അന്നൊരു അവധി ദിവസമായിരുന്നു. അതുകൊണ്ട് മദര്‍ സുപ്പീരിയര്‍ പറഞ്ഞു, ഉച്ചകഴിഞ്ഞ് നമുക്ക് പൂന്തോട്ടത്തില്‍ പോകാമെന്ന്. ഞങ്ങള്‍ പൂന്തോട്ടത്തില്‍ നടക്കുന്ന സമയം. മുകളിലേക്ക് നോക്കിയപ്പോള്‍ ഒരു ഉണക്കക്കമ്പ് ചെടികളുടെ വള്ളികള്‍ക്കിടയില്‍ തൂങ്ങിക്കിടക്കുന്നു. മദര്‍ പറഞ്ഞു, ”കത്രിക ഉപയോഗിച്ച് കമ്പ് മുറിച്ചു മാറ്റുക.” എന്നാല്‍ ഒരു ചെറിയ കമ്പല്ലേ; അതിന് കത്രികയുടെ ആവശ്യമില്ലെന്ന് ഞാന്‍ കരുതി. ആ ഉണക്കക്കൊമ്പില്‍ ചാടിപ്പിടിച്ച് കൈകൊണ്ടുതന്നെ ഒറ്റ വലികൊടുത്തു. അപ്പോഴാണ് എവിടെനിന്നോ ഒരു കമ്പുവന്ന് എന്റെ കണ്ണില്‍ കുത്തിക്കയറിയത്. വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. പിന്നെ പരാതിപ്പെടാന്‍ തുടങ്ങി. കര്‍ത്താവേ! കണ്ണില്ലാത്ത അവസ്ഥ ചിന്തിക്കാന്‍പോലും കഴിയില്ല.
അതുകാരണം ഞാന്‍ മദറിനോട് പറഞ്ഞു; ”എനിക്ക് ആശുപത്രിയില്‍ പോകണം.” അന്ന് അവധി ദിവസമായതിനാല്‍ ഡിസ്‌പെന്‍സറികള്‍ അടഞ്ഞുകിടക്കുകയായിരുന്നു. അതുകൊണ്ട് അടുത്തുള്ള ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ ചെന്ന് ഡോക്ടറെ കണ്ടു. ഡോക്ടര്‍ പറഞ്ഞു, ”കണ്ണിന് പോറല്‍ ഏറ്റിട്ടുണ്ട്. അതിനാല്‍ കണ്ണ് കഴുകിയിട്ട് തുള്ളിമരുന്ന് തരാം. പക്ഷേ എത്രയും വേഗം സ്‌പെഷ്യലിസ്റ്റിനെ കാണണം.”
കണ്ണിന് പുറമെനിന്ന് നോക്കിയാല്‍ കുഴപ്പം ഒന്നും ഇല്ലെങ്കിലും എനിക്ക് എല്ലാം ഡബിള്‍ വിഷനായിട്ടാണ് കാണുന്നത്. കഷ്ടകാലത്തിനാണ് പൂന്തോട്ടത്തില്‍ പോയതെന്ന് ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു. എന്തായാലും ഒരാഴ്ചകൊണ്ട് എന്റെ കണ്ണ് സുഖമായി. ഇതിനിടയില്‍ എന്റെ ആന്റി എന്നെ കാണാന്‍ വന്നു. വിശേഷങ്ങള്‍ പറയുന്നതിനിടയില്‍ കണ്ണ് മുറിഞ്ഞതും അതിനുമുമ്പ് നടന്ന കാര്യങ്ങളുമൊക്കെ പറഞ്ഞുകേള്‍പ്പിച്ചു. അപ്പോള്‍ ആന്റി എന്നെ സൂക്ഷിച്ച് നോക്കിയിട്ട് പറഞ്ഞു, ”മോള്‍ക്ക് അനുസരണം തീരെ കുറവാണല്ലേ. മദര്‍ പറഞ്ഞത് കത്രികകൊണ്ട് കമ്പ് ഒടിക്കാനല്ലേ. അതനുസരിക്കാതെ കമ്പ് ചാടിപ്പറിച്ചു. അതുകൊണ്ടല്ലേ കണ്ണിന് പരിക്ക് പറ്റിയത്.” അത് കേട്ടതും വെള്ളിടി കിട്ടിയതുപോലെ എനിക്ക് ഷോക്കായിപ്പോയി. അനുസരണം എന്ന വ്രതം ഞാന്‍ എടുത്തിട്ടുണ്ടെങ്കിലും ഇതൊരു അനുസരണക്കേടാണ് എന്നും അതിന്റെ പരിണതഫലമാണ് ഈ കണ്ണിനേറ്റ അപകടം എന്നും ആന്റിയിലൂടെ എനിക്ക് മനസിലാക്കിത്തന്നു.
അനുസരണമാണ് ബലിയെക്കാള്‍ ശ്രേഷ്ഠമെന്ന് 1 സാമുവല്‍ 15/22-ല്‍ പറയുന്നത് എത്ര ശരിയാണ്. കാരണം അനുസരണം ഒരു അനുഗ്രഹംകൂടിയാണ്. അനുസരിച്ച് ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരവാദിത്വം അനുസരണം വഴി ആ പ്രവൃത്തി ചെയ്യാന്‍ ആവശ്യപ്പെടുന്ന വ്യക്തിയുടേതാണ്. അക്കാരണത്താല്‍ മുന്‍വിധി കൂടാതെ ദോഷമോ ഗുണമോ നോക്കാതെ (പാപം ഒഴികെ) അനുസരിക്കുക എന്നത് അനുസരണം വ്രതമായി എടുത്തിട്ടുള്ള വ്യക്തിയെ സംബന്ധിച്ച് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന സംഗതിയാണ്. ഇവിടെ കത്രികപ്രയോഗം മുന്‍വിധിയോടെ കണ്ട് അതിന്റെ ആവശ്യമില്ലല്ലോ, എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ എന്റെ ഇഷ്ടത്തിന് ചാടി കമ്പൊടിച്ചു. ഫലമോ എന്റെ കണ്ണില്‍ കമ്പ് തറച്ചുകയറി. ഇവിടെ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ദൂഷ്യഫലത്തിന്റെ ഉത്തരവാദിത്വം എന്റേതുമാത്രമാണ്. അധികാരിയുടേതല്ല. അധികാരം എപ്പോഴും ദൈവത്തില്‍നിന്നുള്ളതാണെന്നും ദൈവത്തെയാണ് അധികാരിയിലൂടെ അനുസരിക്കുന്നത് എന്നും എനിക്ക് മനസിലായി.
അനുസരണം എന്ന പുണ്യം ശീലിക്കുന്നതിന് വിനയം, എളിമ എന്നിവ ആവശ്യമാണ്. ഇവ രണ്ടും അനുസരണത്തിന്റെ ഇരട്ടപുണ്യങ്ങളാണ്. ആദിമാതാപിതാക്കള്‍ക്ക് പറുദീസ നഷ്ടമായതിന്റെ ഒറ്റക്കാരണം ദൈവകല്‍പനയെ ധിക്കരിച്ച് സാത്താന്റെ ഉപദേശത്തെ അനുസരിച്ച് അവന് വിധേയപ്പെട്ട് കല്പനാലംഘനം നടത്തി എന്നതാണ്. അങ്ങനെ പാപം മര്‍ത്യനില്‍ ജന്മം എടുത്തു. ഒരു വൃന്ദം മാലാഖമാര്‍ ദൈവം പുറപ്പെടുവിച്ച കല്പനയോട് അഹങ്കാരത്തോടെ മറുതലിച്ചതാണ് അവരുടെ പതനത്തിന് കാരണം. അഹങ്കാരം സാത്താന്റെ പ്രത്യേകതയാണ്. എവിടെ അഹങ്കാരമുണ്ടോ അവിടെ അനുസരണം അസാധ്യമാണ്.
അനുസരണം എന്ന പുണ്യം ജീവിതത്തില്‍ ഉടനീളം അതിന്റെ പൂര്‍ണതയില്‍ പ്രാവര്‍ത്തികമാക്കിയ രണ്ടു വ്യക്തികളാണ് പരിശുദ്ധ അമ്മയും യേശുവും. അവര്‍ തങ്ങളുടേതായ ഇഷ്ടത്തിന് വലിയ വിലകൊടുത്തില്ല. എല്ലാം ദൈവഹിതത്തിന് വിട്ടുകൊടുത്ത് അവിടുത്തെ തിരുവിഷ്ടം നിറവേറ്റുകയായിരുന്നു അവരുടെ ജീവിതലക്ഷ്യം. യേശു മനുഷ്യാവതാരം മുതല്‍ ക്രൂശുമരണംവരെ തന്നെത്തന്നെ താഴ്ത്തി പിതാവിന്റെ തിരുഹിതത്തിന് കീഴ്‌വഴങ്ങിയെന്നും ആയതിനാല്‍ പിതാവ് യേശുവിനെ ഉയര്‍ത്തി മഹത്വപ്പെടുത്തി ഏറ്റവും ഉന്നതമായ നാമം നല്കിയെന്നും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു.
ആദിമാതാപിതാക്കള്‍ രണ്ടുപേരുടെയും അനുസരണക്കേട് ദൈവകോപത്തിനും ലോകജനതയ്ക്ക് മുഴുവനും ഭൗമികവും ആത്മീയവുമായ സര്‍വനാശത്തിനും കാരണമായി. എന്നാല്‍ പരിശുദ്ധ അമ്മയുടെയും യേശുക്രിസ്തുവിന്റെയും ദൈവഹിതത്തോടുള്ള അനുസരണം പ്രപഞ്ചം മുഴുവനും രക്ഷയും മനുഷ്യന് ആത്മരക്ഷയും കൈവരുത്തി. നമുക്കും ഈ പുണ്യത്തെ അനുദിനജീവിതത്തിലും ഒരു ശീലമാക്കാം. അനുസരണം ഉള്ളിടത്ത് വിനയം, ക്ഷമ, ദയ, കാരുണ്യം, സ്‌നേഹം, ത്യാഗം, സന്തോഷം, ആനന്ദം എന്നിവയുണ്ടാകും. ദൈവകൃപ കവിഞ്ഞൊഴുകും.
സിസ്റ്റര്‍ മേരി ക്രിസ്റ്റബെല്‍ PCPA