ബൈബിൾ വായിക്കാൻ മടി തോന്നാറുണ്ടോ – Shalom Times Shalom Times |
Welcome to Shalom Times

ബൈബിൾ വായിക്കാൻ മടി തോന്നാറുണ്ടോ

ലോകമെങ്ങും തിരുവചനത്തിന്റെ മാധുര്യം ആസ്വദിക്കാൻ ജനങ്ങൾ അതീവ താല്പര്യപൂർവ്വം കാത്തിരിക്കുമ്പോൾ ചില രാജ്യങ്ങളിൽ കടുത്ത എതിർപ്പും കൂടുതൽ നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 52 രാജ്യങ്ങളിൽ ബൈബിളിന് മേൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ബൈബിൾ കൈവശം വയ്ക്കുന്നത് വധശിക്ഷയോ തടവോ ലഭിക്കാവുന്ന കുറ്റമായിട്ടാണ് ഉത്തരകൊറിയ കണക്കാക്കുന്നത്. വിചാരണ പോലുമില്ലാതെ ‘ക്വാൻ-ലി-സോ’ (Kwan li so) എന്നറിയപ്പെടുന്ന രാഷ്ട്രീയ തടങ്കൽ പാളയങ്ങളിലേക്ക് ഇവർ അയക്കപ്പെടും. ഇത്തരം തടങ്കൽ പാളയങ്ങളിൽ എത്തിയാൽ മരണം വരെ അതികഠിനമായ ശാരീരിക അധ്വാനത്തിന് വിധേയരാകേണ്ടി വരും.

പലപ്പോഴും ഭക്ഷണംപോലും കൃത്യമായി ലഭിക്കാത്ത സാഹചര്യമാണവിടെ. ബൈബിൾ വിതരണം ചെയ്യാനോ മറ്റുള്ളവർക്ക് നൽകാനോ ശ്രമിച്ചാൽ പൊതുമധ്യത്തിൽ വച്ചുള്ള വധശിക്ഷ വരെ ഇവിടെ നടപ്പിലാക്കാറുണ്ടത്രേ. ഒരാൾ ബൈബിൾ സൂക്ഷിച്ചാൽ അയാളെ മാത്രമല്ല, അയാളുടെ കുടുംബാംഗങ്ങളെ മുഴുവൻ തടങ്കൽ പാളയങ്ങളിലേക്ക് അയക്കാറുണ്ട്. ഇത്രയധികം ക്രൂരനിയമങ്ങൾ നിലനിൽക്കുമ്പോഴും, അതിസാഹസികമായി ബൈബിൾ സൂക്ഷിക്കുകയും മനഃപാഠമാക്കുകയും ചെയ്യുകയാണ് ഇവിടുത്തെ വിശ്വാസികൾ ചെയ്യുന്നത്.

സൊമാലിയയിലും കാര്യങ്ങൾ ഇങ്ങനെ തന്നെ. പക്ഷേ കടുത്ത എതിർപ്പുകളുടെ മധ്യത്തിലും ഡിജിറ്റൽ രൂപത്തിലുള്ള ബൈബിളുകൾ ധാരാളമാണ്. അച്ചടിച്ച ബൈബിളുകൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും വായിക്കുകയും ചെയ്യുന്നവരുമുണ്ട്.

ലോകമെമ്പാടുമുള്ള മതസ്വാതന്ത്ര്യ പോരാട്ടങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് നിക്കരാഗ്വയിൽ ബൈബിൾ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾക്കും മറ്റ് അച്ചടി മാധ്യമങ്ങൾക്കും ഭരണകൂടം കർശന നിയന്ത്രണമാണ് അടുത്തനാളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അയൽരാജ്യമായ കോസ്റ്റാറിക്കയിൽനിന്നും മറ്റ് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും നിക്കരാഗ്വയിലേക്ക് സർവീസ് നടത്തുന്ന അന്താരാഷ്ട്ര ബസ് ടെർമിനലുകളിൽ ‘ബൈബിളുകൾ കൊണ്ടുവരുന്നത് നിരോധിച്ചിരിക്കുന്നു’ എന്ന പ്രത്യേക അറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

പ്രമുഖ ട്രാൻസ്‌പോർട്ട് ഏജൻസികൾ തങ്ങളുടെ യാത്രക്കാർക്ക് ഇത് സംബന്ധിച്ച കർശന മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അതിർത്തികളിൽ വെച്ച് ബാഗുകൾ പരിശോധിക്കുമ്പോൾ ബൈബിൾ കണ്ടെത്തിയാൽ അവ പിടിച്ചെടുക്കുകയും യാത്രക്കാരെ നിർദാക്ഷിണ്യം തടവിലാക്കുകയും ചെയ്യുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബൈബിളിന് പുറമെ പത്രങ്ങൾ, മാഗസിനുകൾ, പുസ്തകങ്ങൾ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തി.

അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിന് കീഴിൽ ബൈബിൾ നിരോധിത വസ്തുവാണ്. ആഫ്രിക്കൻ രാജ്യമായ മൗറിട്ടേനിയയിൽ ബൈബിൾ ഇറക്കുമതി ചെയ്യുന്നതും പരസ്യമായി പ്രദർശിപ്പിക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ചൈനയിലും ബൈബിൾ വിൽക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്.
പേർഷ്യൻ ഭാഷയിലുള്ള ബൈബിൾ കൈവശം വയ്ക്കുന്നത് ഇറാനിൽ വലിയ കുറ്റമായാണ് ഭരണകൂടം കാണുന്നത്. എരിത്രിയയിൽ സർക്കാർ അംഗീകരിച്ച നാല് മതവിഭാഗങ്ങൾക്ക് ഒഴികെ മറ്റുള്ളവർക്ക് മതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നതിനും ആരാധന നടത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ലിബിയ, യമൻ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിലും അവസ്ഥ ഇതുതന്നെ.

പ്രിന്റ് ബൈബിൾ കൈവശം വെക്കുന്നത് അപകടമായതുകൊണ്ട് പലരും സ്മാർട്ട് ഫോണുകളിൽ രഹസ്യമായി ബൈബിൾ ആപ്പുകൾ ഉപയോഗിക്കുന്നു. എന്നാൽ വടക്കൻ കൊറിയയെപ്പോലുള്ള രാജ്യങ്ങളിൽ ഫോണുകൾ സർക്കാർ നിരന്തരം പരിശോധിക്കുന്നത് ഇതിനും വെല്ലുവിളിയാകാറുണ്ട്. മെമ്മറി കാർഡുകളിലോ എം.പി.3 പ്ലെയറുകളിലോ ബൈബിൾ ഓഡിയോ രൂപത്തിൽ കേൾക്കുന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്.

ബൈബിൾ സുരക്ഷിതമായി ഒളിപ്പിക്കാൻ പ്രത്യേക അറകൾ ഇവർ വീടിനോട് ചേർന്ന് നിർമ്മിക്കുന്നു. മണ്ണിനടിയിൽ കുഴിച്ചിട്ടോ, ഭിത്തികൾക്കുള്ളിൽ ഒളിപ്പിച്ചോ ആണ് പലരും ഇവ സൂക്ഷിക്കുന്നത്. ബൈബിൾ പേജുകൾ കീറി പലർക്കായി വിഭജിച്ചു നൽകുന്നു. ആരുടെയെങ്കിലും കയ്യിൽനിന്ന് ഒരു ഭാഗം പിടിക്കപ്പെട്ടാൽപ്പോലും മുഴുവൻ ഭാഗവും നഷ്ടപ്പെടില്ലല്ലോ എന്നാണിവർ കരുതുന്നത്. അടിച്ചമർത്തലുകൾ കൂടുന്തോറും വിശ്വാസത്തോടുള്ള മനുഷ്യന്റെ താല്പര്യം വർദ്ധിക്കുകയാണ് ചെയ്യുന്നത് എന്ന് വ്യക്തം.

ഇത് ഒരു മുന്നറിയിപ്പ്

ക്രിസ്തുവിന്റെ രണ്ടാം വരവിനുമുമ്പുള്ള പീഡകളുടെ കാലത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, ”നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കൻമാരുടെയും സന്നിധിയിലേക്ക് നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകെ നിങ്ങൾ സാക്ഷ്യം നല്കും….. എന്റെ നാമംമൂലം നിങ്ങൾ സർവരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനിൽക്കുന്നവൻ രക്ഷപെടും” (മത്തായി 10: 18-22). ഇപ്രകാരമുള്ള മുന്നറിയിപ്പുകൾ നിറവേറുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം ക്ഷയിക്കാതെ ധൈര്യപൂർവം ക്രിസ്തുസാക്ഷികളാകാൻ നമുക്ക് സാധിക്കട്ടെ, അതിനായി പ്രാർഥിക്കാം.

മാത്രവുമല്ല, ഇതൊരു മുന്നറിയിപ്പുകൂടിയാണ്. ബൈബിൾ ഉപയോഗിക്കാൻ സാഹചര്യങ്ങളും സ്വാതന്ത്ര്യവും ഉള്ളപ്പോൾ വചനം പഠിക്കുക, ധ്യാനിക്കുക. അപ്രകാരം വചനങ്ങൾ ഹൃദയത്തിൽ ശേഖരിച്ച് സൂക്ഷിക്കുക. അവ എടുത്തുകളയാനും നിരോധിക്കാനും ആർക്കും സാധിക്കുകയില്ല. ഹൃദയത്തിൽ സ്വീകരിക്കപ്പെട്ട വചനം നമുക്ക് എക്കാലവും പോഷണം നല്കുകയും ചെയ്യും. ”മനുഷ്യൻ അപ്പംകൊണ്ടുമാത്രമല്ല, ദൈവത്തിന്റെ നാവിൽനിന്ന് പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു” (മത്തായി 4:4).

ജയ്‌മോൻ കുമരകം