
പ്രശസ്തമായ ഒരു മലയാളചലച്ചിത്രത്തിലെ കഥാപാത്രമാണ് തലക്കെട്ടിൽ പരാമർശിക്കപ്പെടുന്ന ജോർജുകുട്ടി. ചിത്രത്തിൽ, മൂത്ത മകൾക്കെതിരെ ലൈംഗികാതിക്രമത്തിനൊരുങ്ങിയ ആൺകുട്ടി സന്ദർഭവശാൽ ജോർജുകുട്ടിയുടെ ഭാര്യയുടെ കയ്യാൽ മരണപ്പെടുന്നു. ആ സമയത്ത് വീട്ടിലില്ലാതിരുന്ന ജോർജുകുട്ടി വീട്ടിലെത്തി കാര്യങ്ങൾ മനസിലാക്കിയപ്പോൾ ആ കൊലപാതകം മറച്ചുവയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ്. മൃതദേഹം ആരും ഒരിക്കലും കണ്ടെത്താൻ സാധ്യതയില്ലാത്തവിധത്തിൽ കുഴിച്ചുമൂടുന്നു. പക്ഷേ യഥാസമയം അന്വേഷണം ജോർജുകുട്ടിയുടെ കുടുംബത്തിലേക്ക് നീളുകതന്നെ ചെയ്യുന്നുണ്ട്. അന്വേഷണത്തിനുമുന്നിൽ പിടിച്ചുനിൽക്കാൻ ഭാര്യയും രണ്ട് പെൺമക്കളും താനുമടങ്ങുന്ന കുടുംബം ആ ദിവസങ്ങളിലെല്ലാം ധ്യാനത്തിനു പോയിരിക്കുകയാണെന്ന് വരുത്തിത്തീർക്കുന്നു, ചമച്ചെടുത്ത ആ കഥ ഒരിക്കലും മാറ്റിപ്പറയാതിരിക്കാൻ ഭാര്യയെയും മക്കളെയും സമർഥമായി ഒരുക്കുന്നു…
ഒടുവിൽ നീണ്ട അന്വേഷണങ്ങൾക്കുശേഷവും കേസ് തെളിയിക്കാനാകാതെ വരുകയാണ്. എങ്കിലും കൊലചെയ്യപ്പെട്ട യുവാവിന്റെ അമ്മകൂടിയായ പോലീസ് ഓഫീസറുടെ കഠിനദുഃഖവും നിസഹായതയും കലർന്ന ചോദ്യത്തിന് മറുപടിയായി മകൻ കൊലചെയ്യപ്പെട്ടത് തങ്ങളാലാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ചിത്രം അവിടെ തീരുമ്പോഴും കാണുന്ന പലരുടെയും മനസിൽ ഉയർന്നേക്കാവുന്ന ഒരു ചോദ്യമിതാണ്: ”ജോർജുകുട്ടിക്കോ കുടുംബത്തിനോ എന്നെങ്കിലും സ്വസ്ഥത കിട്ടുമോ?”
മകൾക്കെതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ച കൈപ്പിഴ. അതിനാൽത്തന്നെ ആ കുടുംബം നീതിയുക്തമായ പരിഗണന അർഹിക്കുന്നുണ്ട്. പക്ഷേ നിസഹായമായ ഒരു സാഹചര്യത്തിൽ സംഭവിച്ചുപോയതാണെങ്കിലും ചെയ്തത് കൊലപാതകമെന്ന പാപംതന്നെയാണ്. അത് തുറന്നുപറഞ്ഞ് കുറ്റം ഏറ്റെടുത്താലല്ലാതെ ഒരിക്കലും, മനഃസാക്ഷി മരിച്ചുപോകാത്ത ആർക്കും, സ്വസ്ഥമായി ജീവിക്കാനാവില്ല എന്നതാണ് സത്യം. ”നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക” (സംഖ്യ 32:23). പാപബോധത്തിൽനിന്ന് ആശ്വാസം നേടണമെങ്കിൽ ‘എല്ലാം ഒന്ന് തുറന്നുപറയുകതന്നെ വേണം.’
ശാസ്ത്രം
തെറ്റുകൾ ഏറ്റുപറയാത്തപക്ഷം മനസിനെയും തത്ഫലമായി ശരീരത്തെയും അത് ബാധിക്കും എന്നതാണ് വസ്തുത. ശാസ്ത്രത്തിന്റെ നിർവചനമനുസരിച്ച് മറ്റൊരാളെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്ന തിരിച്ചറിവിൽനിന്ന് രൂപപ്പെടുന്ന നെഗറ്റീവ് വികാരമാണ് കുറ്റബോധം. മാനസികാരോഗ്യമുള്ള മുതിർന്ന വ്യക്തികളിൽ ഇതുനിമിത്തമുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അതനുസരിച്ച് കുറ്റബോധം ഒരാളുടെ ആമാശയത്തിന്റെ പ്രവർത്തനം, ഇലക്‌ട്രോ ഡെർമൽ ആക്ടിവിറ്റി, ഭക്ഷണം ഇറക്കുന്നതിന്റെ വേഗത എന്നിവയ്‌ക്കെല്ലാം മാറ്റം വരുത്തും. തിരുവചനം വ്യക്തമായി ഓർമിപ്പിക്കുന്നു, ”ഞാൻ പാപങ്ങൾ ഏറ്റുപറയാതിരുന്നപ്പോൾ ദിവസംമുഴുവൻ കരഞ്ഞ് എന്റെ ശരീരം ക്ഷയിച്ചുപോയി” (സങ്കീർത്തനങ്ങൾ 32:3).
മക്കൾക്കുവേണ്ടിയാണെങ്കിലോ?
ജോർജുകുട്ടി എന്ന കഥാപാത്രം തന്റെ കുടുംബത്തെയും, പ്രത്യേകിച്ച്, മകളുടെ ഭാവിയെയും, കരുതിയാണ് പാപം മറച്ചുവയ്ക്കാൻ ശ്രമിച്ചത്. എന്നാൽ വാസ്തവത്തിൽ അതിലൂടെ മകളുടെ ഭാവി സുരക്ഷിതമാകുമോ? കൊലചെയ്യപ്പെട്ട മകനെപ്രതിയുള്ള മാതാപിതാക്കളുടെ കണ്ണുനീരിന് ആ കുടുംബം ഉത്തരം പറയേണ്ടിവരുമെന്നത് ആർക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. സാമാന്യജീവിതത്തിൽ അത്തരം എത്രയോ സംഭവങ്ങൾ നാം കണ്ടിരിക്കുന്നു? ദൈവവചനം ഓർമിപ്പിക്കുന്നു, ”പാപികളുടെ സന്താനങ്ങളുടെ അവകാശം നശിച്ചുപോകും; അവരുടെ പിൻതലമുറ നിത്യനിന്ദയ്ക്ക് പാത്രമാകും. ദൈവഭയമില്ലാത്ത പിതാവിനെ മക്കൾ കുറ്റപ്പെടുത്തും; അവൻനിമിത്തമാണ് അവർ നിന്ദയനുഭവിക്കുന്നത്” (പ്രഭാഷകൻ 41:6-7).
പരിഹാരമുണ്ടോ?
പാപം ഉളവാക്കുന്ന കുറ്റബോധത്തിൽനിന്ന് മോചനം നേടാൻ, ഏറ്റുപറയുക എന്നതുതന്നെയാണ് പ്രഥമപടി. ഏറ്റുപറയുന്നത് നിയമത്തിനുമുന്നിലാണെങ്കിൽ ന്യായമായ ശിക്ഷ നല്കപ്പെടും. നേരത്തേപറഞ്ഞതുപോലുള്ള സാഹചര്യത്തിൽ സംഭവിച്ച കുറ്റമാണെങ്കിൽ ശിക്ഷ ഇളച്ചുകിട്ടുകയും ചെയ്യും. എന്നാൽ അതിനെല്ലാം ഉപരി, മനസ് ശാന്തമാകുന്നതിന് എന്റെ പാപം ക്ഷമിക്കപ്പെട്ടു എന്ന ബോധ്യം നമ്മുടെ ഉള്ളിന്റെയുള്ളിൽ ലഭിക്കേണ്ടത് അത്യാവശ്യമാണ്.
ദൈവത്തിനുമുന്നിൽ പാപം ഏറ്റുപറയുക എന്നതാണ് അതിനുള്ള മാർഗം. ഇവിടെയാണ് ഒരു ക്രൈസ്തവൻ ഏറ്റവും സൗഭാഗ്യവാനാകുന്നത്. അവന് കുമ്പസാരക്കൂട്ടിൽ ആ പാപം ഏറ്റുപറയാനും പ്രായശ്ചിത്തം ചെയ്യാനും അവസരമുണ്ട്. ഒരു വൈദികനോട് കുമ്പസാരത്തിലൂടെ പാപം ഏറ്റുപറയുമ്പോൾ പാപമോചനം ലഭിക്കുന്നുവെന്ന് സഭ അവന് ഉറപ്പുനല്കുന്നു.
ദൈവത്തിനുമാത്രമേ പാപം ക്ഷമിക്കാൻ കഴിയുകയുള്ളൂ. യേശു ദൈവത്തിന്റെ പുത്രനായതുകൊണ്ടുമാത്രമാണ് ‘നിന്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു’ (മർക്കോസ് 2:5) എന്ന് പറയാൻ കഴിഞ്ഞത്. പാപങ്ങൾ മോചിക്കാനുള്ള അധികാരം യേശു നല്കിയതുകൊണ്ടുമാത്രമാണ് വൈദികർക്ക് യേശുവിന്റെ പ്രതിപുരുഷരെന്ന നിലയിൽ പാപങ്ങൾ മോചിക്കാൻ കഴിയുന്നത് (യുകാറ്റ് 228, കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1441-1442).
മനഃസാക്ഷിപരിശോധന, ഉത്തമമനസ്താപം, പരിഹാരം ചെയ്യാനുള്ള നിശ്ചയം, പാപങ്ങളുടെ ഏറ്റുപറച്ചിൽ, പ്രായശ്ചിത്തം എന്നിവയാണ് കുമ്പസാരത്തിന് അവശ്യംവേണ്ട ഘടകങ്ങൾ എന്നും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. ഉത്തമമനസ്താപത്തോടെ ഏറ്റുപറഞ്ഞ് പരിഹാരം ചെയ്യുമ്പോൾ കുമ്പസാരം പൂർണമാവുകയും പാപക്ഷമ ലഭിക്കുകയും ചെയ്യുന്നു. നമ്മുടെ കുറ്റംമൂലം നഷ്ടം സഹിക്കേണ്ടിവന്നവർക്ക് അർഹമായ പരിഹാരം നല്കുക; അതിന് സാധ്യമല്ലെങ്കിൽ സമാനമായ വിധത്തിൽ വിഷമിക്കുന്നവർക്ക് അർഹമായ സഹായങ്ങൾ ചെയ്തുകൊടുക്കുക, ദാനധർമം ചെയ്യുക എന്നിവയിലൂടെ പരിഹാരം അനുഷ്ഠിക്കുകകൂടി ചെയ്യുമ്പോൾ പാപത്തിന് ന്യായമായ പരിഹാരമാകും.
ഇനി ജോർജുകുട്ടിയിലേക്ക് വരാം. കഥയിലെ നായകകഥാപാത്രമെന്ന നിലയിൽ അദ്ദേഹം ഒരു കുറ്റകൃത്യം തെളിയിക്കാനുള്ള പഴുതുകൾ അടച്ച് നിയമത്തിന്റെ മുന്നിൽനിന്ന് രക്ഷപ്പെട്ടു. പക്ഷേ അദ്ദേഹം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചതുപോലെ ഒരു ധ്യാനത്തിൽ ആത്മാർഥമായി പങ്കെടുത്തെന്ന് കരുതുക. ധ്യാനത്തിന്റെ ഭാഗമായി പൂർണകുമ്പസാരം നടത്തുമ്പോൾ മറച്ചുവച്ചിട്ടുള്ള പാപം ഏറ്റുപറയണമെന്ന് ധ്യാനഗുരുക്കൾ ഓർമിപ്പിക്കും. ”തെറ്റുകൾ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും” (സുഭാഷിതങ്ങൾ 28:13).
ഇത്രയൊക്കെ മുന്നറിയിപ്പ് നല്കപ്പെട്ടിട്ടും പാപം മറച്ചുവച്ച് കള്ളകുമ്പസസാരം നടത്തിയാൽ അദ്ദേഹത്തിന്റെ ധ്യാനം വെറുതെയാകും. ഇനി അങ്ങനെയല്ല, കുമ്പസാരിച്ചുവെന്ന് കരുതുക. ”മകൻ പറഞ്ഞു: പിതാവേ, സ്വർഗത്തിനെതിരായും നിന്റെ മുമ്പിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്ന് വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല”
(ലൂക്കാ 15:21).
ഏറ്റുപറച്ചിലിലൂടെ പാപക്ഷമ നേടുന്ന അദ്ദേഹം സ്വാതന്ത്ര്യത്തിലേക്ക് വരും. പിതാവിനോട് തെറ്റ് ഏറ്റുപറഞ്ഞ ധൂർത്തപുത്രനെപ്പോലെ പിന്നെ അന്തസോടെ
ജീവിക്കാം. ”പിതാവാകട്ടെ, തന്റെ ദാസരോട് പറഞ്ഞു: ഉടനെ മേൽത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുവിൻ. ഇവന്റെ കൈയിൽ മോതിരവും കാലിൽ ചെരിപ്പും അണിയിക്കുവിൻ” (ലൂക്കാ 15:22-23).
പിന്നെ കള്ളങ്ങൾക്കുമേൽ കള്ളം പറയാതെ ജോർജുകുട്ടിക്ക് സമാധാനമായി മുന്നോട്ടുപോകാം. അതെ, യഥാർഥ കുമ്പസാരം നടത്തിയാൽ ആർക്കും സ്വസ്ഥതയും സന്തോഷവും ലഭിക്കും.
ജോസഫ് മാത്യു