ടൂര്‍ പോകാനും ബഹളം വയ്ക്കാനും എനിക്ക് അത്യാവശ്യം ഇഷ്ടമാണ്. ആദ്യമായി ഞാന്‍ മലയാറ്റൂരില്‍ പോയത് എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു. ഇടവകദൈവാലയത്തില്‍നിന്ന് ക്രമീകരിച്ച യാത്ര. ട്രക്കിങ്ങ് ഇഷ്ടമായതുകൊണ്ട്, സംഭവം എനിക്ക് നന്നായി പിടിച്ചു. അടുത്ത രണ്ട് കൊല്ലം കൂടി പോയി. വലിയ ലക്ഷ്യങ്ങള്‍ ഒന്നും ഇല്ല. മത്സരം വച്ച് മല കയറുക. കുറെ നേരം മുകളില്‍ ഇരുന്ന് കാറ്റ് കൊള്ളുക. മത്സരം വച്ച് മല ഇറങ്ങുക.
പിന്നെ, എല്ലാത്തിന്റെയും ക്ലൈമാക്‌സ് ആയി, വെളുപ്പിന് അടിവാരത്ത് വെളളത്തില്‍ ഇറങ്ങി കുളിക്കുക. കിടു പാക്കേജ് അല്ലേ! അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള മൂന്ന് കൊല്ലം അടുപ്പിച്ച് പോയി. പിന്നെ പ്ലസ് വണ്‍, പ്ലസ് ടു കാലമായപ്പോള്‍, പഠനത്തിന്റെ തിരക്ക് വന്നതുകൊണ്ട് തത്കാലം ഇതില്‍നിന്നെല്ലാം മാറി.
പിന്നീട് നവീകരണത്തിലേക്ക് വന്നതിനുശേഷമാണ്, പ്രാര്‍ത്ഥനാ ചൈതന്യത്തോടെ മല കയറാന്‍ തുടങ്ങിയത്. കുരിശിന്റെ വഴി ചൊല്ലി, ത്യാഗമനോഭാവത്തോടെ മല കയറി, കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് മല ഇറങ്ങുക. നിയോഗങ്ങള്‍ ഒക്കെ ഏറ്റുപറഞ്ഞ് മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് ചെയ്യുമ്പോള്‍ മനസ് നവീകരിക്കപ്പെടും, തീര്‍ച്ച…
ഇങ്ങനെ മല കയറുമ്പോഴാണ്, സ്വഭാവത്തില്‍ ചെറുതായിട്ടെങ്കിലും മാറ്റം വരുക. ഞാന്‍ ആദ്യം പൊയ്‌ക്കൊണ്ടിരുന്നപോല്‍ ആണെങ്കില്‍, യോഹന്നാനില്‍നിന്ന് സ്‌നാനമേല്‍ക്കാന്‍ വന്ന ഫരിസേയരും സദുക്കായരും ഞാനും തമ്മില്‍ വ്യത്യാസം ഒന്നും ഇല്ല. യോഹന്നാന്റെ സ്‌നാനം സ്വീകരിക്കാന്‍ അവരും ഓടി എത്തി. പക്ഷേ മാനസാന്തരം ഇല്ല, ഫലവും ഇല്ല. അവരോട് സ്‌നാപകന്‍ പറഞ്ഞത് ”മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കുവിന്‍” (മത്തായി 3/8) എന്നാണ്.
അനുതാപത്തിന്റെ സ്‌നാനം സ്വീകരിച്ച് മാനസാന്തരത്തിന്റെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരായി മാറാം.
ഫാ. ജോസഫ് അലക്‌സ്