ക്രിസ്മസും ജന്മദിനവും ഒന്നിച്ച് ആഘോഷിക്കാം – Shalom Times Shalom Times |
Welcome to Shalom Times

ക്രിസ്മസും ജന്മദിനവും ഒന്നിച്ച് ആഘോഷിക്കാം

പതിനേഴു വയസുകാരനായ റോബര്‍ട്ട് റൂമില്‍ കയറി വാതിലടച്ചു. രണ്ടുകസേരകള്‍ മുഖാമുഖം ക്രമീകരിച്ചിട്ട് ഒന്നില്‍ ഇരുന്ന്, മറ്റെ കസേരയിലേക്ക് ഈശോയെ ക്ഷണിച്ചിരുത്തി. കസേരയില്‍ ആരെയും കാണുന്നില്ലെങ്കിലും അവന്‍ ഈശോയോട് സംസാരിക്കാന്‍ ആരംഭിച്ചു. വേദനകളും ഭാരങ്ങളും പ്രശ്‌നങ്ങളുമെല്ലാം ഈശോയോട് തുറന്നു പറഞ്ഞു. ഈ സംസാരം അടുത്ത ദിവസങ്ങളിലും ഉണ്ടായി.
ഒരു ദിവസം, എഴുന്നേറ്റുപോകാന്‍ കഴിയാത്തവിധം ആരോ അവനെ കസേരയില്‍ പിടിച്ചിരുത്തുന്ന അനുഭവം. കണ്ണുതുറന്നു നോക്കുമ്പാള്‍ അതാ, കസേരയില്‍ ഈശോ പുഞ്ചിരിതൂകിയിരിക്കുന്നു…
ആനന്ദംകൊണ്ട് അവന്‍ മതിമറന്നു. അതുവരെ അവനെ ഭരിച്ചിരുന്ന ഏകാന്തതയും ഭാരവും കുറ്റബോധവും സങ്കടങ്ങളും ആസക്തികളുമെല്ലാം ഒറ്റനിമിഷംകൊണ്ട് അപ്രത്യക്ഷമായി. ഈശോയെ ജീവിതത്തിലേക്ക് സ്വീകരിച്ചപ്പോള്‍ റോബര്‍ട്ട് പുതിയ വ്യക്തിയായി. തുടര്‍ന്നും, ഈശോ നിരന്തരം അവനോട് സംസാരിച്ചു; അവര്‍ പിരിയാന്‍ പറ്റാത്ത സ്‌നേഹിതരായി.

14-ാം വയസില്‍ ആരംഭിച്ച മദ്യവും മയക്കുമരുന്നും ഗുണ്ടാ അക്രമങ്ങളും മോഷണവും റോബര്‍ട്ടിനെ ആത്മഹത്യയുടെ അരികിലെത്തിച്ചിരുന്നു. ഭയവും ഏകാന്തതയും ഡിപ്രഷനും അവനെ അടച്ച മുറിയിലാക്കി. അമ്മ ആന്‍ ഒരിക്കല്‍ റോബര്‍ട്ടിന്റെ തേങ്ങല്‍ മുറിക്കുപുറത്തുനിന്നും കേള്‍ക്കാനിടയായി. പൊള്ളുന്ന ചങ്കുമായി അവര്‍ ആ വാതില്‍ക്കല്‍ മുട്ടുകുത്തി കൈവിരിച്ചു പൊട്ടിക്കരഞ്ഞു.
‘ഈശോ, എന്റെ മകനെ രക്ഷിക്കാതെ ഞാനിവിടെനിന്നും എഴുന്നേല്ക്കില്ല. പരിശുദ്ധ അമ്മേ, ഇവനെ ഈശോയിലേക്ക് നയിക്കണമേ.’ അപ്പോള്‍, കണ്ണുനീരിനിടയിലൂടെ അമ്മ കണ്ടു: ഒരു ഗിറ്റാറുമായി റോബര്‍ട്ട് യുവാക്കള്‍ക്കിടയില്‍ നില്ക്കുന്നു; മാത്രമല്ല വൈദികരുടെ വെള്ള കോളറും അവന്‍ ധരിച്ചിരിക്കുന്നു! ഒരിക്കലും പാടാത്ത റോബര്‍ട്ട് ഗിറ്റാര്‍ വായിച്ച് പാടുമെന്നും തിന്മയില്‍ മുഴുകി ജീവിതം നശിപ്പിച്ച അവന്‍ വൈദികനാകുമെന്നും ആ അമ്മയ്ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അടുത്ത ദിവസം, ദൈവാലയത്തില്‍ കത്തോലിക്കാ യുവജനമീറ്റ് നടക്കുന്നുവെന്ന് റോബര്‍ട്ടിന്റെ വല്യമ്മ അറിയിച്ചു. അവിചാരിതമായി റോബര്‍ട്ടും അതില്‍ പങ്കെടുത്തു. മീറ്റിങ്ങിന്റെ ലീഡര്‍, ഈശോയുമായി സംസാരിക്കാന്‍ അവരെ ക്ഷണിച്ചു. റോബര്‍ട്ടിന് അത് പുതിയ അറിവായിരുന്നു. അന്നാണ് അവന്‍ ആദ്യമായി ഈശോയോട് സംസാരിച്ചത്.
ഈശോയുമായുള്ള ചങ്ങാത്തം റോബര്‍ട്ടിനെ കൊണ്ടെത്തിച്ചത് അവിടുത്തെ പൗരോഹിത്യത്തിലേക്കാണ്. ഇദ്ദേഹമാണ് ‘എക്‌സ്-ഫാക്ടര്‍ ഓസ്‌ട്രേലിയ’യിലും വേള്‍ഡ് യൂത്ത് ഡേയിലുമെല്ലാം ഗിറ്റാറുമായി ‘പാടും വൈദിക’നായെത്തിയ ഫാ.റോബ് ഗലിയ. ലോകമെങ്ങും ആരാധകരുള്ള ഫാ.റോബ്, അറിയപ്പെടുന്ന ഗായകനും ഗാനരചയിതാവും ഗിറ്റാറിസ്റ്റും റെക്കോര്‍ഡിങ്ങ് ആര്‍ട്ടിസ്റ്റുമെല്ലാമാണ്. നിരവധി സിഡികളും ആല്‍ബങ്ങളും ഈ യുവ വൈദികന്റേതായുണ്ട്. ‘സ്‌ട്രോങ്ങ് യൂത്ത് പ്രോഗ്രാ’മിന്റെ സഹസ്ഥാപകന്‍ കൂടിയായ ഇദ്ദേഹം സ്വദേശമായ മാള്‍ട്ട വിട്ട്, ഓസ്‌ട്രേലിയയില്‍ വിക്‌ടോറിയയിലെ സാന്‍ഡ് ഹസ്റ്റ് രൂപതയില്‍ ഇടവകവികാരിയായി. അങ്ങനെ അമ്മ, കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചപ്പോള്‍ ദര്‍ശിച്ചതെല്ലാം ഈശോ യാഥാര്‍ത്ഥ്യമാക്കി.

‘എമ്മാനു-ഏല്‍’- നമ്മോടുകൂടെ നിത്യം വസിക്കാന്‍ ഇറങ്ങിവന്ന ദൈവപുത്രനെ സ്വീകരിച്ച റോബര്‍ട്ടിന് അവിശ്വസനീയമായ പുതിയ ജന്മമാണ് അവിടുന്ന് സമ്മാനിച്ചത്. ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ച അദ്ദേഹത്തിന്, ഇല്ലാത്ത കഴിവുകളും സ്വപ്നംകാണാന്‍ കഴിയാത്ത വിശുദ്ധിയുമെല്ലാം അവിടുന്ന് നലികി. ഒരാള്‍ എത്ര അധ:പതിച്ചാലും, ഈശോയെ ഉറ്റചങ്ങാതിയാക്കിയാല്‍ അതുവരെയുള്ള ജീര്‍ണതയുടെ അടയാളംപോലുമില്ലാതെ വലിയ മഹത്വത്തിലേക്ക് അവിടുന്ന് അയാളെ ഉയര്‍ത്തും. അതിനുവേണ്ടിയാണ്- ”ശത്രുക്കളുടെ കൈകളില്‍നിന്നു വിമോചിതരായി, നിര്‍ഭയം പരിശുദ്ധിയിലും നീതിയിലും എപ്പോഴും അവിടുത്തെ മുമ്പില്‍ ശുശ്രൂഷ ചെയ്യാന്‍വേണ്ട അനുഗ്രഹം നമുക്കു നല്കാനുമായിട്ടാണ്”- അവിടുന്ന് നമ്മില്‍ ജനിക്കുന്നത് എന്ന് ലൂക്കാ 1/74,75 രേഖപ്പെടുത്തുന്നു.
ക്രിസ്തു നമ്മില്‍ ജനിക്കുന്ന സുദിനമാണ് നമ്മുടെ ക്രിസ്മസ്. അന്ന് നാം ക്രിസ്തുവില്‍ ജനിക്കും; ആ ദിനമായിരിക്കും നമ്മുടെ യഥാര്‍ത്ഥ ജന്മദിനം. ഈ ക്രിസ്മസില്‍ നാമും മറ്റുളളവരും ഉണ്ണീശോയില്‍ ജനിക്കാനും അവിടുന്നുമായി ആഴപ്പെട്ട വ്യക്തിബന്ധം സ്ഥാപിക്കാനും പ്രാര്‍ത്ഥിക്കാം പരിശ്രമിക്കാം. അതില്ലാത്തതാണ് പലപ്പോഴും വീണുപോകുന്നതിന് കാരണം.

എന്തെല്ലാം ആഘോഷങ്ങളുണ്ടായാലും എത്ര കേക്ക് മുറിച്ചാലും ക്രിസ്തു നമ്മില്‍ പിറന്നാല്‍മാത്രമേ ക്രിസ്മസ് ആവുകയുള്ളൂ. ഉണ്ണീശോ ഉള്ളില്‍ പിറക്കാത്തവര്‍ക്കൊന്നും ക്രിസ്മസ് ഇല്ലതന്നെ. ആഘോഷമൊന്നും ഇല്ലെങ്കിലും, ഉണ്ണി ഉള്ളില്‍ പിറക്കുന്നവര്‍ക്കുള്ളതാണ് ക്രിസ്മസ്.
ഈശോ നമ്മിലും നാം ഈശോയിലും പിറക്കുന്ന ഹാപ്പി ക്രിസ്മസ് ഏവര്‍ക്കും ആശംസിക്കുന്നു…!