അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം – Shalom Times Shalom Times |
Welcome to Shalom Times

അതിമനോഹര വസ്ത്രത്തിന്റെ രഹസ്യം

സമ്പന്നവും കുലീനവുമായ കുടുംബത്തില്‍നിന്നുള്ളവനായിരുന്നു ആ യുവാവ്. ഫ്രാന്‍സിസ് അസ്സീസ്സിയുടെയും സന്യാസസഹോദരങ്ങളുടെയും ജീവിതം അവനെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവനും അവര്‍ക്കൊപ്പം ചേര്‍ന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് ഒരു പ്രശ്‌നം ഉടലെടുത്തത്. സന്യാസസമൂഹത്തിന്റെ പരുക്കന്‍ ചാക്കുവസ്ത്രം അവന് വളരെ അസ്വസ്ഥതയാകാന്‍ തുടങ്ങി. ‘താനെന്തിനാണ് ഈ വികൃതവസ്ത്രം ധരിച്ച് നടക്കുന്നത്!’ സന്യാസാഭിരുചി ക്രമേണ കുറഞ്ഞുവന്നു. ഒടുവില്‍ എല്ലാം വേണ്ടെന്നുവച്ച് തിരികെ വീട്ടിലേക്ക് മടങ്ങാം എന്ന് ചിന്തിച്ചു.

ആ ചിന്തയോടെയാണ് അന്ന് യുവസന്യാസസഹോദരന്‍ ഉറങ്ങാന്‍ കിടന്നത്. നേരം ഏറെയായിട്ടും ഉറക്കം വരുന്നില്ല. അതിനാല്‍ അല്പം വെള്ളം കുടിക്കാനായി എഴുന്നേറ്റു. വെള്ളമെടുക്കാന്‍ ബലിപീഠം കടന്നുപോകണം. ആശ്രമത്തില്‍ ചേര്‍ന്ന നാളില്‍ത്തന്നെ അദ്ദേഹത്തിന്റെ നവസന്യാസഗുരു പഠിപ്പിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ബലിപീഠത്തിന്റെ മുന്നിലൂടെ കടന്നുപോകുമ്പോള്‍ മുട്ടുകുത്തി, ശിരോവസ്ത്രം മാറ്റി, കൈകള്‍ കുരിശാകൃതിയില്‍ പിടിച്ച് വണങ്ങിക്കൊണ്ട് ആദരം കാണിക്കണം. ആ നിര്‍ദേശം ഒരിക്കലും യുവസന്യാസി തെറ്റിച്ചിട്ടില്ല. അന്നും അപ്രകാരംതന്നെ ചെയ്തു. ആ നിമിഷം, അതുവരെ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അനുഭവം!

അനേകം വിശുദ്ധര്‍ രണ്ട് നിരയായി നീങ്ങുന്ന ദര്‍ശനം മുന്നില്‍ തെളിഞ്ഞു. അതിമനോഹരമായ വസ്ത്രങ്ങളാണ് അവരുടേത്. മുഖത്ത് അസാധാരണമായ സന്തോഷവും സമാധാനവും. അവര്‍ ദൈവത്തിന് സ്തുതിഗീതങ്ങള്‍ ആലപിക്കുകയാണ്. വീണകളും കിന്നരങ്ങളുമായി മാലാഖമാര്‍ അവര്‍ക്കൊപ്പം നീങ്ങുന്നു. ആ ദര്‍ശനം ശ്രദ്ധിക്കവേ, വിശുദ്ധരില്‍ രണ്ടുപേരുടെ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയത ഉണ്ടെന്ന് യുവാവിന് തോന്നി.

വിശുദ്ധരുടെ ഗണത്തിന് പിന്നില്‍ ഒരു വ്യക്തിയെ യുവാവ് പ്രത്യേകം ശ്രദ്ധിച്ചു. പുതിയ മാടമ്പിയെ ബഹുമാനിക്കുന്നതുപോലെയാണ് എല്ലാവരും അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്. യുവാവ് ആ പ്രകാശത്തില്‍ അലിഞ്ഞുചേര്‍ന്നങ്ങനെ നിന്നു. ഒടുവില്‍ ഏതാനും പേര്‍മാത്രമായപ്പോള്‍ യുവാവ് അന്വേഷിച്ചു, ”ഇതിന്റെയെല്ലാം അര്‍ത്ഥമെന്താണ്?”
ആ വിശുദ്ധര്‍ പറഞ്ഞു. ”സഹോദരാ, ഞങ്ങളെല്ലാം ഫ്രാന്‍സിസിന്റെ കൊച്ചുസഹോദരങ്ങളാണ്, സ്വര്‍ഗീയമഹത്വത്തില്‍നിന്നാണ് വരുന്നത്.”
”അപ്പോള്‍ കൂടുതല്‍ ശോഭിതരായ ആ രണ്ട് വിശുദ്ധര്‍ ആരാണ്?”

”അത് വിശുദ്ധ ഫ്രാന്‍സിസും വിശുദ്ധ അന്തോനീസുമാണ്. ഒരാളെ പ്രത്യേകം ബഹുമാനിക്കുന്നത് കണ്ടോ? അത് ഈയിടെ മരണമടഞ്ഞ വിശുദ്ധനായ ഒരു സഹോദരനാണ്. ജീവിതത്തില്‍ വലിയ പരീക്ഷണങ്ങള്‍ നേരിട്ടയാളാണ് അദ്ദേഹം. പക്ഷേ സന്യാസവസ്ത്രം ഉപേക്ഷിക്കാന്‍ തയാറാകാതെ അവസാനംവരെയും പിടിച്ചുനിന്നു. ഇപ്പോള്‍ ഞങ്ങളെല്ലാം ചേര്‍ന്ന് അദ്ദേഹത്തെ സ്വര്‍ഗത്തിലേക്ക് ആനയിക്കുകയാണ്.

സന്യാസമൂഹത്തില്‍ ഞങ്ങള്‍ പരുക്കന്‍ ചാക്കുവസ്ത്രം അണിഞ്ഞിരുന്നു. ഇന്ന് അതിനുപകരം ദൈവം ഞങ്ങള്‍ അതിമനോഹരമായ സ്വര്‍ഗീയവസ്ത്രങ്ങള്‍ നല്കിയിരിക്കുന്നു. സന്യാസത്തില്‍ എളിമയോടെ ജീവിച്ചതിനു പ്രതിഫലമായി പ്രഭാവലയം നല്കി അവിടുന്ന് ഞങ്ങളെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഞങ്ങള്‍ പ്രായശ്ചിത്തമനുഷ്ഠിക്കുകയും വ്രതവാഗ്ദാനങ്ങള്‍ വിശ്വസ്തമായി പാലിക്കുകയും ചെയ്തു. അതിനാല്‍ പ്രിയസഹോദരാ, പരുക്കന്‍ സന്യാസവസ്ത്രം ഭാരമായി തോന്നരുത്. ഉന്നതമായ വിളിയാണ് ദൈവം നിങ്ങള്‍ക്ക് നല്കിയിരിക്കുന്നത്.

മിശിഹായോടുള്ള സ്‌നേഹത്താല്‍ ഫ്രാന്‍സിസിന്റെ ഈ ചാക്കുവസ്ത്രം ധരിക്കുക. ലൗകികമായവ ഉപേക്ഷിച്ച് പ്രായശ്ചിത്തം ചെയ്യൂ. പൈശാചികപ്രലോഭനങ്ങളെ നേരിടാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. അങ്ങനെയെങ്കില്‍ സഹോദരനും ഞങ്ങളുടേതുപോലെയുള്ള പ്രഭയും മഹത്വവും സ്വന്തമാകും.”
ദര്‍ശനം മാഞ്ഞുപോയി. തനിക്ക് ലഭിച്ചത് ദൈവികവെളിപാടാണെന്ന് മനസിലായ ആ യുവസന്യാസസഹോദരന്‍ തന്റെ വിളിയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. അന്നുമുതല്‍ ചാക്കുവസ്ത്രം അവന് പ്രിയങ്കരമായി.