ഞങ്ങളുടെ കാത്തലിക് വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആ മെസേജ് കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷം തോന്നി. മെസേജ് മറ്റൊന്നുമായിരുന്നില്ല, യുഎഇയില്‍ ഞങ്ങള്‍ പോകാറുള്ള ദൈവാലയത്തില്‍, വിശുദ്ധബലിക്കിടെ ലേഖനം വായിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് പേര് കൊടുക്കാം എന്നതാണ്. അതുകണ്ടപ്പോള്‍ ആഗ്രഹത്തോടെ, നല്കിയിരുന്ന ഫോണ്‍ നമ്പറില്‍ വിളിച്ചു. എല്ലാം ഓകെ. എന്നെ അവര്‍ ബൈബിള്‍ വായനക്കാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തു. അതാണല്ലോ ഇന്നത്തെ കാലത്തെ ആദ്യചടങ്ങ്.
വാരാന്ത്യദിവസങ്ങളായ വെള്ളി, ശനി ദിനങ്ങളിലായിരുന്നു യുഎഇയിലുള്ള ഞങ്ങളുടെ ദൈവാലയത്തില്‍ അക്കാലത്ത് മലയാളം കുര്‍ബ്ബാന ഉണ്ടായിരുന്നത്. അടുത്ത ആഴ്ചതന്നെ ലേഖനം വായിക്കുന്നതിനുള്ള എന്റെ ഊഴമെത്തി. അന്നൊക്കെ ഞങ്ങള്‍ വെള്ളിയാഴ്ചമാത്രമായിരുന്നു വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നത്, കാരണം അന്ന് മാത്രമായിരുന്നു എന്റെ അവധിദിവസം. വായിക്കേണ്ട ദിവസം അടുത്തപ്പോഴേക്ക് കുറച്ച് ടെന്‍ഷന്‍ കയറാന്‍ തുടങ്ങി. സഭാകമ്പം ആവശ്യത്തിനുണ്ട്. ലേഖനഭാഗം പലവട്ടം വായിച്ചു പ്രാക്ടീസ് ചെയ്തു. ”ഈ ‘ഗുരോ ആശിര്‍വദിച്ചാലും’ അങ്ക്ട് ശര്യാവണില്ല്യട്ട എബി, ഞാന്‍ അത് മറന്നുപോയി സീനാക്കുംന്നാ തോന്നണേ, പ്രാഞ്ചിയേട്ടനെപ്പോലെ” എന്ന് മക്കളോട് പറഞ്ഞു.
കോ-ഓര്‍ഡിനേറ്റര്‍ എന്നോട് കുര്‍ബ്ബാനയ്ക്ക് അര മണിക്കൂര്‍ നേരത്തേ എത്താന്‍ പറഞ്ഞിരുന്നു. ആദ്യത്തെ വായന ആയതുകൊണ്ട് അവര്‍ക്ക് ഒന്ന് നോക്കണമല്ലോ. രാത്രി 8 മണിക്കാണ് മലയാളം കുര്‍ബ്ബാന. വീട്ടില്‍നിന്ന് ഇറങ്ങാന്‍ കുറച്ച് വൈകി. ഇറങ്ങിയയുടനെ ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞു, ‘മിന്നിച്ചു വിട്ടോ.’ അതുകഴിഞ്ഞ് ഈശോയോടു പറഞ്ഞു ‘ഈശോയെ മിന്നിച്ചേക്കണേ.’ പക്ഷേ എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നിച്ചു കൊണ്ട് സംഭവിച്ചത് മറ്റൊന്നായിരുന്നു.
ഇറങ്ങി കുറച്ച് ദൂരം പോയപ്പോഴേ ഞങ്ങളുടെ കാര്‍ ട്രാഫിക് സിഗ്‌നലില്‍ പെട്ടു. അത് ഒരു വലിയ റൗണ്ട്എബൗട്ട് ആയിരുന്നു. കറങ്ങിത്തിരിഞ്ഞ് അതിന്റെ അറ്റത്തെത്തിയപ്പോള്‍ അടുത്ത സിഗ്‌നല്‍ ദേ മഞ്ഞ. റെഡ്‌ലൈറ്റ് ആവുന്നതിനുമുന്‍പ് കടക്കാന്‍ വേണ്ടി ഭര്‍ത്താവ് കാര്‍ സ്പീഡിലാക്കി. കുട്ടികളാണെങ്കില്‍ ‘പപ്പാ ഗോ ഗോ’ എന്ന് ബഹളം വെക്കുന്നു. പെട്ടെന്ന് റെഡ് ആയി സിഗ്‌നല്‍. ബ്രേക്ക് ഇട്ടത് ലേറ്റ് ആയി പോയി. മുന്നില്‍ കിടന്നിരുന്ന കാറിനിട്ട് നല്ലൊരു ഇടി. സീറ്റ്‌ബെല്‍റ്റ് നിര്‍ബന്ധം ആയതുകൊണ്ട് ആരുടെയും തല ഇടിച്ചില്ലെന്നുമാത്രം.
ഞാനാണെങ്കില്‍ വിശ്വാസം വരാതെ അങ്ങനെ ഇരിക്കുകയാണ്. ഇനിയിപ്പോള്‍ പോലീസിന്റെ നമ്പറില്‍ വിളിക്കണം.
കാര്‍ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കാണിക്കണം. എനിക്കാണെങ്കില്‍ വാഹനത്തിന് പരിക്ക് പറ്റിയതിലും സങ്കടം വിശുദ്ധ കുര്‍ബ്ബാനയുടെ കാര്യം ഓര്‍ത്തായിരുന്നു. വായനമാത്രമല്ല ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള വിശുദ്ധ കുര്‍ബ്ബാനയും മുടങ്ങാനാണ് പോകുന്നത്. ആകെ ശോകം. ടാക്‌സിക്ക് പോയാലോ എന്ന് ആദ്യം തോന്നി. പക്ഷേ ഭര്‍ത്താവിന്റെ മുഖം കണ്ടപ്പോള്‍ നിശബ്ദയായി ഇരുന്നു. മൊബൈല്‍ എടുത്ത് കോ-ഓര്‍ഡിനേറ്റര്‍ക്കു വിളിച്ചു പറഞ്ഞു, വേറെ ആരോടെങ്കിലും വായിക്കാന്‍ പറയാന്‍. രണ്ട് കാറുകളും നേരെ പോലീസ് സ്റ്റേഷനിലേക്ക് വിട്ടു.
കുറേ നേരം കഴിഞ്ഞ് വീട്ടില്‍ വന്നു. എനിക്കാണെങ്കില്‍ കരച്ചില്‍ വന്നിട്ട് സഹിക്കുന്നില്ല. ഈശോയോട് ഞാന്‍ പറഞ്ഞു, ”ഞാന്‍ വായിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പറഞ്ഞാല്‍ പോരായിരുന്നോ? ഈ പണി എന്തിനാണ് കാണിച്ചത്? ഇപ്പോള്‍ എന്റെ കുര്‍ബ്ബാനയും മിസ്സായില്ലേ?” അതും പറഞ്ഞ് ഞാന്‍ കരഞ്ഞു.
രാവിലെ ആയിരുന്നെങ്കില്‍ മറ്റൊരു ദിവ്യബലിക്ക് പോവാമായിരുന്നു. ഇതിപ്പോള്‍ വേറെ വിശുദ്ധ കുര്‍ബ്ബാന കൂടണമെങ്കില്‍ അടുത്ത വെള്ളിയാഴ്ച ആവണ്ടേ?
അങ്ങനെ കുറച്ചുനേരം ഇരുന്ന് ചിന്തിച്ചപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് നല്ല വ്യക്തമായിട്ട് മനസ്സിലായി. സാധാരണ, ഞാന്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുന്നതിനു മുന്‍പ് നിയോഗങ്ങള്‍ മനസ്സില്‍ ഓര്‍ക്കും. അന്‍പത്തൊന്നാം സങ്കീര്‍ത്തനവും വേറെ കുറച്ച് സങ്കീര്‍ത്തന ഭാഗങ്ങളും ജപമാലയും ഒക്കെ ചൊല്ലും. നല്ലവണ്ണം ആത്മശോധന ചെയ്ത് ഈശോയെ സ്വീകരിക്കാന്‍ ഒരുങ്ങും. പക്ഷേ ഈ ദിവസം അതൊന്നും ഉണ്ടായില്ല. ആകെ ടെന്‍ഷനും നന്നായി വായിക്കാന്‍ കഴിയുമെന്ന ചെറിയ അഹങ്കാരവും ഏത് ഡ്രസ്സ് ഇടണം എന്ന ആലോചനയും അള്‍ത്താരയില്‍ കേറുന്ന ആവേശവും ഒക്കെക്കൂടി ഒരു ജഗപൊഗ. കര്‍ത്താവിനു മനസ്സിലായിട്ടുണ്ടാവും എനിക്ക് കൗതുകം കുറേ കൂടിപ്പോയെന്നും എനിക്ക് പറഞ്ഞിട്ടുള്ള പണി അല്ല ഈ വായന എന്നും… പറഞ്ഞുവരുന്നത് എന്റെ വായന മുടക്കാന്‍ കര്‍ത്താവ് കാര്‍ ഇടിപ്പിച്ചെന്നൊന്നുമല്ല. ഞങ്ങളുടെ ധൃതി കൊണ്ടാണ് ഇടിച്ചതെങ്കിലും കര്‍ത്താവിന്റെ ഒരു സമ്മതം അതില്‍ ഉണ്ടല്ലോ എന്നുമാത്രം.
എന്തായാലും വിശുദ്ധ കുര്‍ബ്ബാന മുടങ്ങിയതില്‍ ഈശോയോടുള്ള എന്റെ പിണക്കം തീര്‍ന്നില്ല. പിറ്റേന്ന് ശനിയാഴ്ച രാവിലെ ജോലിക്കു പോയി. സ്പ്ലിറ്റ് ടൈമിംഗ് ആയതുകൊണ്ട് ഉച്ചക്ക് വീട്ടില്‍ വന്നു. വൈകിട്ട് വീണ്ടും ഓഫീസിലെത്തി. അഞ്ച് മണി ആയപ്പോള്‍ ഞങ്ങളുടെ കാത്തലിക് പ്രെയര്‍ ഗ്രൂപ്പില്‍ ഉള്ള മുംബൈക്കാരി മീര എന്നെ വിളിച്ചിട്ട് ചോദിക്കുകയാണ്, ”ഏഴുമണിക്കുള്ള ഇംഗ്ലീഷ് കുര്‍ബ്ബാനയ്ക്ക് വരുന്നുണ്ടോ?” എന്ന്. സാധാരണ മീര അങ്ങനെ വിളിച്ചു ചോദിക്കാറില്ല. അന്നെന്തേ അങ്ങനെ തോന്നി എന്നറിയില്ല.
അപ്പോഴും എന്നെ ഓഫിസില്‍നിന്നു വിടുമെന്ന് പ്രതീക്ഷ അത്ര ഇല്ലായിരുന്നു. 8.30 വരെ ഡ്യൂട്ടി ഉണ്ടായിരുന്നു. പക്ഷേ മാനേജരോട് ചോദിച്ചപ്പോള്‍ പൊയ്‌ക്കോളാന്‍ പെട്ടെന്ന് പറഞ്ഞു. ഞാന്‍ മീരയോട് വിളിച്ചു പറഞ്ഞു ഞാന്‍ വരുന്നുണ്ടെന്ന്. ഓഫീസില്‍നിന്നു വീട്ടിലേക്ക് പോവുമ്പോള്‍ ആകെ സന്തോഷത്തിലായിരുന്നു. എന്റെ ഈശോ എന്നെ മറന്നില്ലല്ലോ. എന്റെ ആഴ്ചയില്‍ ഒരിക്കലുള്ള വിശുദ്ധ കുര്‍ബ്ബാന മുടങ്ങിയില്ലല്ലോ. ”അപ്പോള്‍ എന്നോട് ഇഷ്ടൊക്കെ ഉണ്ടല്ലേ” എന്ന് ഞാന്‍ കര്‍ത്താവിനോട് ചോദിച്ചു.
അത് സന്തോഷത്തിന്റെ തുടക്കമേ ആയിരുന്നുള്ളൂ… ഒരു പ്രായശ്ചിത്തമെന്നോണം കര്‍ത്താവ് വളരെ പെട്ടെന്നുതന്നെ എനിക്ക് എന്നും രാവിലെ ദിവ്യബലിക്ക് പോകാനുള്ള വഴി ഉണ്ടാക്കി തന്നു. ഒരിക്കലും നടക്കില്ലെന്നു വിചാരിച്ച കാര്യമായിരുന്നു അത്. റോമാ 8/31- ”ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്കെതിര് നില്‍ക്കും?”
പിന്നൊരിക്കലും ഞാന്‍ ദിവ്യബലിക്കിടയിലെ ബൈബിള്‍ വായന എന്ന മോഹവുമായി നടന്നില്ല. പലരും ചോദിച്ചു, ‘ഒരു വട്ടം കാര്‍ ഇടിച്ചെന്ന് വിചാരിച്ച് ഇങ്ങനെ വായന വേണ്ടെന്നു വയ്ക്കുന്നത് എന്തിനാ’ എന്ന്. പക്ഷേ ഞാന്‍ പിന്നീട് സ്ഥിരമായ വായനക്ക് പോയില്ല.
ലോകം മുഴുവന്‍ കൂടെ നിന്നാലും കര്‍ത്താവ് ഒരാള്‍ മാത്രം എതിരായാലോ? വിചാരിച്ച കാര്യം ഒന്നും നടക്കാന്‍ പോകുന്നില്ല. ഇനിയിപ്പോള്‍ എല്ലാവരും എതിരായാലും കര്‍ത്താവുമാത്രമേ കൂടെയുള്ളൂ എങ്കിലോ? അതുമാത്രം മതി വിജയിക്കാന്‍. അതുകൊണ്ട് എത്ര നല്ല കാര്യം ആണെങ്കിലും ശരി ദൈവഹിതം എന്താണെന്ന് അറിയണം, അത് ദൈവാലയത്തില്‍ ബൈബിള്‍ വായിക്കുന്ന കാര്യമാണെങ്കിലും. എല്ലാവര്‍ക്കും അത് പറഞ്ഞിട്ടില്ല. ദശാംശം കൊടുക്കുന്നത് നല്ല കാര്യം. പക്ഷേ എവിടെ, ആര്‍ക്ക് കൊടുക്കണം? ദൈവഹിതം നോക്കണം. വിളിയുണ്ടെങ്കിലും നമുക്കിഷ്ടമുള്ളപ്പോള്‍ ഓടിപ്പോകാതെ കര്‍ത്താവ് പറയുംവരെ കാത്തിരിക്കാം. ദൈവഹിതം അനുസരിച്ച് നമുക്ക് പ്രവര്‍ത്തിക്കാം.
ഇസ്രായേലിലെ ഇടയന്മാരെക്കുറിച്ച് ഒരിക്കല്‍ വായിച്ചു. തന്നിഷ്ടക്കാരായി വഴിവിട്ടലയുന്ന ആട് എത്ര പറഞ്ഞിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ അവസാനം ഇടയന്‍ ആ ആടിന്റെ കാല്‍ ചെറുതായൊന്ന് ഒടിക്കും. അതിനെ മാറത്ത് സംവഹിച്ച് സ്‌നേഹത്തോടെ പരിചരിക്കും. കാല്‍ ശരിയാവുമ്പോഴേക്ക് ഇടയനും ആടും തമ്മില്‍ നല്ല ഒരു സുഹൃദ്ബന്ധം ഉടലെടുത്തിരിക്കും. പിന്നെ അത് വഴിവിട്ട് നടക്കില്ല. നമ്മുടെ നല്ലിടയനും ഏതാണ്ട് ഇതുപോലെയാണ്. അറ്റകൈക്ക് ചില ‘ഒടിപ്രയോഗങ്ങള്‍’ ഇങ്ങനെയുമുണ്ട്, എങ്കിലും നമ്മളെ നശിക്കാന്‍ വിടില്ല, അതുറപ്പ്. വചനം ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, ”കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ, അവനെ നയിച്ചത് കര്‍ത്താവാണ്” (നിയമാവര്‍ത്തനം 32/11-12).
ജില്‍സ ജോയ്