ഞാന്‍ മാത്രം വിചാരിച്ചാല്‍ ! – Shalom Times Shalom Times |
Welcome to Shalom Times

ഞാന്‍ മാത്രം വിചാരിച്ചാല്‍ !

ഞാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഈ ലോകത്തില്‍ എന്തു മാറ്റം സംഭവിക്കാനാണ് എന്ന് ഒരിക്കലെങ്കിലും ചിന്തിച്ചുപോകാത്തവര്‍ വിരളമായിരിക്കും. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സംഭവം ഇങ്ങനെയാണ്, ‘ഈശോയുടെ അനുകമ്പ കണ്ടപ്പോള്‍, അവിടുത്തെ അനുഗ്രഹത്തിനായി ഞാന്‍ യാചിച്ചു. ഉടനെതന്നെ ഈശോ പറഞ്ഞു: നിനക്കുവേണ്ടി ഞാന്‍ ഈ രാജ്യത്തെ അനുഗ്രഹിക്കുന്നു. അവിടുന്ന് നമ്മുടെ രാജ്യത്തിന്റെമേല്‍ വലിയ ഒരു കുരിശടയാളം വരച്ചു. ദൈവത്തിന്റെ സ്‌നേഹം കണ്ട് എന്റെ ആത്മാവ് ആനന്ദപൂരിതമായി’ (ഖണ്ഡിക 39). മറ്റൊരവസരത്തില്‍ ഈശോ പറയുന്നു: ‘നിന്നെപ്രതി ഞാന്‍ ലോകംമുഴുവനെയും അനുഗ്രഹിക്കുന്നു. എന്നെ പ്രീതിപ്പെടുത്താനുള്ള നിന്റെ പ്രയത്‌നങ്ങള്‍ ഞാന്‍ കാണുന്നു; അത് എന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്നു’ (1061).
ഈശോ അവള്‍ക്കു നല്കിയ വാഗ്ദാനമനുസരിച്ച് പോളണ്ട് മാനസാന്തരപ്പെട്ടു. പോളണ്ടില്‍നിന്നും ലോകത്തിന് അനുഗ്രഹമായി മാറിയ തീപ്പൊരിയായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ഉയര്‍ത്തപ്പെട്ടു എന്നതും യാദൃച്ഛികമല്ല. ഓരോ വ്യക്തിയുടെയും സാധ്യത അനന്തമാണ് എന്ന് വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതമാതൃക നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
ഫൗസ്റ്റീനയ്ക്ക് വലിയ വിദ്യാഭ്യാസമുണ്ടായിരുന്നില്ല, അവള്‍ അത്ഭുതപ്രവര്‍ത്തകയായിരുന്നില്ല, സുവിശേഷം പ്രസംഗിച്ചിട്ടുമില്ല. പോളണ്ടിലെ മഠത്തിന്റെ അകത്തളങ്ങളില്‍ ദൈവഹിതമനുസരിച്ചു ജീവിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചും സര്‍വോപരി സഹിച്ചും ജീവിച്ച ഒരു സാധു കന്യാസ്ത്രീ മാത്രമായിരുന്നു അവള്‍. അങ്ങനെയെങ്കില്‍ പിന്നെ എപ്രകാരമാണ് അവളുടെ ജീവിതം ഇത്രമാത്രം അനുഗ്രഹദായകമായത് എന്ന ചോദ്യത്തിന് വളരെ പ്രസക്തിയുണ്ട്.
‘പോളണ്ട്, എന്റെ പ്രിയപ്പെട്ട മാതൃരാജ്യം, ഞാനെത്രമാത്രം പരിത്യാഗങ്ങളും പ്രാര്‍ത്ഥനകളും നിനക്കുവേണ്ടി ദൈവത്തിന് സമര്‍പ്പിക്കുന്നുവെന്ന് നീ അറിഞ്ഞിരുന്നെങ്കില്‍!’ (1038) ഡയറിയില്‍ ഫൗസ്റ്റീന കുറിച്ചിട്ട ഈ വരിതന്നെയാണ് അതിന്റെ ഉത്തരം.
”ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടി ഇരിക്കും. അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും” (യോഹന്നാന്‍ 12/24). സുവിശേഷത്തിലൂടെ ഈശോ പഠിപ്പിക്കുന്നതും അഴിയപ്പെടലിന്റെ ഈ ദൈവശാസ്ത്രം തന്നെയാണ്. എന്റെ സഹനങ്ങള്‍മൂലം ഞാന്‍ അഴിയുമ്പോള്‍ എന്റെ കുടുംബത്തിനും സമൂഹത്തിനും ലോകത്തിനുമുഴുവനും അനുഗ്രഹമായിത്തീരാന്‍ എനിക്കു സാധിക്കും. ഞാന്‍ തിന്നു, കുടിച്ചു, ഉല്ലസിച്ചു, മരിച്ചു എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും മേന്മ ജീവിതത്തിന് കൈവരുന്നതും അപ്പോഴാണ്. എങ്ങനെ ഏറ്റവും സുഖകരമായി മാത്രം ജീവിക്കാം എന്ന് ചിന്തിക്കുന്ന ലോകത്തിന് ഇതു പക്ഷേ ഭോഷത്തമായി തോന്നാം.
എന്നാല്‍ പ്രകൃതിപോലും ഇതുതന്നെയാണ് കാണിച്ചുതരുന്നത്. സസ്യജാലങ്ങളും ജന്തുജാലങ്ങളും അഴുകിച്ചേരുന്ന മണ്ണില്‍നിന്നും വളം വലിച്ചെടുത്താണ് മറ്റ് ജീവജാലങ്ങള്‍ വളരുന്നത്. അഴുകിച്ചേര്‍ന്നു സ്വയം ഇല്ലാതാകുക എന്നതില്‍നിന്ന് പ്രകൃതിയില്‍ യാതൊന്നിനും ഒഴികഴിവില്ല. ആത്മീയമണ്ഡലത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്.
പ്രാര്‍ത്ഥിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ വിശുദ്ധ ഫൗസ്റ്റീനായെപ്പോലെ ത്യാഗങ്ങളേറ്റെടുത്തും ചെറിയ സുഖങ്ങളെങ്കിലും വേണ്ടായെന്നുവച്ചും സ്വന്തം ജീവിതത്തിലെ അഴിയപ്പെടുന്ന അനുഭവങ്ങള്‍ ക്രിസ്തുവിന്റെ സഹനങ്ങളുടെ കൂടെ ചേര്‍ത്തുവച്ചും പ്രാര്‍ത്ഥിക്കുന്നവര്‍ കുറവായിരിക്കും. എന്നാല്‍, അവരാണ് ലോകത്തിന്റെ ശക്തിസ്രോതസ്സ്. അവരില്‍ ഒരാളായിത്തീരാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം, പ്രയത്‌നിക്കാം.
കര്‍ത്താവേ, സുഖവും സൗകര്യവുമാണ് എന്റെ ശരീരവും മനസ്സും എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍, ജീവിതം അനുഗ്രഹിക്കപ്പെടാന്‍ പ്രാര്‍ത്ഥനകളോടൊപ്പം ത്യാഗങ്ങളും കുരിശുകളും വേണമെന്ന് ഞാന്‍ തിരിച്ചറിയുന്നു. കുരിശുകളെ എനിക്കു ഭയമാണെങ്കിലും എനിക്കു വഹിക്കാവുന്നതിലും അധികം ഭാരമോ സഹനമോ അവിടുന്ന് അനുവദിക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ആകയാല്‍ കര്‍ത്താവേ, എന്റെ സഹനങ്ങളിലൂടെ ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായിത്തീരാന്‍ എനിക്ക് കൃപയേകണമേ.