”ഞാന്‍ അലക്‌സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചിരിക്കുന്നു എന്ന്.”
ഒരു കൊച്ചുവിശുദ്ധയുടെ മരണമൊഴിയാണ് ഞാന്‍ മുകളില്‍ കുറിച്ചിരിക്കുന്നത് – മരിയ ഗൊരേത്തി! പന്ത്രണ്ടാമത്തെ വയസില്‍ യേശുവിനോടുള്ള സ്‌നേഹത്തെപ്രതി, തന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍വേണ്ടി രക്തസാക്ഷിണിയായിത്തീര്‍ന്നവള്‍! വിശുദ്ധി കാത്തുസൂക്ഷിക്കാന്‍വേണ്ടി പ്രാണത്യാഗം ചെയ്തു എന്നതിനെക്കാള്‍ ഉപരിയായി തന്റെ മരണത്തിനുമുമ്പ് തന്റെ ഘാതകനോട് പൂര്‍ണമായും ക്ഷമിച്ചു എന്നതിലാണ് അവളുടെ വിശുദ്ധിയുടെ ഉന്നതമായ അളവുകോല്‍ തിരുസഭ കണ്ടെത്തിയത്.
മരിയ ഗൊരേത്തിയുടെ പിതാവ് ഇറ്റലിയിലെ ഒരു ചെറുഗ്രാമത്തിലെ പാവപ്പെട്ട കര്‍ഷകനായിരുന്നു. ദാരിദ്ര്യം അവരെ കാര്‍ന്നു തിന്നിരുന്നുവെങ്കിലും ദൈവകല്പനകള്‍ പാലിച്ച് സമാധാനമായി ജീവിച്ചിരുന്ന ഒരു ദരിദ്ര സന്തുഷ്ടകുടുംബം. ഒമ്പതാം വയസില്‍ തന്റെ പിതാവ് മരിച്ചതോടെ മരിയയും കുടുംബവും ഉപജീവനത്തിനുവേണ്ടി ഇറ്റലിയിലെ മറ്റൊരു ഗ്രാമമായ ഫൊറിക്കോളിലേക്ക് മാറിത്താമസിച്ചു. അവിടെ ജീവാനി എന്ന ഒരു മനുഷ്യന്റെ വീട്ടില്‍ പകുതിസ്ഥലം വാടകയ്ക്ക് എടുത്താണ് മരിയയും കുടുംബവും താമസമാക്കിയത്. ജീവാനിയുടെ രണ്ടു പുത്രന്മാരില്‍ മൂത്തവനായ അലക്‌സാണ്ടറുടെ കാമാസക്തിയാണ് മരിയ ഗൊരേത്തിയെ കഠാരയ്ക്കിരയാക്കിയത്.
ഒരിക്കല്‍ മരിയ തന്റെ മുറിയിലിരുന്ന് ഒരു ഉടുപ്പിന്റെ കീറല്‍ തുന്നുകയായിരുന്നു. മരിയയുടെ അമ്മയും അലക്‌സാണ്ടറിന്റെ പിതാവും അവരവരുടേതായ പണിസ്ഥലങ്ങളിലുമായിരുന്നു. ആരുമില്ലാത്ത ഈ സമയം നോക്കി അലക്‌സാണ്ടര്‍ മരിയയെ സമീപിച്ച് തന്നോടൊത്ത് പാപം ചെയ്യാന്‍ മരിയയെ പ്രേരിപ്പിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും മരിയ പാപം ചെയ്യാന്‍ സമ്മതം മൂളിയില്ല. തന്നെ കടന്നുപിടിച്ച അലക്‌സാണ്ടറിനെ സര്‍വശക്തിയോടുംകൂടി തള്ളിമാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു: ”അരുത് അലക്‌സാണ്ടര്‍… ഇതു നിന്നെ നരകത്തിലെത്തിക്കും.” എത്ര ബലപ്രയോഗം നടത്തിയിട്ടും മരിയ വഴങ്ങുന്നില്ല എന്നു കണ്ടപ്പോള്‍ അലക്‌സാണ്ടര്‍ തന്റെ അരയില്‍ തിരുകിയിരുന്ന കഠാരയെടുത്ത് അവളുടെ മാറില്‍ ആഞ്ഞുകുത്തി. ഒന്നല്ല… രണ്ടല്ല… മൂന്നല്ല… പതിനാലു വട്ടം! മരണാസന്നയായ മരിയയെ മുറിയിലുപേക്ഷിച്ച് അവന്‍ ഓടിമറഞ്ഞു.
വിവരമറിഞ്ഞ മരിയയുടെ അമ്മയും അലക്‌സാണ്ടറിന്റെ പിതാവും ഓടിയെത്തി. അയല്‍ക്കാരുടെ സഹായത്തോടെ അവര്‍ മരിയയെ ആശുപത്രിയിലെത്തിച്ചു. അനസ്‌തേഷ്യ കൂടാതെ അത്യധികം വേദന നിറഞ്ഞ ശസ്ത്രക്രിയ. മരണവേദനയില്‍ പിടയുന്ന സമയത്ത് അവള്‍ തന്റെ ചുറ്റുപാടും നിന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പറഞ്ഞു ”ഞാന്‍ അലക്‌സാണ്ടറിനോട് ക്ഷമിച്ചുകഴിഞ്ഞു. നിങ്ങള്‍ പറയണം അലക്‌സാണ്ടറിനോട്, ഞാന്‍ അവനോട് പൂര്‍ണമായും ക്ഷമിച്ചുവെന്ന്…” അവള്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തു. ”ഒരിക്കലവന്‍ തന്റെ തെറ്റിനെക്കുറിച്ച് പശ്ചാത്തപിക്കും. ഞാന്‍ സ്വര്‍ഗത്തില്‍വച്ച് അവനെ കാണും.” വൈദ്യശാസ്ത്രത്തിന് മരിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. 1902 ജൂണ്‍ ആറാം തിയതി അവളുടെ ആത്മാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. മരിക്കുമ്പോള്‍ മരിയയ്ക്ക് പന്ത്രണ്ട് വയസായിരുന്നു.
അലക്‌സാണ്ടര്‍ പിടിക്കപ്പെട്ടു. കോടതി അവനെ മുപ്പതുവര്‍ഷത്തെ കഠിന തടവിന് വിധിച്ചു. ജയിലില്‍ തടവിലായിരുന്ന സമയത്ത് മരിയ ഗൊരേത്തി തന്റെ ഘാതകനായ അലക്‌സാണ്ടറിന് പ്രത്യക്ഷപ്പെട്ടു. താന്‍ അവനോട് പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞുവെന്നും സ്വര്‍ഗത്തില്‍വച്ച് അവനെ കാണുമെന്നും അവള്‍ അവനെ അറിയിച്ചു. ആ സന്ദര്‍ശനം അവനെ മാനസാന്തരപ്പെടുത്തി. അവന്‍ ആഴത്തില്‍ പശ്ചാത്തപിച്ചു. ജയില്‍ വിമോചിതനായ അവന്‍ നേരെ പോയത് മരിയയുടെ അമ്മയുടെ അടുത്തേക്കാണ്. ആ അമ്മയുടെ കാലില്‍ കെട്ടിപ്പിടിച്ച് മാപ്പു ചോദിച്ചു. ആ അമ്മയും അവനോട് ക്ഷമിച്ചു. അവള്‍ പറഞ്ഞു, ”മകനേ അലക്‌സാണ്ടര്‍, മരിയ നിന്നോട് പണ്ടേ ക്ഷമിച്ചുകഴിഞ്ഞു. ഞാനും നിന്നോട് ക്ഷമിക്കുന്നു.” ആ അമ്മ തന്റെ പ്രിയപുത്രിയുടെ ഘാതകനെ അനുഗ്രഹിച്ച് പറഞ്ഞയച്ചു. പൂര്‍ണ മാനസാന്തരത്തിന് വിധേയനായ അവന്‍ ഒരു സന്യാസ സഭയില്‍ ചേര്‍ന്നു. സന്യാസിയായി, ശേഷിച്ച തന്റെ ജീവിതം ക്രിസ്തുവിനുവേണ്ടി വേല ചെയ്തു.
കണ്ണീരോടെ… കൂപ്പുകൈകളോടെ…
1950 ജൂണ്‍ ഇരുപത്തിനാലാം തിയതിയായിരുന്നു മരിയയുടെ വിശുദ്ധ പദപ്രഖ്യാപനം. പീയൂസ് മാര്‍പാപ്പയാണ് ആ പ്രഖ്യാപനം നടത്തുന്നത്. വത്തിക്കാനില്‍ അനേകലക്ഷങ്ങള്‍ തടിച്ചുകൂടി. അക്കൂട്ടത്തില്‍ വിശുദ്ധപദപ്രഖ്യാപന ചടങ്ങുകളില്‍ തുടക്കം മുതല്‍ ഒടുക്കംവരെ മുട്ടിന്മേല്‍നിന്ന് കൈകള്‍ കൂപ്പി കണ്ണുനീര്‍ വാര്‍ത്തുകൊണ്ട് പങ്കുചേര്‍ന്ന ഒരു മനുഷ്യനുണ്ടായിരുന്നു. ആ മനുഷ്യന്‍ മറ്റാരുമല്ല – മരിയയുടെ ഘാതകനായ അലക്‌സാണ്ടര്‍… മരിയയുടെ നിരുപാധികമായ ക്ഷമയുടെ വാക്കുകള്‍ രൂപപ്പെടുത്തിയ മറ്റൊരു വിശുദ്ധന്‍!
കുരിശിലെ ക്ഷമ തികച്ചും നിരുപാധികം
കുരിശില്‍ മൂന്നാണികളിന്മേല്‍ പിടഞ്ഞു മരിക്കുന്ന സമയത്തുതന്നെ കൊന്നുകൊണ്ടിരിക്കുന്നവര്‍ക്കും തന്നെ കൊല്ലിച്ചവര്‍ക്കുംവേണ്ടി യേശു തന്റെ പിതാവിനോട് പ്രാര്‍ത്ഥിച്ചു. ”പിതാവേ, ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ!” ഈ ക്ഷമ പ്രധാനമായും രണ്ടുകൂട്ടര്‍ക്കുള്ള ക്ഷമയായിരുന്നു. തന്നെ തന്ത്രപൂര്‍വം കെണികളൊരുക്കി കൊല്ലിപ്പിച്ച പുരോഹിതഗണത്തിനും തന്നെ ക്രൂരമായി വധിച്ചുകൊണ്ട് ആഹ്ലാദിച്ചു തിമിര്‍ത്ത വിജാതീയ ഭടന്മാര്‍ക്കുമുള്ള നിരുപാധികമായ ക്ഷമ! ‘നിരുപാധികം’ എന്ന വാക്കിന് ഇവിടെ വളരെ പ്രസക്തിയുണ്ട്. കാരണം ഈ രണ്ടു കൂട്ടരും യേശുവിനോട് ക്ഷമ ചോദിക്കുന്നതായി എവിടെയും നാം കാണുന്നില്ല. അവരൊരിക്കലും ക്ഷമ ചോദിക്കാന്‍ യാതൊരു സാധ്യതയുമില്ല. അങ്ങനെയുള്ളവര്‍ക്ക് കൊടുക്കുന്ന ക്ഷമയാണ് നിരുപാധികമായ ക്ഷമ.
ചോദിച്ചാല്‍ മാത്രം നല്‍കുന്ന ക്ഷമ
ഒരിക്കല്‍ യേശു തന്റെ പ്രിയപ്പെട്ട ശിഷ്യരോട് ഇപ്രകാരം പറഞ്ഞു. ”നിന്റെ സഹോദരന്‍ തെറ്റു ചെയ്താല്‍ അവനെ ശാസിക്കുക. പശ്ചാത്തപിച്ചാല്‍ അവനോടു ക്ഷമിക്കുക. ദിവസത്തില്‍ ഏഴുപ്രാവശ്യം അവന്‍ നിനക്കെതിരായി പാപം ചെയ്യുകയും ഏഴു പ്രാവശ്യവും തിരിച്ചുവന്ന് ഞാന്‍ പശ്ചാത്തപിക്കുന്നുവെന്ന് പറയുകയും ചെയ്താല്‍ നീ അവനോടു ക്ഷമിക്കണം” (ലൂക്കാ 17/3-4). യേശുവിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ശിഷ്യന്മാര്‍ക്ക് സംശയമായി. ഏഴുപ്രാവശ്യം ഒരുവനോട് ക്ഷമിച്ചാല്‍ ക്ഷമ പൂര്‍ണമായോ എന്ന്. അവരുടെ സംശയം ദുരീകരിച്ചുകൊണ്ട് യേശു അവരോട് പറയുന്നു, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം എന്ന്. അതായത്, അസംഖ്യമായ വിധത്തില്‍ ക്ഷമ നല്‍കണമെന്ന്. പക്ഷേ യേശു പറഞ്ഞ ഈ ക്ഷമ നിരുപാധികമായ ക്ഷമയല്ല. ഇവിടെ ക്ഷമ കൊടുക്കുന്നതിനുമുമ്പൊരു പ്രക്രിയയുണ്ട്. അത് തെറ്റു ചെയ്തവന്റെ പശ്ചാത്താപവും ഏറ്റുപറച്ചിലുമാണ്. ഒരുപക്ഷേ നേരിട്ട് നമ്മളോട് ഏറ്റുപറഞ്ഞില്ലെങ്കിലും തെറ്റിപ്പോയി എന്നൊരു ഭാവമെങ്കിലും നമ്മളോട് തെറ്റു ചെയ്തവരുടെ മുഖത്തുകണ്ടാല്‍ നമുക്ക് ക്ഷമിക്കുക എളുപ്പമാണ്. എന്നാല്‍ യേശു തന്റെ കുരിശില്‍ കിടന്നുകൊണ്ട് തന്നെ കൊന്നുകൊണ്ടിരുന്നവര്‍ക്ക് കൊടുത്ത ക്ഷമ ‘തെറ്റിപ്പോയി’ എന്ന് അല്പംപോലും ചിന്തിക്കാത്തവര്‍ക്കും ഒരിക്കലും തന്നോട് ക്ഷമ ചോദിക്കാന്‍ അല്പംപോലും സാധ്യതയില്ലാത്തവര്‍ക്കും കൊടുത്ത ക്ഷമയാണ്. ആ ക്ഷമയാണ് നിരുപാധികമായ ക്ഷമ. അതാണ് മരിയ ഗൊരേത്തി എന്ന കൊച്ചുവിശുദ്ധയില്‍ പ്രതിഫലിച്ച നിരുപാധികമായ ക്ഷമ. ആ ക്ഷമയിലേക്കാണ് ഈ പീഡാനുഭവവാരത്തില്‍ നാമും നയിക്കപ്പെടേണ്ടത്.
ഈ കാത്തിരിപ്പ് ഫലം ചൂടണമെന്നില്ല
ക്ഷമായാചനം കേട്ടിട്ട് ക്ഷമ കൊടുക്കാനുള്ള നമ്മുടെ കാത്തിരിപ്പ് ഫലം ചൂടണമെന്നില്ല. യേശുവിനെ കൊലക്കു കൊടുത്ത പ്രധാന പുരോഹിതനായ കയ്യാഫാസും മറ്റു പുരോഹിത ശ്രേഷ്ഠന്മാരും കരുതിയത് യേശുവിനെ കൊല്ലിക്കുക എന്നത് തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും ഉത്തമമായ ദൈവശുശ്രൂഷയാണ് എന്നാണ്. തിരുവചനങ്ങള്‍ ഇതിന് സാക്ഷ്യം നല്‍കുന്നു. അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു ”നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ, ജനം മുഴുവനും നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നത് യുക്തമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നുമില്ല. അവന്‍ ഇത് സ്വമേധയാ പറഞ്ഞതല്ല. പ്രത്യുത ആ വര്‍ഷത്തെ പ്രധാന പുരോഹിതന്‍ എന്ന നിലയില്‍ ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്ന് പ്രവചിക്കുകയായിരുന്നു. ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒരുമിച്ചുകൂട്ടുന്നതിനുവേണ്ടിയും. അന്നുമുതല്‍ അവനെ വധിക്കാന്‍ അവര്‍ ആലോചിച്ചുകൊണ്ടിരുന്നു” (യോഹന്നാന്‍ 11/50-53).
യേശുവിന്റെ വധത്തില്‍ പങ്കാളികളായവരെല്ലാം കരുതിയത് തങ്ങള്‍ ചെയ്യുന്നത് ദൈവശുശ്രൂഷയാണെന്നാണ്. യേശു തന്റെ ശിഷ്യന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. ”നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിന് ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. അവര്‍ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് ഇതു ചെയ്യും” (യോഹന്നാന്‍ 16/2-3). ഇത്തരത്തിലുള്ളവരില്‍നിന്നും ഒരു ക്ഷമ ചോദിക്കല്‍ തികച്ചും അസാധ്യമാണ്. അത് കേട്ടിട്ട് ക്ഷമിക്കാന്‍വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പുകളും.
നമുക്കും സമാന അനുഭവങ്ങള്‍ ഉണ്ടായെന്നിരിക്കും. ദ്രോഹിച്ചവര്‍ ഒരു കാലത്തും ഒരുപക്ഷേ നമ്മളോട് ക്ഷമ ചോദിച്ചുവെന്നിരിക്കില്ല. അതിനാല്‍ ആ ക്ഷമായാചനത്തിനുവേണ്ടി കാത്തിരിക്കരുത്. ഇവിടെയാണ് കുരിശിലെ യേശുവിന്റെ നിരുപാധികമായ ക്ഷമയുടെ പ്രസക്തി. ഈ ക്ഷമ നമ്മെ പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്ക് നയിക്കും. പുനരുത്ഥാനം ചെയ്ത യേശുവിന്റെ കൈകാലുകളിലെ ശത്രുക്കളേല്‍പിച്ച മുറിവുകള്‍ തേജോപൂര്‍ണമായിരുന്നു. അത് ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുകയും സൗഖ്യപ്പെടുത്തുകയും ചെയ്യുന്ന മുറിവുകളായിരുന്നു. ”നമ്മുടെ തിന്മകള്‍ക്കുവേണ്ടി അവന്‍ മുറിവേല്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി അവന്‍ ക്ഷതമേല്പിക്കപ്പെട്ടു. അവന്റെമേലുള്ള ശിക്ഷ നമുക്ക് രക്ഷ നല്കി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു” (ഏശയ്യാ 53/5).
നമ്മെ ദ്രോഹിക്കുന്നവര്‍ക്ക് യേശു നല്‍കിയതുപോലുള്ള നിരുപാധികമായ ക്ഷമ നല്കി അവര്‍ നല്കുന്ന മുറിവുകളെ യേശുവിന്റെ തിരുമുറിവുകളോടു ചേര്‍ക്കാം. അപ്പോള്‍ നമ്മുടെ മുറിവുകളും ലോകത്തെ അനുഗ്രഹിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന മുറിവുകളായി മാറും. ദൈവശാസ്ത്രമോ തത്വശാസ്ത്രമോ ഉന്നത വേദപാഠങ്ങളോ ഒന്നുമറിഞ്ഞുകൂടാത്ത ഒന്നാംക്ലാസ്‌പോലും വിദ്യാഭ്യാസമില്ലാത്ത ദരിദ്രബാലികയായ വെറുമൊരു പന്ത്രണ്ടു വയസുകാരി നല്കിയ നിരുപാധികമായ ക്ഷമയുടെ അത്ഭുതസാക്ഷ്യം പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക് നമ്മെ കൈപിടിച്ചു നടത്തുന്ന ചൂണ്ടുപലകയായിത്തീരട്ടെ. നമ്മുടെ ജീവിതത്തില്‍ നമ്മെ മരണകരമായ വിധത്തില്‍ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന അലക്‌സാണ്ടറുമാരോട് ഈ കൊച്ചുവിശുദ്ധയോടൊത്ത് നമുക്കും പറയാം ”അലക്‌സാണ്ടറേ, ഞാന്‍ നിന്നോട് ക്ഷമിച്ചുകഴിഞ്ഞു.” നേരിട്ട് ഈ വാക്കുകള്‍ പലരോടും പറയാന്‍ നമുക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഇവിടെയും മരിയ ഗൊരേത്തി സ്വീകരിച്ച രീതിതന്നെ നമുക്കും സ്വീകരിക്കാം. അവള്‍ തന്റെ ചുറ്റുപാടുമുള്ളവരോട് പറഞ്ഞു ”നിങ്ങള്‍ പറയണം, അലക്‌സാണ്ടറിനോട് ഞാനവനോട് പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞുവെന്ന്.”
യേശുവിനെ ശക്തിപ്പെടുത്തിയ പരിശുദ്ധാത്മാവിനോട് നമ്മെയും ശക്തിപ്പെടുത്തുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. ഉത്ഥിതനായ കര്‍ത്താവ് നമ്മുടെ ജീവിതങ്ങളെയും കുടുംബങ്ങളെയും ഭരിക്കട്ടെ.
വായനക്കാര്‍ക്കെല്ലാം ഉയിര്‍പ്പു തിരുനാളിന്റെ മംഗളങ്ങള്‍! ‘ആവേ മരിയ’
സ്റ്റെല്ല ബെന്നി