2021 സെപ്റ്റംബര്‍ ഒന്നാം തിയതി എനിക്ക് കോവിഡ് 19 ബാധിച്ചു. മണവും രുചിയും നഷ്ടപ്പെട്ടു. അതോടൊപ്പം കടുത്ത ശരീരവേദനയും തലവേദനയും ചുമയും. 14 ദിവസങ്ങള്‍ക്കുശേഷം നെഗറ്റീവായി. പക്ഷേ അതുകഴിഞ്ഞ് നാലു ദിവസമായിട്ടും പകലും രാത്രിയും ഉറങ്ങാന്‍ സാധിച്ചില്ല. മുമ്പ് കോവിഡ് വന്ന സുഹൃത്തുക്കളെയും പരിചയമുള്ള ഡോക്‌ടേഴ്‌സിനെയും വിളിച്ചുചോദിച്ചു. ഇത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രം ആണെന്നും ചിലര്‍ക്ക് ഉറക്കം തിരിച്ചുകിട്ടാന്‍ ആഴ്ചകള്‍ എടുക്കുമെന്നും ഉപദേശം കിട്ടി.
രാത്രിയുടെ യാമങ്ങള്‍ പകല്‍പോലെ. കണ്‍പോളകള്‍ ബലമായി അടച്ചുകിടന്നു. വ്യായാമം ചെയ്തുനോക്കി, യാതൊരു രക്ഷയുമില്ല. മനസ് അസ്വസ്ഥമാകാന്‍ തുടങ്ങി. ആ സമയത്താണ് സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസ് മാസികയില്‍ ഫാ. മാര്‍ക്ക് ഗോറിംഗ് നിര്‍ദേശിച്ച മൂന്ന് ലളിതമായ പ്രാര്‍ത്ഥനകള്‍ വായിച്ചത്.
അത്താഴത്തിനുശേഷം വിശ്വാസത്തോടും പ്രത്യാശയോടും കൊന്ത കൈയില്‍ എടുത്ത് ഓരോ പ്രാര്‍ത്ഥനയും പത്തുപ്രാവശ്യം വീതം ചൊല്ലുവാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, രണ്ടാമത്തെ പ്രാര്‍ത്ഥന തീരുംമുമ്പ് ഞാന്‍ ഉറങ്ങിപ്പോയി. അടുത്ത ദിവസം പ്രഭാതത്തിലാണ് ഞാന്‍ ഉണര്‍ന്നത്. അതിനുശേഷം ഇതുവരെ എനിക്ക് ഉറക്കമില്ലായ്മ ഉണ്ടായിട്ടില്ല.
പ്രഭാഷകന്‍ 51/12 ”അവിടുന്ന് എന്നെ നാശത്തില്‍നിന്നു രക്ഷിക്കുകയും ദുഃസ്ഥിതിയില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനാല്‍ ഞാന്‍ കര്‍ത്താവിന് നന്ദിയും സ്തുതിയും അര്‍പ്പിക്കും. കര്‍ത്താവിന്റെ നാമത്തെ ഞാന്‍ വാഴ്ത്തും.”
ഡോ. തോമസ് റ്റി. വാളംപറമ്പില്‍, ചങ്ങനാശേരി