ഹെല്‍ഫ്റ്റാ നഗരത്തില്‍ ബെനെഡിക്റ്റന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു മഠത്തിലേക്ക് അഞ്ചാമത്തെ വയസ്സില്‍ ആ പെണ്‍കുട്ടി അയക്കപ്പെട്ടു. അന്നത്തെ ഒരു പതിവായിരുന്നു അത്. വിശുദ്ധയായ മെറ്റില്‍ഡയുടെ മേല്‍നോട്ടത്തില്‍ പുതിയ അംഗമായ അഞ്ചുവയസുകാരി പരിശീലനം നേടി വളര്‍ന്നു. വിശുദ്ധിക്കും ജ്ഞാനസമ്പാദനത്തിനും പേരുകേട്ട സഭാസമൂഹമായിരുന്നു അത്.
അവളുടെ സൂക്ഷ്മമായ ഓര്‍മ്മശക്തിയും ബുദ്ധികൂര്‍മതയും എല്ലാവരെയും ആകര്‍ഷിച്ചു. ലാറ്റിന്‍ ഭാഷ പഠിക്കുന്നതില്‍ അതിസമര്‍ത്ഥയായിരുന്നു അവള്‍. പില്ക്കാലത്ത് തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും മികച്ച അറിവ് നേടി. സന്യാസിനി ആകാന്‍തക്ക പ്രായമായപ്പോള്‍ ബനഡിക്റ്റന്‍ സമൂഹത്തിലേക്ക് മഠാധിപയുടെ ക്ഷണം. അത് സ്വീകരിച്ച് അവള്‍ സന്യാസിനിയായി. സഭാനിയമങ്ങള്‍ വിശ്വസ്തതയോടെ പാലിക്കാന്‍ വിശുദ്ധ മെറ്റില്‍ഡായില്‍നിന്ന് പരിശീലനവും നേടി. വ്യാകരണത്തിലും സാഹിത്യത്തിലും ഉന്നതി നേടാനായിരുന്നു അവളുടെ ആഗ്രഹം. 26 വയസ്സുവരെ ആ യുവസന്യാസിനിയുടെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നു. എന്നാല്‍ യേശുവിന്റെ ഒരു ദര്‍ശനം അവളുടെ ജീവിതത്തെ ആകെ മാറ്റിമറിച്ചു.
1281 ജനുവരി 27-നായിരുന്നു ആ സംഭവം. യുവാവായ ഈശോ അവള്‍ക്ക് പ്രത്യക്ഷപ്പെട്ട് കരം പിടിച്ചുകൊണ്ടു പറഞ്ഞു, ‘ഭയപ്പെടേണ്ട. എന്നിലേക്ക് തിരിച്ചു വരിക, ആനന്ദത്തിന്റെ അരുവിയില്‍നിന്ന് നീ പാനം ചെയ്യും.’ ഈശോയുടെ അടുത്തിരുന്ന് ആ കയ്യിലെ തിരുമുറിവിലേക്ക് അവള്‍ നോക്കി. അപ്പോള്‍മുതല്‍ ആ സ്‌നേഹത്തില്‍ മുഴുകിപ്പോയ അവള്‍ പിന്നീട് ഓരോ ദിവസവും ആ സ്‌നേഹത്തില്‍ വളരാന്‍ യത്‌നിച്ച് എരിഞ്ഞുകൊണ്ടിരുന്നു. 26-ാം വയസില്‍ പുതിയ ഒരു ജീവിതം ആരംഭിച്ച ആ സന്യാസിനിയായിരുന്നു വിശുദ്ധ ജര്‍ത്രൂദ്. 1256 ജനുവരി 6-ന് ജര്‍മ്മനിയിലെ സാക്‌സണിയിലായിരുന്നു ജര്‍ത്രൂദിന്റെ ജനനം.
അതുവരെയുള്ള ജീവിതം 26-ാം വയസില്‍ മാറിമറിഞ്ഞതോടെ ലൗകികജ്ഞാനസമ്പാദനത്തിനുള്ള ആഗ്രഹം ഉപേക്ഷിച്ച് അവള്‍ ധ്യാനത്തില്‍ മുഴുകി. പിന്നീട് തിരുവചനങ്ങളും സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രപരമായ പ്രബന്ധങ്ങളും പഠിക്കുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തു. യേശുവിന്റെ പീഡാനുഭവങ്ങളോട് പ്രത്യേകഭക്തി പുലര്‍ത്തിയിരുന്നു. വിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവളുടെ സ്‌നേഹത്തില്‍ ആ ഭക്തി പ്രകടമായി. കൂടെക്കൂടെ അവള്‍ ദിവ്യകാരുണ്യം സ്വീകരിച്ചു.
ഒരിക്കല്‍ ദര്‍ശനത്തില്‍ ഈശോയെയാണ് ബലിയര്‍പ്പകനായി കണ്ടത്. ഈശോയോടുള്ള സ്‌നേഹം മൂലം പരിശുദ്ധ അമ്മയോടും ജര്‍ത്രൂദ് അളവില്ലാത്ത ഭക്തിയും സ്‌നേഹവും പുലര്‍ത്തി. ‘നിന്റെ സംരക്ഷകയായി ഞാന്‍ എന്റെ അമ്മയെ നിനക്ക് തരുന്നു. നിന്നെ അവളുടെ സംരക്ഷണത്തിന് വിശ്വസിച്ചേല്പിക്കുന്നു.’ ഈശോ അവളോട് പറഞ്ഞത് ഇങ്ങനെയാണ്. പരിശുദ്ധ അമ്മയുടെ ഓരോ തിരുനാളും അവള്‍ക്ക് സ്‌നേഹം പ്രകടിപ്പിക്കാനുള്ള സന്ദര്‍ഭങ്ങളായി. ആ ദിവസങ്ങളില്‍ അമ്മയെ ദര്‍ശനങ്ങളില്‍ കാണാനും കഴിഞ്ഞു.
പല വിശുദ്ധരും അവളെ പുണ്യജീവിതത്തില്‍ വളരാന്‍ സഹായിച്ചു. അതില്‍ ഒരനുഭവം ഇപ്രകാരമായിരുന്നു: ഈശോയുടെ പ്രിയശിഷ്യനായ യോഹന്നാന്റെ തിരുനാള്‍ദിനം. അന്ന് യോഹന്നാന്‍ ശ്ലീഹ അവളെ ക്ഷണിച്ചത് നമ്മുടെ കര്‍ത്താവിന്റെ ഹൃദയത്തില്‍ തലചായ്ച്ചു വിശ്രമിക്കാനാണ്. അവള്‍ വിശുദ്ധ യോഹന്നാനോട് ചോദിച്ചു, എന്തുകൊണ്ടാണ് ഈശോയുടെ തിരുഹൃദയത്തെ പറ്റി സുവിശേഷത്തില്‍ ഒന്നും എഴുതാതിരുന്നതെന്ന്. ‘ഞാന്‍ ആ ദൈവികമായ ഹൃദയമിടിപ്പുകളുടെ മാധുര്യത്തെപ്പറ്റി ഇതുവരെയും സൂചിപ്പിച്ചിട്ടില്ല’ എന്നായിരുന്നു യോഹന്നാന്‍ ശ്ലീഹായുടെ മറുപടി. യേശുവിന്റെ തിരുഹൃദയത്തോട് വിശുദ്ധ ജര്‍ത്രൂദിനുണ്ടായിരുന്ന ഭക്തി തുറന്നുകാണിച്ച സംഭവമായിരുന്നു അത്.
ഈശോയെ അനുകരിക്കുന്നതും അവിടുത്തെ ഹിതം നിറവേറ്റുന്നതുമായിരുന്നു അവളുടെ ഏറ്റവും വലിയ ഇഷ്ടങ്ങള്‍. വിശുദ്ധ മെറ്റില്‍ഡയെപ്പോലെ ക്രിസ്തുവിന്റെ മണവാട്ടിയായി തന്നെത്തന്നെ കരുതുന്ന രീതിയിലുള്ള ആത്മീയത അവള്‍ പിന്തുടര്‍ന്നു. മരണക്കിടക്കയിലുള്ളവരെ അവള്‍ നല്ല മരണത്തിന് സഹായിച്ചു. മരിച്ച് ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന ആത്മാക്കളോട് പ്രത്യേക സ്‌നേഹം പ്രകടിപ്പിച്ചതിനാല്‍ അവരെ സഹായിക്കാനായി ഒരു സവിശേഷപ്രാര്‍ത്ഥന ഈശോ ജര്‍ത്രൂദിന് നല്കി.
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ആത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കും എന്റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കുമായി ഞാന്‍ കാഴ്ച വയ്ക്കുന്നു.
കര്‍ത്താവ് അവളോട് പറഞ്ഞു: ‘ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കള്‍ ശുദ്ധീകരണ സ്ഥലത്തുനിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കും.’
അവളുടെ രചനകളില്‍ മൂന്നെണ്ണം മാത്രമേ ലഭ്യമായിട്ടുള്ളു. Exercise എന്നു പേരുള്ള പുസ്തകത്തില്‍ സമര്‍പ്പിതജീവിതം എങ്ങനെ അനുഗ്രഹപ്രദമാക്കാമെന്ന് മറ്റ് സഹോദരിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളാണ്. Special Graceല്‍ പറയുന്നത് ദൈവം സിസ്റ്റര്‍ മെറ്റില്‍ഡക്കു കൊടുത്ത കൃപകളെക്കുറിച്ചാണ്. The Herald of Divine Love എന്ന പുസ്തകത്തിലാണ് അവള്‍ക്ക് ലഭിച്ച ഏതാനും ചില ദര്‍ശനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മേലധികാരിയോടുള്ള അനുസരണയെപ്രതിയും ഈശോയുടെ നിര്‍ദ്ദേശമനുസരിച്ചും എഴുതിയതാണത്. ഈശോയും മറിയവും അവളുടെ ആത്മാവുമായി സംവദിച്ചത് അതീവഭംഗിയോടെ അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയുടെ അളവറ്റ ആര്‍ദ്രസ്‌നേഹം വെളിപ്പെടുത്തുന്ന പ്രത്യാശയാണ് അതില്‍ മുഴുവന്‍.
45 വയസ്സായപ്പോഴേക്ക് ജര്‍ത്രൂദിന് വലിയ ക്ഷീണം അനുഭവപ്പെട്ടു. മരിച്ച് സ്വര്‍ഗ്ഗഭാഗ്യത്തിലേക്ക് പ്രവേശിക്കാന്‍ അവള്‍ക്ക് വലിയ ആഗ്രഹമാണെന്നറിയാവുന്ന ഈശോ അവളോട് ചോദിച്ചു, ‘നിനക്ക് ഇപ്പോള്‍ മരിക്കണോ അതോ നീണ്ട അസുഖത്തിന് ശേഷം കുറേക്കൂടി യോഗ്യതകള്‍ സമ്പാദിച്ച് മരിക്കണോ?’
‘അങ്ങയുടെ ഹിതം പോലെ നടക്കട്ടെ’ എന്നായിരുന്നു ജര്‍ത്രൂദിന്റെ മറുപടി. അവള്‍ക്ക് സ്വന്തമായി ഒരിഷ്ടം ഇല്ലായിരുന്നു. കുറെ മാസങ്ങള്‍ നീണ്ടുനിന്ന സഹനത്തിനു ശേഷം 1302 നവംബര്‍ 17-ന് അവളെ സ്വര്‍ഗ്ഗീയമണവാളന്‍ നിത്യസമ്മാനത്തിനായി വിളിച്ചു. 1677-ല്‍ ഇന്നസെന്റ് 11-ാമന്‍ പാപ്പയാണ് ജര്‍ത്രൂദിനെ വിശുദ്ധയായി പ്രഖ്യാപിച്ചത്. മഹതിയായ വിശുദ്ധ ജര്‍ത്രൂദ് (Saint Gertrude the Great) എന്ന സവിശേഷപദവിയും ഈ പുണ്യവതിക്ക് ലഭിച്ചിട്ടുണ്ട്. നവംബര്‍ 16 ആണ് തിരുനാള്‍ദിനം.