാലയം കൂദാശ ചെയ്തു. 2008-ല്‍ കാണ്ഡമാലില്‍ നടന്ന കലാപത്തില്‍ ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ (സിഎന്‍ഐ) സഭാംഗമായ മാത്യുവിനെ ഗുഡ്രിക്കിയയിലെ കത്തോലിക്കാദൈവാലയത്തിലേക്ക് വലിച്ചിഴച്ച് അവിടെവച്ചാണ് തീകൊളുത്തിയത്.

വിശ്വാസം ഉപേക്ഷിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധ്യതയുണ്ടായിരുന്നെങ്കിലും മാത്യു യേശുവിനെ തള്ളിപ്പറയാന്‍ തയാറായില്ല. അതോടെ കൂടുതല്‍ പ്രകോപിതരായ തീവ്രവാദികള്‍ അദ്ദേഹത്തെ ജീവനോടെ ചുട്ടുകൊല്ലാന്‍ തീരുമാനിച്ചു.

മിഖായേല്‍ മാലാഖയുടെ നാമത്തിലുള്ള ഈ ദൈവാലയം പദാംഗ് ഇടവകയ്ക്ക് കീഴിലുള്ള സബ്‌സ്റ്റേഷനായിരുന്നു. ആ ദൈവാലയത്തിന് സമീപമാണ് പുതിയ ദൈവാലയം നിര്‍മിച്ചത്. കൂദാശാകര്‍മങ്ങള്‍ക്ക് കട്ടക് -ഭുവനേശ്വര്‍ ആര്‍ച്ച്ബിഷപ് ഡോ. ജോണ്‍ ബറുവ മുഖ്യകാര്‍മികത്വം വഹിച്ചു. പദാംഗ് ഇടവകവികാരി ഫാ. സെബാസ്റ്റ്യന്‍ തോട്ടംകര സി.എം ആണ് ദൈവാലയനിര്‍മാണത്തിന് നേതൃത്വം നല്കിയത്.