
ഒരു സമഗ്രശുദ്ധീകരണമല്ലാതെ മറ്റൊരു പരിഹാരവും സാധ്യമല്ലാത്തവിധം മനുഷ്യനും ഭൂമിയും അത്രമേൽ മലിനവും ദുഷ്ടത നിറഞ്ഞതുമാകുന്ന ഒരു കാലഘട്ടം വരും. ആ ശുദ്ധീകരണം ഒരിക്കൽമാത്രം ഉണ്ടായ മഹാപ്രളയംപോലെ ആയിരിക്കും. എന്നാൽ അതാകട്ടെ അഗ്നിയുടെ പ്രളയം ആയിരിക്കും. ആകാശത്തിൽനിന്ന് അനവധി ഉണങ്ങിയ ഇലകൾ താഴേക്ക് വീഴുന്നതായി ഞാൻ കണ്ടു. ഓരോ ഇലയിലും ഒരു തീപ്പൊരി ഉണ്ടായിരുന്നു.
മനുഷ്യരാശി ദൈവത്തിൽനിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. പ്രാർഥനയിലൂടെ, പരിത്യാഗപ്രവൃത്തികളിലൂടെ, കൂദാശകളിലൂടെ, തിരികെ വരാത്ത പക്ഷം അവർ ശുദ്ധീകരണത്തിലൂടെ കടന്നുപോകേണ്ടിവരും.
ദൈവദാസി തെരേസ ന്യൂമാൻ
1898 ൽ ജർമനിയിൽ ജനിച്ച തെരേസ ന്യൂമാൻ പാദ്രേ പിയോയെപ്പോലെ പഞ്ചക്ഷതധാരിയായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും യേശുവിന്റെ പീഡാസഹനാനുഭവം സ്വന്തം ശരീരത്തിലും ആത്മാവിലും അവൾ അനുഭവിച്ചുകൊണ്ടിരുന്നു. 1922 മുതൽ 1962 സെപ്റ്റംബർ 18 ന് മരിക്കുന്നതുവരെ ദിവ്യകാരുണ്യമല്ലാതെ മറ്റൊന്നും തെരേസ ഭക്ഷിച്ചിട്ടില്ല. നീണ്ട നാൽപതു വർഷം വിശുദ്ധ കുർബാനമാത്രം ഭക്ഷിച്ചു ജീവിച്ച അവർ എപ്പോഴും സന്തോഷവതിയായിരുന്നു. ലോകത്തിന്റെ പാപപരിഹാരത്തിനായി സഹനങ്ങൾ ഏറ്റെടുത്ത് തന്റെ ജീവിതത്തെ ഒരു സഹനബലിയാക്കി മാറ്റിയ തെരേസ ന്യൂമാൻ നിരവധി യൂറോപ്യൻ രാജ്യങ്ങളുടെ ഭാവി പ്രവചിച്ചത് പിൽക്കാലത്ത് സത്യമായിത്തീർന്നു. 2005 ൽ അവരുടെ നാമകരണത്തിനുള്ള നടപടികൾക്ക് തിരുസഭ ആരംഭം കുറിച്ചിട്ടുണ്ട്.
ലോകം ദുരിതങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടും എന്നത് ഭയത്തോടുകൂടിയല്ല നാം സ്വീകരിക്കേണ്ടത്. അതൊരു മുന്നറിയിപ്പാണ്. അതിനെ മാറ്റിമറിക്കുവാൻ നമുക്ക് കഴിയും. നിനവേയുടെമേലുള്ള വിധി മാറ്റപ്പെട്ടതുപോലെ – നമ്മുടെ പ്രാർഥനകൾക്കും പരിഹാരപ്രവൃത്തികൾക്കും ലോകത്തിന്റെ ഭാവിയെ രൂപാന്തരപ്പെടുത്താൻ ശക്തിയുണ്ട്. നമ്മൾ അതിനു തയാറാകാനുള്ള ആഹ്വാനമാണ്
ഈ പ്രവചനങ്ങൾ.