ഒരിക്കല്‍ സ്വര്‍ഗീയ ഗണങ്ങളോട് ഈശോ ചൊദിച്ചു: ”ഞാന്‍ എനിക്കുവേണ്ടി മനോഹരമായ ഒരു കൊട്ടാരം നിര്‍മിച്ചു. എന്റെ പ്രിയപ്പെട്ടവരെ അതില്‍ താമസിപ്പിച്ചു. എന്നാല്‍ ശത്രുക്കള്‍ അതിനെ ആക്രമിച്ച് എന്റെ പ്രിയരെ ദാരുണമായി പീഡിപ്പിച്ച് അതില്‍നിന്ന് പുറത്താക്കി. മാത്രമല്ല, അവരുടെ ദൈവത്തെ അവര്‍ ദ്രോഹിക്കുകയും ചെയ്യുന്നു. എന്റെ പ്രിയര്‍ സഹായത്തിനു കേഴുന്നതു ഞാന്‍ കേള്‍ക്കുന്നു, അവരുടെ കണ്ണുനീര്‍ രാപകല്‍ എന്റെ മുമ്പിലുണ്ട്. ഞാന്‍ അവര്‍ക്ക് നീതി ലഭ്യമാക്കേണ്ടതില്ലേ?”
അവര്‍ പ്രതികരിച്ചു: ”സര്‍വശക്തനായ അങ്ങേക്ക് എല്ലാം അറിയാമല്ലോ. പീഡിതരായ പ്രിയപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുകയും അക്രമികളെ നശിപ്പിക്കുകയും ചെയ്യണം.”അത്രയും നേരം നിശബ്ദയായിരുന്ന പരിശുദ്ധ കന്യാമാതാവ്, പെട്ടെന്ന് ഈശോയോട് പറഞ്ഞു: ”ഏകസത്യദൈവമായ എന്റെ മകനേ, ഞാന്‍ അങ്ങയോട് യാചിക്കുന്നു, ഒരിക്കല്‍ക്കൂടി അവരോട് ക്ഷമിച്ച് കരുണകാണിക്കണമേ.”
ഈശോ വലിയ സന്തോഷത്തോടെ അമ്മയോട് പ്രത്യുത്തരിച്ചു: ”മഹത്വപൂര്‍ണയായ എന്റെ അമ്മേ, അമ്മയുടെ വാക്കുകള്‍ അവാച്യമായ പരിമളംപോലെ ദൈവസന്നിധിയിലേക്ക് ഉയരുന്നു. വിശുദ്ധരുടെയും മാലാഖമാരുടെയും മഹത്വമായ അങ്ങാണല്ലോ ദൈവത്തിന്റെയും വിശുദ്ധരുടെയും ആനന്ദകാരണം.
അമ്മയുടെ ഇഷ്ടങ്ങളെല്ലാം എന്റെ ഇഷ്ടങ്ങളാകയാല്‍, ആ അക്രമികളോട് ഞാന്‍ ഒരിക്കല്‍ക്കൂടി കരുണ കാണിക്കും. ഞാന്‍ എന്റെ കൊട്ടാരം പുതുക്കിപ്പണിയുകയും പ്രിയപ്പെട്ടവരെ സ്വതന്ത്രരാക്കി, മുറിവുകള്‍ സുഖപ്പെടുത്തി, അവര്‍ക്കേറ്റ അപമാനത്തിന് നൂറുമടങ്ങ് പ്രതിഫലവും മഹത്വവും നല്കി അവരെ ആദരിക്കുകയും ചെയ്യും. അക്രമികള്‍ അനുതപിച്ച് മാപ്പുചോദിച്ചാല്‍ ഞാന്‍ അവരോട് ക്ഷമിക്കുകയും അവര്‍ക്ക് സമാധാനം നല്കുകയും ചെയ്യും. എന്റെ അനന്തമായ കരുണ നിരാകരിക്കുന്നവര്‍ എന്റെ നീതി അനുഭവിക്കേണ്ടിവരും. ഞാന്‍ കാരുണ്യവാനെന്നതുപോലെ നീതിമാനുമാണ്.”
തിരുസഭയെയും സഭയെ ആക്രമിക്കുന്നവരെയും സംബന്ധിച്ച് ഈശോ വിശുദ്ധ ബ്രിജിറ്റിന് നല്കിയ ഈ വെളിപാടില്‍ പീഡിതരായ ക്രൈസ്തവരെക്കുറിച്ച് ഈശോയുടെ വേദനയും അവര്‍ക്കുള്ള വലിയ പ്രതിഫലവും സഭയെ ആക്രമിക്കുന്നവര്‍ക്കെതിരെ ജ്വലിക്കുന്ന നീതിയുടെ തീവ്രതയും വ്യക്തമാണ്. തിരുസഭയും ക്രൈസ്തവരും പീഡനങ്ങളിലൂടെ കടന്നുപോകുന്ന ഈ നാളുകളില്‍ ദൈവം അവിടുത്തെ നീതിക്കൊത്ത് പ്രവര്‍ത്തിച്ചാല്‍ അതിന്റെ പരിണതഫലങ്ങള്‍ അചിന്തനീയമായിരിക്കും. എന്നാല്‍ പീഡിതര്‍ക്ക് നീതിയും അനുതപിക്കുന്ന പീഡകര്‍ക്ക് ക്ഷമയും നല്കാന്‍ ദൈവത്തിന് കഴിയും. ‘ഞാന്‍ ഭൂമിയില്‍ കരുണയും ന്യായവും നീതിയും പുലര്‍ത്തുന്ന കര്‍ത്താവാണ്…’ എന്ന് ജറെമിയ 9/24ല്‍ അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട്.
ഈ ദര്‍ശനത്തില്‍, പരിശുദ്ധ അമ്മയുടെ വാക്കുകേട്ടാണ് ഈശോ അക്രമികളോട് ക്ഷമിക്കാന്‍ തയ്യാറാകുന്നത്. സ്വര്‍ഗത്തിന് അത്രമേല്‍ ആനന്ദകരമാണ് അമ്മയുടെ ഓരോ വാക്കുകളുമെന്ന് ഈശോ ഇവിടെ വ്യക്തമാക്കുന്നു. അമ്മയുടെ ഇഷ്ടം ഈശോയുടെയും ഇഷ്ടമാണത്രേ. അതിനാല്‍ നമുക്കും, തിരുസഭയ്ക്കും സഭാവിരോധികള്‍ക്കുംവേണ്ടി ഈശോയോട് വാദിക്കുവാന്‍ അമ്മയെ ഭരമേല്പിക്കാം.
കര്‍ത്താവേ, അങ്ങേ അമ്മയുടെ മധ്യസ്ഥതയാല്‍ ഞങ്ങളുടെമേലും തിരുസഭയുടെ ശത്രുക്കളുടെമേലും കരുണയായിരിക്കണമേ, ആമ്മേന്‍.