Whatsapp & ഫോട്ടോസ്‌ – Shalom Times Shalom Times |
Welcome to Shalom Times

Whatsapp & ഫോട്ടോസ്‌

ഡ്യൂട്ടി കഴിഞ്ഞു മുറിയില്‍ എത്തിയപ്പോള്‍ പ്രതീക്ഷിക്കാത്ത ഒരു വാട്ട്‌സാപ്പ് സന്ദേശം- ”സിസ്റ്റര്‍ ബെല്ലയെ വെന്റിലേറ്ററിലേക്ക് മാറ്റണം എന്ന് ഡോക്ടര്‍ പറയുന്നു ചേച്ചീ!” അത് വായിച്ചപ്പോള്‍ ശരീരം ആകെ തളര്‍ന്നു പോകുന്ന അവസ്ഥ. എന്ത് ചെയ്യണം എന്ന് ഒരു പിടിയുമില്ല.
ബെല്ല സിസ്റ്റര്‍ മുംബൈയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഇന്‍ചാര്‍ജ് നേഴ്‌സ് ആണ്. ഏകസ്ഥ, എന്റെ ഒരു റോള്‍ മോഡല്‍. സത്യസന്ധതക്കും ആത്മാര്‍ത്ഥതക്കും സമര്‍പ്പണത്തിനും എല്ലാം മറ്റൊരു മുഖം എനിക്ക് തേടേണ്ടി വന്നിട്ടില്ല.
അമ്മയെപ്പോലെ ഞാന്‍ സ്‌നേഹിക്കുന്ന ബെല്ലാമ്മ വെന്റിലേറ്ററിലേക്ക് നീങ്ങുകയാണെന്നുകേട്ടപ്പോള്‍ ഒന്നും നോക്കിയില്ല. പന്ത്രണ്ടു മണിക്കൂര്‍ ജോലി കഴിഞ്ഞു വന്നതാണ് തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങള്‍ അവധിയും. പെട്ടന്നുതന്നെ ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്തു. കൂടെ താമസിക്കുന്ന സുഹൃത്തിനൊപ്പം ദുബായില്‍നിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ചു. ഞങ്ങള്‍ രണ്ടുപേരും കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
ആശുപത്രിയില്‍ എത്തിയയുടന്‍ ഐ.സി.യുവിലേക്ക് ഓടുകയാണ്. ബെല്ലാമ്മയുടെ കട്ടിലിനടുത്തേക്ക് നടന്നടുക്കുമ്പോള്‍ കണ്ണുനീര്‍ നിലക്കാതെ ഒഴുകി. എന്റെ സുഹൃത്തും ജൂനിയര്‍ സ്റ്റാഫും ഒപ്പം ഉണ്ട്. എന്നെ താങ്ങിപ്പിടിച്ചു ബെല്ലാമ്മയുടെ കിടക്കയ്ക്കരികില്‍ കൊണ്ടുപോയത് അവരാണ്. ബെല്ലാമ്മയുടെ കാലില്‍ പിടിച്ചു കൊണ്ട് ഞാന്‍ വാവിട്ടു കരഞ്ഞു. ക’േ ൊല ്യീൗൃ അിി. ജഹലമലെ ീുലി ്യീൗൃ ല്യല.െ..
എന്റെ നിലവിളിക്ക് ബെല്ലാമ്മ പ്രതികരിച്ചില്ല. ഡോക്ടര്‍ എന്റെ അടുത്ത് വന്നു, ”48 മണിക്കൂര്‍ കഴിയാതെ ഒന്നും പറയാന്‍ കഴിയില്ല. ദൈവത്തോട് പ്രാര്‍ത്ഥിക്കുക. ഞങ്ങള്‍ മാക്‌സിമം പരിശ്രമിക്കുന്നുണ്ട്.”
കഠിന പരീക്ഷണങ്ങളിലൂടെ നടന്നപ്പോഴെല്ലാം ദൈവകരുണയുടെ ജപമാല എനിക്ക് വലിയ വിസ്മയങ്ങള്‍ ഒരുക്കിയിട്ടുള്ളത് ഞാന്‍ ഓര്‍ത്തു. കയ്യില്‍ കരുതിയിരുന്ന ഒരു ജപമാല തലയിണക്ക് കീഴെ വച്ചു. ദൈവകരുണയുടെ ഒരു ഛായാചിത്രം കട്ടിലിനടുത്ത് ബെല്ലാമ്മയുടെ മുഖത്തിന് അഭിമുഖമായി ഒട്ടിച്ചു വച്ചു.
കരുണയുടെ ഛായാചിത്രത്തെ കുറിച്ച് ഈശോ വിശുദ്ധ ഫൗസ്റ്റീനയോട് വെളിപ്പെടുത്തിയിട്ടുള്ളത് ഇപ്രകാരമാണ്: ”ഈ ചിത്രത്തിലുള്ള എന്റെ നോട്ടം കുരിശിലെ എന്റെ നോട്ടം പോലെയാണ്. കരുണയുടെ ഉറവിടത്തില്‍ നിന്ന് കൃപകള്‍ സ്വീകരിക്കാന്‍ സമീപിക്കേണ്ട ഒരു പാത്രമാണ് ഞാന്‍ മനുഷ്യര്‍ക്ക് നല്‍കുന്നത്. ആ പാത്രം ‘ഈശോയേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു’ എന്ന കയ്യൊപ്പോടുകൂടിയ ഈ ചിത്രമാണ്. ഈ ചിത്രം ലോകം മുഴുവനിലും വണങ്ങപ്പെടണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ ഛായാചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചു പോവുകയില്ലെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഈ ലോകജീവിതത്തിലും പ്രത്യേകിച്ച് മരണസമയത്തും ആ ആത്മാവിന് ശത്രുക്കളുടെമേല്‍ വിജയം നല്‍കുമെന്നുകൂടി ഞാന്‍ വാഗ്ദാനം ചെയ്യുന്നു. എന്റെ സ്വന്തം മഹത്വമായി ഞാന്‍ അതിനെ സംരക്ഷിക്കും.”
കട്ടിലിനടുത്ത് സിസ്റ്ററിന്റെ കാതുകള്‍ക്കരികില്‍ കസേരയില്‍ ഞാന്‍ ഇരുന്നു. കരുണയുടെ ജപമാല തുടര്‍ച്ചയായി ജപിച്ചുകൊണ്ടിരുന്നു. ഒപ്പം സങ്കീര്‍ത്തനം 51 ആവര്‍ത്തിച്ച് ഏറ്റുചൊല്ലി പ്രാര്‍ത്ഥിച്ചു. ദൈവകരുണക്ക് വേണ്ടിയുള്ള സങ്കീര്‍ത്തനം. ഭക്ഷണംപോലും കഴിക്കാന്‍ മറന്നു പോയി. നേരം സന്ധ്യയോടടുത്തു. ആശുപത്രിയോട് ചേര്‍ന്നുള്ള ദിവ്യകാരുണ്യ ആരാധന ചാപ്പലില്‍ കുറച്ചു നേരം പോയിരുന്നു. ചാപ്പലില്‍നിന്നിറങ്ങുമ്പോള്‍ അവിടുത്തെ വൈദികനെ കണ്ടു. അത്യാസന്ന നിലയിലുള്ള ഒരു രോഗിക്ക് ആശുപത്രിയില്‍ വന്നു പരിശുദ്ധ കുര്‍ബ്ബാനയും രോഗീലേപനവും നല്‍കാമോ എന്ന് ചോദിച്ചു. അദ്ദേഹം വന്നു. ഞാനും എന്റെ സുഹൃത്തുംകൂടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചു. വൈദികന്‍ പ്രാര്‍ത്ഥനകള്‍ക്കും ആശീര്‍വാദത്തിനും ഒടുവില്‍ തിരുവോസ്തി വെള്ളത്തില്‍ പൊടിച്ചിട്ട് ഒരു സിറിഞ്ചിലൂടെ മൂക്കിലെ ട്യൂബ് വഴി ബെല്ലാമ്മക്കു കൊടുത്തു.
തൊട്ടടുത്ത ദിവസം തിരിച്ചുപോരണം. നെഞ്ചിന്റെ എക്‌സ്‌റേ വളരെ മോശം അവസ്ഥയിലാണ്. പ്രതീക്ഷകള്‍ക്ക് വകയില്ലെന്ന് പലരും പറഞ്ഞു. ഒടുവില്‍ ബെല്ലാമ്മയുടെ കൈകള്‍ എന്റെ ശിരസ്സില്‍ വച്ച് അനുഗ്രഹം വാങ്ങി കവിളുകളില്‍ കണ്ണുനീരിന്റെ ചുംബനം നല്‍കി പടിയിറങ്ങുമ്പോള്‍ ദൈവകരുണയുടെ ചിത്രത്തിലെ ഈശോയോട് ഒരു വാക്ക്. എനിക്ക് തിരിച്ചു തരണം എന്റെ ബെല്ലാമ്മയെ! ദൈവവചനം ഈശോയെ ഓര്‍മിപ്പിച്ചു- ”മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം (റോമാ 9/ 16).
മനസ്സ് വല്ലാതെ ഭാരപ്പെട്ടിരിക്കുന്നു. ഇതൊന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഒരു പനി വന്നതാണ്. പക്ഷേ ഇത്രക്കും ഭയാനകമായി തീരുമെന്ന് ആരും കരുതിയില്ല. തിരിച്ച് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തി. മൊബൈലില്‍ ഒരു വാട്ട്‌സാപ്പ് സന്ദേശം. ബെല്ലാമ്മയുടെ നെഞ്ചിന്റെ എക്‌സ്‌റേ ചിത്രം ആണ്. അതിനു താഴെ ഒരു കുറിപ്പും. ”ചേച്ചി പോയ ശേഷം എടുത്ത എക്‌സ്‌റേ ആണ്.” എന്റെ കണ്ണുകള്‍ നിറഞ്ഞു. കാരണം അതില്‍ ശ്വാസകോശത്തിലെ ഇന്‍ഫെക്ഷന്‍ കുറഞ്ഞിട്ടുണ്ട്. ഈശോക്ക് നന്ദി പറഞ്ഞു. മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ ഈശോ ബെല്ലാമ്മയെ വെന്റിലേറ്ററിനു പുറത്തു കൊണ്ട് വന്നു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ആയി വീട്ടില്‍ എത്തി.
ആ വര്‍ഷത്തെ അവധിക്കാലത്ത് ഞാന്‍ ബെല്ലാമ്മയുടെ വീട്ടില്‍ രണ്ടു ദിവസം ചെലവഴിച്ചു. അവര്‍ പറഞ്ഞു.”ദെവം എന്നെ രക്ഷിക്കാന്‍ നിന്നെ തിരഞ്ഞെടുത്ത് അയച്ചതാണ്. മരുന്നുകളെക്കാള്‍ എന്നില്‍ പ്രവര്‍ത്തിച്ചത് ദൈവകരുണയാണ്.” പരിശുദ്ധ കുര്‍ബ്ബാനയുടെ ശക്തി ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു, തിരുവചനം ഞാന്‍ ഓര്‍മിച്ചു. ”സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍ നിന്നു ഭക്ഷിച്ചാല്‍ അവന്‍ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6/51).

ആന്‍ മരിയ ക്രിസ്റ്റീന