പ്രകാശം പ്രസരിപ്പിക്കുന്നവരാകണോ? – Shalom Times Shalom Times |
Welcome to Shalom Times

പ്രകാശം പ്രസരിപ്പിക്കുന്നവരാകണോ?

വായിക്കുമ്പോള്‍ സങ്കല്പകഥപോലെ തോന്നാം. എന്നാല്‍, കഥയല്ലിത്. എഴുപതു വര്‍ഷം മുമ്പ് ഒരു മലയോര ഗ്രാമത്തില്‍ നടന്ന അത്ഭുതത്തിന്റെ നേര്‍വിവരണമാണ്. ഇടത്തരക്കാരനായ ഒരു കര്‍ഷകന്‍. അദ്ദേഹം സാമാന്യം നല്ലവനായിട്ടാണ് ജീവിതം നയിച്ചിരുന്നത്. സാമ്പത്തിക തകര്‍ച്ചയുണ്ടായതോടെ പതുക്കെ മദ്യപാനം തുടങ്ങി. അങ്ങനെ ദൈവത്തില്‍നിന്നും ദൈവാലയത്തില്‍നിന്നും പൂര്‍ണമായും അകന്നു. അയാളുടെ ഭാര്യ പിഞ്ചോമനകളെ ചേര്‍ത്തുനിര്‍ത്തി എന്നും കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുമായിരുന്നു. അവള്‍ക്ക് ഒരേയൊരു ആഗ്രഹമേയുള്ളൂ: തന്റെ ഭര്‍ത്താവ് ഒരു ദിവസം ദൈവാലയത്തിലെത്തി, കുമ്പസാരിച്ചു കുര്‍ബാന സ്വീകരിക്കണം. പക്ഷേ അയാളില്‍ ഒരു മാറ്റവുമുണ്ടായില്ല. വികാരിയച്ചന്‍ നേരിട്ട് പറഞ്ഞിട്ടും അദ്ദേഹം കുമ്പസാരിക്കാന്‍ തയാറായില്ല.
ഒരു രാത്രി അമിതമായി മദ്യപിച്ചാണ് അയാള്‍ കിടന്നത്. രാവിലെ ഉണര്‍ന്ന് നോക്കിയിട്ട് ആരെയും കാണാനില്ല. എല്ലാവരും ദൈവാലയത്തില്‍ പോയിരുന്നു. അയാളുടെ മനസിലേക്ക് വല്ലാത്തൊരു ശൂന്യത അരിച്ചുകയറി. ‘ഹാങ് ഓവര്‍’ മാറ്റാന്‍ വീട്ടില്‍ മദ്യമില്ല. പതുക്കെ കവലയിലെത്തി കടുപ്പമുള്ള ഒരു ചായ കുടിച്ചു. ചായക്കടയില്‍നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് സിസ്റ്റേഴ്‌സ് നിരയായി വരുന്നത് കണ്ടു. കോണ്‍വെന്റിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്ന കന്യാസ്ത്രീകളില്‍ ഒരാളുടെ മുഖത്തേക്ക് ഇയാള്‍ അറിയാതെയൊന്നു നോക്കി. കറന്റടിച്ചതുപോലെ അദ്ദേഹം ഞെട്ടി.
ആ സിസ്റ്ററിന്റെ മുഖത്ത് വിരിഞ്ഞ നേര്‍ത്ത മന്ദഹാസത്തിന് സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുണ്ടായിരുന്നു. ആ ദൈവികജ്വാല മദ്യപാനിയായ ഈ മനുഷ്യന്റെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. മനസ് അറിയാതെ വിതുമ്പി. ആരോ ചൊല്ലിക്കൊടുത്തതുപോലെ സങ്കീര്‍ത്തനവചനങ്ങള്‍ അയാള്‍ ഉരുവിട്ടു: ”ദൈവമേ, എന്നോടു കരുണ തോന്നണമേ… അങ്ങേക്ക് മാത്രമെതിരായി ഞാന്‍ പാപം ചെയ്തു… സോപ്പാകൊണ്ട് എന്നെ തളിക്കണമേ… ഞാന്‍ നിര്‍മ്മലനാകട്ടെ.”
ആരോടും മിണ്ടാതെ അയാള്‍ വീട്ടിലെത്തി, കുളിച്ച് ദൈവാലയത്തിലേക്ക് യാത്രയായി. കുറെനേരം കുരിശിലേക്ക് വെറുതെ നോക്കിയിരുന്നു. വികാരിയച്ചന്റെ അടുത്ത് പാപങ്ങള്‍ ഏറ്റുപറഞ്ഞ് കുമ്പസാരിച്ചു. വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അയാള്‍ ചായ കുടിച്ച കവലയുടെ പേരാണ് ഭരണങ്ങാനം; കന്യാസ്ത്രീ അല്‍ഫോന്‍സാമ്മയും.
വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന എല്ലാവരിലും ദൈവികപ്രകാശം നിറയുന്നുണ്ട്. ഇതിന്റെ പിന്നിലുള്ള ദൈവശാസ്ത്രം ഇതാണ്: ദിവ്യകാരുണ്യം സ്വീകരിക്കുന്ന വ്യക്തിയില്‍ ഈശോയുടെ ഉത്ഥിതശരീരത്തിന്റെ സവിശേഷതകള്‍ നിറയും. ഉത്ഥിതശരീരത്തിന്റെ നാലു സവിശേഷതകളില്‍ ഒന്നാണ് ദീപ്തി. താബോറിന്റെ മഹത്വത്തില്‍ ശിഷ്യന്മാര്‍ ഈശോയുടെ മുഖത്ത് കണ്ടതും ഈ ദീപ്തിയാണ്. അല്‍ഫോന്‍സാമ്മയുടെ മുഖത്ത് തിളങ്ങിയതും ഈ ദീപ്തിയായിരുന്നു.
ദിവ്യകാരുണ്യം നാം സ്വീകരിക്കുമ്പോള്‍ ഉത്ഥിതശരീരത്തെക്കൂടിയാണ് സ്വീകരിക്കുന്നതെന്ന ബോധ്യം നമ്മില്‍ നിറയണം. അങ്ങനെ നമ്മുടെ ശരീരത്തിനും ഈ ഭൂമിയില്‍ വച്ചുതന്നെ പുനരുത്ഥാനമുണ്ടാകുന്നു. കര്‍ത്താവിന്റെ ദിനത്തില്‍ നശ്വരമായത് അനശ്വരവും മര്‍ത്യമായത് അമര്‍ത്യവും ആകുമല്ലോ (1 കോറിന്തോസ് 15/53). ബാഹ്യമായി ദൃശ്യമല്ലെങ്കിലും, ഈ രൂപാന്തരീകരണം വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോള്‍ സംഭവിക്കുന്നുണ്ട്. മര്‍ത്യതയില്‍നിന്ന് അമര്‍ത്യതയിലേക്കുള്ള യാത്രയായി സഭാപിതാക്കന്മാര്‍ വിശുദ്ധ കുര്‍ബാനയെ വിശദീകരിക്കുന്നുണ്ട്. വിശുദ്ധ തെയദോര്‍, അമര്‍ത്യതയുടെ അപ്പം എന്നാണ് വിശുദ്ധ കുര്‍ബാനയെ വിളിക്കുന്നത്.
ഈ മാറ്റം അനുഭവിച്ചറിഞ്ഞ് ദൈവികതേജസോടുകൂടി ദൈവാലയത്തില്‍നിന്നും നാം പുറത്തേക്കിറങ്ങുമ്പോള്‍ നമ്മെ കാണുന്നവരില്‍ പാപബോധം നിറയും. വിശുദ്ധ ഫിലിപ്പ് നേരി വഴിയിലൂടെ നടന്നു പോകുന്നത് കാണുന്നവര്‍ അനുതാപത്താല്‍ കരയുമായിരുന്നു. നമ്മുടെ മുഖത്തെ സ്വര്‍ഗീയപ്രകാശം കാണുമ്പോള്‍ ജീവിതം മടുത്തവരുടെ ഹൃദയങ്ങളില്‍ പ്രത്യാശയുടെ പുലരി വിടരും. മുമ്പില്‍ വഴിയടഞ്ഞവര്‍ക്ക് സ്വര്‍ഗത്തിന്റെ കിളിവാതില്‍ കാണാനാവും. പ്രാര്‍ത്ഥന മടുത്തവരില്‍ പ്രാര്‍ത്ഥിക്കാനുള്ള ആഗ്രഹം നിറയും. അങ്ങനെ അനുഭവത്തോടുകൂടി കുര്‍ബാന സ്വീകരിച്ച് പുറത്തേക്കിറങ്ങുന്നവര്‍ സുവിശേഷപ്രഘോഷകരായി മാറുകയാണ്. അന്ധകാര വിനാഴികയിലും ഞാന്‍ കാണുന്ന പ്രകാശത്തിന്റെ നീരുറവയാണ് ദിവ്യകാരുണ്യ അപ്പമെന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ പറയുന്നത് നമുക്കിവിടെ ഓര്‍ക്കാവുന്നതാണ്.
ദിവ്യകാരുണ്യം സുവിശേഷവത്ക്കരണത്തിന്റെ സ്പന്ദനമാണെന്ന് ഒരിക്കല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ പറഞ്ഞു. ജീവിതത്തിന് പ്രസംഗത്തെക്കാള്‍ ശക്തിയുണ്ടല്ലോ. അസീസിയിലെ ഫ്രാന്‍സിസ് ഒരിക്കല്‍ ലിയോയെയും കൂട്ടി സുവിശേഷപ്രസംഗത്തിനിറങ്ങി. നേരത്തേ തീരുമാനിച്ച സമയത്തുതന്നെയാണ് യാത്ര തുടങ്ങിയത്. ഫ്രാന്‍സിസ് ഗ്രാമപാതയിലൂടെ താഴേക്കു നോക്കി ധ്യാനനിമഗ്നനായി നടന്നുനീങ്ങി. ലിയോ നിഴല്‍പോലെ പിന്നാലെയുണ്ടായിരുന്നു. രണ്ടു മൈല്‍ സഞ്ചരിച്ച് ആശ്രമത്തില്‍ തിരിച്ചെത്തി. ലിയോയ്ക്ക് ഒന്നും മനസിലായില്ല. കണ്ണിന്റെ വിശുദ്ധി പാലിച്ച് സുവിശേഷവചനങ്ങള്‍ ഉരുവിട്ടുകൊണ്ട് സഞ്ചരിച്ച ഫ്രാന്‍സിസ് ഒരു കണ്‍വന്‍ഷന്‍ പ്രസംഗമാണ് നടത്തിയത്.
നാം ദിവ്യകാരുണ്യമായി മാറുമ്പോള്‍ നമ്മുടെ ജീവിതം സുവിശേഷമായി മാറുകയാണ്. കുര്‍ബാന സ്വീകരിക്കുന്നതിനുമുമ്പ് മാലാഖമാര്‍ നമ്മുടെ ആത്മാവില്‍ ഒരു ദൈവാലയം പണിയുന്നുണ്ട്. അതില്‍ ഒരു സക്രാരിയും വയ്ക്കും. സക്രാരിയില്‍ എപ്പോഴും വാഴ്ത്തിയ ദിവ്യകാരുണ്യമുണ്ടെങ്കില്‍ മാത്രമേ ദൈവികപ്രകാശം പുറത്തേക്ക് വരികയുള്ളൂ. വൈദികന്‍ ഓസ്തി വാഴ്ത്തുമ്പോള്‍ നാം നമ്മുടെ ജീവിതവും വാഴ്ത്തണം. ഹൃദയം സ്‌നേഹത്തിന്റെ പൂങ്കാവനങ്ങളാകണം. അങ്ങനെ നാം കണ്ടുമുട്ടുന്നവരിലേക്ക് ദൈവികപ്രകാശം പ്രസരിക്കും; നടന്നു നീങ്ങുമ്പോള്‍ പാദമുദ്രകളില്‍നിന്നു വിശുദ്ധിയുടെ താമരപ്പൂക്കള്‍ വിടരും. ബോധപൂര്‍വം ഒന്നും ചെയ്യേണ്ട. എല്ലാം സ്വാഭാവികമായി സംഭവിച്ചുകൊള്ളും.
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ ദൈവം സര്‍വമഹത്വത്തോടുംകൂടി എന്നിലേക്ക് ആഗതനാകുന്നത് ശക്തമായ ബോധ്യമായി നമ്മില്‍ നിറയണം. ഭക്തി ഉള്ളതുകൊണ്ടുമാത്രമായില്ല. അന്ന് അപ്പസ്‌തോലന്മാര്‍ക്ക് മുറിച്ചുകൊടുത്ത അതേ ദിവ്യകാരുണ്യമാണ് ഇന്ന് എനിക്ക് ലഭിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഉള്ളില്‍ ഊട്ടിയുറപ്പിക്കണം. നിത്യപുരോഹിതനായ ഈശോ അര്‍പ്പിച്ച ഏകബലിയില്‍ പങ്കുചേരുമ്പോള്‍ നാമും അപ്പസ്‌തോലന്മാരുടെ നിരയിലേക്ക് ചേരണം. കുര്‍ബാന സ്വീകരിക്കാന്‍ നിരയായി നീങ്ങി വൈദികന്റെ തൊട്ടടുത്ത് എത്തുമ്പോള്‍ ഇങ്ങനെ ഓര്‍ക്കുക: പന്ത്രണ്ട് അപ്പസ്‌തോലന്മാര്‍ക്ക് നല്കി പതിമൂന്നാമത്തെ ആളായി ഞാനും ഇതാ ഈശോയുടെ കൈയില്‍നിന്നും അവിടുത്തെ ശരീര-രക്തങ്ങള്‍ സ്വീകരിക്കുന്നു. അവര്‍ണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി!.

 

ഫാ. ജോസ് പൂത്തൃക്കയില്‍ ഒ.എസ്.എച്ച്