
ഇക്വഡോറിലെ ക്വിറ്റോയിൽ 1594-ലാണ് സ്പാനിഷ് സന്യാസിനിയായ മദർ മരിയാനയ്ക്ക് നൽവിജയത്തിന്റെ മാതാവ് -അവർ ലേഡി ഓഫ് ഗുഡ് സക്‌സസ്- എന്ന നാമധേയത്തിൽ അറിയപ്പെടുന്ന മരിയൻ പ്രത്യക്ഷീകരണം ലഭിച്ചത്. തിരുസഭ അംഗീകരിച്ച പ്രത്യക്ഷീകരണമാണിത്.
1594-ൽ ഒരു ദിവസം കോൺവെന്റ ് ചാപ്പലിലെ ദിവ്യകാരുണ്യത്തിനുമുന്നിൽ മദർ മരിയാന പ്രാർഥിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് സക്രാരിയുടെ മുന്നിലെ കെടാവിളക്ക് അണഞ്ഞുപോയി. മദർ അത് വീണ്ടും കൊളുത്താൻ ശ്രമിക്കുന്ന സമയത്ത് ചാപ്പലിൽ മുഴുവൻ അലൗകികമായ പ്രകാശം നിറയുന്ന അനുഭവം. ആ പ്രകാശത്തിൽ പരിശുദ്ധ ദൈവമാതാവ് കാണപ്പെട്ടു. അമ്മയുടെ കണ്ണിൽനിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ദുഷ്ടത നിറഞ്ഞ ഇരുപതാം നൂറ്റാണ്ടിനെ ഓർത്താണ് താൻ വിലപിക്കുന്നത് എന്ന് മാതാവ് വെളിപ്പെടുത്തി.
പെട്ടെന്ന് മദർ മരിയാന പിതാവായ ദൈവത്തിന്റെ സ്വരം കേട്ടു. അതോടൊപ്പം ക്രിസ്തുവിന്റെ ശിരസിനുമുകളിലായി നിലകൊള്ളുന്ന മൂന്നു വാളുകൾ തെളിഞ്ഞുവന്നു. അവൾ കേട്ട ശബ്ദം ഇപ്രകാരമായിരുന്നു.
”പാഷണ്ഡതകൾ ശിക്ഷിക്കപ്പെടും; ദൈവദൂഷണം ശിക്ഷിക്കപ്പെടും; അശുദ്ധി ശിക്ഷിക്കപ്പെടും.” താൻ കണ്ട മൂന്നു വാളുകളും ഈ മൂന്ന് മേഖലയിലെ ശിക്ഷകളെ പ്രതിനിധീകരിക്കുന്നു എന്ന് മദറിന് മനസിലായി.
പിന്നീടും മദർ മരിയാനയ്ക്ക് മരിയൻ ദർശനങ്ങൾ ലഭിച്ചു. ദർശനങ്ങളിൽ പരിശുദ്ധ മാതാവ് ഒരു കൈയിൽ ഉണ്ണിയേശുവിനെ വഹിച്ചിരുന്നു. മറുകൈയിൽ മെത്രാൻമാരുടേതിന് സമാനമായ അംശവടി ഉണ്ടായിരുന്നു, ശിരസിൽ കിരീടവും. വെൺമയാർന്ന വസ്ത്രവും നീലമേലങ്കിയുമായിരുന്നു വേഷം. ശാന്തതയും സങ്കടവും കലർന്ന മുഖഭാവമായിരുന്നു മാതാവിന്.
സക്രാരിക്കുമുന്നിലെ കെടാവിളക്ക് അണഞ്ഞതിന് പല അർഥങ്ങളും ഉണ്ടെന്ന് പരിശുദ്ധ അമ്മ മദർ മരിയാനയോട് പറഞ്ഞു.
- ഒന്നാമത്തെ അർഥം- സത്യവിശ്വാസത്തിന് വിരുദ്ധമായ പുതിയ ആശയങ്ങൾ സഭയിൽ മുളച്ചുപൊങ്ങും. സത്യവിശ്വാസം കാത്തുസൂക്ഷിക്കുന്നവർ കളിയാക്കപ്പെടുകയും ഒറ്റപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യും.
- രണ്ടാമത്തെ അർഥം – സന്യാസസമൂഹങ്ങൾ അഗാധമായ വെറുപ്പും ദുരിതങ്ങളും ഏറ്റുവാങ്ങി വിസ്മൃതമാകും. വിവേകത്തോടെയും ജ്ഞാനത്തോടെയും സന്യാസ രൂപീകരണം നൽകാത്തതിനാൽ നിരവധി ദൈവവിളികൾ നഷ്ടപ്പെട്ടുപോകും. സന്യാസപരിശീലകർ ആത്മാക്കളെ വിവേചിച്ചറിയുവാൻ കഴിവുള്ളവരും പ്രാർഥനയുടെ മനുഷ്യരും ആയിരിക്കണം.
- മൂന്നാമത്തെ അർഥം – അശുദ്ധിയുടെ അരൂപികൊണ്ട് അന്തരീക്ഷം നിറയും. നിയന്ത്രണങ്ങളും സദാചാര ബോധവും നഷ്ടപ്പെടുന്നതിനാൽ വിശുദ്ധമായ ആത്മാക്കളുടെ എണ്ണം പരിമിതമാകും.
- നാലാമത്തെ അർഥം – സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ദുഷ്ടശക്തികൾ നുഴഞ്ഞുകയറി കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കും. ബാല്യത്തിലേതന്നെ കുട്ടികളിലെ നിഷ്‌ക്കളങ്കത നശിപ്പിക്കുന്നതിൽ പിശാച് വിജയം കണ്ടെത്തും. അങ്ങനെ ദൈവവിളികൾ നശിപ്പിക്കപ്പെടും. പുരോഹിതർ തങ്ങളുടെ പവിത്രമായ ശുശ്രൂഷകൾ ഉപേക്ഷിക്കുകയും തങ്ങൾക്കായി രേഖപ്പെടുത്തിയ പാതകൾ അവഗണിക്കുകയും ചെയ്യും.
വിശ്വാസമില്ലാത്ത മനുഷ്യരിലൂടെ സാത്താൻ ഈ ഭൂമിയുടെ നിയന്ത്രണം കൈപ്പിടിയിലാക്കും. രാജ്യങ്ങൾ തിന്മകളെ വളരാൻ അനുവദിക്കുന്നതിനാൽ യുദ്ധം, ക്ഷാമം, പകർച്ചവ്യാധി, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ ദുരിതങ്ങളിലൂടെ ശിക്ഷിക്കപ്പെടും. സഭയുടെ പ്രകാശം മറയ്ക്കുന്ന ഇരുട്ടിന്റെ മേഘങ്ങളെ തുരത്തിക്കളയുവാൻ ഭീകരമായ പോരാട്ടങ്ങൾ അനിവാര്യമായിത്തീരും. ഈ യുദ്ധത്തിൽ പല രാജ്യങ്ങളിലും വൈദികരുടെയും സമർപ്പിതരുടെയും രക്തം ഒഴുക്കപ്പെടും.
ദുഷ്ടത വിജയിച്ചു എന്നു തോന്നുന്ന ആ കാലഘട്ടം ഭയാനകംതന്നെ. എന്നാൽ അപ്പോഴാണ് എന്റെ സമയം ആഗതമാകുക. സാത്താനെ എന്റെ പാദങ്ങളുടെ കീഴിൽ ഞാൻ കീഴടക്കും. സഭയും റിപ്പബ്ലിക്കുകളും തിന്മയുടെ ക്രൂരമായ ആധിപത്യത്തിൽനിന്നും സ്വതന്ത്രമാകും.
- അഞ്ചാമത്തെ അർഥം- തിന്മ മുന്നേറുമ്പോഴും സഭ ഞെരുക്കപ്പെടുമ്പോഴും ശക്തരും സമ്പന്നരുമായ മനുഷ്യർ നിസ്സംഗതയോടെ ജീവിക്കും. വിശ്വാസം വീണ്ടെടുക്കാനോ സഭയെ പണിതുയർത്താനോ അവർ തങ്ങളുടെ സ്വാധീനവും സമ്പത്തും ഉപയോഗിക്കില്ല. ജനങ്ങൾ ദൈവികകാര്യങ്ങൾ പൂർണമായും ശ്രദ്ധിക്കാതാകും.
വാഴ്ത്തപ്പെട്ട മരിയാനയുടെ പ്രവചനങ്ങളിൽ നൽകിയ മറ്റൊരു മുന്നറിയിപ്പ് കൂദാശകളുടെ മഹത്വം വിസ്മരിക്കപ്പെടും എന്നതാണ്. എങ്ങനെയും ജീവിക്കാനും പാപബോധം നഷ്ടപ്പെടുത്താനുമായി വിവാഹമെന്ന കൂദാശയെ സാത്താൻ അവസാനകാലത്ത് ആക്രമിക്കും. രാജ്യങ്ങൾ ഈ കൂദാശയെ തകർക്കുന്ന നിയമങ്ങൾ പാസാക്കും. കുമ്പസാരം അപൂർവമായിത്തീരും. വിശുദ്ധ കുർബാനയോടുള്ള അവഹേളനവും രോഗീലേപനത്തിലുള്ള അവിശ്വാസവും പെരുകും. കുട്ടികൾക്ക് ജ്ഞാനസ്‌നാനം നൽകാത്ത കാലഘട്ടമായിരിക്കും അത്. തങ്ങളുടെ ദൈവവിളിയുടെ ചൈതന്യം തിരിച്ചറിയാത്ത സമർപ്പിതരിലൂടെ സാത്താൻ സഭയെയും സമർപ്പിത ജീവിതത്തെയും അപമാനിതമാക്കും.
എന്നാൽ ദുർബലർ ചവിട്ടിമെതിക്കപ്പെടുകയും അനീതി അധികാരികളിലൂടെ അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യുമ്പോൾ മനസിലാക്കുക – അനീതിയുടെ യുഗം അവസാനിക്കാറായി. അപ്പോൾ സഭ യൗവനയുക്തയായ പെൺകുട്ടിയെപ്പോലെ വിജയശ്രീലാളിതയായി ഉണർന്നെഴുന്നേൽക്കും.
തിന്മ പ്രബലമായാലും എല്ലാം അവസാനിച്ചു എന്ന പ്രതീതി ഉളവായാലും വിശ്വാസം നഷ്ടപ്പെടുത്താതെ പിടിച്ചുനില്ക്കാൻ ഈ പ്രവചനങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. കാരണം ദൈവഹിതപ്രകാരം വിമലഹൃദയം അന്തിമവിജയം നേടുകതന്നെ ചെയ്യും.