
ദൈവം നമ്മോട് തുടർച്ചയായി സംസാരിക്കുന്നു, അവിടുന്ന് ഓരോ നിമിഷവും അവിടുത്തെത്തന്നെ നിരന്തരമായി നമുക്കോരോരുത്തർക്കും നല്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ സൃഷ്ടികളിലും അവിടുത്തെ സാന്നിധ്യമുണ്ട്. ദൈവിക സാന്നിധ്യമുള്ള ഈ സൃഷ്ടികളിലൂടെയെല്ലാം അവിടുത്തെ അടുക്കലേക്ക് അവിടുന്ന് നമ്മെ നിരന്തരമായി ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. സ്‌നേഹംതന്നെയായ ദൈവത്തിന്റെ സകല പ്രവർത്തനങ്ങളിലും മനുഷ്യനുമായുള്ള എല്ലാ ഇടപെടലുകളിലും നമ്മോടുള്ള സ്‌നേഹം അവിടുന്ന് പ്രകടിപ്പിക്കുന്നു.
എന്നിട്ടും ദൈവം നിശബ്ദനാണെന്ന് അവകാശപ്പെടുന്നവരുണ്ട്. അല്ലെങ്കിൽ, ദൈവം സംസാരിക്കുന്നുണ്ടാകാം, പക്ഷേ, എനിക്ക് അവിടുത്തെ കേൾക്കാൻ കഴിയില്ല എന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, ലോകത്തിന്റെ ശബ്ദങ്ങൾകൊണ്ട് നമ്മുടെ കാതുകൾ നിറഞ്ഞിരിക്കുകയാണെങ്കിൽ, ഈ ലോകത്തിന്റെ വാർത്തകളും നിസ്സാരകാര്യങ്ങളും നമ്മുടെ മനസ്സുകളിൽ നിറച്ചുവച്ചിരിക്കുകയാണെങ്കിൽ, ദൈവസ്വരം ശ്രവിക്കാൻ കഴിയാത്തവിധം നാം ബധിരരായിരിക്കും. അപ്രകാരം തുടർന്നാൽ, ദൈവം ആരാണെന്നും എന്താണെന്നും അറിയാൻ കഴിയാത്തവിധം നാം അന്ധരുമാകും. പലപ്പോഴും നമ്മുടെ ജീവിതത്തിലും, ഭൂരിഭാഗം മനുഷ്യരിലും അപ്രകാരം സംഭവിക്കുന്നു എന്നതാണ് യാഥാർഥ്യം.
ദൈവസ്വരം എളുപ്പത്തിൽ തിരിച്ചറിയാൻ മാർഗങ്ങൾ
ദൈവം നല്കിയ പത്തു കല്പനകളിലൂടെ അവിടുന്ന് നമ്മോട് സംസാരിക്കുന്നു. അവയിലൂടെ അവിടുന്ന് എന്താണ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് വളരെ എളുപ്പത്തിലും പെട്ടെന്നും മനസിലാക്കാൻ കഴിയും.
പൂർണ ആത്മാവോടും പൂർണ മനസോടും പൂർണ ഹൃദയത്തോടും സർവശക്തിയോടും ദൈവത്തെ സ്‌നേഹിക്കണമെന്നും നമ്മെപ്പോലെതന്നെ മറ്റുള്ളവരെ സ്‌നേഹിക്കണമെന്നും അവിടുന്ന് തിരുലിഖിതങ്ങളിലൂടെ പറയുന്നത് നമുക്ക് വ്യക്തമായി തിരിച്ചറിയാം.
ചില അവസരങ്ങളിൽ ക്രിസ്തു നമ്മോട് നേരിട്ട് സംസാരിക്കുന്നത് നാമെല്ലാം കേൾക്കാറുള്ളതാണ്. അനുതപിക്കാനും ക്ഷമ കൊടുക്കാനും ക്ഷമചോദിക്കാനും പ്രാർഥിക്കാനും വിശുദ്ധ കുമ്പസാരവും വിശുദ്ധ കുർബാനയും സ്വീകരിക്കാനും അവിടുന്ന് നമ്മോട് പറയാറുണ്ട്. അവ ദൈവസ്വരമായി തിരിച്ചറിയാതെ വെറും തോന്നലായി ചിലപ്പോഴെങ്കിലും അവഗണിക്കപ്പെട്ടു പോവുകയോ ഗൗനിക്കാതെ വിടുകയോ ആണ് സാധാരണ സംഭവിക്കുന്നത്.
എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായി പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും ദൈവസ്വരം ശ്രവിക്കാനായി നമ്മെ പ്രാപ്തരാക്കുകയും ചെയ്യും. അപ്പോൾ, അവിടുന്ന് നമ്മോട് സംസാരിക്കുന്നത് നമുക്ക് വ്യക്തമാകുകയും ഗ്രഹിക്കാൻ സാധിക്കുകയും ചെയ്യും.
ചിരപരിചിതമായ ചില വാക്കുകൾ അനുദിനജീവിതത്തിൽ സ്ഥിരമായി നാം ഉപയോഗിക്കാറുണ്ട്. അവയ്ക്ക് വലിയ അർഥമൊന്നുമുള്ളതായി നമുക്കൊരിക്കലും തോന്നാറില്ല. എന്നിരുന്നാലും, പരിശുദ്ധാത്മാവ് നമ്മോട് സംസാരിക്കുമ്പോൾ, അർഥരഹിതമെന്ന് നമുക്ക് അതുവരെ തോന്നിയിരുന്ന വാക്കുകളുടെ അർഥം ആഴത്തിൽ വെളിപ്പെടുത്തി നല്കും.
ഈശോ നമ്മുടെ അടുത്തുവരാൻ ചെയ്യേണ്ടത്
ക്രിസ്തു ആദ്യ ശിഷ്യരെ വിളിക്കുന്നത് ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. പീലിപ്പോസിനെ കണ്ടപ്പോൾ യേശു അവനോട് പറഞ്ഞു: ‘എന്നെ അനുഗമിക്കുക.’ ഈശോ കൂടുതലൊന്നും പറയുന്നില്ലെങ്കിലും അത് ക്രിസ്തുവാണെന്ന് അപ്പോൾത്തന്നെ പീലിപ്പോസ് തിരിച്ചറിയുന്നു. നഥാനയേലിനോട് പീലിപ്പോസ് സംസാരിക്കുന്നതിൽനിന്നും ഇത് വ്യക്തമാണ്. ഈശോ വിളിച്ചയുടൻ നഥാനയേലിനെയും കൂട്ടിക്കൊണ്ടാണ് പീലിപ്പോസ് ഈശോയെ അനുഗമിക്കുന്നത് (യോഹന്നാൻ 1/43-45).
ഈശോ വിളിച്ചപ്പോൾ പീലിപ്പോസ് രണ്ടാമതൊരു ചിന്തകൂടാതെ തൽക്ഷണം അവിടുത്തെ അനുഗമിക്കുകയാണ്. പീലിപ്പോസ് ആദ്യമായാണ് യേശുവിനെ കാണുന്നത്, മുൻപരിചയമില്ല. അവിടുത്തെ പ്രബോധനങ്ങളോ പ്രസംഗങ്ങളോ കേട്ടിട്ടില്ല. കൂടാതെ, യേശു ദൈവപുത്രനാണെന്ന് വെളിപ്പെടുത്താൻ അവിടെ അത്ഭുതമോ പ്രകടമായ അടയാളങ്ങളോ പ്രവർത്തിക്കുന്നില്ല. എന്നിട്ടും പീലിപ്പോസ് അവിടുത്തെ എങ്ങനെ തിരിച്ചറിഞ്ഞു? മറുത്തൊന്നും ചോദിക്കാതെ ഉടൻ അവിടുത്തെ വിളിയോട് പ്രത്യുത്തരിച്ചതെന്തുകൊണ്ടായിരിക്കാം?
കാരണം, പീലിപ്പോസ് തിരുവെഴുത്തുകൾ പഠിച്ചിരുന്നു. ‘മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്ന യേശുവിനെ’ യാണ് നഥാനയേലിന് അദ്ദേഹം പരിചയപ്പെടുത്തുന്നത്. അവന്റെ ഹൃദയം ക്രിസ്തുവിനായി ഒരുക്കപ്പെട്ടിരുന്നു. അവിടുത്തെ സ്വീകരിക്കാൻ തയ്യാറായിരുന്നു. അതുകൊണ്ട് ക്രിസ്തു അവനെ വിളിച്ചയുടൻ ക്രിസ്തുവിന്റെ ശബ്ദം തിരിച്ചറിയാൻ കഴിഞ്ഞു. മിശിഹായെ അവൻ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നതിനും തെളിവുണ്ട്. ‘ഞങ്ങൾ മിശിഹായെ കണ്ടെത്തി, ഞങ്ങൾ മിശിഹായെ കണ്ടെത്തി’ എന്ന് പറയുന്നത്, അന്വേഷിച്ചുകൊണ്ടിരുന്ന വ്യക്തിയെ, കാത്തിരുന്നയാളെ കണ്ടെത്തിയ ആനന്ദത്തിൽ നിന്നുമാണല്ലോ.
മിശിഹായെക്കുറിച്ച് പഠിക്കുകയും ധ്യാനിക്കുകയും അന്വേഷിക്കുകയും പ്രാർഥിച്ചൊരുങ്ങി കാത്തിരിക്കുകയും ചെയ്തതിനാൽ പീലിപ്പോസിന് ക്രിസ്തുവിന്റെ സ്വരം കേട്ടമാത്ര തിരിച്ചറിയാനും സന്ദേഹമില്ലാതെ കൂടെപ്പോകാനും സാധിച്ചു. ക്രിസ്തുവിനെ കാത്തിരിക്കുന്ന വ്യക്തിക്ക് അവിടുത്തെ ശബ്ദം നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയും. ”നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ എന്നെ കണ്ടെത്തും. നിങ്ങൾ എന്നെ കണ്ടെത്താൻ ഞാൻ ഇടയാക്കുമെന്നു കർത്താവ് അരുളിച്ചെയ്യുന്നു” (ജറെമിയ 29:13-14).
മാത്രമല്ല, താൻ ആഗ്രഹിച്ച്, പ്രാർഥിച്ച് അന്വേഷിച്ച്, സ്വീകരിക്കാൻ ഒരുങ്ങി കാത്തിരിക്കുന്ന മിശിഹ ഒരു ദിനം തന്റെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചാണ് പീലിപ്പോസ് ജീവിച്ചത്. അതുകൊണ്ടുതന്നെ, അവന്റെ അടുത്തേക്ക് ചെല്ലുന്ന ക്രിസ്തുവിനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. തന്മൂലം, ക്രിസ്തു നമ്മോട് സംസാരിക്കുന്നതിനു മുമ്പേ, നാം അവിടുത്തെ തീവ്രതയോടെ അന്വേഷിക്കണമെന്നും അവിടുന്ന് നമ്മുടെ അടുക്കലേക്ക് വരുമെന്ന് പ്രതീക്ഷിക്കണമെന്നും പീലിപ്പോസ് നമ്മെ ഓർമിപ്പിക്കുന്നു.
പീലിപ്പോസിനോട് എന്നതുപോലെ, എന്റെയടുത്ത് ഈശോ വന്ന് എന്നോട് സംസാരിക്കുമെന്ന് വിശ്വസിച്ച്, ആഗ്രഹിച്ച്, അതിനായി പ്രാർഥിച്ച്, അവിടുത്തെ കാണാനും കേൾക്കാനുമായി ഹൃദയം ഒരുക്കി വച്ചിരിക്കുകയാണെങ്കിൽ നമ്മുടെ അടുത്തു വന്ന് നമ്മോട് സംസാരിക്കാതിരിക്കാൻ അവിടുത്തേക്ക് സാധിക്കില്ല എന്നതാണ് വാസ്തവം.
മത്സ്യങ്ങളെ പിടിച്ചിരുന്ന പത്രോസും സെബദിപുത്രൻമാരും മനുഷ്യരെ പിടിക്കുന്നവരാകാൻ തിടുക്കത്തിൽ പുറപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. യേശു പറഞ്ഞയുടൻ, അവരുടെ ഉപജീവനമാർഗമായിരുന്ന വള്ളവും വലയും ജോലിയും പിതാവിനെയും വീടും എല്ലാം ഉപേക്ഷിച്ച് അവർ യേശുവിനെ അനുഗമിക്കുകയായിരുന്നല്ലോ. അവരും തിരുവചനങ്ങൾ ഹൃദിസ്ഥമാക്കി, മിശിഹായെ സ്വീകരിക്കാൻ പ്രാർഥിച്ചു കാത്തിരുന്നവരാണ്. അതുകൊണ്ടുമാത്രമാണ് അവിടുത്തെ ദിവ്യസ്വരം അവരുടെ ഹൃദയങ്ങളെ ചലിപ്പിച്ചത്.
നമ്മുടെ വിളി
തീർച്ചയായും, ഇതാണ് നമ്മുടെയും ദൈവവിളി. ദൈവം നമ്മോട് സംസാരിക്കുന്നത് കേൾക്കണം. താൻ സംസാരിക്കുന്നത് പ്രിയമക്കൾ ശ്രവിക്കണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തത്? ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ ഹിതം അറിഞ്ഞ് അതനുസരിച്ച് ജീവിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവർ അവിടുത്തെ സ്വരം ശ്രവിക്കാൻ ആഗ്രഹിക്കും. ദൈവവുമായി സംഭാഷണത്തിലേർപ്പെടാൻ ആഗ്രഹിക്കും, പരിശ്രമിക്കും.
ദൈവവുമായി സംഭാഷണം നടത്താൻ ആഗ്രഹിക്കുന്നവർ ആദ്യം അവിടുത്തെ സ്വരം ശ്രവിക്കാൻ ശ്രമിക്കും. അതിന് നിർബന്ധമായും നാം നമ്മുടെ ഹൃദയങ്ങളെ പ്രാർഥനയിലും നിശബ്ദതയിലും ഒരുക്കണം. ക്രിസ്തുവിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയങ്ങൾ തയ്യാറായിരിക്കണം, നമ്മെത്തന്നെ പ്രാപ്തരാക്കണം.
ദൈവഹിതത്തിന്, പ്രമാണങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ച്, പാപത്തിന് സ്വയം സമർപ്പിക്കുകയാണെങ്കിൽ നാം ദൈവത്തിൽനിന്ന് അകലുകയാണെന്ന് തിരിച്ചറിയണം. തിന്മയോട് പോരാടി ക്രിസ്തുവിന് വിധേയപ്പെടാനും മാനസാന്തരത്തിലേക്ക് വരാനും വിസമ്മതിക്കുന്നപക്ഷം അവിടുത്തെ ദിവ്യനാദം നമുക്കെങ്ങനെ കേൾക്കാൻ കഴിയും? നാം അവിടുത്തെ വാക്കുകൾക്ക് ചെവികൊടുക്കാതെ, ഹൃദയകാഠിന്യത്തിൽ ആത്മാവിൽ അന്ധരായി തുടരുകയാകും ചെയ്യുക.
ദൈവിക പ്രവൃത്തികൾ കാണാനും അവിടുത്തെ സാന്നിധ്യം തിരിച്ചറിയാനും കഴിയുകയില്ല. പിന്നെങ്ങനെ അവിടുത്തെ സ്വരം ശ്രവിക്കും? അതിനാൽ ദൈവസ്വരം ശ്രവിക്കാൻ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധമായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.
ഫാ. സ്‌പൈറിഡൺ ബെയ്‌ലി