ഭൂമിയില്‍ സ്വതന്ത്രമനസോടെ അല്പമെങ്കിലും ദൈവികസേവനം ചെയ്തിട്ടുള്ള ആത്മാവിന് ലഭിക്കുന്ന മൂന്ന് തലങ്ങളിലുള്ള സ്വര്‍ഗീയസൗഭാഗ്യങ്ങള്‍ ദൈവം എന്നെ കാണിച്ചു. ഒന്നാമത് അവന്‍ വേദനകളില്‍നിന്ന് സ്വതന്ത്രനാക്കപ്പെടുമ്പോള്‍ നമ്മുടെ കര്‍ത്താവായ ദൈവം അവന് നല്കുന്ന ബഹുമതിയും നന്ദിയും. ‘വേറൊന്നും വേണ്ട, ഇതുമാത്രംമതി’ എന്ന് ആത്മാവ് വിചാരിക്കുംവിധം ഈ നന്ദി അത്ര ബഹുമാന്യവും ഉന്നതവുമാണ്. സ്വതന്ത്രമായി ദൈവത്തെ സേവിച്ച ഒരാത്മാവിന് ലഭിക്കാന്‍ പോകുന്ന മഹത്തായ കൃതജ്ഞത ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്ന സകല മനുഷ്യരുടെയും വേദനയും അധ്വാനവുംകൊണ്ടുപോലും ലഭിക്കുന്നതല്ല എന്ന് എനിക്ക് തോന്നുന്നു.
ഈ കൃതജ്ഞതാബഹുമതി സ്വര്‍ഗവാസികള്‍ സകലരും കാണും എന്നതാണ് രണ്ടാമത്തെ തലം. ദൈവം ഈ ആത്മാവിന്റെ സേവനം സ്വര്‍ഗത്തിലുള്ള സകലരെയും അറിയിക്കും. അതിന് ഈ ഉദാഹരണം വെളിപ്പെടുത്തി: ഒരു രാജാവ് തന്റെ പ്രജകള്‍ക്ക് നന്ദി പറയുകയാണെങ്കില്‍ അത് അവര്‍ക്ക് ഒരു വലിയ ബഹുമതിയാണ്. എന്നാല്‍ ഈ കാര്യം തന്റെ രാജ്യം മുഴുവന്‍ പ്രസിദ്ധപ്പെടുത്തിയാലോ? ആ ബഹുമതി വളരെയേറെ വര്‍ധിക്കുകയില്ലേ?
ആത്മാവ് സ്വീകരിക്കുന്ന സന്തോഷം എന്നേക്കും നിലനില്ക്കും എന്നുള്ളതാണ് മൂന്നാമത്തെ തലം. ഇത് വളരെ മധുരമായി വെളിപ്പെട്ട കാര്യമാണ്. ഓരോ മനുഷ്യന്റെയും ആയുസ് സ്വര്‍ഗത്തില്‍ അറിയപ്പെടും. സ്വതന്ത്രമായി, പൂര്‍ണമനസോടെ തങ്ങളുടെ യുവത്വം ദൈവസേവനത്തിനായി സമര്‍പ്പിച്ചവരുടെ ആയുസ് സവിശേഷമായി അറിയപ്പെടും. എപ്പോഴെങ്കിലും അല്ലെങ്കില്‍ കുറച്ച് കാലത്തേക്കെങ്കിലും ഒരു സ്ത്രീയോ പുരുഷനോ യഥാര്‍ത്ഥമായി ദൈവത്തിലേക്ക് തിരിഞ്ഞാല്‍ ഒരു ദിവസത്തെ സേവനത്തിനും നിലനില്‍ക്കുന്ന നല്ല മനസിനും ഇപ്പറഞ്ഞ മൂന്ന് തലത്തിലുമുള്ള പ്രതിഫലം ലഭ്യമാണ്.
ആത്മാവ് എത്ര കൂടുതലായി ദൈവത്തിന്റെ ഈ ഉദാരത കാണുന്നുവോ അത്രയധികം സന്തോഷത്തോടെ അത് ജീവിതകാലം മുഴുവനും ദൈവത്തെ സേവിക്കും.
ദൈവസ്‌നേഹത്തിന്റെ വെളിപാടുകള്‍,
നോറിച്ചിലെ ജൂലിയന്‍