നിന്നുപോവുന്നുണ്ടോ – Shalom Times Shalom Times |
Welcome to Shalom Times

നിന്നുപോവുന്നുണ്ടോ

ഓഫിസിലെ ക്ലോക്കില്‍ സമയം തെറ്റ്! സമയം ശരിയാക്കി വച്ചെങ്കിലും അധികം വൈകാതെ അത് നിന്നുപോയി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, ക്ലോക്ക് ഇരിക്കുന്നത് ഒരു സ്പീക്കറിന്റെ കാന്തികവലയത്തിലാണ്. അതുകൊണ്ടാവാം അത് നിന്നുപോകുന്നത്. അങ്ങനെ പുതിയൊരു ക്ലോക്ക് മറ്റൊരു സ്ഥലത്തു വച്ചു. കുറേ നാളുകള്‍ കുഴപ്പമില്ലാതെ പോയെങ്കിലും അതും നിന്നുപോയി. അപ്പോഴാണ് ബാറ്ററി ഒന്നു മാറ്റി നോക്കാം എന്ന് ആരോ പറഞ്ഞത്. അങ്ങനെ ബാറ്ററി മാറ്റിയപ്പോള്‍ ക്ലോക്ക് വീണ്ടും ചലിച്ചു തുടങ്ങി!

പല ജീവിതങ്ങളിലും ഇതുപോലെ മുന്നോട്ടു പോകാന്‍ കഴിയാതെ ‘നിന്നുപോയ’ അവസ്ഥകള്‍ ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളില്‍ സാഹചര്യങ്ങളെ പഴിക്കുന്നവരുണ്ട്, വ്യക്തികളെ പഴിക്കുന്നവരുണ്ട്. മറ്റു ചിലരാകട്ടെ പഴയകാല അനുഭവങ്ങളെയാകും പഴിക്കുക. ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തില്‍ പ്രതിസന്ധി ഉണ്ടായാല്‍, തരണം ചെയ്യാന്‍ സാധിക്കാത്തവിധം അയാള്‍ മരവിച്ചു നിന്നുപോകുകയാണെങ്കില്‍ ഉറപ്പിക്കാം, യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല. മറിച്ച്, പരിശുദ്ധാത്മാവിനാല്‍ ‘റീചാര്‍ജ്’ ആകാത്തതാണ്.

പരിശുദ്ധാത്മനിറവുള്ളവര്‍ എത്ര പ്രതിസന്ധികളുണ്ടായാലും അവയ്ക്കു മുകളില്‍ നില്ക്കും. പരിശുദ്ധാത്മനിറവില്ലാത്ത ജീവിതങ്ങള്‍ പലപ്പോഴും ക്രമം തെറ്റിയാകും മുന്നോട്ടുനീങ്ങുന്നത്. ഒടുവില്‍ മുന്നോട്ടുനീങ്ങാന്‍ ശക്തിയില്ലാതെ നിന്നുപോകുകയും ചെയ്യും. ദൈവത്തിന്റെ ജ്ഞാനത്തില്‍ പരിഹാരമില്ലാത്ത പ്രശ്‌നങ്ങളില്ല. എന്നാല്‍, ആ പരിഹാരം കണ്ടെത്തണമെങ്കിലും തരണം ചെയ്യണമെങ്കിലും പരിശുദ്ധാത്മാവിന്റെ ശക്തിയും സഹായവും കൂടിയേ തീരൂ. ”എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 1/8).

പ്രശ്‌നങ്ങളില്‍ മാത്രമല്ല, ജീവിതത്തിലുടനീളം പരിശുദ്ധാത്മാവിന്റെ നയിക്കപ്പെടല്‍ നമുക്ക് ആവശ്യമാണ്. പ്രശ്‌നങ്ങള്‍ക്കു മുന്നില്‍ പകച്ചു പോകുമ്പോള്‍ നമ്മുടെയുള്ളിലെ പരിശുദ്ധാത്മനിറവിന്റെ കുറവ് മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നുമാത്രം. അതിനാല്‍, എല്ലാ ദിവസവും പരിശുദ്ധാത്മനിറവിനായി ദാഹിച്ചു പ്രാര്‍ത്ഥിക്കണം. അവിടുത്തോട് ഒരു സുഹൃത്തിനോടെന്നപോലെ സംസാരിക്കുകയും ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും അവിടുത്തെ ഉപദേശം തേടുകയും ചെയ്യണം. ഇങ്ങനെ നിരന്തരം അവിടുത്തെ സാന്നിധ്യത്തിലായിരിക്കുമ്പോള്‍, ജീവിതമെപ്പോഴും ദൈവികമായ ക്രമത്തില്‍ ഓടിക്കൊണ്ടിരിക്കും.
പ്രാര്‍ത്ഥന
പരിശുദ്ധാത്മാവായ ദൈവമേ, എന്റെ ശരീരത്തിലും മനസ്സിലും ആത്മാവിലും നിറയണമേ. എന്റെ ജീവിതം അങ്ങ് നയിക്കുമാറാകണമേ. ആമ്മേന്‍.