വ്യഭിചാരത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ്‌ – Shalom Times Shalom Times |
Welcome to Shalom Times

വ്യഭിചാരത്തിൽനിന്ന് രക്ഷപ്പെട്ട ഭർത്താവ്‌

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ സുവിശേഷശുശ്രൂഷയ്ക്കായി പോയപ്പോൾ ഞങ്ങൾ രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ദമ്പതികളെ കണ്ടുമുട്ടി. ആ ഭർത്താവിന് ഏറെ ശ്രമിച്ചിട്ടും വ്യഭിചാരത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ കഴിഞ്ഞിരുന്നില്ല. അതിനെക്കുറിച്ച് പങ്കുവച്ചപ്പോൾ അയാളുടെ വിമോചനത്തിനുവേണ്ടി ഞങ്ങൾ പ്രാർഥിച്ചെങ്കിലും കാര്യമായ ഫലമുണ്ടായതായി അനുഭവപ്പെട്ടില്ല.

അപ്പോഴാണ് അയാളിൽനിന്ന് വ്യഭിചാരത്തിന്റെ ദുഷ്ടാരൂപിയെ പുറത്താക്കുന്നതിനുള്ള പ്രാർഥനമാത്രംപോരാ എന്ന് ഞങ്ങൾക്ക് മനസിലായത്. അദ്ദേഹം പശ്ചാത്താപത്തിലേക്ക് വരികയും അനുരഞ്ജനകൂദാശയും പരിശുദ്ധ കുർബാനയും സ്വീകരിക്കുകയും ചെയ്യുന്നതിലൂടെയേ വിമോചനത്തിലേക്ക് എത്തുകയുള്ളൂ എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

അക്കാര്യം അദ്ദേഹത്തെയും ബോധ്യപ്പെടുത്തി. തുടർന്ന് അദ്ദേഹം തന്റെ പാപത്തെപ്രതി പശ്ചാത്തപിച്ച് കുമ്പസാരിച്ചു; വിശുദ്ധ കുർബാന സ്വീകരിച്ചു. അതോടെ ആ മനുഷ്യനിലെ വ്യഭിചാരാസക്തി നീങ്ങിപ്പോയതായി അദ്ദേഹത്തിനുതന്നെയും അനുഭവപ്പെട്ടു.

സാത്താനികബാധകളിൽനിന്ന് വിമോചനം ലഭിക്കാൻ വിശുദ്ധ കുമ്പസാരവും പരിശുദ്ധ കുർബാനയും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ഫാ. എമിലിൻ ടർഡിഫ്