ഉഴപ്പൻമാരെ മിടുക്കരാക്കിയ അധ്യാപകരഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

ഉഴപ്പൻമാരെ മിടുക്കരാക്കിയ അധ്യാപകരഹസ്യം

അന്ന് എറണാകുളത്തെ ഒരു വലിയ സ്‌കൂളിലായിരുന്നു പത്താം ക്ലാസുകാരുടെ ഏകദിന പരീക്ഷ ഒരുക്ക ധ്യാനം. 250-ലധികം കുട്ടികൾ പങ്കെടുത്ത ധ്യാനം പ്രാർഥനയോടെ അവസാനിപ്പിച്ച് പുറത്തേക്കിറങ്ങുമ്പോൾ നാല് ആൺകുട്ടികൾ മുന്നിൽ!

”സർ ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണം” ”പ്രാർഥിക്കാം… എന്താണ് പ്രത്യേകിച്ച്?”

”ഞങ്ങൾ നാലുപേരും നല്ല ഉഴപ്പന്മാരായിരുന്നു. ഒമ്പതാം ക്ലാസിൽ വച്ച് ഞങ്ങളുടെ കാറ്റിക്കിസം സർ നിർബന്ധിച്ചിട്ട് ഞങ്ങൾ ഒരു ധ്യാനത്തിന് പോയി. ആ ധ്യാനത്തിൽ ശരിക്കും ഈശോയുടെ സ്‌നേഹം ഞങ്ങൾ അനുഭവിച്ചു. അപ്പോഴാണ് എല്ലാവരും ഈശോയുടെ സ്വന്തമാകാൻ ഈശോ എന്തുമാത്രം ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായത്. ധ്യാനം കഴിഞ്ഞുവന്ന് ഞങ്ങളുടെ കൂട്ടുകാരോട് ഈശോയെക്കുറിച്ചും വിശുദ്ധ ജീവിതത്തെക്കുറിച്ചും പറഞ്ഞപ്പോൾ; അവർക്ക് അത് തീരെ മനസ്സിലാവുന്നില്ലായിരുന്നു. മാത്രമല്ല, ഞങ്ങളെ അവർ കളിയാക്കാനും മാറ്റിനിർത്താനും തുടങ്ങി. ഞങ്ങൾ മാനസികമായി തളർന്നു തുടങ്ങിയപ്പോൾ സറിനോട് സംസാരിച്ചു; അപ്പോഴാണ് സർ ആ രഹസ്യം ഞങ്ങൾക്ക് പറഞ്ഞു തന്നത്!

ഈശോയ്ക്ക് വേണ്ടി ആത്മാക്കളെ നേടാൻ നാം വലിയ വില കൊടുക്കണം. വില എന്നാൽ നമ്മൾ ഹൃദയപൂർവ്വം ചെയ്യുന്ന പരിത്യാഗവും പ്രാർഥനയുമാണ്; ഞങ്ങൾ ധ്യാനത്തിന് പോകാൻ ആറുമാസത്തോളം ഞങ്ങൾക്കായി സർ കൊന്ത ചൊല്ലി പ്രാർഥിച്ചു. എന്നിട്ടാണ് ഞങ്ങളോട് ധ്യാനത്തെക്കുറിച്ച് പറഞ്ഞത്.

അപ്പോൾ ഞങ്ങൾ ഓർത്തു; ശരിയാണ്, ധ്യാനമൊന്നും ഇഷ്ടമില്ലാതിരുന്ന ഞങ്ങൾ സർ പറഞ്ഞപ്പോൾ അറിയാതെയങ്ങ് സമ്മതിച്ചു പോവുകയായിരുന്നു. സർ പറഞ്ഞതിൽ കാര്യമുണ്ടെന്ന് ഞങ്ങൾക്ക് പിടികിട്ടി.

”ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്‌സിനുവേണ്ടി ഒരു ദിവസം നാല് കൊന്ത ചൊല്ലും. ഞങ്ങളുടെ മുറിയിൽ ചരൽ വിരിച്ച് അതിൽ മുട്ടിൻമേൽ നിന്നാണ് ഈ നാല് കൊന്തയും ചൊല്ലുന്നത്. അത്  നിർത്തിക്കളയാതിരിക്കാൻ സർ പ്രത്യേകം പ്രാർത്ഥിക്കണം.”

വളരെ ചെറിയ ഒരു പ്രാർഥനാവശ്യംപോലെ ഇക്കാര്യം പങ്കുവച്ച നാല് കൗമാരക്കാരുടെ പരിത്യാഗത്തിന്റെ കുഞ്ഞോളങ്ങൾ എന്റെ ഹൃദയത്തിൽ ഇപ്പോഴും നിലച്ചിട്ടില്ല. ഈ കാലഘട്ടത്തിൽ 15 വയസുള്ള നാല് കൗമാരക്കാർ ഇത്തരത്തിലുള്ള ഒരു പരിത്യാഗം തെരഞ്ഞെടുക്കുന്നത് എത്ര സൗന്ദര്യവും സൗരഭ്യവും നിറഞ്ഞതാണ്. സ്‌കൂൾ ക്ലാസുകളിലും വേദപാഠക്ലാസുകളിലുമെല്ലാം ഇപ്രകാരം പരിത്യാഗത്തിന്റെ പരിമളം പരത്തുന്ന നല്ല അധ്യാപകർ ഉണ്ടെങ്കിൽ ഇങ്ങനെ കുഞ്ഞുങ്ങളും പരിമളം പരത്തുന്നവർ ആകും.

ദൈവമായ കർത്താവിന് ബലിയർപ്പിക്കാൻ അരവ്‌നായുടെ മെതിക്കളം വിലയ്ക്ക് വാങ്ങിയ ദാവീദിനെപ്പോലെയാണ് ആ അധ്യാപകനും ചെയ്തത്. തന്റെ വിദ്യാർഥികൾക്കുവേണ്ടി വിലകൊടുത്ത് പ്രാർഥിച്ചു. നമുക്കും വിലകൊടുത്ത് നമ്മുടെ കുട്ടികൾക്കായി പ്രാർഥിക്കാം.

”ദാവീദ് അരവ്‌നായോടു പറഞ്ഞു… എനിക്ക് ഒരു ചെലവുമില്ലാത്ത ദഹനബലി എന്റെ ദൈവമായ കർത്താവിന് ഞാൻ അർപ്പിക്കുകയില്ല. അങ്ങനെ ദാവീദ് അൻപത് ഷെക്കൽ വെള്ളി കൊടുത്ത് കളവും കാളകളും വാങ്ങി. അവിടെ ബലിപീഠം പണിത് ദാവീദ് കർത്താവിന് ദഹനബലികളും സമാധാനബലികളും അർപ്പിച്ചു. കർത്താവ് ദാവീദിന്റെ പ്രാർഥന കേട്ടു; ഇസ്രായേലിൽനിന്ന് മഹാമാരി വിട്ടുപോയി”(2 സാമുവൽ 24:24-25).

ബോണി ചെല്ലാനം