കുറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ്. യേശു ആരെന്നോ,
ബൈബിള്‍ എന്താണെന്നോ, വലിയ ധാരണയില്ലാത്ത
കാലം. തൃശൂരിലെ തിരക്ക് കുറഞ്ഞ ഒരു വഴിയിലൂടെ പോകുമ്പോള്‍ മതിലില്‍ എഴുതിവച്ചിരുന്ന ഒരു വാചകം ശ്രദ്ധിക്കാനിടയായി. ”ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാന്‍ വന്നിരിക്കുന്നത് നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ്.” അത് ഒരു കോളേജിന്റെ മതിലായിരുന്നു. ക്രൈസ്തവികതയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത എനിക്ക് ആ വാക്ക് എന്തുകൊണ്ടോ, ഹൃദ്യമായി അനുഭവപ്പെട്ടു.
ആരോഗ്യമുള്ളവര്‍ക്കും സൗന്ദര്യമുള്ളവര്‍ക്കും കരുത്തുള്ളവര്‍ക്കുമൊക്കെവേണ്ടി ഒരുപാട് പേര്‍ വരുമ്പോള്‍ ഈ വാക്കുകള്‍ വ്യത്യസ്തമാകുന്നു. രോഗികളെത്തേടി വരുന്നതിനെക്കുറിച്ചും പാപികളെത്തേടി വരുന്നതിനെക്കുറിച്ചുമാണല്ലോ അവിടെ പറയുന്നത്. പിന്നീടാണ് ഈ വചനഭാഗം മര്‍ക്കോസിന്റെ സുവിശേഷം 2/17 ആണെന്ന് മനസിലായത്.
ഈ മതിലെഴുത്തിലൊക്കെ വല്ല കാര്യവുമുണ്ടോ? ഉണ്ടെന്നാണ് എന്റെ പക്ഷം. കാരണം ”അങ്ങയുടെ വചനം
എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.” (സങ്കീര്‍ത്തനങ്ങള്‍ 119/ 105) എന്നതുതന്നെ.
പില്ക്കാലത്ത് ആദ്യമായി വേദപുസ്തകം പ്രാര്‍ത്ഥനയോടെ കൈയിലെടുക്കുന്ന അനുഭവം ഒരു കാന്‍സര്‍ ആശുപത്രിയില്‍ വച്ചാണ് ഉണ്ടാവുന്നത്. രോഗിയായ പിതാവിനെ ശുശ്രൂഷിക്കാന്‍ ആ കാന്‍സര്‍ ആശുപത്രിയില്‍ എത്തിപ്പെട്ട ഒന്നാം ദിവസമായിരുന്നു അത്.
പരിഭ്രാന്തിയും നിസ്സഹായതയും നിറഞ്ഞ ആ മദ്ധ്യാഹ്നത്തില്‍ പുരുഷന്‍മാരുടെ ജനറല്‍ വാര്‍ഡില്‍നിന്ന് വീര്‍പ്പുമുട്ടലൊഴിവാക്കാന്‍ ഇറങ്ങി നടന്നതാണ്. വളരെ യാദൃച്ഛികമായി ഒരു കുഞ്ഞുദൈവാലയത്തിലേക്കുള്ള സൂചനാ ബോര്‍ഡ് കാണാനിടയായി. പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ കയറിച്ചെന്നു. പ്രാര്‍ത്ഥിക്കാനൊന്നും തോന്നുന്നില്ല. ക്രൂശിതരൂപത്തിലേക്ക് കുറച്ച് നേരം നോക്കിയിരുന്നു. മടങ്ങാന്‍ നേരത്താണ് ശ്രദ്ധിച്ചത്; ഉപയോഗിച്ച് പഴകിയ ഒരു കറുത്തുതടിച്ച പുസ്തകം. ചിലരൊക്കെ അത് എടുത്ത് ഭക്ത്യാദരങ്ങളോടെ വായിച്ചിട്ടാണ് മടങ്ങുന്നത്. ഞാനും ആ പുസ്തകം വെറുതെ തുറന്നു. അത് ബൈബിളാണെന്നൊന്നും അറിഞ്ഞിട്ടായിരുന്നില്ല അന്ന് അങ്ങനെ ചെയ്തത്. അന്ന് വായിച്ച ചില വാക്കുകള്‍ മനസ്സിലുടക്കി, ”സര്‍വജ്ഞാനവും കര്‍ത്താവില്‍നിന്ന് വരുന്നു…” ആ വചനങ്ങള്‍ എവിടെയാണെന്ന് പിന്നീടാണ് കണ്ടെത്തിയത്. പ്രഭാഷകന്‍ ആരംഭഭാഗം. അന്ന് നിന്ന നില്‍പില്‍ വായിച്ചതെല്ലാം പഴയ നിയമത്തില്‍നിന്നായിരുന്നു.
പിന്നീട് ആ ദൈവാലയത്തില്‍ ഇടയ്ക്കിടെ വരാനുള്ള പ്രചോദനമായത് ബൈബിളും ആ ക്രൂശിത രൂപവുമാണ്. ആദ്യം വായിച്ചു തുടങ്ങിയത് സങ്കീര്‍ത്തനപുസ്തകമായിരുന്നു. ഓരോ ദിവസവും കുറേശ്ശെ, കുറേശ്ശെയായി 150 സങ്കീര്‍ത്തനങ്ങളും തീര്‍ത്തതിനുശേഷമാണ് അടുത്ത പുസ്തകത്തിലേക്ക് കടന്നത്. അന്ന് പുതിയ നിയമം ആ ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത് ഉണ്ടെന്ന് അറിഞ്ഞതുപോലുമില്ല.
സങ്കടങ്ങളുടെ ഒരു കാലം അതിജീവിക്കാന്‍ ആ ആലയത്തിലെ നിശബ്ദ നിമിഷങ്ങള്‍ സഹായകരമായി. ജോഷ്വായോട് കര്‍ത്താവ് പറഞ്ഞത് ഇങ്ങനെയാണ്, ”ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും” (ജോഷ്വ 1/8).
അഭിവൃദ്ധിയുടെയും വിജയത്തിന്റെയും തീരത്തേക്ക് ന്യായപ്രമാണ ഗ്രന്ഥത്തോടുള്ള വിധേയത്വം നമ്മെ നയിക്കുകതന്നെ ചെയ്യും. ഒരു അനുഭവം കൂടി പങ്കുവയ്ക്കട്ടെ. വചനശുശ്രൂഷയ്ക്കായി ഒരു വിദേശരാജ്യത്തേക്കുള്ള ഫ്‌ളൈറ്റില്‍ യാത്ര ചെയ്യുകയാണ്. കൂടെയുള്ളത് ധ്യാനഗുരുവും സെമിനാരി അധ്യാപകനുമൊക്കെയായ ഡൊമിനിക്കന്‍ വൈദികന്‍ ഫാ. ജസ്റ്റസ് പോള്‍ ആണ്. അപ്രതീക്ഷിതമായി അദ്ദേഹം എന്നോട് ചോദിച്ചു, ”ബൈബിളില്‍ ഏറ്റവും ഇഷ്ടപ്പെട്ട വചനം ഏതാണ്?”’
യാതൊരു മുന്നൊരുക്കവുമില്ലാതിരുന്നിട്ടും പെട്ടെന്ന് മനസില്‍ വന്ന വചനമിതായിരുന്നു ഏശയ്യാ 49/15: ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാകുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല”’
എനിക്ക് ഇരുപത്തഞ്ച് വയസുള്ളപ്പോഴാണ് അച്ഛനുപിന്നാലെ, അമ്മയും മരിക്കുന്നത്. മരിക്കുന്നതിനു തൊട്ടു മുന്‍പത്തെ മാസം വരേയ്ക്കും കുളികഴിഞ്ഞ് വരുന്ന ഏകമകന്റെ തലതുവര്‍ത്തി കൊടുക്കാന്‍ അമ്മ വെമ്പല്‍ കൊള്ളുമായിരുന്നു. പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കില്ല എന്ന തിരുവെഴുത്ത് എനിക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാവണം.
ഒരിക്കല്‍ പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടയില്‍ ഫലിത പ്രിയനായ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത ജനങ്ങളോട് പറഞ്ഞു, ”നിങ്ങള്‍ വേദപുസ്തകം വായിക്കരുത്, മലയാള മനോരമ വായിക്കണം!”
ജനം അമ്പരന്ന് അദ്ദേഹത്തെ സൂക്ഷിച്ച് നോക്കി. അദ്ദേഹം സരസമായി തുടര്‍ന്നു: ”വേദപുസ്തകം
വായിക്കാനുള്ളതല്ല, ധ്യാനിക്കാനും പഠിക്കാനുമുള്ളതാണ്. ദിനപത്രമാകട്ടെ ആ ദിവസം മാത്രം വായിക്കാനുള്ളതും.”
വിശുദ്ധ പൗലോസിന്റെ ഈ വാക്കുകള്‍ ശ്രദ്ധിക്കാം, ”യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷ പ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധലിഖിതങ്ങള്‍ നീ ബാല്യംമുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു” (2 തിമോത്തിയോസ് 3/15-16).
സഭയുടെ യുവജന മതബോധന ഗ്രന്ഥമായ യു കാറ്റില്‍ ഇങ്ങനെ പഠിപ്പിക്കുന്നു: ”ദിവ്യകാരുണ്യത്തില്‍ ക്രിസ്തുവിന്റെ സാന്നിധ്യത്തെ സഭ ബഹുമാനിക്കുന്നതുകഴിഞ്ഞാല്‍, വിശുദ്ധലിഖിതത്തിലുള്ള ക്രിസ്തുവിന്റെ സാന്നിധ്യത്തെക്കാള്‍ കൂടുതലായി മറ്റൊന്നിനെയും സഭ അത്യാദരപൂര്‍വ്വം ബഹുമാനിക്കുന്നില്ല.” (ഥഛഡഇഅഠ 19). ദിവ്യകാരുണ്യം കഴിഞ്ഞാല്‍ ക്രിസ്തു സാന്നിധ്യം തൊട്ടറിയാവുന്ന ഇടം വിശുദ്ധ ഗ്രന്ഥമാണ്.
ജെയിംസ് മെറിറ്റ് എന്ന ബൈബിള്‍ പണ്ഡിതന്‍ പറയുന്നു: ”ബൈബിള്‍ വായിക്കുന്നതിന്റെ പ്രഥമ ഉദ്ദേശ്യം ദൈവത്തെ അറിയുക എന്നതാണ്, ബൈബിള്‍ അറിയുക എന്നതല്ല.” വിശുദ്ധ ലിഖിതങ്ങള്‍ നമ്മുടെ ഹൃദയങ്ങളെ തീ പിടിപ്പിക്കണം. കാരണം ഈശോ പറയുന്നു, ”ആത്മാവാണ് ജീവന്‍ നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന്‍ 6/63).
ശശി ഇമ്മാനുവല്‍