നിയമം നിയമത്തിനുവേണ്ടിയല്ല – Shalom Times Shalom Times |
Welcome to Shalom Times

നിയമം നിയമത്തിനുവേണ്ടിയല്ല

 

നിയമം നിയമത്തിനു വേണ്ടിയല്ല. നിയമം മനുഷ്യനുവേണ്ടിയാണ് എന്ന് തന്റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സമീപനങ്ങളിലൂടെയും വ്യക്തമാക്കുന്ന യേശുക്രിസ്തുവിനെയാണ് ബൈബിൾ വെളിപ്പെടുത്തിത്തരുന്നത്. നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനല്ല ഉറപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത് എന്ന് അവിടുന്ന് തന്റെ വചനങ്ങളിലൂടെ (മത്തായി 5:17) ഉറപ്പിച്ചുപറയുന്നു. പക്ഷേ എഴുതപ്പെട്ട പല നിയമങ്ങളെയും സ്‌നേഹത്തിന്റെയും കരുണയുടെയും കണ്ണുകളിലൂടെ നോക്കിക്കണ്ടുകൊണ്ട് അവിടുന്ന് നിയമത്തെ തൃണവദ്ഗണിക്കുന്നതും തിരുത്തിയെഴുതുന്നതുമായി സുവിശേഷങ്ങളിൽ നമുക്ക് കാണാൻ കഴിയും.

വിശപ്പിന്റെ വിളിക്കുമുമ്പിൽ

ഒരിക്കൽ യേശുവും ശിഷ്യന്മാരും ഒരു ഗോതമ്പുവയലിലൂടെ നടന്നുപോവുകയായിരുന്നു. അത് ഒരു സാബത്തുദിവസമായിരുന്നു. അപ്പോൾ അവർക്ക് വിശന്നു. തക്കസമയത്ത് ഭക്ഷണമൊന്നും കിട്ടിയിരുന്നുമില്ല. യേശു കണ്ടുകൊണ്ടുനിൽക്കേതന്നെ അവർ ഗോതമ്പുകതിരുകൾ പറിച്ച് കൈകൊണ്ടു ഞെരിച്ച് തിന്നാൻ തുടങ്ങി. അങ്ങനെ ചെയ്തുകൊണ്ടുതന്നെ അവർ യേശുവിന്റെ പിന്നാലെ നടന്നുനീങ്ങി. യേശുവാകട്ടെ അവരെ വിലക്കുകയോ ആ ഭക്ഷണം കഴിക്കലിൽനിന്നും പിന്തിരിപ്പിക്കുകയോ ചെയ്തില്ല. ഫരിസേയർ ഇതു കണ്ട്, ശിഷ്യന്മാർ സാബത്തിൽ നിയമവിരുദ്ധമായത് ചെയ്യുമ്പോഴും എന്തുകൊണ്ട് അവരെ വിലക്കുന്നില്ല എന്ന് യേശുവിനോട് ചോദിച്ചു.

അപ്പോൾ യേശു തന്റെ ശിഷ്യന്മാരുടെ ആ പ്രവൃത്തിയെ പൂർണമായും നീതീകരിക്കുകയാണ് ചെയ്തത്. ദാവീദും അനുചരന്മാരും സാവൂളിനെ ഭയന്ന് ഒളിച്ചോടിയപ്പോൾ, നിയമപ്രകാരം പുരോഹിതന്മാർക്കല്ലാതെ മറ്റാർക്കും ഭക്ഷിക്കുവാൻ അനുവാദമില്ലാത്ത വിശുദ്ധയപ്പം ഭക്ഷിച്ചതിനെക്കുറിച്ച് അവരെ ഓർമിപ്പിക്കുന്നു. സാബത്തുദിവസം ദൈവാലയത്തിലെ പുരോഹിതൻമാർ സാബത്തു ലംഘിക്കുകയും അതേസമയം കുറ്റവിമുക്തരായിരിക്കുകയും ചെയ്തതെങ്ങനെയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നു.

”ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നതിന്റെ അർഥം മനസിലാക്കിയിരുന്നെങ്കിൽ നിങ്ങൾ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല.എന്തെന്നാൽ, മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്” (മത്തായി 12:7-8).

അനാഥർക്കു പിതാവായിരിക്കുക

പഴയ നിയമത്തിലൂടെ കടന്നുപോകുമ്പോഴും വഴിതെറ്റിയ നിയമപാലനത്തിനുനേരെ കർത്താവിന്റെ വാക്കുകൾ ആഞ്ഞടിക്കുന്നുണ്ട്. ”പാവപ്പെട്ടവന് നീതി നിഷേധിക്കുന്നതിനും എന്റെ ജനത്തിലെ എളിയവന്റെ അവകാശം എടുത്തുകളയുന്നതിനും വിധവകളെ കൊള്ളയടിക്കുന്നതിനും അനാഥരെ ചൂഷണം ചെയ്യുന്നതിനുംവേണ്ടി അനീതി നിറഞ്ഞ വിധി പ്രസ്താവിക്കുന്നവർക്കും മർദ്ദനമുറകൾ എഴുതിയുണ്ടാക്കുന്നവർക്കും ദുരിതം! ശിക്ഷാവിധിയുടെ ദിനത്തിൽ വിദൂരത്തുനിന്ന് അടിക്കുന്ന കൊടുംകാറ്റിൽ നിങ്ങൾ എന്തുചെയ്യും?” (ഏശയ്യാ 10:1-3).

അനാഥരെയും വിധവകളെയും പാവപ്പെട്ടവനെയും സംബന്ധിച്ച് ഒരുവൻ എന്തായിരിക്കണമെന്നും ഏതു രീതിയിലുള്ള പ്രവർത്തനശൈലി സ്വീകരിക്കണമെന്നും പ്രഭാഷകവചനങ്ങളിലൂടെ പരിശുദ്ധാത്മാവ് വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. ”അനാഥർക്കു പിതാവും അവരുടെ അമ്മയ്ക്ക് ഭർതൃതുല്യനും ആയിരിക്കുക. അപ്പോൾ അത്യുന്നതൻ നിന്നെ പുത്രനെന്നു വിളിക്കുകയും അമ്മയുടേതിനെക്കാൾ വലിയ സ്‌നേഹം നിന്നോടു കാണിക്കുകയും ചെയ്യും” (പ്രഭാഷകൻ 4:10).

അനാഥർക്കു പിതാവായിരിക്കുക എന്നുപറഞ്ഞാൽ ആർക്കും സ്വീകരിക്കാൻ കഴിഞ്ഞേക്കാം. പക്ഷേ അവരുടെ അമ്മയ്ക്ക് ഭർതൃതുല്യനായിരിക്കുക എന്നതാണ് വിവാദജനകമായ കർതൃനിർദേശം. പിതൃതുല്യനോ സഹോദരതുല്യനോ ആയിരിക്കുവാനല്ല പിന്നെയോ ഭർതൃതുല്യനായിരിക്കാനാണ് കർത്താവ് നിർദേശിക്കുന്നത്. അതാണ് സ്രഷ്ടാവിന്റെ സ്‌നേഹാർദ്രമായ നീതി.

ഉന്മത്തമായ വീഞ്ഞുകുടിക്കൽ തിന്മയാണ്, പക്ഷേ…

വിശുദ്ധ പൗലോസ് ശ്ലീഹാ വീഞ്ഞു കുടിച്ച് ഉന്മത്തരാകുന്നവരെ ശക്തമായി തിരുത്തുന്ന വ്യക്തിയാണ്. പക്ഷേ ചില സന്ദർഭങ്ങളിൽ താൻ വിലക്കുകയും മുടക്കുകയും ചെയ്യുന്ന വീഞ്ഞ് ഒരു ഔഷധമായി ഉപയോഗിക്കുവാൻ തന്റെ വത്സല ശിഷ്യനായ തിമോത്തിയോസിനെ നിർബന്ധിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നതായി അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ കാണുവാൻ കഴിയും. ”മാംസം ഭക്ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹോദരന് പാപകാരണമാകുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത് ” (റോമാ 14:21) എന്ന് പറയുന്ന ശ്ലീഹാ തന്റെ പ്രിയശിഷ്യനായ തിമോത്തിയോസ് ഉദരരോഗത്താൽ തുടർച്ചയായി പീഡിപ്പിക്കപ്പെട്ടപ്പോൾ ഒരു മരുന്ന് എന്ന നിലയിൽ വീഞ്ഞ് ഉപയോഗിക്കുവാൻ അവനെ പ്രേരിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുന്നു.

”നീ വിശുദ്ധി പാലിക്കണം. വെള്ളം മാത്രമേ കുടിക്കൂ എന്ന നിർബന്ധം വിടുക. നിന്റെ ഉദരത്തെയും നിനക്കു കൂടെക്കൂടെ ഉണ്ടാകാറുള്ള രോഗങ്ങളെയും പരിഗണിച്ച് അല്പം വീഞ്ഞ് ഉപയോഗിച്ചുകൊള്ളുക” (1 തിമോത്തിയോസ് 5:23). ഇവിടെ ഉന്മത്തർക്കുവേണ്ടിയല്ല, രോഗിയായ തിമോത്തിയോസിന്റെ രോഗസൗഖ്യത്തിനായുള്ള ഒരു ഔഷധം എന്ന രീതിയിലാണ് വീഞ്ഞ് ഉപയോഗിക്കുവാൻ തിമോത്തിയോസിനെ പൗലോസ് ശ്ലീഹാ ഉപദേശിക്കുന്നത്.

രണ്ടു കാര്യത്തിലും ഉപയോഗിക്കപ്പെടുന്ന വസ്തു വീഞ്ഞുതന്നെ. പക്ഷേ ഉന്മത്തരാകാൻവേണ്ടി അത് ഉപയോഗിക്കുമ്പോഴാണ് വീഞ്ഞു കുടിക്കൽ പാപമായിത്തീരുന്നത്. ഓരോന്നിന്റെയും പിന്നിലുള്ള ലക്ഷ്യമാണ് പലപ്പോഴും പലതിനെയും പാപമോ പുണ്യമോ അനിവാര്യതയോ ഒക്കെ ആക്കിത്തീർക്കുന്നത്.

നിന്ദിക്കരുത്, വിധിക്കരുത്

”ഒരുവൻ തനിക്ക് എന്തും ഭക്ഷിക്കാമെന്നു വിശ്വസിക്കുന്നു. ദുർബലനായ മറ്റൊരുവനാകട്ടെ സസ്യംമാത്രം ഭക്ഷിക്കുന്നു. ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെ നിന്ദിക്കരുത്. ഭക്ഷിക്കാത്തവൻ ഭക്ഷിക്കുന്നവനെ വിധിക്കുകയുമരുത്. എന്തെന്നാൽ ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു” (റോമാ 14:2-3).

സ്‌നാപകനും യേശുവും രണ്ടു വ്യത്യസ്ത മുഖങ്ങൾ

സ്‌നാപകയോഹന്നാനും യേശുവും ദൈവശുശ്രൂഷയുടെ രണ്ടു വ്യത്യസ്ത തലങ്ങളാണ് നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത്. യോഹന്നാൻ ഒരു കർക്കശനും കടുപ്പക്കാരനും ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചവനും താപസനും ഭക്ഷിക്കാത്തവനും വീഞ്ഞു കുടിക്കാത്തവനും ഒക്കെയായി ജനത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. അപ്പോൾ അവന് പിശാചു ബാധിച്ചിരിക്കുന്നു എന്ന് ജനം പറഞ്ഞു.

എന്നാൽ യേശു ഭക്ഷിക്കുന്നവനും പാനം ചെയ്യുന്നവനുമായി വന്നു. അപ്പോൾ ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും പാപികളുടെയും സ്‌നേഹിതനുമായ ഒരു മനുഷ്യൻ എന്ന് ജനം അവനെക്കുറിച്ച് പറഞ്ഞു. കെട്ടിലും മട്ടിലും നടപ്പിലും എടുപ്പിലും യേശുവിൽനിന്നും തികച്ചും വ്യത്യസ്തനായിരുന്നു സ്‌നാപകൻ. പക്ഷേ രണ്ടു പേരുടെയും ശുശ്രൂഷകൾ ഒരേ നാണയത്തിന്റെ രണ്ടുമുഖങ്ങൾതന്നെ (ലൂക്കാ 7:33-34). പക്ഷേ അവരെ ഹൃദയപൂർവം സ്വീകരിക്കാൻ ഹൃദയം തുറക്കാൻ തയാറാകാത്ത നിയമജ്ഞർക്കും ഫരിസേയർക്കും അവർ രണ്ടുപേരും ഒരുപോലെ നിഷിദ്ധരായി മാറി.

നമ്മൾ ഇപ്പോൾ എവിടെയാണ്? നിയമങ്ങളുടെ അകപ്പൊരുൾ തിരിച്ചറിയാതെ, പൊള്ളയായ അനുഷ്ഠാനങ്ങളിൽ ആത്മസംതൃപ്തി കണ്ടെത്തി ജീവിക്കുന്നവരാണോ? സ്‌നേഹവും കരുണയും നഷ്ടപ്പെട്ട ആധ്യാത്മികതയാണോ നമ്മുടേത്- അത് തിരിച്ചറിയാനുള്ള ജ്ഞാനം ലഭിക്കാൻവേണ്ടി നമുക്ക് പ്രാർഥിക്കാം. ”അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തിൽനിന്ന് നൽകിയില്ലെങ്കിൽ അവിടുത്തെ ഹിതം ആരറിയും?” (ജ്ഞാനം 9:17).

ദൈവമേ, നിയമം നിയമത്തിനുവേണ്ടിയല്ല പിന്നെയോ മനുഷ്യനുവേണ്ടിയാണെന്നുള്ള തിരിച്ചറിവ് ഞങ്ങൾക്ക് തരണമേ.

സ്റ്റെല്ല ബെന്നി