യൗസേപ്പിതാവ് തന്ന മധുരം! – Shalom Times Shalom Times |
Welcome to Shalom Times

യൗസേപ്പിതാവ് തന്ന മധുരം!

വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഈ സംഭവം. എന്റെ ഇളയ സഹോദരന് ഒരു പനി വന്നു. പല ആശുപത്രികളിലും മാറിമാറി ചികിത്സിച്ചിട്ടും പനി കുറയുന്നില്ല. പനിക്ക് കാരണവും വ്യക്തമായി കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചില്ല. പല മരുന്നുകളും മാറി മാറി പരീക്ഷിച്ചു. ഞങ്ങളെല്ലാവരും വളരെ ദുഃഖത്തിലായി. ഈ സഹോദരന്‍ മുതിര്‍ന്ന ഞങ്ങള്‍ നാലു സഹോദരങ്ങളെക്കാള്‍ വളരെ ഇളയതായതുകൊണ്ട് ഞങ്ങളുടെയെല്ലാം കണ്ണിലുണ്ണിയായിരുന്നു. ഒരു ദിവസം എന്റെ അമ്മച്ചി ഫോണില്‍ വിളിച്ചിട്ട് പറഞ്ഞു. ”അവന് തീരെ സുഖമില്ല, നല്ല പനിയും ഛര്‍ദിയുമൊക്കെയാണ്.” അമ്മച്ചിയുടെ കരച്ചില്‍ ഫോണിലൂടെ കേള്‍ക്കാമായിരുന്നു. മാര്‍ച്ച് മാസത്തിലായിരുന്നു ഇത് നടന്നത്.

രണ്ടുദിവസം കഴിയുമ്പോള്‍ എന്റെ ഇടവകപ്പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആണ്. എല്ലാ വര്‍ഷവും തിരുനാള്‍ കുര്‍ബാനയോട് അനുബന്ധിച്ച് പള്ളിയില്‍ ഊട്ടുനേര്‍ച്ച നടത്താറുണ്ടായിരുന്നു. ആ വര്‍ഷം പള്ളി പൊളിച്ചു പണിയുന്നതുകൊണ്ട് ഊട്ടുനേര്‍ച്ചക്കുപകരം അവല്‍ വിളയിച്ചതാണ് നേര്‍ച്ചയായി എല്ലാവര്‍ക്കും തന്നത്. ഞാന്‍ തിരുനാള്‍ കുര്‍ബാനയില്‍ ഉടനീളം സഹോദരന്റെ രോഗസൗഖ്യത്തിനുവേണ്ടി കരഞ്ഞു പ്രാര്‍ത്ഥിച്ചു. നേര്‍ച്ച വെഞ്ചരിക്കുന്ന സമയത്ത് അച്ചന്‍ പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു, ‘ഇത് കഴിക്കുന്ന രോഗികള്‍ സുഖം പ്രാപിക്കട്ടെ’ എന്നൊക്കെ. ഇതു കഴിച്ച് സഹോദരന്‍ രോഗസൗഖ്യം പ്രാപിക്കുമെന്ന് ഞാന്‍ വിശ്വസിച്ചു.

ഉച്ചകഴിഞ്ഞ് അവനെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയില്‍ ഈ നേര്‍ച്ചയുംകൊണ്ട് എന്റെ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാണാന്‍ ചെന്നു. നേര്‍ച്ച കൊടുത്തിട്ട് പറഞ്ഞു, ‘നീ കുരിശുവരച്ച് പ്രാര്‍ത്ഥിച്ച് ഇത് വിശ്വാസപൂര്‍വം കഴിക്കണം.’ അവന്‍ അപ്രകാരംതന്നെ ചെയ്തു. നേര്‍ച്ച കഴിച്ച് പിറ്റേദിവസം തുടങ്ങി അവന് പനി ഉണ്ടായില്ല. പൂര്‍ണമായി വിട്ടുമാറി. സുഖമായി വീട്ടിലേക്ക് പോന്നു. അവന്‍ ഇന്ന് ദൈവാനുഗ്രഹത്താല്‍ ആരോഗ്യപൂര്‍വം കുടുംബജീവിതം നയിക്കുന്നു.

സീന തോമസ്, പുക്കാട്ടുപടി