കഴിഞ്ഞ എട്ടുവര്‍ഷമായി ജയിലിലായിരുന്നു വിക്‌ടോറിയ. ഒരു കൊലയ്ക്ക് കൂട്ടുനിന്നതിന് കിട്ടിയ ശിക്ഷ. ജയിലില്‍നിന്ന് മോചിതയായ അവള്‍ ദൈവവഴിയില്‍ ചരിക്കാനുള്ള ശ്രമത്തിലായിരുന്നു. അങ്ങനെയിരിക്കെ അവള്‍ ധ്യാനത്തില്‍ പങ്കെടുത്തു. പ്രാര്‍ത്ഥനയ്ക്കിടയില്‍ മാനസികവിഭ്രാന്തി പിടിച്ചവളെപ്പോലെ അവള്‍ വിഷമിക്കുന്നത് കണ്ടതുകൊണ്ടാണ് സംസാരിക്കാം എന്നു കരുതിയത്. ജയില്‍ശിക്ഷയില്‍നിന്നും പുറത്തിറങ്ങിയെങ്കിലും സ്വയംനിന്ദയുടെ തടവറയിലായിരുന്നു വിക്‌ടോറിയ. പിഴവു സംഭവിച്ച ഇന്നലെകളെക്കുറിച്ചുള്ള ഓര്‍മകള്‍ അവളിലിറങ്ങുന്ന ദൈവസാന്നിധ്യവുമായി മല്ലിടുന്നു.
ശരിയാണ്, വിചാരമില്ലാത്ത പ്രവൃത്തിയും വിവേകമില്ലാത്ത ബന്ധവുമാണ് അവളെ കുരുക്കിലാക്കിയത്. എന്നാല്‍ ഇന്നലെകളില്‍ സംഭവിച്ച വീഴ്ചകളില്‍ ജീവിതത്തെ കുരുക്കിയിടുന്നത് ആത്മീയയാത്രയുടെ മുഴുവന്‍ ഊര്‍ജത്തെയും നശിപ്പിക്കും. മോചനമില്ലാത്ത തടവറയുണ്ടോ? പരിഹാരമില്ലാത്ത പ്രതിസന്ധികളുണ്ടോ? മറക്കരുത്, രക്ഷകന് എഴുന്നേല്‍പ്പിക്കാനാവാത്ത വിധത്തില്‍ ആരും വീണുപോയിട്ടില്ല.
ലോത്തിന്റെ ഭാര്യയെ ഓര്‍ക്കുക (ലൂക്കാ 17/32) എന്നതായിരുന്നു അന്നു ഞാന്‍ പങ്കുവച്ച വചനവിചിന്തനം. അബ്രാഹത്തിന്റെ സഹോദരപുത്രനാണ് ലോത്ത്. സോദോമിലായിരുന്നു ലോത്തിന്റെയും കുടുംബത്തിന്റെയും വാസം. തിന്മ പെരുകി ദൈവകോപത്തിന് കാരണമായ ദേശമാണത്. മനുഷ്യനായിരുന്നു സോദോമിലെ ദൈവം. അവരുടെ കാഴ്ചയില്‍ പിശാചിന് ആ ദേശത്തെ കീഴടക്കുക എളുപ്പമായിരുന്നു. ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ മനുഷ്യനായ അബ്രാഹം സോദോമിനെ ഓര്‍ത്ത് ഏറെ ഭാരപ്പെട്ടിരുന്നു. ദൈവത്തിന്റെ മനസറിയാവുന്ന അബ്രാഹം പലവട്ടം ആ ദേശത്തിനായി മധ്യസ്ഥത വഹിക്കുന്നുണ്ട്.
അവന്റെ മധ്യസ്ഥത ദൈവത്തിന്റെ മനസിനെ പിടിച്ചുകുലുക്കുന്നതായിരുന്നു. ഒടുക്കം, ദേശം മുഴുവന്‍ അഗ്നിയിറങ്ങി നശിക്കാന്‍ വിട്ടുകൊടുത്തപ്പോഴും ലോത്തിനെയും കുടുംബത്തെയും ദൈവം പ്രത്യേകം പൊതിഞ്ഞുപിടിച്ചു. ദൈവദൂതന്‍ അവരോടു പറഞ്ഞു: വേഗം ഓടി രക്ഷപ്പെട്ടുകൊള്ളുക. പിന്തിരിഞ്ഞു നോക്കരുത്. എങ്ങും തങ്ങുകയുമരുത് (ഉല്‍പത്തി 19/17). ദൈവദൂതരുടെ വാക്കുകളെ മറന്ന് സോവാര്‍ നഗരവാതില്‍ക്കല്‍ എത്തിയപ്പോള്‍ ലോത്തിന്റെ ഭാര്യ പിന്തിരിഞ്ഞു നോക്കി. അവള്‍ ഉപ്പുതൂണായി.
എന്താണ് ലോത്തിന്റെ ഭാര്യ ചെയ്ത തെറ്റ്? പാപത്തിന്റെ സോദോമില്‍ ഏറെക്കാലം കഴിഞ്ഞിരുന്ന അവള്‍ പതുക്കെ പതുക്കെ അതിനെ സ്‌നേഹിക്കാന്‍ തുടങ്ങി. പാപപരിസരത്തിനു മുകളില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനായില്ലെങ്കില്‍ പരിസരത്തിന്റെ പാപത്തില്‍ നിങ്ങളും തകര്‍ന്നു വീഴും. ദൈവം നല്ലൊരു വഴി അവര്‍ക്കു കാണിച്ചുകൊടുത്തതാണ്.
എന്നിട്ടും പിന്തിരിഞ്ഞു നോക്കുന്നു. ശരിയാണ്, കഴിഞ്ഞ നാളുകളിലെ സമ്പാദ്യത്തിന്റെ വിഴുപ്പുഭാണ്ഡങ്ങള്‍ പലതും കത്തി നശിക്കുന്നുണ്ട്. പക്ഷേ, ദൈവം കാണിച്ചുതരുന്ന വഴിയില്‍ യാത്ര ചെയ്യുമ്പോള്‍, ഉപേക്ഷിച്ചുകളഞ്ഞ ഇന്നലെകളിലേക്ക് പിന്തിരിഞ്ഞുനോക്കരുത്. ഭൂതകാലത്തില്‍ ജീവിക്കാനല്ല വിശ്വാസിയുടെ ദൈവവിളി. അവിടെ നമ്മെ നാണിപ്പിക്കുന്നതും ആക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതുമായ പല കഥകള്‍ ഉണ്ടായേക്കാം. The past is to be learned from but not to live in.
അടിമത്തത്തിന്റെ ഈജിപ്തില്‍നിന്നും മോചിതമായാല്‍ മാത്രം പോരാ. രക്ഷയുടെ കാനാന്‍ദേശത്തേക്ക് യാത്രയാവുകയും വേണം. ഈ യാത്രയ്ക്കിടയില്‍ ഈജിപ്തിലെ ഇറച്ചിപ്പാത്രങ്ങളെ ഓര്‍ക്കരുത്. ഭാവിയെ പണിതുയര്‍ത്തേണ്ടവര്‍ ഇന്നലെകളിലെ അടിമത്തത്തിന്റെ ചങ്ങലകളില്‍ ഇനിയും തന്നെത്തന്നെ ബന്ധിക്കാന്‍ അനുവദിക്കരുത്. ധീരമായി മുന്നോട്ടുപോകണം. അല്ലെങ്കില്‍ നിങ്ങളും ഉപ്പുതൂണായേക്കും!
സ്വയം തീര്‍ത്ത തടവുമുറിയില്‍നിന്നും മോചിതയായാല്‍ മാത്രമേ ദൈവികസ്വപ്നങ്ങളെ ചേര്‍ത്തുപിടിച്ച് വിക്‌ടോറിയായ്ക്ക് മുന്നോട്ടു പോകാന്‍ കഴിയൂ എന്നവള്‍ തിരിച്ചറിഞ്ഞു.
ദൈവം തരുന്ന മാപ്പ് സ്വീകരിക്കാതെ വിശ്വാസവഴിയില്‍ മുന്നേറാന്‍ ആവില്ല. പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ ഓര്‍ക്കുക: ”എന്റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്റെ വിളിയാകുന്ന സമ്മാനത്തിനുവേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു” (ഫിലിപ്പി 3/13-14).
മനുഷ്യഭരണത്തിന്റെ സോദോമില്‍നിന്നും ദൈവഭരണത്തിന്റെ സോവാറിലേക്ക് ദൈവം നിങ്ങളെ നയിക്കുമ്പോള്‍ ഒരിക്കലും പിന്തിരിഞ്ഞുനോക്കരുത്. അടിമത്തത്തിന്റെ ഈജിപ്തില്‍നിന്നും സ്വാതന്ത്ര്യത്തിന്റെ കാനാനിലേക്ക് ദൈവം കൂട്ടിക്കൊണ്ടുപോകുമ്പോള്‍ പിന്തിരിഞ്ഞു നോക്കരുത്. ദൈവം വിടുതല്‍ നല്‍കിയ തടവറയില്‍ ഇനിയും നമ്മെ ബന്ധിച്ചിടരുത്.
പിന്നിലേക്കു നോക്കി ജീവിതവാഹനം നിങ്ങള്‍ക്ക് ഓടിക്കാനാവില്ല. അതിനല്ല നോമ്പുകാലം. പിന്നിലെ വീഴ്ചകള്‍ക്കു മാപ്പിരന്ന്, മുമ്പോട്ടു നീങ്ങണം. ഭൂതകാലത്തെ ദൈവത്തിന്റെ കാരുണ്യത്തിനര്‍പ്പിച്ച്, ഭാവിയെ പണിതുയര്‍ത്തുക. സ്വയം നിന്ദിക്കരുത്. സ്വയം കുറ്റപ്പെടുത്തുകയുമരുത്. സോദോമിലേക്ക് നോക്കരുത്. വീഴ്ചകളുടെ ഗതകാലം ഓര്‍മയില്‍ കൊണ്ടുവന്ന് ആസ്വദിക്കരുത്. അതു നമ്മെ കുടുക്കിലാക്കും, ലോത്തിന്റെ ഭാര്യയെപ്പോലെ. തീര്‍ച്ച!
പ്രാര്‍ത്ഥന: ക്രൂശിതനായ മിശിഹായേ, എന്റെ ഭൂതകാലം അങ്ങയുടെ കാരുണ്യത്തിനും വര്‍ത്തമാനകാലം അവിടുത്തെ സ്‌നേഹത്തിനും ഭാവി അങ്ങയുടെ പരിപാലനയ്ക്കുമായി സമര്‍പ്പിക്കുന്നു, ആമേന്‍.
റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ