ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഒരാളെ ഐ.സി.യുവില്‍വച്ച് സന്ദര്‍ശിക്കാനിടയായി. അദ്ദേഹത്തിന്റെ മകനാണ് ഒപ്പമുണ്ടായിരുന്നത്. അവനോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ പപ്പയ്ക്ക് രോഗീലേപനം നല്കാമായിരുന്നില്ലേ എന്ന് ഞാന്‍ ചോദിച്ചു. ‘പപ്പയ്ക്ക് അത്ര സീരിയസൊന്നുമല്ല’ എന്നാണ് മറുപടി പറഞ്ഞത്. ഗുരുതരാവസ്ഥയിലാകുമ്പോള്‍മാത്രമല്ല രോഗീലേപനം നല്‍കാവുന്നത് എന്ന് ഞാന്‍ അപ്പോള്‍ ചൂണ്ടിക്കാണിച്ചു. സത്യത്തില്‍ ഇത് ഞാന്‍ പറഞ്ഞത് എന്റെ വ്യക്തിപരമായ രണ്ട് അനുഭവങ്ങളില്‍നിന്നുമാണ്. ഒന്ന് എന്റെ സ്വന്തം അപ്പച്ചന്റെയും (പിതാവിന്റെ പിതാവ്) മറ്റൊന്ന് ഞാന്‍ ആശുപത്രിയില്‍ ജോലിചെയ്തിരുന്നപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട ഒരാളുടെയും.
എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അപ്പച്ചന്‍ ഒരിക്കല്‍ ഐസിയുവില്‍ അഡ്മിറ്റായി. ചികിത്സയില്‍ പുരോഗതി കാണാതിരുന്ന അവസരം കൂടിയായിരുന്നു അത്. അന്ന് അല്പം കഷ്ടപ്പെട്ടിട്ടായാലും അപ്പച്ചന് രോഗീലേപനം എന്ന കൂദാശ നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയും അതിന് സാഹചര്യമുണ്ടാക്കുകയും ചെയ്തു. ശേഷം ഞങ്ങളെയും ചികിത്സകരെയും ഒരുപോലെ അതിശയിപ്പിച്ച വ്യത്യാസമാണുണ്ടായത്. ഇന്നും ഞങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവം. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ അതിനെ നോക്കിക്കണ്ടത് ‘മിറാക്കിള്‍ ഹീലിങ്ങ്’ ആയിട്ടാണ്. അതില്‍നിന്നും രക്ഷപ്പെട്ട അപ്പച്ചന്‍ പിന്നീട് ഏഴുവര്‍ഷംകൂടി ജീവിച്ചു.
ചിലപ്പോഴെങ്കിലും നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് രോഗീലേപനം കൊടുക്കണം എന്ന് കേള്‍ക്കുകയോ അതിനുവേണ്ടി ശ്രമിക്കുകയോ ചെയ്യുമ്പോള്‍ അത് ആ വ്യക്തി മരിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍മാത്രം നല്‍കിയാല്‍ മതിയല്ലോ എന്ന് ചിന്തിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും തെറ്റിദ്ധാരണയാണ്. രോഗീലേപനം എന്നത് രോഗിയായ ഏതൊരാള്‍ക്കും ഏത് ഘട്ടത്തിലും നല്‍കാവുന്ന വിശുദ്ധമായ കൂദാശയാണ്. കൂദാശ എന്നുപറഞ്ഞാല്‍ ദൈവിക കൃപാവരത്തിന്റെ ദൃശ്യമായ അടയാളം. രോഗികളായിരിക്കുന്നവര്‍, മരണത്തിലേക്ക് അടുക്കുന്നവര്‍ എന്നിവര്‍ക്ക് അനുതപിക്കാനും ദൈവത്തിന്റെ അനന്തമായ ക്ഷമയും സൗഖ്യവും ലഭ്യമാക്കുവാനും സാധ്യമാകുന്ന അവസരമാണത്.
അത് ഒരിക്കലും മരണസമയത്തുമാത്രം നല്‍കുന്നതോ, മരണത്തിന് മുന്നോടിയായി നല്‍കുന്നതോ അല്ല. ഏതാണ്ട് 1960കള്‍ വരെ രോഗീലേപനത്തിന് പറഞ്ഞിരുന്ന പേര് അന്ത്യലേപനം അഥവാ Last Sacrament എന്നാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമാണ് ആ പദം തിരുത്തി രോഗികളുടെ ലേപനം (Anointing of the Sick) എന്നാക്കിയത്. രോഗമോ വാര്‍ധക്യമോ മൂലം മരണം സുനിശ്ചിതമായ സമയത്ത് എന്നതിനെക്കാള്‍, മരണം സാധ്യമായ സന്ദര്‍ഭത്തില്‍ കൊടുക്കുന്ന കൂദാശയാണത്.
കുറേനാള്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ രോഗികള്‍ അനുഭവിക്കുന്ന നിരാശയും വേദനയും ദൈവത്തെ അനുഭവിക്കാനാകാത്തതിന്റെ വേദനകളും നേരിട്ടുകണ്ടിട്ടുള്ള വ്യക്തി എന്ന നിലക്ക് എനിക്ക് പറയാനാകും, ഇതില്‍ കാര്യമായ ദൈവിക ഇടപെടലുണ്ട്. രോഗീലേപനംകൊണ്ടുമാത്രമാണ് സൗഖ്യം കിട്ടുന്നതെന്നു വിചാരിക്കരുത്. അതൊരു കാരണമാണ്. ഒപ്പം നല്‍കിക്കൊണ്ടിരിക്കുന്ന ചികിത്സയെയും ഈ സൗഖ്യശുശ്രൂഷ സ്വാധീനിക്കുന്നുണ്ട്. ചിന്തിച്ചുനോക്കൂ, എത്രപേരാണ് ഈ കോവിഡ് കാലഘട്ടത്തില്‍ ഇത് ലഭിക്കാതെ മരണമടഞ്ഞത്. അതിലുമധികമായി എത്രപേരാണ് ഇതിനെക്കുറിച്ച് അറിവില്ലാതെ പോകുന്നത്? നമുക്ക് ഈ വിഷയത്തെ ഗൗരവമായി കാണാം. പ്രത്യേകിച്ച് രോഗീപരിചരണവുമായി ബന്ധപ്പെട്ടവര്‍.
”നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ. നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവന് മാപ്പു നല്‍കും” (യാക്കോബ് 5/13-15).
ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM