ഈ കസേര നന്നാക്കിയെടുത്തുകൂടേ? – Shalom Times Shalom Times |
Welcome to Shalom Times

ഈ കസേര നന്നാക്കിയെടുത്തുകൂടേ?

റോബര്‍ട്ട് നഗരത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ പഴയ കസേര വലിച്ചെറിയാന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ചു. കാര്‍ നിര്‍ത്തി സൂക്ഷിച്ചുനോക്കിയ റോബര്‍ട്ട് ആ കസേരയില്‍ ‘ആന്‍ രാജ്ഞി’ എന്നെഴുതിയിരിക്കുന്നത് കണ്ടു. ഒരുപക്ഷേ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ആനി ഉപയോഗിച്ചിരുന്നതായിരിക്കണം ആ കസേര. പോളിഷ് ചെയ്‌തെടുത്ത് പുരാവസ്തുവായി സൂക്ഷിക്കുന്നതിനായി റോബര്‍ട്ട് ചോദിച്ചു, ”അതെനിക്കു തരാമോ? ഞാനതു നന്നാക്കി സൂക്ഷിച്ചുകൊള്ളാം.” എന്തുകൊണ്ടോ അയാള്‍ക്ക് റോബര്‍ട്ടിന്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല. അയാള്‍ അതു വലിച്ചെറിഞ്ഞുവെന്നുമാത്രമല്ല റോബര്‍ട്ട് അതു കൈവശപ്പെടുത്തിയെങ്കിലോ എന്നുകരുതി അതിന്റെ കാലുകള്‍ ഒടിച്ചുനുറുക്കുകയും ചെയ്തു.

തനിക്ക് വേണ്ടാത്ത സാധനം മറ്റൊരാള്‍ ആവശ്യപ്പെട്ടിട്ടും കൊടുക്കാതെ, അത് നശിപ്പിച്ചുകളയുകയും ചെയ്യുന്നു, ഇതെന്തൊരു മനുഷ്യന്‍ എന്ന് ചിന്തിച്ച് റോബര്‍ട്ട് അവിടെനിന്ന് നീങ്ങി.
താന്‍ ആഗ്രഹിച്ച ഒരു നിസാരകാര്യംപോലും നടക്കാത്തതില്‍ റോബര്‍ട്ടിന് വല്ലാത്ത വിഷമം തോന്നി. അനേകം വേദനാജനകമായ അനുഭവങ്ങള്‍ തനിക്കുണ്ട്; അതെക്കുറിച്ച് നിരാശയും. അതിന് ആഴം കൂട്ടാന്‍ ഈ നിസാരസംഭവംപോലും ധാരാളമായിരുന്നു. നാളുകള്‍ കടന്നുപോയി.

വേദനയും നിരാശയും അധികരിച്ച ഒരു ദിവസം. മിസൂറി നദിയില്‍ ചാടിമരിക്കാന്‍ റോബര്‍ട്ട് തീരുമാനിച്ചു. നദിക്കരയിലെത്തി ചാടാനൊരുങ്ങിയ നേരം, പെട്ടെന്നാണ് മനസിലേക്ക് ആ പഴയ സംഭവം ഓര്‍മ വന്നത്, ‘തലേ വര്‍ഷം ഇതേ ദിവസമാണല്ലോ ആ മനുഷ്യന്‍ കസേര നശിപ്പിച്ചുകളഞ്ഞത്. ഇപ്പോള്‍ താനും ചെയ്യാന്‍ പോകുന്നത് അതുതന്നെയല്ലേ? ദൈവകരങ്ങളില്‍ നല്കി തന്റെ ക്ഷതങ്ങള്‍ മാറ്റിയെടുത്തുകൂടേ?’ ആ ചിന്ത റോബര്‍ട്ടിന്റെ മനസുമാറ്റി.

”ദാവീദിന്റെ വീണുപോയ കൂടാരം ഞാന്‍ വീണ്ടും പണിയും. അതിന്റെ നഷ്ടശിഷ്ടങ്ങളില്‍നിന്ന് ഞാന്‍ അതിനെ പുതുക്കിപ്പണിയും. അതിനെ ഞാന്‍ വീണ്ടും ഉയര്‍ത്തിനിര്‍ത്തും” (അപ്പസ്‌തോലന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ 15/16).