
”നിങ്ങളെല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. ഞാന്‍ ചെയ്തതുപോലെ ചെയ്യുവാന്‍ ആവശ്യപ്പെടുക. ഈ വരുന്ന വെള്ളിയാഴ്ച ഞാന്‍ മരണപ്പെടുമെന്ന് ഷെറിഫ് പറഞ്ഞിട്ടുണ്ട്. എന്റെ ശരീരം ഇതുകേട്ട് ചിലപ്പോള്‍ അസ്വസ്ഥമായിപ്പോകുമെങ്കിലും എന്റെ ആത്മാവ് അതിലധികമായി ദൈവസ്നേഹത്താല്‍ സന്തോഷിക്കുന്നു.” മാര്‍ഗരറ്റ് എഴുതി. മരണം മുന്നില്‍ കാണുന്ന നേരത്തും ഇപ്രകാരം എഴുതാന്‍ സാധിച്ചതെങ്ങനെ എന്ന് അറിയണമെങ്കില്‍ മാര്‍ഗരറ്റിന്റെ ജീവിതവഴികള്‍ അറിയണം.
ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ തോമസ് മിഡില്‍ടണ്ണിന്റെയും ജെയ്നിന്റെയും മകളായി 1556-ലാണ് മാര്‍ഗരറ്റ് ജനിച്ചത്. പ്രൊട്ടസ്റ്റന്റ് വിശ്വാസം പുലര്‍ത്തിയിരുന്ന കുടുംബം. പിതാവ് ധനികനായ ബിസിനസ്സുകാരനും യോര്‍ക്ക് നഗരത്തിലെ ഷെറിഫുമായിരുന്നു.
മാര്‍ഗരറ്റിന് അഞ്ച് വയസ്സുള്ളപ്പോഴാണ് എലിസബത്ത് രാജ്ഞി അധികാരത്തില്‍ വന്നത്. രാജ്ഞി അധികാരമേറ്റെടുത്തതോടെ ഇംഗ്ലണ്ടില്‍ കത്തോലിക്കാവിശ്വാസം നിരോധിക്കുകയും ആംഗ്ലിക്കന്‍ വിശ്വാസം രാജ്യത്തിന്റെ ഔദ്യോഗികവിശ്വാസമായി അംഗീകരിക്കുകയും ചെയ്തു. കത്തോലിക്കാവിശ്വാസത്തോടുള്ള വിരോധം ജ്വലിച്ചതിനാല്‍ ആ വിശ്വാസം പുലര്‍ത്തിയിരുന്നവരെ പീഡിപ്പിക്കാനും തുടങ്ങി.
അങ്ങനെയൊരു കാലഘട്ടത്തിലാണ് 1574-ല്‍ മാര്‍ഗരറ്റ് തന്റെ 18-ാം വയസ്സില്‍ വിഭാര്യനും രണ്ട് കുട്ടികളുടെ പിതാവുമായ ജോണ്‍ ക്ലിതറോയെ വിവാഹം ചെയ്തത്. അയാള്‍ ധനികനായ ഒരു കശാപ്പുകാരനായിരുന്നു. കുടുംബജീവിതം നയിക്കാനാരംഭിച്ച മാര്‍ഗരറ്റ് പിന്നീട് മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. പ്രൊട്ടസ്റ്റന്റ് വിശ്വാസം പുലര്‍ത്തുന്ന കുടുംബത്തിലായിരുന്നെങ്കിലും, തങ്ങളുടെ വിശ്വാസത്തിനായി പീഡനമേറ്റെടുക്കുന്ന കത്തോലിക്കരെ അവള് പലപ്പോഴും ശ്രദ്ധിച്ചിരുന്നു.
പീഡനം കൊടുമ്പിരികൊണ്ട ആ സമയത്ത് മരണംപോലും സന്തോഷത്തോടെ സ്വീകരിക്കുന്ന വൈദികരും സന്ന്യസ്തരും അല്മായരുമെല്ലാം മാര്‍ഗരറ്റിനെ വളരെയധികം സ്വാധീനിച്ചു. അവരെക്കുറിച്ച് മനസിലാക്കുകയും കത്തോലിക്കാവിശ്വാസത്തെക്കുറിച്ച് പഠിക്കുകയും ചെയ്തപ്പോള്‍ ആ വിശ്വാസംതന്നെയാണ് സത്യമെന്ന് മാര്‍ഗരറ്റിന് ബോധ്യമായി. അതിനാല്‍ അവള് ധൈര്യപൂര്‍വം കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
രാജ്യത്തിന്റെ നിയമത്തിനെതിരെ പ്രവര്‍ത്തിച്ചാല്‍ എന്താവും സംഭവിക്കുക? അധികാരികള്‍ അറിയും, മുന്നറിയിപ്പു നല്‍കും. എന്നിട്ടും അനുസരിച്ചില്ലെങ്കില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. മാര്‍ഗരറ്റിന്റെ ജീവിതത്തിലും ഇതുതന്നെ സംഭവിച്ചു. ആംഗ്ലിക്കന്‍ ദൈവാലയത്തില്‍ പോകുവാനും വിശ്വാസം സ്വീകരിക്കാനും അധികാരികള്‍ അവളോട് ആവശ്യപ്പെട്ടു. പക്ഷേ സത്യം ബോധ്യപ്പെട്ട അവളത് എങ്ങനെ സമ്മതിക്കും?
അധികാരികള്‍ അവള്‍ക്ക് ആദ്യം പിഴ ചുമത്തി. തുടര്‍ന്ന് പലതവണ അവള് ജയിലിലടയ്ക്കപ്പെട്ടു. ജയിലിലെ ദിവസങ്ങളെ നിരാശയോടെയല്ല, മറിച്ച് വളര്‍ച്ചയ്ക്കും കൃപകള്ക്കുമായി ദൈവം അനുവദിച്ചുനല്‍കിയ സമയമായിട്ടാണ് അവള് കണ്ടത്. ആ ദിവസങ്ങളില്‍ വായിക്കാനും പഠിക്കാനും അവള് സമയം കണ്ടെത്തി.
വിശ്വാസവും പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയുമെല്ലാം നിരോധിച്ച സാഹചര്യത്തില്‍ റോമന്‍ മിഷനറി വൈദികര്‍ക്ക് താമസിക്കാനും ബലിയര്‍പ്പിക്കാനും മാര്‍ഗരറ്റ് തന്റെ വീട്ടില്‍ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. വൈദികരെയും വൈദികവിദ്യാര്‍ത്ഥികളെയും സഹായിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുക എന്നതായിരുന്നു 1553-കാലഘട്ടത്തില്‍ ഇംഗ്ലണ്ടിലെ നിയമം. പക്ഷേ രാജ്യത്തിന്റെ അധികാരികളെയല്ല ദൈവത്തെയാണ് മാര്‍ഗരറ്റ് ഭയപ്പെട്ടത്.
മാര്‍ഗരറ്റ് പറഞ്ഞിരുന്നത് ഇങ്ങനെയാണ്, ”ദൈവവചനം അനുദിനം പ്രസംഗിക്കപ്പെടുന്ന സഭയാണ് കത്തോലിക്കാസഭ. ഈശോ തന്റെ 12 അപ്പസ്തോലന്മാര്ക്കും ഏഴ് കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്ന അവരുടെ പിന്ഗാമികള്ക്കും അത് പകര്ന്നുനല്കി. തിരുസഭ ഇന്നും ആ പാരമ്പര്യം തുടര്‍ന്നുപോകുന്നു. ഇതാണ് ഞാന്‍ വിശ്വസിക്കുന്ന സഭ.”
1586 മാര്‍ച്ച് 10-ന് പട്ടാളക്കാര്‍ അവളുടെ വീടുവളയുകയും തിരുവസ്ത്രങ്ങളും വസ്തുക്കളുമെല്ലാം കണ്ടെത്തുകയും അവളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അധികാരികളോട് യാചിച്ചാല് ശിക്ഷ ഒഴിവാക്കിത്തരാമെന്ന് പറഞ്ഞെങ്കിലും അവളത് നിരസിച്ചു. അവിടുത്തെ പതിവുരീതിയനുസരിച്ച് പ്രാര്‍ത്ഥിക്കാനായി അവര്‍ മാര്ഗരറ്റിനോടാവശ്യപ്പെട്ടു.
കത്തോലിക്കാ സഭക്കുവേണ്ടിയും മാര്പാപ്പാക്കുവേണ്ടിയും കര്ദ്ദിനാള്മാര്ക്കുവേണ്ടിയും എല്ലാ ക്രിസ്തീയ രാജ്ഞിമാര്ക്കുവേണ്ടിയും അവള് പ്രാര്‍ത്ഥിച്ചു. ‘ഇംഗ്ലണ്ടിന്റെ എലിസബത്ത് രാജ്ഞിയെ ദൈവം കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിക്കട്ടെ.അവളുടെ ഈലോകജീവിതത്തിനുശേഷം ദൈവം സ്വര്‍ഗരാജ്യം നല്കട്ടെ’ എന്നും മാര്‍ഗരറ്റ് കൂട്ടിച്ചേര്‍ത്തു.
അധികാരികളെ ചൊടിപ്പിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം? അവര്‍ അവളെ കഠിനമായി ചോദ്യം ചെയ്തു. കുറ്റം ചെയ്തോ എന്ന അധികാരികളുടെ ചോദ്യത്തിന് ദൈവത്തിനുമാത്രമേ തന്നെ കുറ്റം വിധിക്കാന്‍ സാധിക്കുകയുള്ളൂ എന്നവള്‍ ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ അവര്‍ മാര്‍ഗരറ്റിന് വധശിക്ഷ വിധിച്ചു. വലിയ കൂര്‍ത്ത പാറയുടെ മുകളില്‍ അവളെ കിടത്തി. ശരീരത്തിനുമുകളില്‍ ഭാരമുള്ള ഒരു വാതില്‍പ്പാളി വയ്ക്കുകയും അതിനും മുകളിലായി ഭാരമുള്ള കല്ലുകള്‍ നിരത്തുകയും ചെയ്തു. അതിന്റെ ഫലമായി എല്ലുകളെല്ലാം നുറുങ്ങി 15 മിനിറ്റുകൊണ്ട് അവള് മരിക്കുകയാണുണ്ടായത്.
‘ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്നു വ്യതിചലിക്കുകയില്ല'(സുഭാഷിതങ്ങള്‍ 22:6). ഈ തിരുവചനം അന്വര്‍ത്ഥമാകും വിധത്തിലാണ് മാര്‍ഗരറ്റ് മക്കളെ വളര്‍ത്തിയത്. അതിനാല്‍ത്തന്നെ അമ്മയുടെ ധീരമരണം കണ്ട അവളുടെ മക്കള്‍ അതിനെക്കാള്‍ ധീരതയോടെ നിന്നു. മൂത്ത മകന് വൈദികനാകുകയും മകള്‍ മഠത്തില്‍ ചേരുകയും ചെയ്തു.
1970-ല്‍ പോള്‍ ആറാമന്‍ പാപ്പ ഇംഗ്ലണ്ടിലെയും വെയില്‍സിലെയും 40 രക്തസാക്ഷികളോടോപ്പം മാര്‍ഗരറ്റിനെയും വിശുദ്ധരുടെ പദവിയിലേക്കുയര്‍ത്തി. എല്ലാ വര്‍ഷവും ഒക്ടോബര്‍ 25 മാര്‍ഗരറ്റ് ക്ലിതറോയുടെ തിരുനാള്‍ ദിനമായി തിരുസഭ ആചരിച്ചുവരുന്നു. ‘യോര്‍ക്കിന്റെ മുത്ത്’ എന്ന അപരനാമത്തില്‍ വിളിക്കപ്പെടുന്ന പുണ്യവതിയാണ് വിശുദ്ധ മാര്‍ഗരറ്റ് ക്ലിതെറോ.