ബ്രയാന്‍ ക്ഷണിച്ചത് കോഫി കുടിക്കാനായിരുന്നില്ല! – Shalom Times Shalom Times |
Welcome to Shalom Times

ബ്രയാന്‍ ക്ഷണിച്ചത് കോഫി കുടിക്കാനായിരുന്നില്ല!


അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. വൈകുന്നേരത്തെ ദിവ്യബലി കഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴാണ് ബ്രയാന്റെ ചോദ്യം, ”സിറ്റി സെന്‍ട്രല്‍ സ്ട്രീറ്റില്‍ പോരുന്നോ?” എന്തായാലും ഒരു കോഫി കുടിച്ചേക്കാം എന്ന് കരുതി ഞാന്‍ അദ്ദേഹത്തിനൊപ്പം ചെല്ലാം എന്ന് പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ കുറച്ച് നാളുകള്‍ക്കുമുമ്പ് ബ്രയാന്‍ വെല്‍ഷിനെ പരിചയപ്പെട്ടത്. ഒരു സാധാരണ കത്തോലിക്കന്‍ എന്ന് തോന്നിയിരുന്നു.
സിറ്റി സെന്‍ട്രലില്‍ എത്തിയപ്പോള്‍ എന്റെ ധാരണകളെല്ലാം തകിടം മറിഞ്ഞു. കാരണം സട്രീറ്റില്‍ എത്തിയ ഉടനെ ബ്രയാന്‍ കയ്യില്‍ ഇരുന്ന ക്രൂശിതരൂപം ഉയര്‍ത്തിപ്പിടിച്ച് ‘റീപെന്റ്, പ്ലീഡ് മേഴ്‌സി ഫ്രം ഗോഡ്’ (പശ്ചാത്തപിക്കുവിന്‍… ദൈവകരുണ യാചിക്കുവിന്‍)’ എന്ന് ഉറക്കെ പറഞ്ഞു കൊണ്ട് നടക്കുന്നു, ഇടയ്ക്ക് വഴിയില്‍ കാണുന്ന ആളുകളോട് ‘യേശുവാണ് ഏക രക്ഷകന്‍, നിന്നെ കര്‍ത്താവിനു വേണം’ എന്ന് വ്യക്തിപരമായും പറയുന്നുണ്ട്.
ചിലരൊക്കെ ‘നോ’ എന്ന് പറയുന്നു ചില നിരീശ്വര വാദികള്‍ ദൂരെ നിന്ന് അലറുന്നു, ചിലര്‍ ദൈവമില്ല എന്ന് ഉറക്കെ പറയുന്നു. കടന്നു പോകുന്ന 100 പേരില്‍ വല്ലപ്പോഴും ഒരാള്‍ എന്ന രീതിയില്‍ പ്രാര്‍ത്ഥിക്കാനായി ബ്രയാന് സമീപത്തേക്കു വരുന്നു.
സ്ട്രീറ്റിന്റെ ഇരുവശവും പമ്പുകള്‍, റെസ്റ്റോറന്റ്, ബാറുകള്‍ ഇവയാണ്. ആളുകള്‍ സ്ട്രീറ്റിലേക്ക് ഇറങ്ങി ഇരിക്കുന്നു, ചിലര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നു. ചിലര്‍ മദ്യം കുടിക്കുന്നു. ചിലര്‍ ദൂരെ ടേബിളുകളില്‍ ഇരുന്ന് ബ്രയാനെ തുറിച്ചു നോക്കുന്നു.
പെണ്‍വേഷം കെട്ടിയ ഭിന്നലിംഗക്കാര്‍ സ്ട്രീറ്റിലൂടെ കടന്നു പോകുന്നുണ്ട്. ഭവനരഹിതരായ ആളുകളും നടന്നുപോകുന്നു. ബ്രയാനിലൂടെ ഇവരിലേക്കെല്ലാം ക്രിസ്തുവിന്റെ സുവിശേഷം ഒഴുകുകയാണ്. അദ്ദേഹം ഉയര്‍ന്ന സ്വരത്തില്‍ വിളിച്ചു പറയുന്നു, ”പശ്ചാത്തപിക്കുവിന്‍ ഓസ്‌ട്രേലിയ… നിന്റെ പാപത്തിനുവേണ്ടി കുരിശിലേറിയവനെ നോക്കുവിന്‍…”
ഇതെല്ലാം കണ്ടു തരിച്ച് മാറി നില്‍ക്കുകയാണ് ഞാന്‍. ഞാന്‍ ബ്രയാന്റെ കൂടെ ഉള്ള ആളല്ല എന്ന് വരുത്തി ദൂരെ മാറിപ്പോയി സ്ട്രീറ്റിലെ ബെഞ്ചില്‍ പോയിരുന്നു. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞ പത്രോസ് മാര്‍ത്തോമാ നസ്രാണി ആയ എന്നെക്കാളും എത്രയോ ഭേദം!!
മാറി ഇരുന്നു വീക്ഷിച്ചപ്പോള്‍ എന്നെ ചിന്തിപ്പിച്ചത് കടന്നുപോയ ഭൂരിഭാഗം പേരും ക്രിസ്തുവിനെ അംഗീകരിക്കാത്ത വ്യക്തികള്‍ ആയിരുന്നു എന്നതാണ്. അസഭ്യം പറഞ്ഞു പോയവര്‍ തെറ്റ് ചെയ്യാതെ അവര്‍ക്കായി ക്രൂശിലേറിയവനെ വെറുക്കുന്നു എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ഒരു ക്രൈസ്തവരാജ്യത്ത് ആര്‍ഭാടത്തിന്റെയും ആഘോഷത്തിന്റെയും നടുവില്‍ ധാരാളിത്തത്തിന്റെ, അഹങ്കാരത്തിന്റെ മധ്യത്തില്‍ ക്രിസ്തുവിനെ അറിയാത്ത ഒരു ജനത ഉയര്‍ന്നുവരുന്നു എന്ന യാഥാര്‍ത്ഥ്യം എന്നെ ഞെട്ടിച്ചു.
അങ്ങനെ ചിന്തിച്ച് ഇരിക്കുമ്പോള്‍ ചുമലില്‍ ഒരു സ്പര്‍ശം, നോക്കിയപ്പോള്‍ ബ്രയാന്‍. ‘കം ഓണ്‍ മേറ്റ്, ഡു യു വാണ്ട് റ്റു പ്രീച് ‘ (നീ സുവിശേഷം പ്രസംഗിക്കുന്നുവോ..?)
‘പെട്ടല്ലോ കര്‍ത്താവേ’ എന്ന് വിചാരിച്ചു ‘നോട്ട് അറ്റ് ദി മോമെന്റ് ബ്രോ’ (ഇപ്പോഴില്ല സഹോ) എന്ന് പറയാന്‍ തുടങ്ങിയതേ അദ്ദേഹം പിടിച്ചിരുന്ന ക്രൂശിതരൂപം ഞാനറിയാതെ എന്റെ കൈയില്‍ എത്തി!
എങ്ങനെ ഊരും എന്ന് വിചാരിച്ച് ‘ഞാന്‍ എന്ത് പറയും’ എന്ന് ചോദിച്ചപ്പോള്‍ ‘നിനക്കറിയാവുന്ന ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞാല്‍ മതി’ എന്ന് പറഞ്ഞു..
അപ്പോള്‍ വേദപാഠക്ലാസുകള്‍ ഓര്‍ത്തു. വായിച്ച പുസ്തകങ്ങള്‍ ഓര്‍ത്തു. പെട്ടെന്ന് ക്രിസ്തുവിനെക്കുറിച്ച് ഒന്നും പറയാന്‍ വന്നില്ല, എന്തൊരു ദാരിദ്ര്യം!
എങ്കിലും ”ഗോഡ് ലവ്‌സ് യു… ജീസസ് ഡൈഡ് ഫോര്‍ യു ഓണ്‍ ദി ക്രോസ്സ്’ എന്നൊക്കെ പറഞ്ഞു പിടിച്ചു നിന്നു. ശരിക്കും അറിയാവുന്ന, അനുഭവിച്ചറിഞ്ഞ ക്രിസ്തുവിനെ സായിപ്പിന്റെ നാട്ടില്‍ ചെന്ന് പറയുമ്പോള്‍ ഒരു വൈക്ലബ്യം! മറ്റുള്ളവര്‍ കാണുമ്പോഴുള്ള ചളിപ്പ്!! അറിയാവുന്ന ആരെങ്കിലും കണ്ടാല്‍ എന്ത് വിചാരിക്കും? എന്റെ ‘മലയാളി ചിന്തകള്‍’ അലട്ടി!!
എന്തായാലും എങ്ങനെയോ അത് കഴിഞ്ഞു. വരും ദിവസങ്ങളില്‍, ആഴ്ചകളില്‍, മാസങ്ങളില്‍, ക്രിസ്തു പ്രചോദിപ്പിച്ചുകൊണ്ടേ ഇരുന്നു. ബ്രയാന്റെ കണ്ണുകളിലെ തീക്ഷ്ണത എന്നെ ചിന്തിപ്പിച്ചു കൊണ്ടേ ഇരുന്നു. ‘ഈ ആത്മാക്കളോട് ഞാന്‍ ഇത് ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ അവര്‍ ക്രിസ്തുവിനെ അറിയാതെ മരിക്കുകയില്ലേ?!!’ എന്ന ബ്രയാന്റെ ചോദ്യം കാതുകളില്‍ മുഴങ്ങി!
ബ്രയാന്‍ ഉള്‍പ്പെടുന്ന സ്ട്രീറ്റ് മിനിസ്ട്രി, സുവിശേഷം പങ്കു വയ്ക്കുന്നത് നരബന്ധാ സെയ്ന്റ് ബെനഡിക്ട് കത്തോലിക്ക ഇടവകയുടെ ഭാഗമായാണ്. കാന്‍ബറാ ആര്‍ച്ചുബിഷപ്പ് ആണ് കാന്‍ബറാ സ്ട്രീറ്റ് മിനിസ്ട്രിയുടെ രക്ഷാധികാരി.
ഏതാണ്ട് 2000 കൊല്ലത്തെ വിശ്വാസ ചരിത്രമുള്ള, കുട്ടികള്‍ പത്തും പന്ത്രണ്ടും വര്‍ഷം സണ്‍ഡേ സ്‌കൂളില്‍ വിശ്വാസപരിശീലനം നേടുന്ന, സുവിശേഷമുന്നേറ്റങ്ങളുടെ നാടായ കേരളത്തില്‍നിന്ന് വന്നയാളാണ് ഞാന്‍. ഈ മണ്ണില്‍ ‘ദൈവം ഇല്ല’ എന്നു പറയുന്നവരോട്, ക്രിസ്തു യഥാര്‍ത്ഥത്തില്‍ ആരാണ് എന്ന് എങ്കിലും കാണിച്ചു കൊടുത്തില്ലെങ്കില്‍ എന്റെ അവസ്ഥ എത്ര പരിതാപകരം എന്ന് എനിക്കുതന്നെ തോന്നിത്തുടങ്ങി.
നാട്ടിലെ വഴിവക്കിലും ബസ് സ്റ്റാന്‍ഡുകളിലും നിന്ന് പ്രസംഗിച്ചിരുന്ന ഉപദേശിമാരെ നിശിതമായി കളിയാക്കിയിരുന്നയാളാണ് ഞാന്‍. ഒരു ഞായറാഴ്ച ക്രിസ്ത്യാനി മാത്രം. പക്ഷേ പിന്നീട്, വെള്ളിയാഴ്ചകളില്‍ ജോലിസമയത്തിന് ശേഷം ആഴ്ചയിലൊരിക്കലോ മാസത്തില്‍ ഒരിക്കലെങ്കിലുമോ സ്ട്രീറ്റില്‍ പോയി ബ്രയാന് ഒപ്പം സുവിശേഷം പങ്കുവയ്ക്കുവാന്‍ ക്രിസ്തു എന്നെ അവിടുത്തെ കൃപയിലൂടെ ശക്തനാക്കി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ബ്രയാനൊപ്പം ഈ സുവിശേഷയജ്ഞം തുടരാന്‍ അവിടുന്ന് കൃപ തരുന്നു.
തെരുവില്‍വച്ച് നിരീശ്വരവാദികളുടെ, എല്‍ജിബിറ്റി അനുഭാവികളുടെ, സാത്താന്‍ ആരാധകരുടെ… ഒക്കെ ചോദ്യശരങ്ങളെ നേരിടേണ്ടിവരുന്നുണ്ട്. അതിനെല്ലാം ഉത്തരമായി എന്തുകൊണ്ട് ക്രിസ്തുവിനെ അനുധാവനം ചെയ്യുന്നു എന്ന് വ്യക്തമായി വിശദീകരിക്കുവാന്‍ ക്രിസ്തുതന്നെ അവന്റെ കൃപയാല്‍ എന്നെ ശക്തനാക്കുന്നു. ”നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോസ് 16/15).
നമ്മുടെ കഴിവുകളോ ജീവിക്കുന്ന രാജ്യമോ വിദ്യാഭ്യാസമോ സാമ്പത്തിക അവസ്ഥയോ കുടുംബമഹിമയോ ജോലിയോ ഒന്നും പ്രശ്‌നമല്ല, ക്രിസ്തു നമ്മെ അവന്റെ സ്‌നേഹം പങ്കുവയ്ക്കുവാന്‍ എന്നും പ്രചോദിപ്പിച്ചുകൊണ്ടേ ഇരിക്കും. ആയിരിക്കുന്ന അവസ്ഥയില്‍ നാം ആ വിളിക്കുത്തരം കൊടുക്കുന്നുണ്ടോ എന്നതാണ് പ്രധാനം. ക്രിസ്തു നമ്മെ പ്രചോദിപ്പിക്കുന്നതായി തോന്നുന്നില്ലെങ്കില്‍ കുരിശിലെ സ്‌നേഹത്തെ മനസിലാക്കുവാന്‍ ഒരു തിരിഞ്ഞുനോട്ടം അനിവാര്യതയാണ്. ”അതിനാല്‍ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ തമ്മില്‍ത്തമ്മില്‍ ആശ്വസിപ്പിക്കുകയും പരസ്പരോന്നമനത്തിനുവേണ്ടി യത്‌നിക്കുകയും ചെയ്യുവിന്‍” (1 തെസ്സലോനിക്കാ 5/11)

ജോളി ജോസഫ്