മണവാട്ടിയുടെ രഹസ്യങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

മണവാട്ടിയുടെ രഹസ്യങ്ങള്‍

അത് ഒരു ഡിസംബര്‍മാസമായിരുന്നു. ഞാനന്ന് മാമ്മോദീസ സ്വീകരിച്ച് മഠത്തില്‍ താമസം തുടങ്ങിയതേയുള്ളൂ. ഈശോയുടെ മണവാട്ടിയായി സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ആഗ്രഹം മനസില്‍ തീവ്രമായി നില്ക്കുന്നു. ആ നാളുകളിലൊന്നില്‍ പ്രായമായ ഒരു സ്ത്രീയെ മഠത്തിന്റെ പരിസരത്തുവച്ച് കണ്ടുമുട്ടി. അടുത്തുള്ള ദൈവാലയത്തില്‍ വന്നതായിരിക്കുമെന്ന് തോന്നി. എന്റെ അരികില്‍ വന്ന് അവര്‍ സംസാരിച്ചു. ”തമിഴ്‌നാട്ടില്‍നിന്നാണ് വരുന്നത്. എനിക്കൊരു മകനുണ്ടായിരുന്നു. അവന്‍ മരിച്ചു. അവന്‍ രാജാവായിരുന്നു…” എന്നൊക്കെയാണ് അവര്‍ പറഞ്ഞത്. നീലയും വെള്ളയും കലര്‍ന്ന സാരിയായിരുന്നു അവരുടെ വേഷം. പക്ഷേ മുഖത്ത് ഒരു പ്രത്യേകപ്രകാശമുള്ളതുപോലെ…
എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഞാനവരോട് ആവശ്യപ്പെട്ടു. സന്യാസിനിയാകാന്‍ സാധിക്കണം എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹം. പക്ഷേ അതിന് ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടിവരും എന്ന ചിന്ത എന്നെ വിഷമിപ്പിച്ചിരുന്നു. കാരണം മാമ്മോദീസ സ്വീകരിച്ച് മൂന്ന് വര്‍ഷമെങ്കിലും കഴിയാതെ സന്യാസസഭയില്‍ പ്രാഥമികാംഗത്വംപോലും നല്കപ്പെടുകയില്ല. ക്രൈസ്തവവിശ്വാസത്തില്‍ പക്വതയാര്‍ജിച്ചിട്ടാവണം സന്യാസജീവിതത്തിലേക്ക് പ്രവേശിക്കേണ്ടത് എന്നതിനാലാണ് അപ്രകാരം ഒരു നിയമം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മാമ്മോദീസ സ്വീകരിക്കുക എന്നതല്ല സന്യാസിനിയാകുക എന്നതായിരുന്നു വീടുവിട്ടുപോന്നതിന്റെ ലക്ഷ്യം. അതിനുള്ള പ്രാഥമിക ഘട്ടമായിട്ടാണ് ഞാന്‍ മാമ്മോദീസയെ പരിഗണിച്ചിരുന്നത്. പക്ഷേ നിയമങ്ങള്‍ എനിക്കായിമാത്രം മാറ്റിമറിക്കപ്പെടുക സാധ്യമല്ലല്ലോ. എങ്കിലും എന്റെ ആഗ്രഹം അത്രമേല്‍ തീവ്രമായിരുന്നു. അതിനാല്‍ത്തന്നെ ആകാംക്ഷയോടെ ഞാന്‍ ആ സ്ത്രീയോട് ചോദിച്ചു, ‘എനിക്കെപ്പോഴാണ് സിസ്റ്ററാകാന്‍ സാധിക്കുക?’
‘ഒരു വര്‍ഷം കഴിഞ്ഞ്!’ അവര്‍ പെട്ടെന്നുതന്നെ മറുപടി നല്കി. പക്ഷേ അപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതകളൊന്നുമില്ലായിരുന്നു. എങ്കിലും അവര്‍ ഉറപ്പോടെതന്നെയാണത് പറഞ്ഞത്. പോകുന്നതിനുമുമ്പ് അവര്‍ നല്കിയ നിര്‍ദേശം മറ്റൊന്നുമായിരുന്നില്ല, ”ജപമാല ചൊല്ലണം. ദിവ്യകാരുണ്യസന്നിധിയില്‍ എരിയുന്ന വിളക്ക് ഒരിക്കലും അണയാതെ സൂക്ഷിക്കണം. എപ്പോഴും ഈശോയുടെ സന്നിധിയില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കണം.” വീണ്ടും നോക്കിയപ്പോള്‍ അവിടെയെങ്ങും അവരെ കാണുന്നില്ല!
സാവധാനം എനിക്ക് മനസിലായി, അത് പരിശുദ്ധ അമ്മയായിരുന്നു. ‘അത് മാതാവാണ്’ എന്ന് എന്റെ ഉള്ളില്‍ കേട്ടുകൊണ്ടിരുന്ന സ്വരം ഞാന്‍ ഓര്‍ത്തെടുത്തു. അധികം വൈകാതെതന്നെ മദറിന്റെ പ്രത്യേകതാത്പര്യപ്രകാരം ഒരു വൈദികന്‍വഴി അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ബനഡിക്റ്റ് പതിനാറാമന്റെ പക്കല്‍ എന്റെ സന്യാസസഭാപ്രശേനത്തിന് പ്രത്യേക അനുമതി ചോദിച്ചുകൊണ്ടുള്ള അപേക്ഷ നല്കി. അത്ഭുതമെന്നല്ലാതെ മറ്റെന്തു പറയാന്‍? പാപ്പയില്‍നിന്ന് സമ്മതം ലഭിച്ചു. പരിശുദ്ധ അമ്മ പറഞ്ഞതുപോലെ, തീര്‍ത്തും സാധ്യതയില്ലാതിരുന്ന സാഹചര്യത്തിലും ഒരു വര്‍ഷത്തിനകം 2010 നവംബര്‍ 19-ന് എനിക്ക് സന്യാസസഭാംഗമാകാന്‍ കഴിഞ്ഞു. അവിശ്വസനീയമായിരുന്നു ആ സംഭവങ്ങള്‍. പക്ഷേ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്ക് വിളിച്ച ദൈവം വിശ്വസ്തനാണ് (1 കോറിന്തോസ് 1/9). അവിടുന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കുകതന്നെ ചെയ്തു.
ഇന്നും ജീവിതത്തിലെ കടുത്ത പ്രതികൂല സാഹചര്യങ്ങളില്‍ മാതാവ് എന്നെ പേരുചൊല്ലി വിളിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. ഹരിത എന്ന പഴയ പേരിനുപകരം മാമ്മോദീസയില്‍ സ്വീകരിച്ച പേര് അല്‍ഫോന്‍സാ മരിയ എന്നായിരുന്നു. അമ്മ എന്നെ മരിയ എന്ന് വിളിക്കുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. പലപ്പോഴും സുഗന്ധം ലഭിക്കാറുണ്ട്. ”അമ്മ കൂടെയുണ്ട് മോളേ” എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും. ഇതൊക്കെ എന്റെ വിശ്വാസജീവിതത്തെ ശക്തിപ്പെടുത്തുന്നു.
വരാന്‍ പോകുന്ന പല അപകടങ്ങളും ഈശോ മുന്‍കൂട്ടി കാണിച്ചുതരും. ഞാന്‍ പ്രാര്‍ത്ഥിച്ചൊരുങ്ങുകയും ചെയ്യും. പിന്നീട് അതെല്ലാം എന്റെ നന്മക്കായി ഈശോ മാറ്റുന്നത് കണ്ടിട്ടുണ്ട്. എന്റെ മാതാപിതാക്കളോടും ഞാനെന്റെ ദൈവാനുഭവം പങ്കുവയ്ക്കും. ക്രൈസ്തവവിശ്വാസം സ്വീകരിച്ചിട്ടൊന്നുമില്ലെങ്കിലും ഇപ്പോള്‍ അവര്‍ യേശുവിനോട് പ്രാര്‍ത്ഥിക്കുന്നു. അനേകം ദൈവാനുഭവങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഇന്ന് എന്നെയോര്‍ത്ത് അച്ഛന് അഭിമാനമാണെന്ന് എനിക്കറിയാം. കുടുംബത്തിലെ ഇപ്പോഴത്തെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിക്കഴിഞ്ഞാല്‍ മഠത്തില്‍ അതിഥിയായെങ്കിലും കുറച്ച് ദിവസം വന്ന് താമസിക്കണമെന്നാണ് ആഗ്രഹം എന്നാണ് അച്ഛന്‍ പറയുന്നത്. അതെന്നെ ഏറെ സന്തോഷിപ്പിക്കുന്നു. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8/28).
ഇക്കാലങ്ങളിലെല്ലാം ഈശോ എനിക്ക് നല്കുന്ന ദര്‍ശനങ്ങളില്‍ കൂടുതലായും സഹിക്കുന്ന ഈശോയെയാണ് കാണാറുള്ളത്. അവിടുത്തേക്ക് ആശ്വാസം പകരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ സമര്‍പ്പണജീവിതത്തില്‍ ഏറ്റവുമധികം ശക്തിയും ബലവും ലഭിക്കുന്നത് തിരുവോസ്തിയില്‍ ഈശോയെ സ്വീകരിക്കുമ്പോഴാണ്. പലപ്പോഴും തിരുവോസ്തിയില്‍ ഈശോയുടെ തിരുഹൃദയം കണ്ടിട്ടുണ്ട്. അനുദിനദിവ്യകാരുണ്യസ്വീകരണവും പ്രാര്‍ത്ഥനയുമില്ലെങ്കില്‍ സമര്‍പ്പണജീവിതം അതിന്റെ പൂര്‍ണതയില്‍ നയിക്കാന്‍ കഴിയില്ല എന്നാണ് എന്റെ ഉറച്ച ബോധ്യം. അതിനാല്‍ത്തന്നെ പരിശുദ്ധ അമ്മ പറഞ്ഞതുപോലെ ദിവ്യകാരുണ്യനാഥന്റെ സന്നിധിയില്‍ അവിടുത്തോടുള്ള ബന്ധം മുറിയാതെ കാത്തുസൂക്ഷിക്കുന്നു. മാമ്മോദീസാസമയത്ത് അനുദിനദിവ്യകാരുണ്യസ്വീകരണം മുടങ്ങരുതേ എന്നാണ് പ്രാര്‍ത്ഥിച്ചത്. അത് ഇന്നുവരെയും ഈശോ നിറവേറ്റിത്തരുന്നു.
2020 ആഗസ്റ്റ് 11-ന് നിത്യവ്രതവാഗ്ദാനം നടത്താന്‍ ഈശോ കൃപ നല്കി. ഒന്നുമില്ലായ്മയില്‍നിന്നും എന്നെ അവിടുത്തെ മണവാട്ടിയാക്കി ഉയര്‍ത്തി അനുദിനം പരിപാലിക്കുന്ന നല്ല ഈശോയ്ക്ക് പറഞ്ഞാല്‍ തീരാത്ത നന്ദി.

സിസ്റ്റര്‍ മേരി ഇമ്മാനുവേല