എഡ്മണ്ട് എന്ന ബാലന്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ പുഴയുടെ തീരത്ത് ഒറ്റപ്പെട്ടുപോയി. അങ്ങനെ നടക്കുമ്പോഴാണ് ഒരു കുറ്റിച്ചെടിയില്‍ നിറയെ മനോഹരമായ പൂക്കള്‍ കണ്ടത്. ആ കാലത്ത് അങ്ങനെയൊരു കുറ്റിച്ചെടിയോ പൂക്കളോ അവിടെ കാണാന്‍ സാധ്യതയേ ഇല്ല. കാലംതെറ്റി വിരിഞ്ഞ ആ പൂക്കള്‍ നോക്കി അവന്‍ അത്ഭുതത്തോടെ നിന്നു. അവിടമാകെ നറുമണവും പരന്നൊഴുകുന്നുണ്ട്… എന്താണ് ഇതിന്റെയെല്ലാം അര്‍ത്ഥം എന്ന് ചിന്തിച്ചുകൊണ്ടിരിക്കേ പെട്ടെ ന്ന് അവന് ഒരു പ്രത്യേക അനുഭവമുണ്ടായി.
പൈതലായ ഈശോ അവന് പ്രത്യക്ഷപ്പെടുകയാണ്. ”ഞാന്‍ യേശുക്രിസ്തുവാണ്, പരിശുദ്ധ മറിയത്തിന്റെ മകന്‍…. നിന്റെ ഹൃദയത്തിലെ രഹസ്യങ്ങളെല്ലാം എനിക്കറിയാം. ഞാന്‍ നിന്റെ ഒരിക്കലും പിരിയാത്ത സുഹൃത്താണ്,” അവിടുന്ന് പറഞ്ഞു. തുടര്‍ന്ന് ‘യൂദന്‍മാരുടെ രാജാവായ നസ്രായനായ ഈശോ’ എന്ന് നെറ്റിയിലെഴുതിക്കൊണ്ട് ഈശോ എഡ്മണ്ടിനെ ആശീര്‍വദിച്ചു. എല്ലാ രാത്രിയിലും ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ട് കുരിശടയാളത്താല്‍ നെറ്റിയില്‍ മുദ്രവയ്ക്കണമെന്ന നിര്‍ദേശവും നല്കി. ഇപ്രകാരം ചെയ്യുന്നവര്‍ അന്ത്യകൂദാശകള്‍ സ്വീകരിക്കാതെ അപ്രതീക്ഷിതമരണത്തിന് ഇരയാവുകയില്ലെന്നും അവിടുന്ന് വാഗ്ദാനം ചെയ്തു.
യേശു നിര്‍ദേശിച്ചതുപോലെ അനുദിനം എഡ്മണ്ട് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരിക്കല്‍ എഡ്മണ്ട് ഇത് ചെയ്യാനൊരുങ്ങിയപ്പോള്‍ സാത്താന്‍ അദ്ദേഹത്തിന്റെ കൈകള്‍ പിടിച്ചുവച്ചു. പക്ഷേ ബലം പ്രയോഗിച്ച് കുരിശടയാളം വരച്ചപ്പോള്‍ ശത്രു പേടിച്ചരണ്ട പൂച്ചയെപ്പോലെ ഓടിപ്പോവുകയാണുണ്ടായത്. എഡ്മണ്ട് പില്ക്കാലത്ത് രക്തസാക്ഷിത്വം സ്വീകരിച്ച് വിശുദ്ധനായിത്തീര്‍ന്നു, അബിംഗ്ഡണിലെ വിശുദ്ധ എഡ്മണ്ട്.
എഡ്മണ്ടിലൂടെയാണ് ഇതൊരു പ്രാര്‍ത്ഥനാരീതിയായി പ്രചരിച്ചതെങ്കിലും വാസ്തവത്തില്‍ ഇത് തിരുവചനത്തില്‍നിന്നുതന്നെയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് കാണാം. നസറായനായ യേശു, യഹൂദന്‍മാരുടെ രാജാവ് എന്ന് കുരിശിനുമുകളില്‍ എഴുതിവച്ചതായി യോഹന്നാന്‍ 19/19 വചനത്തില്‍ നാം വായിക്കുന്നു. ലത്തീനില്‍ Iesus Nazarenus, Rex Iudaeorum (Jesus the Nazarene, King of the Jews)എന്നാണ് എഴുതുക. ഇതിന്റെ ചുരുക്കെഴുത്താണ് സാധാരണയായി നാം ക്രൂശിതരൂപത്തില്‍ കാണുന്ന INRI.