ഒരു കുമ്പസാരം കണ്ട കാഴ്ചകള്‍ – Shalom Times Shalom Times |
Welcome to Shalom Times

ഒരു കുമ്പസാരം കണ്ട കാഴ്ചകള്‍

പപ്പയുടെ ജീവിതമെന്ന പാഠപുസ്തകത്തിന്റെ അവസാന ഏടുകളില്‍നിന്നും ഹൃദയഭാരം കുറയ്ക്കുന്ന ഒരു ഒറ്റമൂലി ഞാന്‍ കണ്ടെത്തി. ജീവിതത്തില്‍നിന്നുള്ള മടക്കയാത്രയ്ക്ക് മുമ്പുള്ള ഒരു ചെറിയ കാലയളവില്‍ ഒരിക്കല്‍ മരണവുമായുള്ള മല്‍പിടുത്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപെട്ട് പപ്പ വീട്ടില്‍ വിശ്രമിക്കുന്ന സമയം. ഞങ്ങള്‍ മക്കള്‍ എല്ലാവരും ഒരുമിച്ചുകൂടിയിട്ടുണ്ടായിരുന്നു. ഒരു സന്ധ്യയ്ക്ക് പപ്പയുടെ കാല്‍ തിരുമ്മിക്കൊണ്ട് വെറുതെ ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞ് അരികില്‍ ഇരിക്കുകയായിരുന്നു. വര്‍ത്തമാനങ്ങള്‍ക്കിടയില്‍ കടന്നുപോയ മരണാനുഭവത്തെക്കുറിച്ച് പപ്പ പറയുകയുണ്ടായി.
പെട്ടെന്നുണ്ടായ ശ്വാസതടസവും അബോധാവസ്ഥയും ഐ.സി.യുവിലെ മനം മടുപ്പിക്കുന്ന മങ്ങിയ ഓര്‍മകളുമൊക്കെ സംസാരത്തില്‍ കടന്നുവന്നു. ഒടുവില്‍ പറഞ്ഞു, ”ഞാന്‍ നല്ല മരണത്തിനായി മാത്രം പ്രാര്‍ത്ഥിക്കുകയായിരുന്നു. ഒരു ജപവും പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. അവ്യക്തമായ കുറെ കാഴ്ചകളും ശബ്ദങ്ങളും… എന്തുചെയ്യണം എന്നറിയാത്ത അവസ്ഥ. അന്നേദിവസം മരണാസന്നരായ രോഗികളെ കുമ്പസാരിപ്പിച്ചൊരുക്കുന്ന ഒരു വന്ദ്യ വൈദികന്‍ മുറിയിലേക്ക് കടന്നുവന്നു….”
അവസാന കുമ്പസാരമായി കണ്ട് പപ്പ തന്നാലാവുംവിധം ആത്മാര്‍ത്ഥമായി കുമ്പസാരിച്ചു. ആശീര്‍വാദവും ആശ്വാസവചനങ്ങളുമേകി വൈദികന്‍ അടുത്ത രോഗിയുടെ അടുക്കലേക്ക് പോയി. പിന്നെ നടന്നത് പരോക്ഷമായ ഒരു അത്ഭുതം. അതുവരെ അലട്ടിയിരുന്ന അവ്യക്തമായ കാഴ്ചകള്‍ മിഴിവുറ്റതായി. പൂര്‍ണമായ ബോധാവസ്ഥയും ഹൃദയസമാധാനവും അനുഭവപ്പെട്ടു. കണ്ണടയ്ക്കുമ്പോള്‍ ഈശോയുടെ തിരുമുഖം. കോടമഞ്ഞില്‍നിന്നും സൂര്യപ്രകാശത്തിലേക്ക് കടന്നുവന്നപോലത്തെ ഒരു പ്രതീതി. ആ രാത്രി സ്വസ്ഥമായി ഉറങ്ങി. പിന്നീട് ശാരീരിക അവസ്ഥയില്‍ പുരോഗതി കാണിക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഡിസ്ചാര്‍ജ് ആവുകയും ചെയ്തു. ഇത് വിവരിച്ചുപറയുമ്പോള്‍ അസാധാരണമായ ഒരു ആനന്ദം ആ മിഴികളിലും മുഖത്തും കാണാമായിരുന്നു.
ആകാംക്ഷയോടെ പപ്പയെ കേട്ടിരുന്ന ഞാന്‍ കുമ്പസാരമെന്ന കൂദാശയുടെ ചിറകിനടിയില്‍ മറഞ്ഞിരിക്കുന്ന സൗഖ്യത്തിന്റെ സുന്ദരമുഖം അന്നാദ്യമായി കണ്ടു. പൂര്‍ണമായ ഒരു സൗഖ്യം എന്നതിലപ്പുറം രോഗത്തിന്റെ പീഡകളെ ശാന്തമായി നേരിടാനുള്ള കരുത്തും പ്രത്യാശയും പപ്പയ്ക്ക് കൈവന്നിരുന്നു. അത് അനുദിനം വര്‍ധിച്ചുവന്നതല്ലാതെ അവസാനംവരെ കൈമോശം വന്നതുമില്ല. പ്രിയപ്പെട്ട പപ്പ ഞങ്ങളെ വിട്ടുപിരിഞ്ഞത് കുറച്ചു നാളുകള്‍ക്കുമുമ്പാണ്. ജീവിതംതന്നെ ഒരു പാഠപുസ്തകമാക്കി മക്കള്‍ക്ക് നല്കിയിട്ടാണ് പപ്പ സ്വര്‍ഗപിതാവിന്റെ പക്കലേക്ക് യാത്രയായത്.
പിന്നീടങ്ങോട്ട് കുമ്പസാരക്കൂടുകളെ കുറച്ചുകൂടി ഗൗരവത്തോടെ ഞാന്‍ വീക്ഷിച്ചുതുടങ്ങി. പലപ്പോഴായി എനിക്ക് മുമ്പില്‍ വരിയില്‍ നില്ക്കുന്നവരെയും കുമ്പസാരം കഴിഞ്ഞിറങ്ങുന്നവരെയും സാകൂതം പഠിച്ചതില്‍നിന്നും ഒന്നു ഞാന്‍ മനസിലാക്കി. എത്ര കനം നിറഞ്ഞതും മേഘാവൃതവുമായ ഭാവത്തോടെ അനുതാപശുശ്രൂഷയിലേക്ക് കടക്കുന്നവരും തിരികെ വരുന്നത് പ്രസന്നവദനരും ശലഭംപോലെ ഭാരം കുറഞ്ഞവരുമായാണ്.
എന്റെ അനുഭവം മറിച്ചല്ല. എനിക്ക് തെറ്റിയ വഴികളെല്ലാം അവസാനിച്ചത് കുമ്പസാരമെന്ന ഒരേയൊരു ചൂണ്ടുപലകയിലായിരുന്നു. മൃദുലമായ ആത്മാവില്‍ പാപമുള്ളുകള്‍ ഏല്പിച്ച പ്രഹരങ്ങള്‍ ദൈവസാന്നിധ്യം അന്യമാക്കിയപ്പോള്‍, ആന്തരികദുഃഖവും അന്ധകാരവും എന്നെ പൊതിഞ്ഞിരുന്നു. ചുടുകണ്ണുനീരോടും ലജ്ജയോടുംകൂടി തെറ്റുകുറ്റങ്ങള്‍ ധ്യാനിച്ചപ്പോള്‍, അനുതാപം എന്ന കൃപ നല്കി പരിശുദ്ധാത്മാവ് എന്നെ കുമ്പസാരക്കൂട്ടിലേക്കാനയിച്ചു. കേട്ടതും കണ്ടറിഞ്ഞതുമായ ക്രിസ്തുഅനുഭവം സ്വായത്തമാക്കണം എന്ന തീവ്രമായ അഭിലാഷത്തോടെ എന്റെ കുറവുകള്‍ അക്കമിട്ടു പുരോഹിതന്റെ മുമ്പില്‍ ഏറ്റുപറഞ്ഞപ്പോള്‍ ഇല്ലാതായത് എന്നില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന അഹമായിരുന്നു. ഞാന്‍ കുറഞ്ഞപ്പോള്‍ കരുണാമയനായ ദൈവം പിതൃവാത്സല്യത്തോടെ എന്റെ നീറുന്ന മുറിവുകളില്‍ മഹത്വത്തിന്റെ ലേപനദ്രവ്യങ്ങള്‍ പൂശി.
പ്രായശ്ചിത്തത്തിനായി കാതോര്‍ത്തു കുനിഞ്ഞ ശിരസോടെ നിന്നപ്പോള്‍, ആ മധുരമൊഴികള്‍ എന്റെ കാതുകളില്‍ മുഴങ്ങി. ‘നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും, അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും’ (ഏശയ്യാ 1/18).

സ്മിത വിമല്‍
കോട്ടയം മുട്ടുചിറ സ്വദേശിനിയായ സ്മിത ബോട്‌സ്വാനയില്‍ താമസിക്കുന്നു. ഭര്‍ത്താവ്: വിമല്‍, മക്കള്‍: അലീന, ആമി.