മഴയും ആല്‍ബര്‍ട്ടും എന്‍ജിനീയറും – Shalom Times Shalom Times |
Welcome to Shalom Times

മഴയും ആല്‍ബര്‍ട്ടും എന്‍ജിനീയറും

ഉക്രെയ്‌നിലെത്തിയിട്ട് കുറച്ചുനാള്‍ കഴിഞ്ഞിരുന്നു അപ്പോള്‍. മഠത്തോടുചേര്‍ന്ന് ഒരു ഓള്‍ഡ് ഏജ് ഹോമുണ്ട്, അവിടെ പത്തൊമ്പതോളം അമ്മൂമ്മമാരും. അവരെ ശുശ്രൂഷിക്കാന്‍ ഞങ്ങള്‍ രണ്ട് സിസ്റ്റര്‍മാര്‍മാത്രം. ഒരു ദിവസം അവരെയെല്ലാം കഴുകിത്തുടച്ച് നാപ്കിനൊക്കെ ധരിപ്പിച്ച് തയാറാക്കിയപ്പോഴേക്കും അല്പം മടുത്തുവെന്ന് തോന്നി. സമയവും ഏറെയായി. ആ ദിവസങ്ങളില്‍ പറമ്പില്‍ ഞങ്ങള്‍ അല്പം പച്ചക്കറി നട്ടിരുന്നു. പക്ഷേ അന്ന് പച്ചക്കറി നനയ്ക്കാന്‍ ഒരു മടുപ്പ്. ആ സമയത്ത് ഞാന്‍ വെറുതെ മുകളിലേക്ക് നോക്കി പറഞ്ഞു, ”ഈശോയേ, ഇതിപ്പോള്‍ ഞങ്ങള്‍ക്ക് സമയമില്ലാഞ്ഞിട്ടാണ്, മടിയായിട്ടല്ല. പിന്നെ ശാരീരികമായി ഞങ്ങള്‍ നന്നായി തളര്‍ന്നിരിക്കുകയാണ്. അതുകൊണ്ട് ഒരു മഴ പെയ്യിക്കുക.”
അങ്ങനെ പറഞ്ഞിരിക്കുന്നതിനിടയില്‍ കൂടെയുള്ള സിസ്റ്റര്‍ ചായ തയാറാക്കി കൊണ്ടുവന്നു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് അത് കുടിച്ചു. അപ്പോഴാണ് ശ്രദ്ധിച്ചത്, മഴ പെയ്യുന്നു! ഞങ്ങള്‍ക്ക് സന്തോഷമായി. ഇനി പച്ചക്കറി നനയ്‌ക്കേണ്ടല്ലോ. അപ്പോഴുണ്ട് പുറംജോലികളില്‍ സഹായിക്കുന്ന ആല്‍ബര്‍ട്ട് പുല്ലുവെട്ടുന്ന ഉപകണവുംകൊണ്ട് അതിലേ വന്നിട്ട് പറയുന്നു, ”ഞാനെന്താ ഈ കാണുന്നത്? മഴ പെയ്യുന്നു!”
ഞാന്‍ ചോദിച്ചു, ”അതിലെന്താ ഇത്ര അത്ഭുതം? അത് ഒരു സാധാരണ കാര്യമല്ലേ?”
പക്ഷേ അദ്ദേഹം പറഞ്ഞു, ”ഞാന്‍ ഇതെന്റെ ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. വീടിന്റെ മുന്‍ഭാഗത്ത് മഴ പെയ്യുന്നില്ല. പിന്നില്‍മാത്രം മഴ പെയ്യുന്നു!”
അതുകേട്ടപ്പോള്‍ ഞാനും കൂടെയുള്ള സിസ്റ്ററും എഴുന്നേറ്റ് ഓടിപ്പോയി നോക്കി. ശരിയാണ്, മുന്നില്‍ മഴ പെയ്യുന്നില്ല. ഞങ്ങള്‍ പച്ചക്കറി നട്ട സ്ഥലത്തുമാത്രം മഴ പെയ്യുന്നുണ്ട്. ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമായി. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു.
പിറ്റേ ദിവസം ആല്‍ബര്‍ട്ടിന്റെ ഭാര്യ എന്റെയടുത്ത് വന്നുപറഞ്ഞു, ”ഇന്നലെ എന്റെ ഭര്‍ത്താവ് ഉറങ്ങിയിട്ടില്ല.”
ഞാന്‍ ചോദിച്ചു, ”എന്തുപറ്റി?”
അതിന് മറുപടിയായി ആ സ്ത്രീ വേറൊരു ചോദ്യമാണ് ചോദിച്ചത്, ”ഇന്നലെ ഇവിടെ മഴ പെയ്‌തോ?”
”ഉവ്വ്, മഴ പെയ്തു. പക്ഷേ അതിന് അദ്ദേഹം ഉറങ്ങാതിരിക്കുന്നതെന്തിനാണ്?”
അപ്പോള്‍ ആ സ്ത്രീ പറഞ്ഞു, ”ഇന്നലെ ഈ വില്ലേജില്‍ എവിടെയും മഴ പെയ്തിട്ടില്ല. എന്റെ ഭര്‍ത്താവ് പറയുന്നത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരിക്കലും അങ്ങനെയൊരു കാര്യം കണ്ടിട്ടില്ലെന്നാണ്. സിസ്റ്റര്‍ പച്ചക്കറി നട്ട സ്ഥലത്തുമാത്രം മഴ പെയ്തിരിക്കുന്നു. വേറെ എവിടെയും മഴ പെയ്തിട്ടില്ല. ദൈവം ഉണ്ടെന്നുള്ളതിന് തെളിവായി.” ഇതെല്ലാം പറഞ്ഞ് അവര്‍ തിരികെപ്പോയി.
വൈകുന്നേരമായപ്പോള്‍ ആല്‍ബര്‍ട്ട് കരഞ്ഞുകൊണ്ട് എന്റെയടുത്ത് വന്നു. ഒരു ചോദ്യവും, ”ഞാനെന്താണ് ചെയ്യേണ്ടത്?”
സ്‌നാപകയോഹന്നാന്റെ പക്കലെത്തി ആളുകള്‍ ചോദിച്ച ചോദ്യമാണ് അപ്പോള്‍ എന്റെ മനസില്‍ വന്നത്, ”ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?” (ലൂക്കാ 3/10)
ആല്‍ബര്‍ട്ടിന് അറുപതിലധികം വയസുണ്ട്. ദൈവാലയത്തില്‍ പോ കുന്ന പതിവുള്ള ഒരാളല്ല. അദ്ദേഹത്തിന്റെ വിവാഹംപോലും ദൈവാലയത്തില്‍വച്ചല്ല നടന്നത്. അന്ന് ഉക്രെയ്‌നില്‍ കമ്മ്യൂണിസം പ്രബലമായി നിന്നിരുന്നതിനാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പിന്നീട് നാളുകള്‍ക്കുശേഷംമാത്രമാണ് വിവാഹമെന്ന കൂദാശ നടത്തിയത്. ഇതെല്ലാമറിയാവുന്നതുകൊണ്ട് ഞാന്‍ പറഞ്ഞു, ”നമുക്ക് ദൈവാലയത്തില്‍ പോകാം. കുമ്പസാരിക്കാം.”
”ഞാന്‍ നാല്പത് വര്‍ഷമായി കുമ്പസാരിച്ചിട്ട്. ആദ്യകുര്‍ബാനസ്വീകരണം കഴിഞ്ഞതിനുശേഷം ഇതുവരെ കുമ്പസാരിച്ചിട്ടില്ല,” ആല്‍ബര്‍ട്ടിന്റെ വാക്കുകള്‍.
ഉടനെ ഞാന്‍ പറഞ്ഞു, ”അത് സാരമില്ല. നമുക്ക് അച്ചനോട് ഇക്കാര്യം പറയാം. അതിരിക്കട്ടെ, കുമ്പസാരിക്കാന്‍ അറിയാമോ?”
ആല്‍ബര്‍ട്ട് തന്റെ നിസ്സഹായത വെളിപ്പെടുത്തി, ”അതും എനിക്കറിയില്ല.”
ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു, ”സാരമില്ല, ചെയ്തുപോയ പാപങ്ങളെപ്പറ്റി പശ്ചാത്തപിക്കുക. ചെയ്തതായി ഓര്‍മ്മയിലുള്ള പാപങ്ങളൊക്കെ ഏറ്റുപറയുക.”
തുടര്‍ന്ന് ഇങ്ങനെയൊരാള്‍ കുമ്പസാരിക്കാന്‍ വരുമെന്നും പിറ്റേന്നത്തെ വിശുദ്ധബലിക്ക് പതിവിലും നേരത്തേ എത്തണമെന്നും വൈദികനോടും പറഞ്ഞുവച്ചു.
പറഞ്ഞതുപോലെ ആല്‍ബര്‍ട്ട് കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊണ്ടു; ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും!
ഇതെല്ലാം കഴിഞ്ഞപ്പോള്‍ എനിക്കൊരു കാര്യം ബോധ്യമായി. മഴ പെയ്തത് ഞങ്ങള്‍ നട്ട പച്ചക്കറിക്കുവേണ്ടിയായിരുന്നില്ല. ആ മഴ എന്തോ അടയാളമാണ്. അത് ആത്മാക്കള്‍ക്കായിട്ടാണ്.
മാത്രവുമല്ല അല്പം സ്ഥലത്തുമാത്രമാണ് അവിടെ ഉരുളക്കിഴങ്ങുള്‍പ്പെടെയുള്ള പച്ചക്കറികള്‍ നട്ടതെങ്കിലും സമൃദ്ധമായ വിളവാണ് ലഭിച്ചത്. ഉരുളക്കിഴങ്ങ് മാത്രമുണ്ടായിരുന്നു മൂന്ന് ടണ്‍. കൂടാതെ മറ്റ് പച്ചക്കറികളും. ഈ സംഭവങ്ങളെല്ലാം അങ്ങനെ കഴിഞ്ഞുപോയി.
അല്പനാളുകള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊരു ചിന്ത, മഠത്തോടുചേര്‍ന്ന് 1000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ധ്യാനഹാള്‍ പണിയണം. അതിനായി സഹായം നല്കാമെന്ന് ഒരു പ്രമുഖവ്യക്തി പറയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹംതന്നെ, ധ്യാനഹാളിനുള്ള സ്ഥലം നിര്‍ണയിക്കുന്നതിന് മഠത്തിലേക്ക് എന്‍ജിനീയറെയും കൂട്ടാളികളെയും അയച്ചു.
അവര്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, ”നമുക്ക് നാല് ഏക്കറോളം സ്ഥലമുണ്ട്. അതില്‍ എവിടെ വേണമെങ്കിലും സ്ഥലം നിര്‍ണയിക്കാം.” അതുകേട്ട് അവര്‍ പറമ്പിലേക്കിറങ്ങി. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ട പരിശോധനകള്‍ക്കും ആലോചനകള്‍ക്കുംശേഷം എന്നെ സമീപിച്ച് മഠത്തിനും ഓള്‍ഡ് ഏജ് ഹോമിനും ഇടയിലുള്ള സ്ഥലം കാണിച്ചിട്ട് പറഞ്ഞു, ”സിസ്റ്റര്‍, ഇതാണ് ധ്യാനഹാളിന് ഏറ്റവും അനുയോജ്യമായ സ്ഥലം.” ഞാന്‍ നോക്കി, അതെ, അവിടെത്തന്നെയാണ് അന്ന് മഴപെയ്തത്. ആത്മാക്കള്‍ക്കായുള്ള മഴ!
”നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു…” (യാക്കോബ് 4/5).

സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി SJSM
സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ് ഓഫ് സെയ്ന്റ് മാര്‍ക്ക് സന്യാസസഭാംഗമാണ് സിസ്റ്റര്‍ ലിജി. ഉക്രെയ്‌നില്‍ ശുശ്രൂഷ ചെയ്യുന്നു.