ഇക്കഴിഞ്ഞ ജൂണ്‍മാസം. ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ കനത്ത മഴ. മക്കള്‍ മൂന്ന് പേരും സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരു ചെറിയ പാലമുണ്ട്. അതില്‍ വെള്ളം കയറിയാല്‍ സ്കൂള്‍ നേരത്തേ വിടേണ്ടിവരും. അങ്ങനെയൊരു ആശങ്കയുള്ളതിനാല്‍ത്തന്നെ അന്നത്തെ ദിവസം ഫലപ്രദമായി ക്ലാസ് നടക്കാനും സാധ്യത കുറവ്. മൂത്ത മകനാണെങ്കില്‍ അന്ന് രാവിലെ വിശുദ്ധ കുര്‍ബാനയില്‍ സഹായിയാകേണ്ടതുണ്ട്. ദൈവാലയത്തിലെ കര്‍മങ്ങള്‍ കഴിഞ്ഞ് സ്കൂളില്‍ പോകാന്‍ അല്പം വൈകും. എങ്കിലും ദൈവാലയത്തില്‍ പോകാമെന്ന് തലേ രാത്രി തീരുമാനമെടുത്തിരുന്നു.
പക്ഷേ രാവിലെയായപ്പോള്‍ മനസിലൊരു തോന്നല്‍, മക്കളെ അന്ന് സ്കൂളില്‍ വിടേണ്ടതില്ല. മകന് സമാധാനമായി ദൈവാലയത്തിലെ ശുശ്രൂഷകളില്‍ പങ്കാളിയാകാം. മൂന്ന് പേരെ സ്കൂളിലയക്കാനുള്ള തിരക്കുകള്‍ ഒഴിവാകുകയും ചെയ്യും. എങ്കിലും ഒരു സംശയം, ”ഈശോയേ, ഇത് ദൈവഹിതംതന്നെയല്ലേ?” ഉറപ്പുതരണേ എന്നൊരു പ്രാര്‍ത്ഥനയോടെ എല്ലാവരോടും പറഞ്ഞു, ”ഇന്ന് മക്കള്‍ സ്കൂളില്‍ പോകേണ്ട.”
അല്പസമയം കഴിഞ്ഞപ്പോള്‍ സ്കൂളില്‍നിന്നുള്ള വാട്ട്സാപ്പ് മെസേജ്; ‘ശക്തമായ മഴയുള്ളതുകൊണ്ട് യാത്ര പ്രയാസകരമല്ലാത്തവര്മാത്രം സ്കൂളിലെത്തിയാല്മതി!’ ദൈവഹിതം നിറവേറണമെന്ന ആഗ്രഹവും അതിനായുള്ള പ്രാര്‍ത്ഥനയും കര്ത്താവിന് എത്രമാത്രം പ്രീതികരമെന്ന് വ്യക്തമാക്കിയ അനുഭവമായിരുന്നു അത്.
”മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! അങ്ങയുടെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1/38).
ആന്‍ മരിയ ജോണ്‍