ആന്‍ എന്ന യുവതിയുടെ സഹോദരി ലിന്നീയുടെ ബ്രെയ്നില്‍ ട്യൂമര്‍ വളരുന്നതായി കണ്ടെത്തി. ഇതറിഞ്ഞപ്പോള്‍ മുതല്‍ ആന്‍ അവള്‍ക്കുവേണ്ടി ഈശോയുടെ തിരുരക്താഭിഷേക പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആരംഭിച്ചു. ഒരു ദിവസം ആനും ലിന്നീയും കൂട്ടുകാരി ജയ്യും ചേര്‍ന്ന് ലിന്നീയുടെ സൗഖ്യത്തിനുവേണ്ടി, ആന്‍ സ്ഥിരമായി ലിന്നീക്കുവേണ്ടി അര്‍പ്പിക്കുന്ന തിരുരക്താഭിഷേക പ്രാര്‍ത്ഥന വിശ്വാസത്തോടെ ചൊല്ലി.
ഈശോയുടെ വിലയേറിയ തിരുരക്താല്‍ ലിന്നീയെ കഴുകി സുഖപ്പെടുത്തണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ലിന്നീയുടെ ബ്രെയ്നിലും ശരീരം മുഴുവനിലും ചൂടുള്ള ദ്രാവകം ഒഴുക്കപ്പെടുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അത് ഈശോയുടെ തിരുരക്തമാണെന്ന് അവള്‍ക്ക് മനസിലായി. അപ്പോള്‍ത്തന്നെ ശിരസില്‍നിന്ന് എന്തോ വലിച്ചു പറിച്ചെടുക്കപ്പെടുന്നുവെന്നും ലിന്നീക്ക് തോന്നി.
മാത്രമല്ല, സ്‌കാന്‍ റിപ്പോര്‍ട്ടില്‍ തെളിഞ്ഞ ബ്രെയ്നിലെ ട്യൂമര്‍ തിരുരക്തത്താല്‍ കഴുകപ്പെടുന്നതും സൗഖ്യം ലഭിക്കുന്നതും അവര്‍ മൂവരും ദര്‍ശനത്തില്‍ കാണുകയും ചെയ്യുന്നുണ്ടായിരുന്നു. അവര്‍ നിറഞ്ഞ ആനന്ദത്താല്‍ ദൈവത്തെ സ്തുതിച്ചു. ഈശോ അവിടുത്തെ തിരുരക്തത്താല്‍ ലിന്നീയെ അത്ഭുതകരമായി സൗഖ്യപ്പെടുത്തി. പിന്നീടു നടത്തിയ മെഡിക്കല്‍ ടെസ്റ്റുകള്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ലൂക്കാ 22/20ല്‍ ഈശോ പറഞ്ഞു, ”ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്.” അതേ, നമുക്കുവേണ്ടിയാണ് ഈശോ സ്വന്തം രക്തം ചിന്തിയത്. അതിനാല്‍ അവിടുത്തെ തിരുരക്തം നല്കുന്ന രക്ഷയും വിടുതലും സൗഖ്യവും ആനന്ദവുമെല്ലാം നമ്മുടെ അവകാശമാണ്. യേശുവിന്റെ രക്തംവഴി നമുക്ക് രക്ഷ കൈവന്നിരിക്കുന്നു (എഫേസോസ് 1/7), ”യേശുവിന്റെ രക്തം എല്ലാ പാപങ്ങളിലുംനിന്നു നമ്മെ ശുദ്ധീകരിക്കുന്നു” (1യോഹന്നാന്‍ 1/7) എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു.
ഈശോയുടെ തിരുശരീരവും തിരുരക്തവും മനുഷ്യകുലത്തിനു നല്കുന്നത് സമഗ്ര വിമോചനമാണ്. അത് ലഭ്യമാകുന്നതാകട്ടെ വിശുദ്ധ ബലിയിലൂടെയും. ഓരോ ദിവ്യബലിയിലും ദിവ്യകാരുണ്യത്തിലൂടെ നാം സ്വീകരിക്കുന്നത് ഈശോയുടെ തിരുശരീര രക്തങ്ങളാണല്ലോ. അതുകൊണ്ടാണ് വിശുദ്ധ കൊച്ചുത്രേസ്യ പറഞ്ഞത്: ”എല്ലാ ദിവസവും ഞാന്‍ ഈശോയുടെ ദിവ്യബലിയില്‍ പങ്കുചേര്‍ന്ന്, അവിടുത്തെ തിരുരക്തം സ്വീകരിച്ച്, ലോകം മുഴുവനിലുമുള്ള പാപികളിലേക്ക് പകരും.
അങ്ങനെ ആത്മാക്കള്‍ മാനസാന്തരത്തിലേക്കു കടന്നുവരികയും ലോകം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യട്ടെ.” നമുക്കും അനുദിന വിശുദ്ധ ബലിയിലൂടെ ഈശോയുടെ തിരുരക്തം നമ്മിലേക്കും മറ്റുള്ളവരിലേക്കും പകര്‍ന്ന് സൗഖ്യവും അനുഗ്രഹവും പ്രാപിക്കാം.
യേശുവിന്റെ തിരുരക്തത്തോടുള്ള വിശുദ്ധ കാതറിന്‍ ഓഫ് സിയന്നയുടെ പ്രാര്‍ത്ഥന വിശുദ്ധയോടൊപ്പം നമുക്കും അര്‍പ്പിക്കാം:
‘ഓ.. എന്റെ ഏറ്റം പ്രിയങ്കരനായ ഈശോയുടെ വിലമതിക്കാനാകാത്ത തിരുരക്തമേ, ഞങ്ങളിലേക്ക് ഒഴുകിയിറങ്ങിയാലും. അതുവഴി സകലവിധ അനുഗ്രഹങ്ങളാലും ഞങ്ങള്‍ സമ്പന്നരാക്കപ്പെടട്ടെ, ആമ്മേന്‍.’