വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു? – Shalom Times Shalom Times |
Welcome to Shalom Times

വീഴ്ചയ്ക്കുശേഷം എന്ത് സംഭവിക്കുന്നു?

ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുകയും ദൈവത്തില്‍ ശരണപ്പെടുകയും ചെയ്താല്‍ വീഴുമ്പോള്‍ അയാള്‍ ആകെ അമ്പരപ്പിലാവില്ല, കഠിനമായ വേദനയിലാവുകയുമില്ല. കാരണം തന്റെ ശക്തിക്കുറവാണ് അതിന് കാരണം എന്ന് അയാള്‍ മനസിലാക്കുന്നു. ദൈവത്തിലുള്ള ശരണക്കുറവിന്റെ ഉദാഹരണമാണ് അതെന്നും തിരിച്ചറിയുന്നു. അതുകൊണ്ട് ആ വീഴ്ച അയാള്‍ക്ക് തന്നില്‍ത്തന്നെയുള്ള അവിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. തന്റെ ദൈവശരണം ആഴമുള്ളതും ശക്തവുമാക്കാന്‍ കൂടുതല്‍ പ്രയത്‌നിക്കുന്നതിന് അതയാളെ പ്രേരിപ്പിക്കുന്നു.

തന്റെ വീഴ്ചക്ക് കാരണമായ ആസക്തികളെ വെറുക്കുന്നതിനൊപ്പം ദൈവത്തെ വേദനിപ്പിച്ചതില്‍ പശ്ചാത്തപിക്കുന്നതിന് ശാന്തമായി ശ്രമിക്കുന്നു. കൂടുതല്‍ ശരണത്തോടെ മരണംവരെയും കൂടുതല്‍ ധൈര്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും അയാള്‍ ശത്രുക്കളെ പിന്‍ചെന്ന് തോല്‍പിക്കുന്നു.
എന്നാല്‍ തന്നില്‍ത്തന്നെ ആശ്രയിക്കുന്ന ഒരു വ്യക്തി, തനിക്ക് അങ്ങനെയൊരു മനോഭാവം ഇല്ലെന്നും ദൈവത്തിലാണ് പൂര്‍ണമായും ശരണം വച്ചിരിക്കുന്നതെന്നും കരുതുക സാധാരണമാണ്.

എന്നാല്‍ തങ്ങള്‍ക്ക് വീഴ്ച ഉണ്ടാകുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും തങ്ങളിലെന്താണ് ഉള്ളതെന്നും വിലയിരുത്താനായാല്‍ ഇക്കാര്യം അവര്‍ക്കുതന്നെ മനസിലാക്കാവുന്നതാണ്. വീഴ്ചയില്‍ സ്വയം വേദനിക്കുകയും സ്വയം കുറ്റപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് ‘ഞാന്‍ എന്റെ വീഴ്ചയുടെ പ്രത്യാഘാതങ്ങള്‍ മായിച്ചുകളയും, വീണ്ടും നേരെയാവും’ എന്നാണ്. വീഴ്ചയ്ക്കുമുമ്പ് അവര്‍ തന്നില്‍ത്തന്നെ ആശ്രയിച്ചിരുന്നു എന്നതിന് തെളിവാണത്.

വേദന കഠിനമാണെങ്കില്‍ അവര്‍ ദൈവത്തില്‍ വളരെ കുറച്ചും തങ്ങളില്‍ കൂടുതലും ആശ്രയിച്ചിരുന്നു എന്നതിന്റെ തെളിവാണത്. വേദനയില്‍നിന്ന് രക്ഷപ്പെടുന്നതിന് ആത്മീയപിതാവിന്റെ പക്കലേക്ക് ഓടുന്നു. എന്നാല്‍ വീഴ്ചയ്ക്കുശേഷം എത്രയും പെട്ടെന്ന് അനുതാപത്തോടെ കുമ്പസാരിക്കുകയും ദൈവത്തെ വേദനിപ്പിച്ച പാപത്തിന്റെ കളങ്കം കഴുകിക്കളയുകയും തങ്ങളോടുതന്നെ പോരാടുന്നതിന് പുതിയ കരുത്ത് ആര്‍ജിക്കുകയുമാണ് വേണ്ടത്.

‘അദൃശ്യപോരാട്ടം’